ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടിവന്നാല്‍ മനുഷ്യനെയും കൊല്ലും

ഉറുമ്പ് ആള് നിസാരക്കാരനല്ല, വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാന്‍ വരെ ശേഷിയുണ്ട്. പറഞ്ഞുവരുന്നത് ഓസ്്‌ട്രേലിയന്‍ തീരത്തെ ഉറുമ്പിനെക്കുറിച്ചാണ്. പേര്
മിര്‍മിസിയ. പെരിഫോര്‍മിസ് ബുള്‍ഡോഗ് ഉറുമ്പുകള്‍ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇക്കൂട്ടര്‍.മാരക വിഷമുള്ള ഇവയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ ഉറുമ്പുകളെന്ന് അറിയപ്പെടുന്നതും.
ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ അവസാനിക്കുന്നില്ല ഉറുമ്പുകളുടെ വിശേഷങ്ങള്‍. എല്ലാ ഉറുമ്പുകളും ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്. പരസ്പരം മുത്തം നല്‍കിയും വിശേഷങ്ങള്‍ തിരക്കിയും സഞ്ചരിക്കുന്ന ഉറുമ്പുകളെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളു.
എന്നാല്‍ അത്തരക്കാര്‍മാത്രമല്ല, ഈ ഭൂമിയിലുള്ളത്. മണിക്കൂറില്‍ ഒന്നേമുക്കാല്‍ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉറുമ്പുകളും നമ്മുടെ ഭൂമിയിലുണ്ട്.
സഹാറ സില്‍വര്‍ ഉറുമ്പാണ് ഇത്രയും വേഗതത്തില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഉറുമ്പുകളിലെ ഓട്ടക്കാരന്‍ എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്.
സ്വന്തം ശരീരത്തിന്റെ നീളത്തിന്റെ നൂറിരട്ടി ദൂരം ഒരു സെക്കന്റില്‍ ഓടാന്‍ ഇവര്‍ക്കു കഴിയും. മനുഷ്യന് സ്വന്തം നീളത്തില്‍ വെറും ആറിരട്ടി ദൂരം മാത്രമേ സെക്കന്റില്‍ ഓടാനാവൂ എന്ന സത്യം തിരിച്ചറിയുമ്പോഴാണ് സഹാറ സില്‍വര്‍ എത്ര വലിയ ഓട്ടക്കാരനാണെന്ന് മനസിലാക്കാന്‍ സാധിക്കൂ. ഓട്ടക്കാരന്‍ മാത്രമല്ല, ഉറുമ്പുകളുടെ കൂട്ടത്തിലുള്ളത്.
ഉറുമ്പുകളിലെ ചാട്ടക്കാരന്‍ രാജാവ് ഇന്ത്യന്‍ ജമ്പിങ് ആന്റ് എന്നയിനം ഉറുമ്പാണ്. വെറും രണ്ടു സെന്റീമീറ്ററില്‍ താഴെ മാത്രം നീളമുള്ള ഇവന് ഒറ്റച്ചാട്ടത്തിന് പത്തു സെന്റീമീറ്റര്‍ അകലെ എത്താനാവും! കാലുകളിലെ പ്രത്യേക മസിലുകളാണ് ജമ്പിങ് ആന്റിന് ഈ കഴിവു കൊടുക്കുന്നത്.
കൊല്ലാനും ഓടാനും മാത്രമേ ഇവറ്റകള്‍ക്ക് അറിയുമോ എന്ന് ചോദിക്കുന്നവര്‍ക്കും ഉറുമ്പുകളുടെ കൂട്ടത്തില്‍ തന്നെയുണ്ട് മറുപടി. കൃഷി ചെയ്ത് ജീവിക്കുന്ന ഉറുമ്പുകളും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ട് അധികനാളായില്ല.
ഫിജിയിലെ ഫിലിദ്രിസ് നാഗാസോ എന്ന ഉറുമ്പുകള്‍ മരങ്ങള്‍ക്കു മുകളില്‍ സ്‌ക്വാമെല്ലാരിയ എന്ന ചെടി നട്ടുവളര്‍ത്തുന്നവരാണ്. ചെടിയുടെ വിത്തുകള്‍ പൊക്കിയെടുത്തുകൊണ്ടുവന്ന് മരത്തിന്റെ തൊലിയിലെ വിള്ളലുകളുടെ ഉള്ളില്‍ തിരുകിവച്ചാണ് ഇവരുടെ കൃഷി. അമേരിക്കയിലെ ഇലവെട്ടിയുറുമ്പുകളും കൃഷിക്കാരാണ്. പൂപ്പലാണ് ഇവര്‍ കൃഷിചെയ്യുന്നത്.
ഉറുമ്പുകളിലെ വമ്പന്‍ അഞ്ചു സെന്റീമീറ്റര്‍ വരെ നീളമുള്ള ഫുല്‍വസ് ഡ്രൈവിങ് ഉറുമ്പ് ആണ്. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഈ ഉറുമ്പിനെ അധികവും കാണുക. ഉറുമ്പുകളില്‍ ഏറ്റവും ചെറുത് ആരാണെന്ന് ചോദിച്ചാല്‍ പലപ്പോഴും നമ്മള്‍ കുഴയും അല്ലേ. എന്നാല്‍ ഇനി വിഷമിക്കേണ്ട. ഏറ്റവും കുഞ്ഞന്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടിയങ്ങ് പറഞ്ഞോ
ശ്രീലങ്കയില്‍ കാണപ്പെടുന്ന കരേബറ ബ്രൂണി എന്നയിനം ഉറുമ്പാണെന്ന്. ഒരു ബാങ്ക് എ. റ്റി എം കാര്‍ഡിന്റെ
കനത്തിന്റെയത്രേ നീളമുള്ളൂ ഈ ഉറുമ്പിന്. വെറും 0.8 മില്ലീമീറ്ററാണ് ഈ ഉറുമ്പിന്റെ പരമാവധി നീളം. ഭൂമിയിലെ ഏറ്റവും വലിയ ഉറുമ്പുകള്‍ ഈ കുഞ്ഞനുറുമ്പുകളേക്കാള്‍ 46 ഇരട്ടി വലുതാണ്. ഇങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഉറുമ്പുകള്‍ക്ക് തന്നെയാണ് ചെറുപ്രാണികളുടെ കൂട്ടത്തില്‍ നല്ല ആയുസ്സുള്ളതും. ചിലയിനം റാണിയുറുമ്പുകള്‍ 30 വര്‍ഷം വരെ ജീവിച്ചിരിക്കും.45 ദിവസം മുതല്‍ 15 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന പലയിനം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
ഇങ്ങനെ എവിടെ നോക്കിയാലും കാണുന്ന ഉറുമ്പിന്റെ ജീവിതവും നമ്മെ അതിശയിപ്പിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മനുഷ്യരെപ്പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള കൂട്ടായ ജീവിതമാണ് ഉറുമ്പുകളുടേത്. ഉറുമ്പുകളുടെ കോളനിയില്‍ രാജ്ഞിമാര്‍, ജോലിക്കാര്‍, പട്ടാളക്കാര്‍, ചിറകുള്ളവര്‍ എന്നിങ്ങനെ പലതരക്കാരുണ്ട്. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടേതായ ചുമതലകളുണ്ട്. ഭക്ഷണം ശേഖരിക്കാനും കൂട് വൃത്തിയാക്കാനും വരെ പ്രത്യേകം അംഗങ്ങള്‍ ഓരോ ഉറുമ്പു കോളനിയിലുമുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*