വെള്ള കാണ്ടാമൃഗങ്ങള്‍ ഇനി അധികനാളില്ല, അവശേഷിക്കുന്നത് രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രം

വെള്ള കാണ്ടാമൃഗങ്ങളെ ഇനി അധികനാള്‍ നമുക്ക് കാണാന്‍ കഴിയില്ല. മനുഷ്യന്റെ ക്രൂരതയ്ക്ക് മുമ്പില്‍ കാണ്ടാമൃഗവും മുട്ടുകുത്തിയെന്ന് പറയുന്നതാവും ശരി. ആവാസവ്യവസ്ഥാ നാശവും വേട്ടയാടലുമാണ് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായത്. വന്യജീവികളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഇരകൂടിയാണ് വെള്ള കാണ്ടാമൃഗം. കാണ്ടാമൃഗത്തിന്റെ കൊമ്പിന് ദിവ്യശക്തിയുണ്ടെന്നും അത് ചേര്‍ത്ത ഔഷധങ്ങള്‍ക്ക് മാറാരോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ടെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇവയുടെ നാശത്തിന് വന്‍തോതില്‍ കാരണമായിട്ടുണ്ട്. അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റില്‍ വന്‍ഡിമാന്‍ഡാണ് ഇവയുടെ കൊമ്പിന്. കാണ്ടാമൃഗങ്ങളുടെ കൊമ്പ് വീട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും അടയാളമായി കാണുന്നവരും ധാരാളം.

വെള്ള കാണ്ടാമൃഗങ്ങള്‍, കറുപ്പു കാണ്ടാമൃഗങ്ങള്‍, ഇന്ത്യന്‍ കാണ്ടാമൃഗങ്ങള്‍, ജാവന്‍ കാണ്ടാമൃഗങ്ങള്‍, സുമാട്രന്‍ കാണ്ടാമൃഗങ്ങള്‍ എന്നിങ്ങനെ അഞ്ച് സ്പീഷിസുകളാണ് ഈ ജീവി വര്‍ഗത്തിലുള്ളത്. ഇതില്‍ത്തന്നെ വെള്ള കാണ്ടാമൃഗങ്ങളില്‍ രണ്ടു സബ്‌സ്പീഷിസ്സുകളുണ്ട്. തെക്കന്‍ വെള്ള കാണ്ടാമൃഗവും വടക്കന്‍ വെള്ള കാണ്ടാമൃഗവും. ഉഗാണ്ടയിലും മധ്യ ആഫ്രിക്കയിലും സുഡാനിലും ചാഡിലുമൊക്കെ ഒരുകാലത്ത് സൈ്വരമായി വിഹരിച്ചിരുന്ന ജീവികളാണ് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍. 1970കളിലും 80കളിലും മനുഷ്യന്‍ നടത്തിയ അനിയന്ത്രിത വേട്ടയാടല്‍ ഇവയുടെ വര്‍ഗത്തെ വന്‍തോതിലാണ് തുടച്ചുനീക്കിയത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോംഗോയില്‍ അവശേഷിച്ചിരുന്ന ഏതാനും ഡസന്‍ വെള്ള കാണ്ടാമൃഗങ്ങളും വേട്ടയാടലിന്റെ ഫലമായി കൊല്ലപ്പെട്ടു. ഡബ്ല്യുഡബ്ല്യുഎഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 2008 ഓടെ വനത്തിനുള്ളില്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വംശം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു.
പിന്നെ ഭൂമിയില്‍ ആകെ അവശേഷിച്ചിരുന്നത് നാലു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രം. ചെക് റിപ്പബ്ലിക്കിലെ മൃഗശാലയിലായിരുന്ന രണ്ട് ആണ്‍ കാണ്ടാമൃഗങ്ങളെയും രണ്ട് പെണ്‍കാണ്ടാമൃഗങ്ങളെയും 2009ല്‍ കെനിയയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സായുധകാവലും ശക്തമായ നിരീക്ഷണസംവിധാനങ്ങളുമൊക്കെ ഇവയുടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ ആവാസവ്യവസ്ഥയോടു സാദൃശ്യമുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിലൂടെ സ്വാഭാവിക പ്രജനനം നടക്കുമെന്നും അങ്ങനെ അവയുടെ വംശം അന്യംനിന്നുപോകാതിരിക്കുമെന്നുമുള്ള പ്രതീക്ഷയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഈ പ്രതീക്ഷയും അസ്ഥാനത്തായി. സ്വാഭാവിക പ്രജനനത്തിന് ഇവയുടെ പ്രായക്കൂടുതലും തടസ്സമായി മാറി.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*