നമുക്കെന്തിനാണൊരു കണികാ പരീക്ഷണശാല

 

സാബു ജോസ്
ഒരു ദശാബ്ധത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യയുടെ കണികാപരീക്ഷണശാല യാഥാര്‍ഥ്യത്തോടടുക്കുകയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതിക അനുമതിലഭിച്ച ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന വാര്‍ത്ത ഇന്ത്യന്‍ ശാസ്ത്ര സമൂഹം ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് ഈ കണികാ പരീക്ഷണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പരീക്ഷണശാലയ്ക്കു വേണ്ടിയുള്ള തുരങ്കനിര്‍മാണം തുടങ്ങി വന്യജീവി സംരക്ഷണം, ജല മലിനീകരണം, വനനശീകരണം, ശബ്ദ ശല്യം എന്നിങ്ങനെ നിരവധി വാദങ്ങള്‍ തത്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടു വന്നിരുന്നു. അതിനും പുറമെ ഈ പരീക്ഷണശാലയുമായി സഹകരിക്കുന്ന ഫെര്‍മിലാബ് അമേരിക്കയിലാണെന്നത് മറ്റൊരു ശക്തമായ ആരോപണത്തിനും കാരണമായി. ഇന്ത്യയുടെ ആണവായുധങ്ങളെ ഒന്നാകെ നിര്‍വീര്യമാക്കുന്നതിനും സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളെയൊന്നാകെ ആണവ മാലിന്യങ്ങള്‍ കൊണ്ട് വിഷമയമാക്കുന്നതിനുമുള്ള അമേരിക്കയുടെ ഗൂഢ പദ്ധതിയാണ് ഈ കണികാ പരീക്ഷണ ശാലയ്ക്ക് പിന്നിലുള്ളതെന്നും വരെ വാര്‍ത്തകള്‍ പരന്നു. 2015 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരുതിയ ഈ പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നതിനും കോടതി വ്യവഹാരങ്ങള്‍ക്കുവരെയും ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി കാരണമായി.
തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ തേനിക്ക് സമീപമുള്ള ബോധി മലനിരകളില്‍ 1300 മീറ്റര്‍ ആഴത്തില്‍ നിര്‍മിക്കുന്ന തുരങ്കത്തിലാണ് ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കുന്നത്. കണികാ ഭൗതിക രംഗത്ത് ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷണശാലയിലെ പ്രധാന വൈദ്യുത കാന്തം ലോകത്തിലെ ഏറ്റവും വലുതായിരിക്കും. സേണിലെ സി.എം.എസ് ഡിറ്റക്ടറിലുള്ള 12,500 ടണ്‍ ഭാരമുള്ള വൈദ്യുതകാന്തത്തിന്റെ നാലിരട്ടി ഭാരമുണ്ടാകുമിതിന്. 1989 മുതല്‍ തന്നെ ഒരു ന്യൂട്രിനോ പരീക്ഷണശാല ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വേണ്ടത്ര താത്പര്യമുണ്ടായില്ല. പിന്നീട് 2000 ജനുവരിയില്‍ ചെന്നൈയില്‍ വച്ചു നടന്ന ന്യൂട്രിനോ ശാസ്ത്രജ്ഞരുടെയും കോസ്‌മോളജിസ്റ്റുകളുടെയും ശില്‍പശാലയില്‍ വച്ചാണ് ഭാരതത്തിന് സ്വന്തമായി ഒരു ന്യൂട്രിനോ പരീക്ഷണശാല എന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരമായത്. അതേ വര്‍ഷം ഓഗസ്റ്റില്‍ കൊല്‍ക്കത്തയിലെ സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ വച്ചുനടന്ന ന്യൂട്രിനോ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിലും ഒരുപുതിയ പരീക്ഷണശാലയുടെ സാധ്യത ചര്‍ച്ചചെയ്യപ്പെട്ടു. അതേത്തുടര്‍ന്ന് 2001 ഫെബ്രുവരിയില്‍ ചെന്നെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ വച്ച് ഈ വിഷയത്തെ ആധാരമാക്കി ഭൗതികശാസ്ത്രജ്ഞരുടെ ഒരു സംയുക്ത സമ്മേളനം സംഘടിപ്പിച്ചു.
ഈ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയെന്ന ഗവേഷണ സംഘടന രൂപം കൊള്ളുന്നത്. ഐ.എന്‍.ഒയുടെ ആദ്യ ഔദ്യോഗിക സമ്മേളനം 2001 സെപ്തംബര്‍ 6,7 തിയ്യതികളില്‍ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ വച്ച് നടന്നു. ഈ സമ്മേളനത്തില്‍ വച്ച് പരീക്ഷണശാലയുടെ സ്ഥലമെടുപ്പ്, സൈദ്ധാന്തിക ഗവേഷണം, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ മാതൃയുടെ നിര്‍മാണവും പ്രവര്‍ത്തനവും, തുരങ്ക നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും അവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2002 ല്‍ സബ് കമ്മറ്റികളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ ആണവോര്‍ജ കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചു. ന്യൂട്രിനോ ഫിസിക്‌സില്‍ ആഗോള വ്യാപകമായി വളര്‍ച്ചയുണ്ടായ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭൗതികശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും സാങ്കേതിക സര്‍വകലാകാലകളുടെയും ശാസ്ത്ര സമൂഹത്തിന്റെയും വിലയിരുത്തലിന് സമര്‍പ്പിക്കപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒടുവില്‍ ദേശീയ ആണവോര്‍ജ കമ്മീഷന്‍ അംഗീകരിച്ചു. അതേത്തുടര്‍ന്ന് 2002 ഓഗസ്റ്റ് 30 ന് പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുമായി ഒരു ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.
തമിഴ്‌നാട്ടില്‍ നീലഗിരി ജില്ലയിലെ സിന്‍ഗാരയിലാണ് പരീക്ഷണശാല സ്ഥാപിക്കുന്നതിന് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഈ പ്രദേശം മുതുമല ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണെന്ന് കണ്ടെത്തിയ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. അതിനുപകരമായി പരിസ്ഥിതി മന്ത്രാലയം തന്നെ തേനിയിലുള്ള സുരുളി വനമേഖല നിര്‍ദേശിച്ചു. ഈ പ്രദേശത്തും ചില പ്രശ്‌നങ്ങളുണ്ടായി. ഒബ്‌സര്‍വേറററിയുടെ നിര്‍മാണത്തിനുവേണ്ടി ഒരു വലിയ പ്രദേശത്തെ മരം മുഴുവന്‍ മുറിച്ചു നീക്കേണ്ടിവരും. അതേത്തുടര്‍ന്ന് അവിടെ നിന്നും 50 കിലോമീററര്‍ അകലെയുള്ള തേവാരത്തേക്ക് ഒബ്‌സര്‍വേറററിയുടെ സൈറ്റ് മാറ്റി. വലിയമരങ്ങളൊന്നുമില്ലാത്ത അവിടെയും പ്രശ്‌നം അവസാനിച്ചില്ല. ന്യൂട്രിനോ പരീക്ഷണശാലയ്ക്ക് ഏറ്റവും അത്യാവശ്യമായ ജലം അവിടെ ലഭ്യമായിരുന്നില്ല. ഒടുവില്‍ 2010 ഒക്‌ടോബര്‍ 18ന് ആണ് ഇപ്പോഴത്തെ സൈറ്റ് തെരഞ്ഞെടുത്തത്. അങ്ങിങ്ങായി കുറ്റിച്ചെടികള്‍ മാത്രമുള്ളതും വലിയ മരങ്ങളില്ലാത്തതും ജല ലഭ്യതയുള്ളതുമായ പ്രദേശമാണിത്.
2012 ഫെബ്രുവരിയില്‍ ഈ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏഴ്പങ്കാളികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്‍സിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ ഫിസിക്‌സ്, കൊല്‍ക്കത്തയിലെ സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്, വേര്യബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍, അലഹബാദിലെ ഹരീഷ്ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഭൂവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് എന്നിവയാണവ. അതുകൂടാതെ ഇന്ത്യയിലെ 13 പ്രധാന ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലകളും ഈ പദ്ധതിക്ക് പിന്നിലുണ്ട്. അന്തരീക്ഷ ന്യൂട്രിനോകളെ ഉപയോഗിച്ച് ന്യൂട്രിനോ ആന്ദോളന പരിധി സൂക്ഷ്മമായി നിര്‍വചിക്കുക, അതുവഴി അവയുടെ പിണ്ഡവും വേഗതയും കൃത്യമായി അടയാളപ്പെടുത്തുക, ദ്രവ്യത്തിന്റെ പിണ്ഡത്തിനു പിന്നിലുള്ള ദുരൂഹരകള്‍ വെളിച്ചത്തുകൊണ്ടുവരിക തുടങ്ങി കണികാ ഭൗതികത്തില്‍ നിലനില്‍ക്കുന്ന നിരവധി സമസ്യകള്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ മറുപടിയായിരിക്കും ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയെന്ന ഈ കണികാ പരീക്ഷണശാല. അതുകൂടാതെ പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് കോസ്‌മോളജിയില്‍ നിലനില്‍ക്കുന്ന പ്രഹേളികകള്‍ക്കും മറുപടി നല്‍കാന്‍ ഈ പരീക്ഷണശാലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാസ്ത്രീയ ഉപകരണങ്ങളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 50,000 ടണ്‍ ഭാരമുള്ളതും ഒരു മീറ്റര്‍ വീതം നീളവും വീതിയും കനവുമുള്ളതും 14 പാളികളായി വിഭജിച്ചതുമായ ഒരു മ്യൂവോണ്‍ ഡിറ്റക്ടറും ഇതിലുള്‍പ്പെടും. ഈ ഘട്ടത്തിലായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം പരീക്ഷണശാലയുടെ തുരങ്ക നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

Amazing-Scientific-Instruments-sudbury

പരിസ്ഥിതി പ്രത്യാഘാതങ്ങള്‍
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാകോണ്‍ എന്ന പരിസ്ഥിതി സംഘടനയും ചെന്നെയിലെ കെയര്‍ എര്‍ത്ത് എന്ന സംഘടനയും ചേര്‍ന്ന് ന്യൂട്രിനോ പരീക്ഷണശാല സൃഷ്ടിക്കാവുന്ന പരിസ്ഥിതി പ്രത്യാഘതങ്ങളേക്കുറിച്ച് പഠനം നടത്തുകയുണ്ടായി. അവരുടെ പ്രധാന ആശങ്കകളും അവയ്ക്ക് ഐ.എന്‍.ഒ നല്‍കിയ വിശദീകരണവുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത് ഒബ്‌സര്‍വേറ്ററിയിലെ ഡിറ്റക്ടറുകളുടെ നിര്‍മാണത്തിനു മാത്രമായി രണ്ടു ഘട്ടങ്ങളിലായി ഒരു ലക്ഷം ടണ്‍ ഇരുമ്പ് ആവശ്യമുണ്ട്. പരീക്ഷണശാലയുടെ നിര്‍മാണത്തിനുവേണ്ട ഇരുമ്പിന് പുറമെയാണിത്. കൂടാതെ 35,000 ടണ്‍ സിമന്റ്, പി.വി.സി പൈപ്പുകള്‍, ചെമ്പ്, അലുമിനിയം, മണല്‍, മറ്റു നിര്‍മാണസാമഗ്രികള്‍ എന്നിവയും ആവശ്യമാണ്. 20 ടണ്ണിലധികം ഭാര വാഹക ശേഷിയുള്ള ട്രക്കുകള്‍ ഉപയോഗിച്ചാണ് സമീപത്തുള്ള പട്ടണങ്ങളില്‍ നിന്നും ഇവ സൈറ്റിലെത്തിക്കേണ്ടത്. അതിനായി പുതിയ റോഡ്, കുറെയേറെ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരും. 17,125 ട്രക്ക് ലോഡ് സാമഗ്രികളാണ് സൈറ്റിലെത്തിക്കേണ്ടത്. ന്യൂട്രിനോ ഡിറ്റക്ടറുകള്‍ ഒരു ഭൂഗര്‍ഭ തുരങ്കത്തിലാണ് സ്ഥാപിക്കേണ്ടത്. അതിനായി ആറര മീറ്റര്‍ വ്യാസമുള്ള തുരങ്കം 2.83 കിലോമീറ്റര്‍ നീളത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് 1300 മീറ്റര്‍ താഴ്ചയില്‍ നിര്‍മിക്കണം. 90,000 ക്യുബിക് മീറ്റര്‍ പാറ ഇതിനായി തുറന്നു നീക്കണം. 120 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള ഒരു പരീക്ഷണ ഹാളും മറ്റൊരു ഭൂഗര്‍ഭ നിയന്ത്രണ നിലയവും തുരങ്കത്തില്‍ നിര്‍മിക്കണം. അതിനര്‍ഥം തുരങ്കം പൂര്‍ത്തിയാകുമ്പോഴേക്കും 6,30,000 ടണ്‍ അഥവാ 78,000 ട്രക്ക് ലോഡ് പാറപ്പൊടി പുറത്തെത്തുമെന്നാണ്. ഇത് നീക്കം ചെയ്യുന്നതിനു മറ്റവാശ്യങ്ങള്‍ക്കുമായി സെറ്റിലേക്കും പുറത്തേക്കും രണ്ട് ലക്ഷത്തില്‍ പരം ട്രക്ക് സര്‍വീസുകള്‍ നടത്തേണ്ടിവരും. അതുണ്ടാക്കുന്നപരിസ്ഥിതി പ്രശ്‌നങ്ങളും ധൂളീപടലവും ഭീകരമായിരിക്കും. പരിസ്ഥിതി സംഘടനകള്‍ നടത്തിയ പഠനത്തില്‍ പൊടിപടലങ്ങളും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും വന നശീകരണവുമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആണവ വികിരണ സാധ്യതയും സ്‌ഫോടനങ്ങളുണ്ടാക്കുന്ന കമ്പനങ്ങളും ഭൂകമ്പസാധ്യതയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ സന്ദേഹങ്ങള്‍ക്കെല്ലാം ഐ.എന്‍.ഒ വ്യക്തമായ മറുപടി നല്‍കുന്നുമുണ്ട്.
കാന്തീകരിക്കപ്പെട്ട ഒരു അയേണ്‍ കലോറിമീറ്ററാണ് പരീക്ഷണശാലയുടെ പ്രധാന ഡിറ്റക്ടര്‍. ഒരു ഒപ്ടിക്കല്‍ ടെലസ്‌ക്കോപ്പില്‍ പ്രകാശ കിരണങ്ങള്‍ എന്താണോ ചെയ്യുന്നത്, അതുതന്നെയാണ് കലോറിമീറ്ററില്‍ ന്യൂട്രിനോകളും ചെയ്യുന്നത്. വളരെ കുറഞ്ഞ പ്രതിപ്രവര്‍ത്തന ശേഷിയുള്ള കണമായതുകൊണ്ടാണ് ഡിറ്റക്ടര്‍ നിര്‍മാണത്തിന് സാന്ദ്രതകൂടിയ ലോഹമായ ഇരുമ്പ് ഉപയോഗിക്കുന്നത്. മാത്രവുമല്ല ന്യൂട്രിനോകള്‍ റേഡിയോ ആക്ടീവതയുള്ള കണികകളല്ല. അവയ്ക്ക് വൈദ്യുത ചാര്‍ജുമില്ല. അവ കടന്നുപോകുന്ന പദാര്‍ഥങ്ങളെ അയണീകരിക്കുന്നുമില്ല. റേഡിയോ ആക്ടീവതയുള്ള ഒരു വസ്തുവും ന്യൂട്രിനോ പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടുന്നില്ല പുറമെനിന്നുള്ള വികിരണങ്ങള്‍ ഡിറ്റക്ടറില്‍ എത്താതിരിക്കുന്നതിനു വേണ്ടിയാണ് ന്യൂട്രിനോ പരീക്ഷണശാലകള്‍ തുരങ്കത്തിലും സമുദ്രാടിത്തട്ടിലും ഖനികള്‍ക്കുള്ളിലുമെല്ലാം സ്ഥാപിക്കുന്നത്. ഡിറ്റക്ടറിന്റെ പ്രധാന ഘടകങ്ങള്‍ ഇരുമ്പും ഗ്ലാസുമാണ്. വളരെ കുറഞ്ഞ അളവില്‍ ആര്‍ഗണ്‍, ഐസോബ്യൂട്ടേയ്ന്‍, സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ് എന്നിവയും ശുദ്ധീകരിച്ച ഫ്രിയോണ്‍ വാതകവും ഒബ്‌സര്‍വേറ്ററിയില്‍ ഉപയോഗിക്കുന്ന വാതകങ്ങളാണിവ. കൂടാതെ നിരവധി തവണ റീ സൈക്കിള്‍ ചെയ്തതിനു ശേഷം മാത്രമേ ഈ വാതകങ്ങള്‍ പുറത്തുവിടുനുള്ളൂ. അതും ചെറിയ അളവില്‍ മാത്രം. ടണലിനുള്ളിലുള്ള വര്‍ക്കും പുറത്തുള്ളവര്‍ക്കും ഇത് ഹാനികരമല്ല.
തുരങ്ക നിര്‍മാണം നടക്കുന്ന ആദ്യ അഞ്ചു വര്‍ഷങ്ങളിലാണ് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ചില ഇടപെടലുകള്‍ ഉണ്ടാകുന്നത്. വാഹനഗതാഗതം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രമാണിത്. ലോകനിലവാരമുള്ള നിര്‍മാണ ഉപകരണങ്ങള്‍ ഉപയോഗിച്ച് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തുരങ്കനിര്‍മാണത്തിന് നിയന്ത്രിത സ്‌ഫോടനങ്ങളാണ് നടത്തുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തുന്ന ഇത്തരം സ്‌ഫോടനങ്ങളില്‍ കബ്ദവും വിറയലും പരമാവധി കുറയ്ക്കാന്‍ കഴിയും. തുരങ്കനിര്‍മാണം വഴി സൃഷ്ടിക്കപ്പെടുന്ന പാറപ്പൊടി കരിങ്കല്ലുകൊണ്ട് മറച്ച ഒരു വളപ്പിനുള്ളിലാണ് ശേഖരിക്കുന്നത്. ചുറ്റുപാടുമുള്ള ജലാശയങ്ങളിലേക്ക് അവ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ ട്രക്കുകളിലും വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ശബ്ദരഹിത ജനറേറ്ററുകളുടെ ഉപയോഗവും കെട്ടിടങ്ങള്‍ക്കുചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും വായുമലിനീകരണവും പരമാവധി കുറയ്ക്കാന്‍ സഹായിക്കും. മാത്രവുമല്ല പരീക്ഷണശാലയ്ക്കു വേണ്ടിയും റോഡുനിര്‍മാണത്തിനും ഒരു തുണ്ട് കൃഷിഭൂമി പോലും അക്വയര്‍ ചെയ്യേണ്ടിവരില്ല. പുറമ്പോക്ക് ഭൂമിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒബ്‌സര്‍വേറ്ററിക്ക് സമീപം വന്യമൃഗങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള വൈദ്യുത വേലികള്‍ സ്ഥാപിക്കുകയോ നദികളെ വഴിതിരിച്ചുവിടുകയോ കുളങ്ങള്‍ നികത്തുകയോ ചെയ്യുന്നില്ല. ന്യൂട്രിനോ പരീക്ഷണ ശാലയില്‍ താപോര്‍ജം ഉല്‍പാദിപ്പിക്കുന്നില്ല. അതുകൊണ്ട് കൃഷിക്കോ മറ്റു സസ്യങ്ങള്‍ക്കോ ഇതുകൊണ്ട് ബുദ്ധിമുട്ടൊന്നുമുണ്ടാകുന്നില്ല. മാത്രവുമല്ല ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കണികാപരീക്ഷണശാലയുടെ സമീപപ്രദേശങ്ങളില്‍ ഭൂമിയുടെ വിപണനം മൂല്യം വര്‍ധിക്കുകയും തൊഴിലവസരങ്ങള്‍ പലമടങ്ങായി ഉയരുകയും ചെയ്യും.
ഇനി എന്താണീ ന്യൂട്രിനോകളെന്നും എന്താണ് ന്യൂട്രിനോ പരീക്ഷണശാലകളുടെ പ്രസക്തിയെന്നും പരിശോധിക്കാം. പ്രപഞ്ചദ്രവ്യമാകെ നിര്‍മിച്ചിരിക്കുന്നത് ക്വാര്‍ക്കുകള്‍, ലെപ്‌റ്റോണുകള്‍ തുടങ്ങിയ മൗലിക കണങ്ങള്‍ കൊണ്ടാണ്. താരതമ്യേന പ്രതിപ്രവര്‍ത്തനശേഷി കുറഞ്ഞ ലെപ്‌ടോണുകളുടെ ഗ്രൂപ്പില്‍ പെടുന്ന മൗലിക കണമാണ് ന്യൂട്രിനോ. നാമമാത്ര പിണ്ഡമുള്ളതും വൈദ്യുത ചാര്‍ജില്ലാത്തതുമായ കണമാണിത്. പ്രകാശ വേഗതയിലോ അതിന് തൊട്ടടുത്ത വേഗതയിലോ സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ ഏതു ദ്രവ്യത്തില്‍ കൂടെയും അനായാസം തുളച്ചുകയറും. ഒരുസെക്കന്റില്‍ ഒരു ചതുരക്ര സെന്റിമീറ്ററിനുള്ളില്‍ 6500 കോടി ന്യൂട്രിനോകള്‍ ഭൂമിയും നമ്മുടെ ശരീരവുമെല്ലാം തുളച്ചു കടന്നുപോകുന്നുണ്ട്. സൗരയൂഥത്തിന്റെ അതിര്‍ത്തി വരെ കനമുള്ള ഇരുമ്പു മതില്‍ ഉപയോഗിച്ച് തടഞ്ഞാലും ന്യൂട്രിനോകളെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല എന്നുപറയുന്നതില്‍ അല്‍പം പോലും അതിശയോക്തിയില്ല. 1931 ല്‍ വൂള്‍ഫ്ഗാങ് പോളി എന്ന ന്യൂക്ലിയര്‍ സയന്റിസ്റ്റാണ് ന്യൂട്രിനോയുടെ സാന്നിധ്യം ആദ്യമായി പ്രവചിച്ചത്. അതേത്തുടര്‍ന്ന് കാല്‍ നൂറ്റാണ്ടിന് ശേഷമാണ് അവയെ കണ്ടെത്തുന്നത്.
മറ്റു കണങ്ങളുമായുളള പ്രതിപ്രവര്‍ത്തനം നിസ്സാരമായതുകൊണ്ടുതന്നെ ന്യൂട്രിനോ ഡിറ്റക്ടറുകള്‍ വളരെയധികം സംവേദനക്ഷമവും ഉയര്‍ന്ന സാന്ദ്രതയുള്ള പദാര്‍ഥം കൊണ്ട് നിര്‍മിച്ചതുമായിരിക്കും. ഇരുമ്പുപാളികളാണ് ഡിറ്റക്ടര്‍ നിര്‍മാണത്തിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറററിയില്‍ ഒരു ലക്ഷം ടണ്‍ ഭാരമുളള ഇരുമ്പുപാളികളാണ് ഉപയോഗിക്കുന്നത്. ന്യൂട്രിനോ പരീക്ഷണശാലകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനും കാരണമുണ്ട്. തുരങ്കത്തിലെ പാറയും മേല്‍മണ്ണും മറ്റ് സൂക്ഷ്മ കണങ്ങളെ അരിച്ചുമാറ്റുന്ന ഫില്‍റ്ററുകളായി പ്രവര്‍ത്തിക്കുകയും ന്യൂട്രിനോകള്‍ മാത്രം അനായാസമായി ഡിറ്റക്ടറിലെത്തുകയും ചെയ്യും. ഒരു തുറന്ന അന്തരീക്ഷത്തില്‍ ഇത് നടക്കില്ല. അതുകൊണ്ട് ഒരു ന്യൂട്രിനോ പരീക്ഷണശാലയ്ക്കു ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും കനത്തില്‍ പാറയുണ്ടാകണം. അല്ലെങ്കില്‍ സമുദ്രം പോലെ ഭീമമായ ഒരു ജലസംഭരണി വേണം.
1930 ല്‍ വൂള്‍ഫ്ഗാംഗ് പോളി പ്രവചിച്ചതു മുതല്‍ കണികാ ശാസ്ത്രജ്ഞരെ അസ്വസ്ഥരാക്കിയിരുന്നു ന്യൂട്രിനോകള്‍. അവയുടെ വേഗത, ഭാരം, പ്രതിപ്രവര്‍ത്തന ശേഷി എന്നിവ എക്കാലത്തും സംശയത്തിന്റെ നിഴലിലായിരുന്നു. വൈദ്യുത ചാര്‍ജില്ലാത്തതും, തിരിച്ചറിയത്തക്ക പിണ്ഡമില്ലാത്തതും, പ്രതിപ്രവര്‍ത്തന ശേഷിയില്ലായ്മയും, അതിവേഗതയും ന്യൂട്രിനോകള്‍ക്ക് മൗലിക കണങ്ങളിലെ കുട്ടിച്ചാത്തന്‍മാര്‍ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ന്യൂട്രിനോകളെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ അവയുടെ സവിശേഷതകള്‍ വിവരിക്കുക അതിലേറെ പ്രയാസവുമാണ്. ഈ പരിമിതിയാണ് ശാസ്ത്രലോകം മറികടന്നുകൊണ്ടിരിക്കുന്നത്.
മൗലിക കണങ്ങളുടെ പിണ്ഡം കണികാ ശാസ്ത്രജ്ഞരെ എന്നും അലട്ടുന്ന പ്രശ്‌നമാണ്. നിത്യജീവിതത്തില്‍ നാം വസ്തുക്കളുടെ ഭാരമളക്കുന്നതുപോലെ അത്ര അനായാസമല്ല സൂക്ഷ്മ കണികകളുടെ പിണ്ഡമളക്കുന്നത്. മൗലിക കണങ്ങള്‍ക്ക് ഭാരം നല്‍കുന്ന ഹിഗ്‌സ് മെക്കാനിസം സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ വച്ചുനടത്തിയ കണികാ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടപ്പോള്‍ ശാസ്ത്രലോകം ഏറെ സന്തോഷിച്ചതും അതുകൊണ്ടാണ്. സൈദ്ധാന്തിക കണങ്ങളുടെ സാധ്യതയും അവയുടെ സവിശേഷതകളും പ്രവചിക്കുകയും ഗണിത സമീകരണങ്ങളിലൂടെ സ്ഥാപിക്കുകയുമാണ് കണികാ ശാസ്ത്രജ്ഞര്‍ ആദ്യം ചെയ്യുന്നത്. പിന്നീടാണവ പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നത്. ന്യൂട്രിനോകളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. വുള്‍ഫ്ഗാംഗ് പോളിയേത്തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ ന്യൂട്രിനോകളെക്കുറിച്ച് സിദ്ധാന്തങ്ങള്‍ നിര്‍മിക്കുകയും അവയുടെ ഭാരവും വേഗതയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂട്രിനോകളുടെ മൂന്നു വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നു നടത്തിയ പരീക്ഷണങ്ങളിലാണ് ന്യൂട്രിനോകളുടെ പിണ്ഡം തെളിയിക്കപ്പെടുന്നത്.
ന്യൂട്രിനോകളുടെ പിണ്ഡം കണ്ടെത്തുന്നതില്‍ എന്താണിത്ര പ്രസക്തിയെന്ന് ന്യായമായും സംശയിക്കാം. കണികാഭൗതികത്തിലെയും ജ്യോതിശാസ്ത്രത്തിലെയും നിരവധി പ്രഹേളികകള്‍ക്കുള്ള ഉത്തരമാകുമത്. ശ്യാമദ്രവ്യത്തേക്കുറിച്ചുള്ള പഠനത്തില്‍ വലിയൊരു മുന്നേറ്റമായിരിക്കും അതുണ്ടാക്കുക. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിനും ന്യൂട്രിനോ പഠനങ്ങള്‍ സഹായിക്കും ന്യൂട്രിനോ കമ്യൂണിക്കേഷന്‍ എന്ന ആധുനിക വാര്‍ത്താവിനിമയ സമ്പ്രദായം വികസനത്തിന്റെ പാതയിലാണ്. ഭൗമ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനവും കൂടുതല്‍ പുരോഗതി പ്രാപിക്കും. ശാസ്ത്രലോകം ന്യൂട്രിനോ പരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇപ്പോള്‍ നല്‍കുന്നത്. ലോകത്തെമ്പാടുമായി ഇപ്പോള്‍ നിരവധി ന്യൂട്രിനോ പരീക്ഷണശാലകളുണ്ട്. ന്യൂട്രിനോകള്‍ അവ കടന്നുപോകുന്ന പദാര്‍ഥങ്ങളെ അയണീകരിക്കുകയോ, പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യാത്തതുകൊണ്ട് ന്യൂട്രിനോ പരീക്ഷണശാലകളില്‍ നിന്ന് ജീവന് ഹാനികരമായ വികിരണങ്ങളും ഉത്സര്‍ജിക്കപ്പെടുന്നില്ല. ഇതും ന്യൂട്രിനോ പരീക്ഷണശാലകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ താക്കോല്‍ തിരയുന്ന മനുഷ്യര്‍ അതുകണ്ടെത്തുന്നത് ന്യൂട്രിനോകളെ ഉപയോഗിച്ചായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
വൈദ്യുതപരമായി നിര്‍വീര്യമായ മൗലിക കണമാണ് ന്യൂട്രിനോ. ന്യൂട്രിനോകള്‍ക്ക് ഭാരമില്ലെന്നായിരുന്നു അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ വളരെ കുറഞ്ഞ പിണ്ഡമുള്ള കണികകളാണിവയെന്ന് പിന്നീട് തെളിഞ്ഞു. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളും, സൂപ്പര്‍നോവാ വിസ്‌ഫോടനങ്ങളും, മഹാവിസ്‌ഫോടനവുമെല്ലാമാണ് സ്വാഭാവികമായി ന്യൂട്രിനോകളുടെ സൃഷ്ടിക്കു കാരണമാകുന്നത്. പ്രപഞ്ചമാകെ അവയുണ്ടാകും. സൂര്യനില്‍ നിന്നു പുറപ്പെടുന്ന ന്യൂട്രിനോകള്‍ സെക്കന്റില്‍ ഒരു ചതുരശ്ര സെന്റിമീറ്ററിനുള്ളില്‍ 6500 കോടി എന്ന നിരക്കില്‍ ഭൂമിയെയും അതിലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളെയും തുളച്ചു കടന്നുപോകുന്നുണ്ട്. വൈദ്യുത ചാര്‍ജില്ലാത്തതുകൊണ്ടും കടന്നുപോകുന്ന മാധ്യമത്തെ അയണീകരിക്കാത്തതുകൊണ്ടും ന്യൂട്രിനോകളെ തടഞ്ഞുനിര്‍ത്തുക ഏറെക്കുറെ അസാധ്യമാണ്. ഒരു ന്യൂട്രിനോ ബീമിനെ പൂര്‍ണമായും തടയാന്‍ 3500 പ്രകാശവര്‍ഷം കനമുള്ള ഭിത്തി നിര്‍മിക്കേണ്ടിവരും.
ചാര്‍ജുള്ള കണികകളായ ഇലക്‌ട്രോണ്‍, മ്യൂവോണ്‍, ടോ കണങ്ങള്‍ എന്നിവയെപ്പോലെ ലെപ്‌ടോണുകളുടെ ഗ്രൂപ്പിലാണ് ന്യൂട്രിനോകളെയും ഉള്‍പ്പടുത്തിയിട്ടുള്ളത്. ഈ കണികകളെപ്പോലെ ന്യൂട്രിനോകള്‍ക്കും പ്രതികണങ്ങളുണ്ട്. ഇലക്‌ട്രോണ്‍ ന്യൂട്രിനോ, മ്യൂവോണ്‍ ന്യൂട്രിനോ, ടോ ന്യൂട്രിനോ എന്നിങ്ങനെ മൂന്നു തലമുറയില്‍പെട്ട ന്യൂട്രിനോകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്ഷീണന്യുക്ലിയര്‍ ബലവും, ഗുരുത്വ ബലവും മാത്രമേ ന്യൂട്രിനോകളെ സ്വാധീനിക്കുകയുള്ളു. മറ്റ് അടിസ്ഥാന ബലങ്ങളായ വിദ്യുത്കാന്തികതയും, ശക്ത ന്യൂക്ലിയര്‍ ബലവും ന്യൂട്രിനോകളുമായി ബന്ധപ്പെടുന്നില്ല. ക്ഷീണ ന്യുക്ലിയര്‍ ബലം വളരെ ഇടുങ്ങിയ മേഖലയില്‍ മാത്രം ഒതുങ്ങുന്നതുകൊണ്ടും ഗുരുത്വ ബലം അറ്റോമിക തലത്തില്‍ തീര്‍ത്തും ദൂര്‍ബലമായതുകൊണ്ടും ന്യൂട്രിനോകള്‍ക്ക് സാധാരണ ദ്രവ്യത്തില്‍ക്കൂടി അനായാസം തുളച്ചുകടക്കാന്‍ കഴിയും.
ന്യൂട്രിനോകളെ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ അവയുടെ അസ്തിത്വം പ്രവചിക്കപ്പെടുകയാണുണ്ടായത്. ചില അണുകേന്ദ്രങ്ങള്‍ റേഡിയോ ആക്ടീവത പ്രകടിപ്പിക്കുകയും ക്രമേണ ക്ഷയിക്കുകയും ചെയ്യും. റേഡിയോ ആക്ടീവതയുള്ള അണുകേന്ദ്രങ്ങള്‍ മൂന്നുതരം വികിരണങ്ങള്‍ ഉത്സര്‍ജിക്കും അല്‍ഫാ കണം, ബീറ്റാ കണം, ഗാമാ കിരണങ്ങള്‍ എന്നിവയാണവ. അല്‍ഫാ ശോഷണവും ഗാമാ ശോഷണവും എളുപ്പത്തില്‍ വിശദീകരിക്കാന്‍ കണികാ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞു. എന്നാല്‍ ബിറ്റാ ശോഷണം വിശദീകരിക്കാന്‍ കഴിഞ്ഞില്ല. അണുകേന്ദ്രത്തിലുള്ള ന്യൂടോണുകളിലൊന്ന് ഒരു ഇലക്‌ട്രോണിനെ പുറംതള്ളി ഒരു പ്രോട്ടോണായി മാറുകയാണ്. അതുകൊണ്ടാണ് ബീറ്റാ ശോഷണ ഫലമായി അണുകേന്ദ്രത്തിന്റെ ഭാരം മാറാതെ നില്‍ക്കുകയും ചാര്‍ജ് ഒന്നുകൂടുകയും ചെയ്യുന്നത്. പുറന്തള്ളപ്പെടുന്ന ഇലക്‌ട്രോണാണ് ബീറ്റാ കണമെന്നറിയപ്പെടുന്നത്. ഇങ്ങനെ പുറത്തുവരുന്ന ബീറ്റാ കണങ്ങളുടെയെല്ലാം ഊര്‍ജം ശോഷണത്തിനു മുമ്പും പിമ്പുമുള്ള അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള ഊര്‍ജ വ്യത്യാസത്തിനു തുല്യമായിരിക്കണം. എന്നാല്‍ അങ്ങനെയല്ല കാണപ്പെട്ടത്. ഉദാഹരണമായി ബിസ്മത്ത്- 210 ന്റെ ശോഷണ ഫലമായുണ്ടാകുന്ന ബീറ്റാ കണങ്ങള്‍ക്ക് 1.17 ങലഢ ഊര്‍ജമാണുണ്ടാകേണ്ടത്. എന്നാല്‍ പൂജ്യം മുതല്‍ 1.17 ങലഢ വരെയുള്ള ഏത് ഊര്‍ജനിലയും സാധ്യമാകാമെന്നാണ് നിരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ടത്. എങ്കില്‍ അണുകേന്ദ്രവും ഇലക്‌ട്രോണും കൂടാതെ മൂന്നാമതൊരു കണം കൂടി ഊര്‍ജം പങ്കിടുന്നുണ്ടെന്ന് ആദ്യമായി നിര്‍ദേശിച്ചത് വുള്‍ഫ്ഗാംഗ് പോളി എന്ന ശാസ്ത്രജ്ഞനാണ്. 1930 ല്‍ ആണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ന്യൂട്രോണ്‍ പ്രോട്ടോണായി മാറുമ്പോള്‍ ഇലക്‌ട്രോണിനു പുറമെ ന്യൂട്രിനോ എന്ന കണം കൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് ഊര്‍ജത്തില്‍ ഒരു പങ്ക് കയ്യടക്കുകയും ചെയ്യുന്നുണ്ട്. ഭാരമില്ലാത്തതും പ്രകാശവേഗതയില്‍ സഞ്ചരിക്കുന്നതുമായ ഈ കണികയ്ക്ക് വൈദ്യുത ചാര്‍ജില്ല. ദ്രവ്യവുമായുള്ള പ്രതിപ്രവര്‍ത്തനം തീര്‍ത്തും വിരളവുമാണ്. അതുകൊണ്ടാണ് ന്യൂട്രിനോകളെ കണ്ടെത്താന്‍ കഴിയാതെ പോയതെന്നാണ് പോളിയുടെവാദം.
പോളിയുടെ നിഗമനം മറ്റൊരു പ്രശ്‌നം പരിഹരിക്കുന്നതിനും ഇടയായി. ബീറ്റാശോഷണം നടന്ന ന്യൂട്രോണിനും തത്ഫലമായുണ്ടാകുന്ന പ്രോട്ടോണിനും സ്പിന്‍ 1/2 ആണ്. പുറത്തുപോകുന്ന ഇലക്‌ട്രോണിനും സ്പിന്‍ 1/2 തന്നെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ കോണീയ സംവേഗ സംരക്ഷണനിയമം പാലിക്കപ്പെടാതെ പോകും. പുറത്തുപോകുന്ന ന്യൂട്രിനോയ്ക്കും സ്പിന്‍ 1/2 ആണെങ്കില്‍ പ്രശ്‌നം പരിഹരിക്കാം. സ്പിന്‍ ഒരു സദിശമാണ്. രണ്ടു കണങ്ങളുടെ സ്പിന്‍ എതിര്‍ദിശയിലായാല്‍ അന്യോന്യം ശൂന്യമാക്കപ്പെടും. 1934 ല്‍ എന്റിക്കോ ഫെര്‍മി ന്യൂട്രിനോ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ബീറ്റാ ശോഷണത്തിന്റെ ഒരു പൂര്‍ണ സിദ്ധാന്തം ആവിഷ്‌ക്കരിച്ചു. പോളിയാകട്ടെ തന്റെ കണത്തെയും ന്യൂട്രോണ്‍ എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ജെയിംസ് ചാഡ്‌വിക് അണുകേന്ദ്രത്തിനത്തുള്ള ഭാരമുള്ളതും വൈദ്യുത ചാര്‍ജില്ലാത്തതുമായ കണികയെ ന്യട്രോണ്‍ എന്നും പേരിട്ടതുകൊണ്ട് ഭാരമില്ലാത്തതും വൈദ്യുത ചാര്‍ജില്ലാത്തതുമായ കണികയ്ക്ക് ന്യൂട്രിനോ എന്ന് പേരു മാറ്റുകയുമാണുണ്ടായത്. ലിറ്റില്‍ ന്യൂട്രല്‍ വണ്‍ അല്ലെങ്കില്‍ കുഞ്ഞുന്യൂട്രോണ്‍ എന്നാണ് ന്യൂട്രിനോ എന്നവാക്കിന്റെ അര്‍ഥം. ഫെര്‍മിയാണ് ഈ പേരു നല്‍കിയത്. പോളിയുടെ പ്രവചനത്തിനുശേഷം 26 വര്‍ഷം കഴിഞ്ഞ് 1956 ല്‍ അമേരിക്കക്കാരായ ക്ലൈഡ് ഓവന്‍, ഫ്രെഡ് റെയ്‌നസ് എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ നിന്നുള്ള അതിശക്തമായ വികിരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ന്യൂട്രിനോകളുടെ സാന്നിധ്യം തെളിയിച്ചു.
ഇലക്‌ട്രോണ്‍ ന്യൂട്രിനോയുടെ പ്രതികണമായ ആന്റി ന്യൂട്രിനോ കണ്ടെത്തിയതിനേത്തുടര്‍ന്ന് 1962 ല്‍ മ്യൂവോണ്‍ ന്യൂട്രിനോയും 1975 ല്‍ ടോ ന്യൂട്രിനോയും കണ്ടെത്തി. ഇതിനിടയില്‍ കണികാ ഭൗതികജ്ഞരെ നീണ്ട മുപ്പതുവര്‍ഷം അസ്വസ്ഥരാക്കുന്നതിനും ന്യൂട്രിനോകള്‍ കാരണമായി. 1960 കളുടെ അവസാനത്തോടെ സൂര്യനില്‍ നിന്നും ഇലക്‌ട്രോണ്‍ ന്യൂട്രിനോകളുടെ ശക്തമായ പ്രവാഹം ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കണികാഭൗതികത്തിലെ മാനക മാതൃക പ്രവചിക്കുന്ന അളവില്‍ അവയുണ്ടാകുന്നില്ലെന്നും ഏകദേശം മൂന്നിലൊന്നു മാത്രമാണെന്നും മനസ്സിലായി. സോളാര്‍ ന്യൂട്രിനോ പ്രോബ്ലം എന്നാണീ പ്രഹേളിക അറിയപ്പെട്ടത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ന്യൂട്രിനോകള്‍ക്ക് പിണ്ഡമില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രകാശവേഗത്തില്‍ സഞ്ചരിക്കാനും കഴിയും. എന്നാല്‍ ന്യൂട്രിനോകള്‍ക്ക് ചെറിയ അളവില്‍ പിണ്ഡമുണ്ടെന്നും ന്യൂട്രിനോ ആന്ദോളനം എന്ന പ്രതിഭാസം വഴി അവയുടെ ഫ്‌ളേവറുകള്‍ മാറുന്നുണ്ടെന്നും പിന്നീട് കണ്ടെത്തി. ഇലക്‌ട്രോണ്‍ ന്യൂട്രിനോകള്‍ മ്യൂവോണ്‍ ന്യൂട്രിനോകളായും ടോ ന്യൂട്രിനോകളായും പരിവര്‍ത്തനം ചെയ്യുപ്പെടുന്നതുകൊണ്ടാണ് പ്രതീക്ഷിക്കുന്ന അളവില്‍ ഇലക്‌ട്രോണ്‍ ന്യൂട്രിനോകളെ കണ്ടെത്താന്‍ കഴിയാത്തത്. പ്രപഞ്ചോല്‍പത്തി മുതലുള്ള എല്ലാ ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളിലും ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുകയും അവ പ്രതിപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതെ തുടരുകയും ചെയ്യുന്നതുകൊണ്ട് പ്രപഞ്ചത്തില്‍ അവയുടെ സംഖ്യ വളരെ വലുതാണ്. ന്യൂട്രിനോകള്‍ക്ക് അല്‍പമെങ്കിലും പിണ്ഡമുണ്ടെങ്കില്‍ തന്നെ പ്രപഞ്ചത്തിന്റെ മൊ ത്തം ഭാരത്തിന്റെ ഏറിയ പങ്കും അവയുടേതായിരിക്കും. അത്രയ്ക്കധികമുണ്ട് ന്യൂട്രിനോകള്‍ ഈ പ്രപഞ്ചത്തില്‍.
1957 ല്‍ ബ്രൂണോ പൊന്തേകോര്‍വോ ന്യൂട്രിനോ ആന്ദോളനത്തേക്കുറിച്ച് പ്രവചിച്ചിരുന്നുവെങ്കിലും അതിന് ഗണിതപരമായ അടിത്തറ നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് 1978 ല്‍ ലിങ്കണ്‍ വുള്‍ഫെന്‍സ്റ്റൈന്‍, 1985 ല്‍ സ്റ്റാനിസ്‌ലാവ് മിഖെയേവ്, അലെക്‌സി സ്മിര്‍ണോവ് എന്നിവര്‍ ന്യൂട്രിനോകള്‍ പദാര്‍ഥങ്ങളില്‍കൂടി കടന്നുപോകുമ്പോള്‍ അവയുടെ ഫ്‌ളേവറിന് ആന്ദോളനം സംഭിവിക്കുന്നുണ്ടെന്ന് തെളിയിച്ചു. മിഖെയേവ് – സ്മിര്‍ണോവ് – വുള്‍ഫെന്‍സ്റ്റൈന്‍ പ്രഭാവം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. 1988 ല്‍ സൂപ്പര്‍ കാമിയോകണ്‌ഡേ, സഡ്ബറി ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി എന്നീ ന്യൂട്രിനോ പരീക്ഷണശാലകളില്‍ വച്ചു നടത്തിയ പരീക്ഷണത്തില്‍ സോളാര്‍ ന്യൂട്രിനോകള്‍ക്കുണ്ടാകുന്ന ഭാവമാറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. അതോടെ സോളാര്‍ ന്യൂട്രിനോ പ്രഹേളികയും പരിഹരിക്കപ്പെട്ടു. ന്യൂട്രിനോകള്‍ക്ക് പിണ്ഡമുണ്ടെന്നും തെളിഞ്ഞു.
ന്യൂട്രിനോ ആന്ദോളനം തെളിയിക്കപ്പെടുന്നതുവരെ അവയ്ക്ക് പിണ്ഡമില്ലെന്നായിരുന്നു കരുതിയത്. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രകാശവേഗതയില്‍ സഞ്ചരിക്കാനും കഴിയും. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് ന്യൂട്രിനോകളുടെ പിണ്ഡവും അവയുടെ വേഗതയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ന്യൂട്രിനോകള്‍ക്ക് പിണ്ഡമില്ലെങ്കില്‍ അവയ്ക്ക് ഫോട്ടോണുകളേപ്പോലെ തന്നെ സഞ്ചരിക്കാന്‍ കഴിയും. അവയ്ക്ക് പിണ്ഡമുണ്ടെങ്കില്‍ ഒരിക്കലും പ്രകാശവേഗതയിലെത്താനും കഴിയില്ല. എന്നാല്‍ ചില ക്വാണ്ടം ഗ്രാവിറ്റി രൂപഭേദങ്ങളില്‍ ന്യൂട്രിനോകള്‍ക്ക് പ്രകാശാതിവേഗം അനുവദിക്കുന്നുണ്ട്. 1980 കളില്‍ പയോണ്‍ ബീമുകളുപയോഗിച്ചാണ് ന്യൂട്രിനോകളുടെ വേഗത അളക്കാന്‍ തുടങ്ങിയത്. പയോണ്‍ ശോഷണത്തിന്റെ ഉല്‍പന്നമായി ഉണ്ടാകുന്ന ന്യൂട്രിനോകളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ സവിശേഷ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് അളന്നാണ് വേഗത കണ്ടെത്താന്‍ ശ്രമിച്ചത്. 2007 ലും ഇതേ പരീക്ഷണം ആവര്‍ത്തിച്ചിരുന്നു, ന്യൂട്രിനോയുടെ വേഗത 0.999976 ഇ യ്ക്കും 1.000126 ഇ യ്ക്കും ഇടയിലാണെന്നാണ് പരീക്ഷണഫലം നല്‍കിയ സൂചന. ഇ പ്രകാശ പ്രവേഗമാണ്. അങ്ങനെ വരുമ്പോള്‍ ന്യൂട്രിനോയുടെ വേഗത പ്രകാശ വേഗതയേക്കാള്‍ 1.000051 ഇ കൂടുതലാണെന്നാണ്. 3 ഏലഢ ഊര്‍ജനിലയിലുള്ള ന്യൂട്രിനോകള്‍ ഉപയോഗിച്ചാണ് പരീക്ഷണങ്ങളില്‍ നടത്തിയത്. പിന്നീട് നടത്തിയ പരീക്ഷണങ്ങളില്‍ ന്യൂട്രിനോകളുടെ വേഗത പ്രകാശവേഗതയ്ക്കു തുല്യമോ അല്‍പം കുറവോ ആണെന്നാണ് കണ്ടെത്തിയത്. 2012 ല്‍ കൂടുതല്‍ നവീകരിച്ച ഡിറ്റക്ടറുകള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളില്‍ ന്യൂട്രിനോയുടെ വേഗത പ്രകാശ പ്രവേഗത്തേക്കാള്‍ 0.0006 ശതമാനം കുറവാണെന്നാണ് കണ്ടെത്തിയത്. സ്ഥൂല പ്രപഞ്ചത്തിലും ന്യുട്രിനോകളുടെ വേഗത അളക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സൂപ്പര്‍നോവ 1987അ യില്‍ നിന്നും പുറപ്പെട്ട 10 ങലഢ ഊര്‍ജനിലയിലുള്ള ആന്റിന്യൂട്രിനോകള്‍ പ്രകാശവേഗതയില്‍ സഞ്ചരിച്ചാണ് ഭൂമിയിലെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ പിണ്ഡമുണ്ടെങ്കില്‍ തന്നെയും ന്യൂട്രിനോകള്‍ ഏറെക്കുറെ പ്രകാശ വേഗതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. 2011 സെപ്തംബറില്‍ നടത്തിയ ഓപെറ കൊളാബറേഷന്‍ പരീക്ഷണത്തില്‍ ന്യൂട്രിനോകള്‍ പ്രകാശവേഗത മറികടക്കുന്നതായി കണ്ടെത്തിയിരുന്നു. 17 ഏലഢ, 28 ഏലഢ ഊര്‍ജനിലകളിലുള്ള ന്യൂട്രിനോകളാണ് പ്രകാശ വേഗതയെ മറികടന്നത്. എന്നാല്‍ 2012 ഫെബ്രുവരിയില്‍ സേണ്‍ (ഇഋഞച) ഈ പരീക്ഷണഫലത്തെ തള്ളിപ്പറഞ്ഞു. ഡിറ്റക്ടറുകളിലുണ്ടായ പാകപ്പിഴയാണ് ഈ തെറ്റായ പരീക്ഷണഫലത്തിനു കാരണമെന്നായിരുന്നു സേണിന്റെ വിശദീകരണം.
കണികാഭൗതികത്തിന്റെ മാനക മാതൃകയനുസരിച്ച് ന്യൂട്രിനോകള്‍ക്ക് പിണ്ഡമില്ല. എന്നാല്‍ ന്യൂട്രിനോ ആന്ദോളനങ്ങള്‍ യഥാര്‍ഥമാണെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട.് ആന്ദോളനങ്ങള്‍ നടന്ന് ഫ്‌ളേവറുകള്‍ മാറണമെങ്കില്‍ ന്യൂട്രിനോകള്‍ക്ക് നാമമാത്രമായെങ്കിലും പിണ്ഡം ആവശ്യമാണ്. രണ്ടുരീതികളിലാണ് ന്യൂട്രിനോകള്‍ക്ക് പിണ്ഡം ആരോപിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ മറ്റുകണികള്‍ക്ക് പിണ്ഡം ലഭിക്കുന്നതുപോലെ ന്യൂട്രിനോകളും ഡിറാക് മെക്കാനിസം അനുസരിക്കണം. അല്ലെങ്കില്‍ മയൊറാന മെക്കാനിസം അതുസരിച്ച് ഒരു ന്യൂട്രിനോതന്നെ അതിന്റെ ആന്റിന്യൂട്രിനോയും ആകുന്ന തലമുണ്ടാകണം. ഇനി വലിയ അളവുകളിലെ കാര്യം പരിഗണിച്ചാല്‍ ബിഗ് ബാംഗ് മാതൃകയനുസരിച്ച് പരഭാഗ വികിരണങ്ങളിലുള്ള ന്യൂട്രിനോകളും ഫോട്ടോണുകളും തമ്മില്‍ കൃത്യമായ ഒരു അനുപാതമുണ്ട.് മൂന്നു തലമുറകളില്‍പെട്ട ന്യൂട്രിനോകളെ പരിശോധിച്ചാലും അവയൊന്നിന്റെയും ഊര്‍ജനില 50 ഇലക്‌ട്രോണ്‍ വോള്‍ട്ടില്‍ കൂടില്ല. പരഭാഗ വികിരണങ്ങള്‍, ഗാലക്‌സി സര്‍വേകള്‍, ലെയ്മാന്‍-അല്‍ഫാ സമ്പ്രദായം എന്നിവയനുസരിച്ചുള്ള വിലയിരുത്തലില്‍ മൂന്നു തരത്തിലുള്ള ന്യൂട്രിനോകളെടെയും ആകെ പിണ്ഡം 0.3 ഇലക്‌ട്രോണ്‍ വോള്‍ട്ടിലും കുറവാണ്. 1998 ല്‍ ജപ്പാനിലെ സൂപ്പര്‍ കാമിയോകണ്‍ഡേ ന്യൂട്രിനോ ഡിറ്റക്ടറില്‍ നടത്തിയ പരീക്ഷണത്തില്‍ ന്യൂട്രിനോ ആന്ദോളനം തെളിയിക്കപ്പെട്ടു. അതിനര്‍ഥം അവയ്ക്ക് പിണ്ഡമുണ്ടെന്നാണ്. ന്യൂട്രിനോകള്‍ക്ക് പിണ്ഡമുണ്ടെന്ന് പറയുമ്പോഴും അതെത്രയാണെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നില്ല. കാരണം ന്യൂട്രിനോ ആന്ദോളനങ്ങള്‍ അത്യന്തം സംവേദനക്ഷമമായ ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെയാണ് വ്യത്യസ്ത പരീക്ഷണങ്ങളില്‍ ന്യൂട്രിനോകളുടെ പിണ്ഡം വ്യത്യാസപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം ന്യൂട്രിനോകളുടെ പിണ്ഡം 0.04 ലഢ ആണ്. ന്യൂട്രിനോകള്‍ മയൊറാന കണികകളായി പരിഗണിച്ചുള്ള വിലയിരുത്തലില്‍ അവയുടെ പിണ്ഡം 0.12 ലഢ നും 0.25 ലഢ നും ഇടയിലാണെന്ന് പരിഗണിച്ചിട്ടുണ്ട്. 2015 ലാണ് ഈ വിലയിരുത്തല്‍ നടന്നത്. 2015 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച തകാകി കാജിതയും ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡും ന്യൂട്രിനോ ആന്ദോളനങ്ങള്‍ പരീക്ഷണത്തിലൂടെ തെളിയിച്ചവരാണ.് അതിനര്‍ഥം പൂജ്യത്തിലും ഉയര്‍ന്ന പിണ്ഡം അവയ്ക്കുണ്ടെന്നാണ്.
സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അനുസരിച്ച് ന്യൂട്രിനോകള്‍ ബിന്ദുക്കള്‍ പോലെയുള്ള കണികകളാണ.് വിദ്യുത് – ക്ഷീണ പ്രതിപ്രവര്‍ത്തനങ്ങളെ ആധാരമാക്കിയാണ് അവയുടെ വലിപ്പം നിര്‍ണയിക്കുന്നത്. പിണ്ഡമല്ലാതെ മറ്റൊരു ഗുണവും ന്യൂട്രിനോയ്ക്ക് നല്‍കാന്‍ കഴിയില്ല. കാരണം അവ വൈദ്യുതകാന്തിക പ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ക്വാണ്ടം മെക്കാനിക്‌സിലെ വേവ് ഫങ്ഷന്‍ ഉപയോഗിച്ചാണ് അവയുടെ സ്വഭാവം വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ ന്യൂട്രിനോയുടെ വലിപ്പം നിത്യജീവിതത്തില്‍ പരിചിതമായ വസ്തുക്കളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും ന്യൂട്രിനോകള്‍ ഇലക്‌ട്രോണുകള്‍ പോലയുള്ള ഫെര്‍മിയോണുകളാണ്. ഫോട്ടോണുകള്‍ പോലെയുള്ള ബോസോണുകളല്ല. അവ പോളിയുടെ അപവര്‍ജക തത്വം പാലിക്കുന്നുമുണ്ട്.
പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന പരഭാഗ വികിരണങ്ങള്‍ ന്യൂട്രിനോകളുടെ ഉറവിടമാണ്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ട ഊര്‍ജമാണ് പരഭാഗ വികിരണങ്ങള്‍. കോസ്മിക് കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ കണികകളുമായി കൂട്ടിമുട്ടുമ്പോഴും ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. സൂര്യനിലും നക്ഷത്രങ്ങളിലും നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളും സൂപ്പര്‍നോവാ വിസ്‌ഫോടനങ്ങളുമാണ് ഉയര്‍ന്ന ഊര്‍ജനിലയിലുള്ള ന്യൂട്രിനോകളുടെ പ്രധാന ഉറവിടം. സ്വാഭാവികമായ ഈ സ്രോതസ്സുകള്‍ക്കു പുറമേ ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ നിന്നും കണികാ ത്വരത്രങ്ങളില്‍ നിന്നും ന്യൂട്രിനോകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ന്യൂക്ലിയര്‍ ബോംബ് സ്‌ഫോടനവും ന്യൂട്രിനോ ഉല്‍പാദനത്തിന്റെ ഉറവിടമാണ്. ന്യൂട്രിനോകള്‍ സാധാരണ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്തതുകൊണ്ട് അവയെ കണ്ടെത്തുക അത്യന്തം ശ്രമകരമാണ്. ഭൗമോപരിതലത്തിനടിയിലുള്ള ഖനികളിലും, സമുദ്രത്തിന്റെ അടിത്തട്ടിലും സ്ഥാപിച്ചിട്ടുള്ള സവിശേഷ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് അവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. പതിനായിരം കോടിയില്‍ ഒന്ന് എന്ന തോതില്‍ ദുര്‍ബലമായ ന്യൂട്രിനോകള്‍ ജലത•ാത്രകളുമായി പ്രതിപ്രവര്‍ത്തിക്കാറുണ്ട്. ഇതിന്റെ ഫലമായുണ്ടാകുന്ന ദ്വിതീയ കണത്തിന്റെ (ങൗീി) സ്വഭാവം അപഗ്രഥിച്ചാണ് ന്യൂട്രിനോയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. സഡ്‌ബെറിയും, സൂപ്പര്‍ കാമിയോകാണ്‍ഡെയും, ഫെര്‍മിലാബും, ഐസ്‌ക്യൂബും, ഗങ3ചലഠ ഉം ലോക പ്രശസ്ത ന്യൂട്രിനോ ഒബ്‌സര്‍വേറ്ററികളാണ്. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി ഫെര്‍മിലാബിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ന്യൂട്രിനോ പരീക്ഷണശാലയാണ്.
ന്യൂട്രിനോകളുടെ നാമമാത്ര പിണ്ഡവും ന്യൂട്രല്‍ വൈദ്യുത ചാര്‍ജും കാരണം അവയ്ക്ക് മറ്റു പദാര്‍ഥങ്ങളുമായും ഊര്‍ജ ക്ഷേത്രങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം നന്നേകുറവാണ്. അതു കൊണ്ടുതന്നെ വിദ്യുത് കാന്തിക വികിരണങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ തുളച്ചുകടന്ന് പരീക്ഷണം നടത്താന്‍ ന്യൂട്രിനോകളെ ഉപയോഗപ്പെടുത്താന്‍ കഴിയും. ഉദാഹരണമായി നക്ഷത്രങ്ങളുടെ അകക്കാമ്പില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ന്യൂട്രിനോകളാണ് അനുയോജ്യം. ദ്രവ്യ സാന്ദ്രത വളരെയധികമുള്ള നക്ഷത്രക്കാമ്പില്‍ നിന്ന് പ്രകാശമുള്‍പ്പടെയുള്ള വിദ്യുത്കാന്തിക വികിരണങ്ങള്‍ക്ക് എളുപ്പത്തില്‍ പുറത്തുകടക്കാന്‍ കഴിയില്ല. സൂര്യന്റെ കാര്യം പരിഗണിച്ചാല്‍ കോറില്‍ നിന്നും പുറപ്പെടുന്ന ഒരു ഫോട്ടോണിന് ഉപരിതലത്തിലെത്താന്‍ 40,000 വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ ദ്രവ്യത്തില്‍ക്കൂടി അനായാസം തുളച്ചുകടക്കുന്ന ന്യൂട്രിനോകള്‍ ഏറെക്കുറെ പ്രകാശ വേഗതയില്‍ സഞ്ചരിക്കും. ലളിതമായി പറഞ്ഞാല്‍ സൗരകേന്ദ്രത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കുന്നതിന് ന്യുട്രിനോകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. പ്രകാശത്തെയാണ് ആശ്രയിക്കുന്നതെങ്കില്‍ അതിന് 40,000 വര്‍ഷം കാത്തിരിക്കേണ്ടിവരും. കാരണം 40,000 വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിക്കപ്പെട്ട ഫോട്ടോണുകളാണ് ഇന്ന് ഭൂമിയിലെത്തുന്നത്. സൂര്യകേന്ദ്രത്തില്‍ നടക്കുന്ന ന്യുക്ലിയര്‍ പ്രവര്‍ത്തനങ്ങളുടെ തീവ്രതയനുസരിച്ചാണ് സൗരവാതങ്ങളും, സൂര്യ കളങ്കങ്ങളും, ശക്തമായ പ്ലാസ്മ പ്രവാഹവുമെല്ലാമുണ്ടാകുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ അത് വൈദ്യുതവിതരണ ശൃംഖലയ്ക്കും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്കും ഹാനികരമാണ്. അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂടി കണ്ടെത്താന്‍ ന്യുട്രിനോകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠനം സഹായിക്കും.
സൗരയൂഥത്തിനു വെളിയിലുള്ള പ്രദേശങ്ങളില്‍ സര്‍വേ നടത്തുന്നതിനും ന്യൂട്രിനോകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.
സാധാരണയായി ഇത്തരം സര്‍വേകളില്‍ ഉപയോഗിക്കുന്ന വിദ്യുത്കാന്തിക വികിരണങ്ങളായ റേഡിയോ തരംഗങ്ങളും, എക്‌സ് – കിരണങ്ങളുമെല്ലാം നക്ഷത്രാന്തര മാധ്യമവുമായും കോസ്മിക് കിരണങ്ങളുമായും പ്രതിപ്രവര്‍ത്തിച്ച് ദുര്‍ബലമാവുകയും ദൃശ്യപ്രകാശം നക്ഷത്രാന്തര ധൂളിയും വാതകപടലവുമായി കൂട്ടിമുട്ടി നിര്‍വീര്യമാവുകയും ചെയ്യും. എന്നാല്‍ ന്യുട്രിനോകള്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം അനായാസം തുളച്ചുകടക്കും. ക്ഷീരപഥത്തിന്റെ കേന്ദ്രത്തില്‍ ശോഭയേറിയ നിരവധി പ്രതിഭാസങ്ങളുടെയും വാതകപടലത്തിന്റെയും സംഘാതമുണ്ട്. ന്യുട്രിനോകളുടെ ഉറവിടവുമാണ് ഈ പ്രദേശം. ഭൂതല ന്യൂട്രിനോ ടെലസ്‌ക്കോപ്പുകള്‍ ഇത്തരം ന്യുട്രിനോകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂട്രിനോകളുടെ ഊര്‍ജനില കണക്കൂകൂട്ടിയാണ് അവയുടെ ഉറവിടം നിര്‍ണയിക്കുന്നത്. ഗാലക്‌സികേന്ദ്രത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ന്യൂട്രിനോകളെ ഉപയോഗപ്പെടുത്താന്‍ കഴിയും. നക്ഷത്രവിസ്‌ഫോടനങ്ങളാണ് തുടര്‍ന്നുള്ള ഗ്രഹരൂപീകരണത്തിനും ഗ്രഹങ്ങളില്‍ ലോഹ സാന്നിധ്യമുണ്ടാകുന്നതിനും ഒടുവില്‍ ജീവനുണ്ടാകുന്നതിനും കാരണമാകുന്നത്. സൂപ്പര്‍നോവകള്‍ എന്നറിയപ്പെടുന്ന ഇത്തരം നക്ഷത്ര വിസ്‌ഫോടനങ്ങളില്‍ വളരെയധികം ന്യുട്രിനോകള്‍ (1057) സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം ന്യൂട്രിനോകള്‍ പഠനത്തിനുപയോഗിച്ചാല്‍ സൂപ്പര്‍നോവ വിസ്‌ഫോടന സമയത്തെ ദ്രവ്യ-ഊര്‍ജ നിലയും നക്ഷത്രത്തിന്റെ ആന്തര ഘടനയും മനസ്സിലാക്കാന്‍ കഴിയും. അതുവഴി ജീവന്റെ നിര്‍വചനം ആഴത്തില്‍ മനസ്സിലാക്കാനും സഹായിക്കും. ന്യൂട്രിനോകളുടെ പിണ്ഡമുളക്കുന്നത് ജ്യോതി ശാസ്തജ്ഞര്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്. പ്രപഞ്ചത്തില്‍ വലിയ അളവിലുള്ള അദൃശ്യ ദ്രവ്യരൂപമായ ഡാര്‍ക്ക് മാറ്ററിന്റെ ഇതുവരെ അറിയപ്പെട്ട ഏക ഘടകം ന്യൂട്രിനോകളാണ്. ഗുരുത്വാകര്‍ഷണ സ്വഭാവം മാത്രമുള്ള ഈ ദ്രവ്യരൂപത്തേക്കുറിച്ച് പഠിക്കുന്നതിന് പിണ്ഡമുള്ള ന്യൂട്രിനോകള്‍ സഹായിക്കുന്നുണ്ട്. ന്യൂട്രിനോകള്‍ക്ക് പിണ്ഡമില്ലെങ്കില്‍ ഈ പരികല്‍പന നിലനില്‍ക്കില്ല. കണികാ ഭൗതികത്തിലെ ഊര്‍ജനിലകുറഞ്ഞ സവിശേഷ കണികകളെക്കുറിച്ചു പഠിക്കുന്നതിനും പ്രപഞ്ച വിജ്ഞാന മേഖലയിലും ന്യൂട്രിനോകള്‍ വളരെധികം പ്രയോജനം ചെയ്യുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയുടെ ആദ്യ ദശയില്‍ പ്രപഞ്ചമാകെ അതാര്യമായ പ്ലാസ്മ നിറഞ്ഞുനിന്നിരുന്നു. നീണ്ട മൂന്നു ലക്ഷം വര്‍ഷം ഈ അവസ്ഥതുടര്‍ന്നു. പ്രകാശ ക്വാണ്ടമായ ഫോട്ടോണുകള്‍ക്ക് പ്ലാസ്മയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. എന്നാല്‍ ന്യൂട്രിനോകള്‍ക്ക് പ്ലാസ്മ ഒരു തടസ്സമല്ല. ബിഗ് ബാംഗ് ന്യൂട്രിനോകളേക്കുറിച്ചുള്ള പഠനം പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കോസ്‌മോളജിസ്റ്റുകളെ സഹായിക്കുന്നുണ്ട്.
2012 നവംബറില്‍ അമേരിക്കയിലെ ഏതാനും കണികാ ശാസ്ത്രജ്ഞര്‍ 780 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാറയ്ക്കുള്ളിലൂടെ ന്യൂട്രിനോ ബീമുകള്‍ കടത്തിവിട്ട് പരീക്ഷണം നടത്തിയിരുന്നു. ന്യൂട്രിനോ കമ്യൂണിക്കേഷന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ഭാവിയില്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് ന്യൂട്രിനോകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഭൗമാന്തര്‍ഭാഗത്തു നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുന്നതിനും ഫലകചലനം, ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, സുനാമി തുടങ്ങിയ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനും ന്യൂട്രിനോ കമ്യൂണിക്കേഷനിലൂടെ സാധ്യമാകും.
കണികാ ഭൗതികത്തിലും ആസ്‌ട്രോഫിസിക്‌സിലും നിരവധി പുതിയ ഗവേഷണങ്ങള്‍ക്കുള്ള ആദ്യ ചുവടുവയ്പാണ് ഓരോ ന്യൂട്രിനോ പരീക്ഷണശാലയിലും നടക്കുന്നത്. ഒരു കാര്‍നിര്‍മാണത്തില്‍ നട്ടിനും ബോള്‍ട്ടിനുമുള്ള സ്ഥാനമാണ് പ്രപഞ്ച പഠനത്തില്‍ ന്യൂട്രിനോ പരീക്ഷണശാലകള്‍ക്കുള്ളത്. കപട പരിസ്ഥിതി പ്രണയവും അന്ധമായ റേഡിയേഷന്‍ ഭീതിയും മാറ്റിനിര്‍ത്തി ഈ പദ്ധതിയുമായി സഹകരിക്കുകയാണ് ശാസ്ത്രബോധമുള്ള ഒരു സമൂഹം ചെയ്യേണ്ടത്. അശാസ്ത്രീയത അതിന്റെ സര്‍വ ശക്തിയുമുപയോഗിച്ച് താണ്ഡവമാടുന്ന ഒരു സമൂഹത്തില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എങ്കിലും ഒരു കാര്യം ഓര്‍മിക്കുന്നത് നല്ലതാണ്. ലോകമെമ്പാടും ന്യൂട്രിനോ പരീക്ഷണശാലകളുണ്ട്. അവിടെയൊന്നുമില്ലാത്ത എന്തു ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ അല്ലാതെ മറ്റേതൊരു ശാസ്ത്ര സാങ്കേതിക സ്ഥാപനമാണ് ലോകനിലവാരത്തിലുള്ളത് എന്നുപറഞ്ഞുകൊണ്ട് നമുക്ക് അവതരിപ്പിക്കാന്‍ കഴിയുക. ഐ.എസ്.ആര്‍.ഒ പോലും ഈ നിലയിലെത്തിയത് നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ്. ശാസ്ത്രവിരോധികള്‍ ഇനിയും തടസം നിന്നില്ലെങ്കില്‍, ജനങ്ങളെ ഇളക്കിവിട്ട് വൈകാരിക പ്രക്ഷോഭം നടത്തിയില്ലെങ്കില്‍ അടുത്ത ദശാബ്ധത്തില്‍ ഇന്ത്യയുടെ കണികാ പരീക്ഷണശാല യാഥാര്‍ഥ്യമാകും. ഫെര്‍മിലാബു പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലെ ഐ.എന്‍.ഒ യും ലോകശ്രദ്ധ ആകര്‍ഷിക്കും. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രപഠനത്തിന്റെ നിലവാരം ഉയരുന്നതിനും യുവജനങ്ങള്‍ക്ക് ശാസ്ത്രാഭിമുഖ്യം വളരുന്നതിനും അത് സഹായിക്കും.

Facebook Comments

About admin

One comment

  1. ന്യൂട്രീനോ പരീക്ഷണം നമ്മുക്ക് വേണ്ട കൊക്കില്‍ ഒതുങ്ങിയതെ കൊത്താവു

Leave a Reply

Your email address will not be published. Required fields are marked *

*