മീനുകള്‍ ഭിത്തിയിലും ജീവിക്കാറുണ്ട്, മഴപെയ്താല്‍ ഭിത്തി പൊളിച്ച് പുറത്തുചാടും (വീഡിയോ)

ഭിത്തിയില്‍ ജീവിക്കുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ? ചോദ്യം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. സംഗതി സത്യമാണ്. മീനുകള്‍ വെള്ളത്തില്‍ മാത്രമല്ല ജീവിക്കുന്നത് ഗതികെട്ടാല്‍ വീടിന്റെ ഭിത്തിയിലും കയറി പാര്‍ക്കും. ആഫ്രിക്കയിലെ മുഷി വിഭാഗത്തില്‍പ്പെട്ട ലങ്ഫിഷുകളാണ് ഇത്തരത്തില്‍ ജീവിക്കുന്നത്.

കുറച്ചു കാലം വെള്ളത്തിലും പിന്നെ കാലങ്ങളോളം കരയിലുമായാണ് ഇവയുടെ ജീവിതം. കുറേനാള്‍ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കാലങ്ങളോളം ഇവ കരയിലായിരിക്കും. കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ ഏതാനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്ക് കരയില്‍ കഴിയേണ്ടി വരാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണു ലങ്ഫിഷ് എന്നറിയപ്പെടുന്ന ഇത്തരം മത്സ്യങ്ങളെ കാണാനാകുക. ഇവിടങ്ങളില്‍ മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴുമായതിനാലാണ് ലങ്ഫിഷുകളില്‍ ഈ അപൂര്‍വ അതിജീവന പ്രതിഭാസം കാണാനാകുന്നതെന്നാണ് വിലയിരുത്തല്‍. ഏകദേശം നാലു വര്‍ഷത്തോളമൊക്കെ ചിലപ്പോള്‍ ഇവയ്ക്ക് മണ്ണിനടിയില്‍ കഴിയേണ്ടിവരാറുണ്ട്. നദിയിലെ ജലം വറ്റിയാല്‍ ഇവ നനവു മാറും മുന്‍പേ മണ്ണിലേക്കാഴ്ന്നിറങ്ങും. അതിനുശേഷം വര്‍ഷങ്ങളോളം ഇവ പ്യൂപ്പകളെ പോലെ സമാധിയിലായിരിക്കും . ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.
മഴ പെയ്യുവോളം ഇവ ഈ സന്യാസ ജീവിതം തുടരും. മഴ പെയ്താല്‍ പിന്നെ വീണ്ടും നദിയിലെ ജീവിതത്തിലേക്കു തിരികെയെത്തും. എന്നാല്‍ മഴ പെയ്ത് നദിയില്‍ വെള്ളമെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം താമസിച്ചേക്കാം. ഇങ്ങനെയുള്ള ഘട്ടത്തില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്നു ശ്വസിക്കാനുള്ള ഇവയുടെ സ്വാഭാവികമായ കഴിവ് നഷ്ടപ്പെടും. ഇത്തരം മീനുകള്‍ വെള്ളത്തില്‍ നിന്നു കരയിലെത്തി ശ്വസിച്ച ശേഷമാണ് പിന്നെ നദിയിലേക്കു മടങ്ങുക.
കൊക്കൂണായി മാറി ഏറെനാളിരിക്കുമ്പോള്‍ ഇവയ്ക്കു ചുറ്റും എന്തു സംഭവിച്ചാലും ലങ്ഫിഷുകള്‍ അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്തു കൊണ്ടുപോയി വീടു നിര്‍മ്മിക്കുമ്പോള്‍ ഇവ വീടിന്റ ഭിത്തിയുടെ ഭാഗമായി പോലും മാറാറുണ്ട്. എന്നാല്‍ ഇതൊന്നും ഇവയെ ബാധിക്കാറില്ല. മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ച് വെളിയില്‍ വരും. എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തുകയാണ് ചെയ്യുന്നത.് ഇനിയും വിശ്വാസമാകുന്നില്ലെങ്കില്‍ വീഡിയോ കണ്ട് നോക്കൂ.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*