പ്രകൃതിയില്ലെങ്കില്‍ മനുഷ്യരില്ല; കൈകോര്‍ക്കാം പ്രകൃതി സംരക്ഷണത്തിനായി…

സാബുജോസ്
sabu ഭൂമിയുടെ നിലനില്‍പ് അവതാളത്തിലായാല്‍ പിന്നെ അധികാരത്തിനും, അധിനിവേശങ്ങള്‍ക്കും, മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ എന്തു പ്രസക്തി ?
മനുഷ്യരുടെ ഇടപെടല്‍കൊണ്ട് ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവിന്റെ 55 ശതമാനവും 55 രാജ്യങ്ങളുടെ സംഭാവനയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് ചൈനയാണ്. അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഈ രാജ്യങ്ങളാണ് താപവര്‍ധനവിനു കാരണമാകുന്ന നടപടികള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഫ്രാന്‍സ് അനുകരണീയമായ ഒരു മാതൃക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 90 ശതമാനവും കാര്‍ബണ്‍ ബഹിര്‍ഗമനം കൂടാതെയുള്ള മാര്‍ഗങ്ങളിലൂടെയാണ് നടത്തുന്നത്. അണുനിലയങ്ങള്‍, വിന്‍ഡ്മില്‍, ജലവൈദ്യുത പദ്ധതി എന്നീ സങ്കേതങ്ങളിലൂടെയാണ് ഫ്രാന്‍സില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. താപനിലയങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ അവസാനിപ്പിച്ചു കഴിഞ്ഞു.
ആഗോള താപനത്തിനും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനും നിരവധി കാരണങ്ങളുണ്ട്. സൗരപ്രതിഭാസങ്ങള്‍, ഭൂമിയുടെ പരിക്രമണനത്തിലെ സവിശേഷതകള്‍, എല്‍ നിന്യോ-ലാ നീന്യ പ്രതിഭാസങ്ങള്‍, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, ജനപ്പെരുപ്പം, വ്യവസായങ്ങളുടെ വളര്‍ച്ച, വാഹനപ്പെരുപ്പം, കാട്ടുതീ, ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം, ജൈവ മാലിന്യങ്ങള്‍, എയ്‌റോസോള്‍, നീരാവി എന്നിവയെല്ലാം അന്തരീക്ഷ താപനില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. സൗരപ്രതിഭാസങ്ങള്‍ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ മനു ഷ്യര്‍ക്കാവില്ല. അതുപോലെ തന്നെ മനുഷ്യരുടെ ഇടപെടല്‍ കൊണ്ടുണ്ടാകുന്ന താപ വര്‍ധനവിന് തടയണ തീര്‍ക്കാന്‍ പ്രകൃതിക്കുമാവില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് എന്ന ഹരിതഗൃഹ സ്വഭാവമുള്ള വാതകമാണ് ആഗോളതാവര്‍ധനവിന്റെ പ്രധാനകാരണം എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം പ്രാധാന്യമുള്ളതാണ് കന്നുകാലികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നും അഴുകിയ മൃതശരീരങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മീഥേയ്ന്‍ വാതകവും. നീരാവിയും എയ്‌റോസോളും നൈട്രസ് ഓക്‌സൈഡുമൊന്നും പിന്നിലല്ല. ഇത്തരം വാതകങ്ങളുടെ ഉല്‍പാദനം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് പാരീസ് ഉടമ്പടിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ദൗത്യം വിജയിപ്പിക്കുന്നതിന് വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും സഹകരണം നല്‍കണമെന്ന് പാരീസ് ഉടമ്പടിയില്‍ ധാരണയായിട്ടുണ്ട്.
ആഗോളതാപനത്തേക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ഒരിക്കല്‍കൂടി പരിശോധിക്കാം. അതിനൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോളതാപനമെന്നൊന്നില്ലെന്നും അത് ഭൂമിയുടെ പരിണാമദശയിലെ ഒരു ഭാഗം മാത്രമാണെന്നും ഇത്തരം പ്രതിഭാസങ്ങള്‍ സ്വാഭാവികമാണെന്നും ഇതിനുമുമ്പും ഇങ്ങനെയെല്ലാം സംഭവിച്ചിട്ടുണ്ടെന്നും വാദിക്കുന്നവരുമുണ്ട്. ഇത്തരം വാദങ്ങളുടെ നിജസ്ഥിതി എന്താണെന്നും പരിശോധിക്കപ്പെടണം.
ആഗോളതാപനത്തിന്റെ കാരണങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.സൗരചക്രങ്ങളുടെ തീവ്രത,എല്‍- നിന്യോ,ലാ-നീന്യ പ്രഭാവങ്ങള്‍,അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ തുടങ്ങിയ പ്രാപഞ്ചികപ്രതിഭാസങ്ങള്‍ ആഗോളതാപനിലയില്‍ വിശേഷിച്ചും ഭൂവിസ്തൃതിയുടെ 70 ശതമാനത്തിലധികമുള്ള സമുദ്രജലത്തിന്റെ ഊഷ്മാവില്‍ വര്‍ധനവുണ്ടാക്കുമെന്നു പറയുമ്പോഴും അവ എങ്ങനെ എത്രത്തോളം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ല.കഴിയുന്ന കാര്യമാകട്ടെ,മനുഷ്യരുടെ ഇടപെടല്‍ കാരണം കാര്‍ബണ്‍ഡയോക്‌സൈഡ് പോലെയുള്ള ഹരിതഗൃഹ സ്വഭാവമുള്ള വാതകങ്ങളുടെ ഉല്പാദനത്തിലുണ്ടാകുന്ന വര്‍ധനവും അതു വരുത്തി വെയ്ക്കുന്ന പ്രത്യാഘാതങ്ങളുമാണ്.ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്‌ളൈമറ്റ് ചേയ്ഞ്ച് എന്നറിയപ്പെടുന്ന കാലാവസ്ഥ-ഭൗമശാസ്ത്ര സംഘം ഓരോ വര്‍ഷവും കാലാവസ്ഥയിലണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയും ലോകമെമ്പാടുമുള്ള പഠന റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ എല്ലാം പറയുന്നത് ആഗോളതാപ നിലയില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കയാണെന്നും ഈ നില തുടര്‍ന്നാല്‍ ഭൂമി കരഭാഗമൊട്ടുമില്ലാത്ത ഒരു ‘വാട്ടര്‍ വേള്‍ഡ്’ ആയിത്തീരാന്‍ അധിക കാലമൊന്നും വേണ്ടെന്നുമാണ്. ധ്രുവ പ്രദേശങ്ങളിലെ മഞ്ഞു പാളികളുടെ ഉരുക്കം അത്ര വേഗതയിലാണ് നടന്നുകൊണ്ടിരിക്കുന്നത്.കാട്ടുതീയും അഗ്നിപര്‍വത സ്‌ഫോടനങ്ങളുമെല്ലാം ഹരിതഗൃഹവാതകങ്ങളുടെ തോത് ഉയര്‍ത്തുന്നുണ്ടെങ്കിലും സ്വാഭാവികമായുണ്ടാവുന്ന അത്തരം പ്രതിഭാസങ്ങള്‍ പ്രകൃത്യാ തന്നെ നിയന്ത്രിതമാണ്.സമുദ്രജലവും സസ്യങ്ങളും ഇങ്ങനെ വര്‍ധിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വാതകത്തെ ആഗിരണം ചെയ്യും. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളും വ്യവസായങ്ങളും വഴി ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ തോത് വര്‍ധിക്കുന്നത് പ്രകൃതിയുടെ സ്വാഭാവിക കാര്‍ബണ്‍ ചക്രത്തെ അസന്തുലിതമാക്കും
ആഗോളതാപനത്തിന്റെ പ്രധാന ഉത്തരവാദിത്വം ഹരിതഗൃഹവാതകങ്ങള്‍ക്കാണ്. ദൃശ്യപ്രകാശത്തെ നിര്‍ബാധം കടത്തി വിടുകയും ഭൗമോപരിതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന തരംഗദൈര്‍ഘ്യം കൂടിയ താപവികിരണങ്ങളെ (ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍) കെണിയില്‍പ്പെടുത്തുകയും ചെയ്യുന്ന പുതപ്പു പോലെയാണ് ഹരിതഗൃഹവാതകങ്ങള്‍ പെരുമാറുന്നത്. ഭൗമാന്തരീക്ഷത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ഭൂമിയിലെ താപനില രാത്രി-പകല്‍ വ്യത്യാസമില്ലാതെ ഏറെക്കുറെ സമാനമായി നിലനിര്‍ത്തുന്നത്. ഭൗമ ജീവന്റെ ഉത്ഭവത്തിനും വികാസത്തിനും പിന്നില്‍ ഹരിതഗൃഹ പ്രഭാവത്തിന് നിര്‍ണായക സ്വാധീനമുണ്ടന്നു തന്നെ സാരം. 1824 ലാണ് ഭൗമാന്തരീക്ഷത്തിന്റെ ഹരിതഗൃഹ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താനാരംഭിച്ചത്. ജോസഫ് ഫൊറിയര്‍ എന്ന ശാസ്ത്രജ്ഞന്‍ അന്തരീക്ഷത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഭൗമാന്തരീക്ഷം ഹരിതഗൃഹ സ്വഭാവം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അന്തരീഷ താപനിലയില്‍ 60 ഡിഗ്രി ഫാരന്‍ഹീറ്റു വരെ കുറവുണ്ടാകുമായിരുന്നെന്നും ഭൂമി വാസയോഗ്യമല്ലാതാകുമായിരുന്നെന്നും കണ്ടെത്തുകയുണ്ടായി .പിന്നീട് 1895 ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തേ അറേനിയസ് ഹരിതഗൃഹ പ്രഭാവത്തിന്റെ പ്രധാന കാരണം ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യമാണെന്നും മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് ഗണ്യമായി വര്‍ധിപ്പിക്കുന്നുണ്ടന്നും കണ്ടെത്തി. ഈ വാതകത്തിന്റെ ഉത്പാദനം നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീകരമാം വിധം വര്‍ധിക്കുമെന്നും ക്രമേണ അന്തരീക്ഷ താപനില ഉയര്‍ന്നു വന്ന് ഭൂമിയില്‍ ഗുരുതരമായ പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ക്രമേണ ഭൂമി വാസയോഗ്യമല്ലാതായിത്തീരുമെന്നും അറേനിയസ് ഒരു നൂറ്റാണ്ടു മുമ്പേ പ്രവചിക്കുകയുണ്ടായി.ജീവന്‍ കൊടുക്കുന്നതു പോലെ ജീവന്‍ നശിപ്പിക്കുന്നതിനും ഹരിതഗൃഹ സ്വഭാവത്തിന് കഴിയുമെന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചത്.
ആഗോളതാപനത്തിനു കാരണം അന്തരീക്ഷവാതകങ്ങളുടെ ഹരിതഗൃഹ സ്വഭാവമാണെന്നു പറഞ്ഞല്ലോ. എങ്ങനെയാണത് സംഭവിക്കുന്നതെന്നു നോക്കാം .ഭൗമോപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന ഇന്‍ഫ്രാ റെഡ് വികിരണങ്ങളാണ് താപവാഹകര്‍. ദ്രവ്യകണികകളുടെ ആറ്റോമിക- തന്‍മാത്ര ഘടനയെ ആശ്രയിച്ചാണ് വികിരണങ്ങള്‍ അതിലൂടെ കടന്നുപോകുന്നത്.ആറ്റങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ധനവൈദ്യുത ചാര്‍ജുള്ള അണുകേന്ദ്രവും അതിനു ചുറ്റുമുള്ള ഋണവൈദ്യുത ചാര്‍ജുള്ള ഇലക്‌ട്രോണുകളും കൊണ്ടാണ്. ഇലക്‌ട്രോണുകള്‍ വ്യത്യസ്ത ഊര്‍ജനിലയിലുള്ള ഷെല്ലുകളിലാണ് നിലനില്‍ക്കുന്നത്. വ്യത്യസ്ത ഊര്‍ജനിലയിലുള്ള ഷെല്ലുകള്‍ക്കിടയില്‍ ഊര്‍ജനിലയുടെ ഒരു വിടവ് നിലനില്‍ിക്കുന്നുണ്ട.് ഈ വിടവുകള്‍ താപവികിരണങ്ങളെ ആഗിരണം ചെയ്യുകയും അതുവഴി താഴ്ന്ന ഊര്‍ജനിലയിലുള്ള ഷെല്ലുകളിലെ ഇലക്‌ട്രോണുകള്‍ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള ഷെല്ലുകളിലേക്ക് ചാടുകയും ചെയ്യും.താപവികിരണങ്ങളെ ഇങ്ങനെ ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് ഓരോ വാതകങ്ങള്‍ക്കും വ്യത്യസ്തമായിരിക്കും. കാര്‍ബണ്‍ഡയോക്‌സൈഡും നീരാവിയും മീഥേയ്‌നും നൈട്രസ് ഓക്‌സൈഡും ക്‌ളോറോ ഫ്‌ളൂറോ കാര്‍ബണുമെല്ലാം താപവികിരണങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിയുന്ന വാതകങ്ങളാണ്. ആഗോള താപനമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയിലെത്തുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വാതകത്തേക്കാള്‍ താപവികിരണങ്ങളെ കെണിയില്‍പ്പെടുത്താനുള്ള മീഥേന്‍ വാതകത്തിന്റെ കഴിവ് 20 മടങ്ങ് അധികമാണ്. നൈട്രസ് ഓക്‌സൈഡിന് അത് 300 മടങ്ങും സി.എഫ്.സി.യ്ക്ക് 1000മടങ്ങും അധികമാണ്. എന്നാല്‍ ഇത്തരം വാതകങ്ങളുടെ സാന്നിധ്യം കാര്‍ബണ്‍ഡയോക്‌സൈഡിനെ അപേക്ഷിച്ച് വളരെ കുറവായതിനാല്‍ അന്തരീക്ഷ താപനിലയില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വരുത്തുന്ന വര്‍ധനവു തന്നെയാണ് ഗണനീയമായിട്ടുള്ളത്.

ഒരു വാദത്തിനുവേണ്ടി നീരാവിക്ക് കാര്‍ബണ്‍ഡയോക്‌സൈഡിനേക്കാള്‍ താപവാഹകശേഷിയുണ്ടെന്ന് സമ്മതിക്കാമെങ്കിലും കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ധിക്കുന്നതിനനുസരിച്ചാണ് നീരാവിയുടെ ഉദ്പാദനം കൂടുന്നതെന്നകാര്യം വിസ്മരിച്ചുകൂടാ. അതുമാത്രവുമല്ല നീരാവിയും കാര്‍ബണ്‍ഡയോക്‌സൈഡും ഒരുമിച്ചു ചേര്‍ന്ന് പ്രകടിപ്പിക്കുന്ന ഹരിതഗൃഹസ്വഭാവം അവ ഒറ്റയ്ക്കു പ്രകടിപ്പിക്കുന്നതിനേക്കാള്‍ പലമടങ്ങ് അധികവുമാണ്
1990 നു ശേഷമുള്ള ഓരോ വര്‍ഷവും ഏകദേശം 600 കോടി മെട്രിക് ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് വാതകം പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്.ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതുകൊണ്ടും,വ്യവസായശാലകളുടെയും വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും നീരാവിയുടെയും തോത് നിത്യേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.ജനപ്പരുപ്പവും വര്‍ധിച്ചുവരുന്ന കന്നുകാലിക്കൂട്ടങ്ങളും ഇത്തരത്തിലുള്ള വാതകങ്ങളുടെ ഉത്സര്‍ജനത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജന്തുക്കളുടെ ശ്വസന പ്രക്രിയയില്‍ പുറന്തള്ളുന്ന വാതകങ്ങളില്‍ പ്രധാനമായും കാര്‍ബണ്‍ഡയോക്‌സൈഡും നീരാവിയുമാണ് ഉള്ളത്. അതുകൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചീയുമ്പോഴും സസ്യാഹാരികളായ ജന്തുക്കളുടെ വിസര്‍ജ്യത്തില്‍ നിന്നും ഉയര്‍ന്ന അളവില്‍ മീഥേയ്ന്‍ വാതകവും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുണ്ട്.രാസവളങ്ങളിലുള്ള നൈട്രസ് ഓക്‌സൈഡും വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുമെല്ലാം അന്തരീക്ഷ താപനില ഉയര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.
കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തേത്തുടര്‍ന്നാണ് ഭൗമാന്തരീക്ഷം രൂപപെട്ടത്. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടേയും വര്‍ധനവിന് കാരണമാകുന്നുണ്ട്. എന്നാല്‍ മനഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ ഇടപെടല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനത്തില്‍ വഹിക്കുന്ന പങ്ക് പരിശോധിക്കപ്പടണം. കഴിഞ്ഞ ഒന്നരക്കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ധനവ് തുടര്‍ച്ചയായ ആരോഹണക്രമം തന്നെയാണ് പാലിക്കുന്നത്. ധ്രുവ മേഖലകളിലെ ഹിമപാളികളിലും സമുദ്രാന്തര്‍ഭാഗത്തെ അവസാദങ്ങൡും വൃക്ഷങ്ങളുടെ വാര്‍ഷികവലയങ്ങളിലും നടത്തിയ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അന്തരീക്ഷതാപനിലയില്‍ ഒരു പിന്നാക്കം പോക്ക് നടന്നിട്ടില്ലെന്നു തന്നെയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവുപോലെ ഭീമമാണ് കാട്ടുതീ ഉണ്ടാകുമ്പോഴും സംഭവിക്കുന്നത്. എന്നാല്‍ ഇവ തമ്മിലുള്ള അന്തരം രണ്ടാമത്തെ പ്രക്രിയ ഏറെക്കുറെ സ്വാഭാവികമാണെന്നതാണ്. പ്രകാശസംശ്‌ളേഷണ സമയത്ത് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡയോക്‌സൈഡ് സ്വീകരിക്കുക വഴി പ്രാണവായുവായ ഓക്‌സിജന്‍-കാര്‍ബണ്‍ഡയോക്‌സൈഡ് സന്തുലനം നിലനിര്‍ത്താന്‍ വൃക്ഷങ്ങള്‍ക്കു കഴിയും. എന്നാല്‍ ജനസംഖ്യാ വിസ്‌ഫോടനവും കാര്‍ഷിക-വ്യവസായരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ഈ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നിര്‍ണായക ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ ഈ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ മരങ്ങള്‍ക്കു കഴിയാതെ വരും.

ഒരു കയര്‍ വലിച്ചു നീട്ടുന്നതു പോലെ അവസാനത്തെ ചകിരി നാരും പൊട്ടിക്കഴിഞ്ഞാല്‍ പിന്നീടു നടത്തുന്ന വനവത്ക്കരണത്തിനും അന്തരീക്ഷത്തിലെ ഓക്‌സിജന്‍-കാര്‍ബണ്‍ സംതുലനം പുന:സ്ഥാപിക്കാന്‍ കഴിയില്ല. യാതൊരു നിയന്ത്രണവുമില്ലാതെ സന്താനോല്പാദനവും വിഭവചൂഷണവും നടത്തുകയും വാഹനങ്ങള്‍ വാങ്ങിക്കൂട്ടുകയും ബഹുനില മാളികകള്‍ പണിയുകയും ചെയ്തിട്ട് റോഡരുകിലും ടെറസിന്റെ മുകൡും കുറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ അത് വനവത്ക്കരണവും പ്രകൃതിസംരക്ഷണവുമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വപ്നത്തിലാണ് ജീവിക്കുന്നത്. ബുദ്ധിപൂര്‍വമായ ഇടപെടലുകളാണ് ഇവിടെ ആവശ്യം. അതിന് ഉയര്‍ന്ന സാമൂഹികബോധവും ഒരല്‍പ്പം ശാസത്രബോധവും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള മാന്ത്രികവടിയൊന്നും ആരുടെയും പക്കലില്ല. ഒറ്റപ്പെട്ട നീക്കങ്ങള്‍കൊണ്ട് അതു പരിഹരിക്കാനുമാകില്ല. ലോകരാഷ്ട്രങ്ങളുടെ ഒരുമിച്ചുള്ള പരിശ്രമമാണ് അതിനുവേണ്ടത്. വ്യക്തിപരമായ മുന്‍കരുതലുകളും അതോടൊപ്പം വേണം. വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ദരിദ്ര രാജ്യങ്ങളെ സാമ്പത്തികമായും സാങ്കേതികമായും പിന്‍തുണക്കണം. അത്തരം ചില നടപടികളും മുന്‍കരുതലുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതോടൊപ്പം സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഊര്‍ജ സംരക്ഷണത്തിന് അനുയോജ്യമായ രീതിയില്‍ പ്രയോഗവല്‍ക്കരിക്കുകയും വേണം. അതിനു അക്കാദമിക വിദ്യാഭ്യാസം മാത്രം മതിയാകില്ല. ഉയര്‍ന്ന സാമൂഹിക ബോധവും ശാസ്ത്രബോധവും ആവശ്യമാണ്. സമൂഹത്തിന്റെ പൊതുബോധവും ശാസ്ത്രബോധവും ഒന്നായിത്തീരണം.

പരിസ്ഥിതി സൗഹൃദപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

കെട്ടിടങ്ങള്‍ അവ എന്തിനുവേണ്ടി നിര്‍മിക്കുന്നുവോ ആ ആവശ്യം നിറവേറ്റുന്നതിനു മാത്രം വിസ്തീര്‍ണമുള്ളതായിരിക്കണമെന്ന നിബന്ധന അധികൃതര്‍ നിഷ്‌ക്കര്‍ഷിക്കണം. ഇതു മറികടക്കുന്നവര്‍ക്ക് നിര്‍മാണ അനുമതി നല്‍കരുത്. വലിയ ഷോപ്പിംഗ് മാളുകള്‍ക്കും, ഫഌറ്റുകള്‍ക്കും മാത്രമല്ല വീടുകള്‍ക്കും ഈ നിയമം ബാധകമാക്കണം. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ആവശ്യമുള്ള വീടിന്റെ സ്ഥലപരിധിക്ക് മാനദണ്ഡം നിശ്ചയിക്കുകയും അതില്‍ കൂടിയാല്‍ നിര്‍മാണ അനുമതി നിഷേധിക്കുകയും വേണം. പലരും വീടുനിര്‍മിക്കുന്നത് താമസിക്കാന്‍ വേണ്ടിയല്ല, മറിച്ചു ഒരു ആഡംബരമായാണ്. വനഭൂമിയിലും എന്തിന് പരിസ്ഥിതി ലോല പ്രദേശങ്ങളിലും വരെ ഇന്ന് മണിമാളികകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനുപുറമെയാണ് പുഴകളിലും സമുദ്രത്തിലും വരെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇത്തരം കോണ്‍ക്രീറ്റ് വനങ്ങളില്‍ നിന്നും പുറന്തള്ളുന്ന താപം വളരെ ഭീമമാണ്. ഇവയിലുപയോഗിക്കുന്ന ശീതീകരണികളും മറ്റു വൈദ്യുത ഉപകരണങ്ങളും പുറന്തള്ളുന്ന താപം ഇതിലും പുറമെയാണ്. പരിസ്ഥിതി സൗഹൃദപരമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കന്നത് പ്രോത്സാഹിപ്പിക്കണം. അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം. ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതും ആവശ്യമാണ്. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതും ഇന്റര്‍ലോക്ക് ഇഷ്ടിക പതിപ്പിക്കുന്നതും താപവികിരണങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതും നിയന്ത്രിക്കണം. അംബരചുംബികളായ കെട്ടിടങ്ങള്‍ രാഷ്ട്രത്തിന്റെ അഭിമാനമായി പലരും ഉയര്‍ത്തിക്കാണിക്കാറുണ്ടെങ്കിലും അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഒന്നിലധികം വീടുകളുള്ള വ്യക്തികള്‍ക്ക് കനത്ത നികുതി ചുമത്തുന്നതും പരിഗണിക്കണം.

ജനന നിയന്ത്രണം

വിഭവശേഷിയെന്നാല്‍ എണ്ണത്തിലല്ല, ഗുണത്തിലാണെന്ന തിരിച്ചറിവുണ്ടായെങ്കിലെ ജനപ്പെരുപ്പത്തിന് തടയിടാന്‍ കഴിയൂ. എന്നാല്‍ മതപരവും, ചിലപ്പോള്‍ രാഷ്ട്രീയ പരവുമായ കീഴ് വഴക്കങ്ങള്‍ ഇതിനു തടസ്സമായി വരുന്നു. ഭരണകൂടം ജനസംഖ്യാവര്‍ധനവിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും രണ്ടിലധികം തവണ സന്താനോല്‍പ്പാദനം നടത്തുന്ന ദമ്പതികളെ ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുകയോ സര്‍ക്കാറിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുകയോ ചെയ്‌തെങ്കിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയൂ. ജനങ്ങള്‍ക്ക് സ്വയം ബോധമുണ്ടായി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ദരിദ്രരാജ്യങ്ങളിലെ നിരക്ഷരരായ ജനങ്ങളുടെ ഇടിയിലാണ് ജനപ്പെരുപ്പം കൂടുതലുള്ളത്. എന്നതുകൊണ്ടുതന്നെ ബോധവല്‍ക്കരണമല്ല, നിയമനടപടികളാണ് അനിവാര്യം. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടലിലെ മണല്‍ത്തരിക ള്‍ പോലെയും സന്താനോല്‍പാദനം നടത്താന്‍ ആഹ്വാനം ചെയ്ത പ്രവാചകന്മാരുടെ കാലമല്ല ഇന്ന്, ആവശ്യത്തിന് ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്ത 300 കോടി വയറുകളുടെ കൂട്ടത്തിലേക്കാണ് ഓരോവര്‍ഷവും ദശലക്ഷക്കണക്കിന് തുറന്നുപിടിച്ച വായകള്‍കൂടി അവതരിക്കുന്നത്.

forest

ശാസ്ത്രീയമായ വനവല്‍ക്കരണം

വഴിയോരങ്ങളിലെ വനവല്‍ക്കരണത്തിനുപകരം തരിശുഭൂമികളിലും വനത്തോടു ചേര്‍ന്നികിടക്കുന്ന പ്രദേശങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്തണം. അത്തരം മാതൃകകള്‍ നമ്മുടെ കേരളത്തില്‍ തന്നെയുണ്ട്. മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ അപ്പോള്‍ തന്നെ മഴപെയ്യുമോന്നോ ചൂടുമാറി തണപ്പാകുമെന്നോ ഒന്നും പ്രതീക്ഷിക്കരുത്. തമിഴ്‌നാട്ടില്‍ മഴനിഴല്‍ പ്രദേശത്തു നടത്തിയ അശാസ്ത്രീയ വനവല്‍ക്കരണം മേഘസ്‌ഫോടനം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കെട്ടിട നിര്‍മാണത്തിനായി മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ പകരം മരം നടുകയോ അതിനു സ്ഥലമില്ലെങ്കില്‍ അതിനാവശ്യമായ തുക സര്‍ക്കാര്‍ നിശ്ചയിച്ച് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ കൈമാറുകയും ചെയ്യണം.

ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍

വാഹനങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന പുകയും അതിലടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡയോക്‌സൈഡും തന്നെയാണ് ആഗോളതാപനത്തിന്റെ പ്രധാന ‘ഫോഴ്‌സിംഗ് ഫാക്ടര്‍’. 60പേര്‍ യാത്ര ചെയ്യുന്ന ഒരു വലിയ വാഹനത്തിനു പകരമായി 2 പേര്‍ വീതം യാത്ര ചെയ്യുന്ന 30 ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ തോതും പലമടങ്ങ് അധികമായിരിക്കും. ഇതില്‍ വലുത് ചെറുത് എന്ന വ്യത്യാസമൊന്നുമില്ല.

ഓരോ സെക്കന്റിലും ലോകമെമ്പാടും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം അതിഭീമമാണ്. അതിനനുസരിച്ച് ഭൂവിസ്തൃതി വര്‍ധിക്കുന്നുമില്ല. അപ്പോള്‍ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി അവശേഷിക്കുന്ന വനഭൂമിയും ചതുപ്പു നിലങ്ങളും ഉപയോഗിക്കേണ്ടിവരും. വാഹനപെരുപ്പമെന്ന് ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഈ വിഷയം. അമേരിക്ക പോലെയുള്ള പല വികസിത രാഷ്ട്രങ്ങൡും ഒരു കുടുംബത്തിലുള്ള ശരാശരി വാഹനങ്ങളുടെ എണ്ണം മൂന്നിലധികമാണ്. മാത്രവുമല്ല വാഹനങ്ങളുടെ വിലയും ഇന്ധനക്ഷമതയും അവയുടെ പ്രവര്‍ത്തമികവിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് നിലവില്‍ ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിയാല്‍ കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളപ്പെടുമെന്നുള്ളത് വസ്തുതയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്കുപകരം മറ്റു സ്രോതസ്സുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിനുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മിക്ക വ്യാവസായിക-മുതലാളിത്ത രാഷ്ട്രങ്ങളും താല്‍പര്യം കാണിക്കുന്നില്ല. ഫോസില്‍ ഇന്ധനങ്ങള്‍ ഇത്തരം വികസിത രാഷ്ട്രങ്ങളില്‍ സുലഭമാണെന്നതുതന്നെ കാരണം. ഇന്ധനക്ഷമത കുറഞ്ഞ കാറുകളും മോട്ടോര്‍ സൈക്കിളുകളും നിര്‍മ്മിക്കുന്നതിലും ഒരു കൗതുകത്തിനുവേണ്ടി മാത്രം അത്തരം വാഹനങ്ങളുടെ പ്രദര്‍ശന ഓട്ട മത്സരങ്ങള്‍ നടത്തുന്നതിലും ഇത്തരം മുതലാളിത്ത രാഷ്ട്രങ്ങള്‍ മത്സരിക്കുകയാണ്.

ഇന്ധനദൗര്‍ലഭ്യവും നാള്‍ക്കുനാളുണ്ടാകുന്ന വിലവര്‍ധനവും പ്രതികൂലമായി ബാധിക്കുന്നത് ദരിദ്ര, മൂന്നാം ലോകരാഷ്ട്രങ്ങളെയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്കൊപ്പം വൈദ്യുതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജപ്പാന്‍ പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോഴും തികഞ്ഞ വിമുഖത തന്നെയാണ് തുടരുന്നത്. രാജ്യവ്യാപകമായി ‘സ്‌ക്കൂള്‍ ബസ് പോൡി’ എന്ന സങ്കല്‍പ്പം അമേരിക്കയിലെ ചില പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ചെങ്കിലും അതിന് അവിടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. വിദ്യാലയങ്ങള്‍ക്ക് മാത്രമല്ല, വ്യവസായ ശാലകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇതേ പോളിസി സ്വീകരിക്കാവുന്നതാണ്. 100 ജോലിക്കാരുള്ള ഒരു സ്ഥാപനത്തിലെ എല്ലാവരും ഓഫീസിലെത്താന്‍ 100 ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതുനു പകരം ഒരു വലിയ വാഹനം ഉപയോഗിച്ചാല്‍ കാര്‍ബഡയോക്‌സൈഡിന്റെ പുറന്തള്ളലും ഇന്ധനചെലവും ഗതാഗത കുരുക്കും താപവര്‍ധനവുമെല്ലാം നിയന്ത്രിക്കാന്‍ കഴിയും. വിദ്യാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും-അവ പൊതുമേഖലയിലാണെങ്കിലും സ്വകാര്യമേഖലയിലാണെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് ഇതൊരു മാനദണ്ഡമായി വെക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാല്‍വെപ്പുത്‌ന്നെയായിരിക്കും. ഏറ്റവുമധികം കാറുകളും മറ്റ് സ്വകാര്യവാഹനങ്ങളും ഉപയോഗിക്കുന്ന അമേരിക്കയിലും ഇന്ത്യയെപ്പോലെ ജനപ്പെരുപ്പമുള്ള രാജ്യങ്ങളിലും ഈ മാതൃക സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ ആഗോളതാപനത്തിനെതിരെ നടത്താന്‍ പോകുന്ന ശക്തമായ നീക്കമായിരിക്കും അത്. സൈക്കിള്‍ പോലെയുള്ള വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെയിരിക്കുക, 60 കി.മി. കുറഞ്ഞ ഇന്ധനക്ഷമതയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്കും 30 കി.മി. കുറഞ്ഞഇന്ധനക്ഷമതയുള്ള കാറുകള്‍ക്കും 5 കി.മി. കുറവ് ഇന്ധനക്ഷമതയുള്ള വലിയ വാഹനങ്ങള്‍ക്കും കനത്ത നികുതി ചുമത്തുക, കൃത്യമായി ട്യൂണ്‍ ചെയ്യാത്ത എഞ്ചിനുകളുള്ള വാഹനങ്ങളുടെ ‘ഫിറ്റ്‌നസ്സ്’ റദ്ദുചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.
ഊര്‍ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങള്‍

ഊര്‍ജക്ഷമതയുള്ള റെഫ്രിജറേറ്റുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ മാത്രമേ വില്‍ക്കപ്പെടുന്നുള്ളുവെന്ന് ഉറപ്പുവരുത്തണം. സാധാരണ ഇന്‍കാന്‍ഡസെന്റ് ബാള്‍ബുകള്‍ക്കുപകരം സി.എഫ്.എല്‍., എല്‍.ഇ.ഡി വിളക്കുകള്‍ ശീലമാക്കണം. ഒരു ഇന്‍കാന്‍ഡസെന്റ് ബള്‍ബ് അതിനു ലഭിക്കുന്ന വൈദ്യുതിയുടെ 70 ശതമാനം താപമായും 30 ശതമാനം മാത്രം വെളിച്ചമായുമാണ് പുറത്തുവിടുന്നത്. എല്‍.ഇ.ഡി. കളില്‍ താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വളരെ നിസാരമാണെന്ന് ഓര്‍മിക്കുക. കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ ഒരു ഉദാഹരണം പരിശോധിക്കാം. ഭരണകൂടത്തിന്റെ സമര്‍ഥമായ ഇടപെടലിന്റെ ഉത്തമ ഉദാഹരണമാണിത്. 1976 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ അവിടുത്തെ വൈദ്യുത ഉപഭോഗം ഒരു യൂനിറ്റുപോലും വര്‍ധിച്ചില്ല. ജനസംഖ്യ വര്‍ധിക്കാത്തതുകൊണ്ടോ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കാത്തതുകൊണ്ടോ അല്ല അവര്‍ ഈ നേട്ടം കൈവരിച്ചത്. ഉയര്‍ന്ന ക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന രീതി ശീലിച്ചതുകൊണ്ടുണ്ടായ നേട്ടമാണിത്. അമേരിക്കയിലെ മറ്റു പ്രദേശങ്ങളില്‍ വൈദ്യുതി ഉപഭോഗം 60 ശതമാനം വരെ വര്‍ധിച്ചകാലത്താണ് കാലിഫോര്‍ണിയക്കാര്‍ ഈ അനുകരണീയ മാതൃക മുന്നോട്ടുവെച്ചത്.

പരിസ്ഥിതി സൗഹൃദ പരമായ ഊര്‍ജം

ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമതയുള്ളതും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഉത്സര്‍ജിക്കുകയും ചെയ്യുന്ന ഇന്ധനം കല്‍ക്കരിയാണ്. 30 ശതമാനത്തില്‍ താഴെയാണ് കല്‍ക്കരിയുടെ ഇന്ധനക്ഷമത. കല്‍ക്കരി കത്തുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വാതകത്തിനു പുറമെ ആരോഗ്യത്തിനു ഹാനികരമായ മീഥേയ്ല്‍ മെര്‍ക്കുറിയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്. ഏഷ്യയിലും അമേരിക്കയിലുമുള്ള ആയിരത്തില്‍ പരം കല്‍ക്കരി നിലയങ്ങല്‍ ആഗോളതാപനം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ്. ഇനി ഒരു വൈദ്യുത നിലയം പോലും കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്നതായി നിര്‍മിക്കരുത്. നിലവിലുള്ളവ ഘട്ടംഘട്ടമായി അടച്ചുപൂട്ടുകയും വേണം. ജൈവ ഇന്ധനങ്ങള്‍ പരിഗണിച്ചാല്‍പോലും അവയുടെ നിര്‍മാണം വനനശീകരണത്തിന് കാരണമാകുന്നുണ്ട്. സൗരോര്‍ജം, കാറ്റ്, അണുശക്തി തുടങ്ങിയ മാര്‍ഗങ്ങള്‍ വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കണം. എന്നാല്‍ അണുശക്തിയെ യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മനോഭാവമാണ് മാറേണ്ടത്. ആണവ മാലിന്യ സംസ്‌ക്കരണവും അണുനിലയങ്ങളുടെ സുരക്ഷിതത്വും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ അണുശക്തിതന്നെയായിരിക്കും ഭാവിയിലെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപാധി.

സാങ്കേതിക വിദ്യയുടെ പ്രയോഗം

ഇന്ന് അപ്രായോഗികമെന്ന് തോന്നാമെങ്കിലും ഭാവിയില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങളും പരിശോധിക്കാം. യഥാര്‍ത്ഥ സസ്യങ്ങള്‍ വളര്‍ത്താന്‍ കഴിയാത്ത സ്ഥലങ്ങളിലും സാഹചര്യത്തിലും കൃത്രിമസസ്യങ്ങള്‍ വളര്‍ത്താന്‍ കഴിയും. കൃത്രിമസസ്യങ്ങള്‍ ചുറ്റുപാടുമുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ ഒരു വാക്വം ക്‌ളീനറെന്നപോലെ ആഗിരണം ചെയ്യും. ടാങ്കുകളില്‍ ശേഖരിച്ച വാതകത്തെ ഉന്നത മര്‍ദ്ദത്തില്‍ ദ്രാവകാവസ്ഥയിലെത്തിക്കുകയും പിന്നീട് ഭൂമിക്കടിയിലേക്ക് പമ്പു ചെയ്യുകയും അങ്ങനെ ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴി സൃഷ്ടിക്കപ്പെട്ട ഈ വാതകത്തെ അതിന്റെ ഗര്‍ഭഗൃഹത്തില്‍ തന്നെ തിരിച്ചെത്തിക്കുന്നതിനും കഴിയും. മറ്റൊരു സാധ്യത ദ്രാവകാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡ് സമുദ്രാടിത്തട്ടിലേക്ക് പമ്പു ചെയ്യുകയാണ്. സമുദ്രജലത്തിലെ ഫൈറ്റോപ്‌ളാങ്ടണുകള്‍ അവയുടെ വളര്‍ച്ചക്കായി കാര്‍ബണ്‍ഡയോക്‌സൈഡ് ഉപയോഗിക്കും. എന്നാല്‍ ഫൈറ്റോപ്‌ളാങ്ടണുകള്‍മൃതിയടയുന്നതോടെ മോചിക്കപ്പെടുന്ന കാര്‍ബഡയോക്‌സൈഡ് സമുദ്രജലത്തിന്റെ രാസഘടനയില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.സൂര്യതാപം ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുകയാണ് മറ്റൊരു പോംവഴി ‘ക്‌ളൗഡ് സീഡിംഗ്’ എന്നുവിളിക്കുന്ന ഈ രീതിയില്‍ സമുദ്രജലം അന്തരീക്ഷത്തിലേക്ക് പമ്പു ചെയ്യുന്നു. അന്തരീക്ഷത്തില്‍ വച്ച് സമുദ്രജലം ബാഷ്പീകരിക്കുമ്പോള്‍ അവശേഷിക്കുന്ന ലവണങ്ങള്‍ മേഘങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ സാന്ദ്രീകരിച്ച് മഴ പെയ്യിക്കുകയും ചെയ്യും. മേഘങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ഭൂമിയില്‍ പതിക്കുന്നത് തടയുകയും ചെയ്യും. എന്നാല്‍ ധവള മേഘങ്ങള്‍ സൗരവികിരണങ്ങളെ പ്രതിഫലിപ്പിക്കുന്നതുപോലെ ജലബാഷ്പവും കാര്‍ബഡയോക്‌സൈഡും അടങ്ങിയ മേഘങ്ങള്‍ക്ക് പ്രതിഫലനശേഷിയുണ്ടോ എന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെടാത്തതും കാലാവസ്ഥാ നിര്‍ണയത്തില്‍ മേഘങ്ങളുടെ പങ്കിനേക്കുറിച്ചുള്ള അനിശ്ചിതത്വവും ഇത്തരമൊരു പരീക്ഷണത്തെ ചോദ്യം ചെയ്‌തേക്കാം.
അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കാന്‍ പ്രകൃതിതന്നെ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്. 1991ല്‍ ഫിലിപ്പൈന്‍സിലെ മൗണ്ട് പിനാട്യുമ്പോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചത് 20 മില്യണ്‍ ടണ്‍ സള്‍ഫര്‍ഡയോക്‌സൈഡ് വാതകമാണ്. ഈ വാതകത്തിന്റെ സാന്നിധ്യം ഏകദേശം രണ്ടുവര്‍ഷത്തോളം ആഗോളതാപനിലയില്‍ 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുണ്ടാക്കി. അന്തരീക്ഷത്തിലേക്ക് ഗന്ധകബാഷ്പം പമ്പുചെയ്യുന്നതിലൂടെ താപനില കുറക്കാന്‍ കഴിയുമെന്ന പ്രകൃതിപാഠം അനുകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഗന്ധക ബാഷ്പം അന്തരീക്ഷ വാതകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് സള്‍ഫ്യൂരിക്ക് അമ്‌ളം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് അമ്‌ളമഴയ്ക്കും സമുദ്രങ്ങളിലെ ജലത്തിന്റെ അമ്‌ളത വര്‍ധിപ്പിക്കുന്നതിനും കാരണമായേക്കാം. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യം ഭക്ഷണമാക്കുന്ന മറ്റു ജീവികളെയും ഭക്ഷ്യശൃംഖലയെത്തന്നെയും ദോഷകരമായി ബാധിക്കുമെന്ന ഒരു അപകടസാധ്യതതയും ഈ പരീക്ഷണത്തിനുണ്ട്.
അന്തരീക്ഷമലിനീകരണവും മറ്റു പാരിസ്ഥിതിക പ്രത്യാഘാതങ്ങളും പാര്‍ശ്വഫലമായി ഉണ്ടാകാത്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് കൂടുതല്‍ അഭികാമ്യം. ഇതിന് കുറേക്കൂടി ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമാണ്.

സൗരപ്രതിഫലകങ്ങളെക്കുറിച്ചാണ് പറയുന്നത്. സൂര്യന്റെയും ഭൂമിയുടേയും ഗുരുത്വബലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന ലെഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്ന പ്രതിഫലകങ്ങള്‍ ഭൗമാന്തരീക്ഷത്തിന്റെ താപനില ഗണ്യമായി കുറക്കും. എന്നാല്‍ ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുതന്നെയാണ് ഈ പദ്ധതി നേരിടുന്ന പ്രധാന പ്രശനം. ഇപ്പോഴത്തെ അവസ്ഥയില്‍ 80 ട്രില്യണ്‍ ഡോളര്‍ ആവശ്യമുള്ള ഈ പദ്ധതി ആഗോള വാര്‍ഷിക വരുമാനത്തിന് തുല്യമാണ്. ഏകദേശം ഗ്രീന്‍ലാന്‍ഡിന്റെ വിസ്തൃതിയുള്ള പ്രതിഫലകങ്ങളാണ് ബഹിരാകാശത്ത് എത്തിക്കേണ്ടത്. നിലവിലുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് ഇതൊരു ദീര്‍ഘകാല പദ്ധതിയായിരിക്കും. എന്നാല്‍ ഭാവിയിലെ ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല.

വ്യക്തിപരമായ നടപടികള്‍
തണുപ്പുകൂടുതലുള്ള പ്രദേശങ്ങളില്‍ വായുസഞ്ചാരം കുറഞ്ഞതും ഉഷ്ണപ്രദേശങ്ങളില്‍ കൂടുതല്‍ വായുസഞ്ചാരമുള്ളതുമായ വീടുകള്‍ നിര്‍മിച്ചാല്‍ വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറക്കാന്‍ കഴിയും. ഹീറ്ററുകളും എയര്‍കൂളറുകളുമാണ് വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നത്. പഴയ വാഹനങ്ങളും ഫ്രിഡ്ജുകളും നന്നാക്കി ഉപയോഗിക്കുന്ന ശീലം നിര്‍ത്തി പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുവ വാങ്ങുക. താല്‍ക്കാലിക ധനലാഭമെന്നല്ലാതെ പഴയവകൊണ്ട് മറ്റൊരു ലാഭവുമുണ്ടാകില്ലെന്നു മാത്രമല്ല ഇന്ധന നഷ്ടവും, അന്തരീക്ഷ മലിനീകരണവും ബോണസായി ലഭിക്കുകയും ചെയ്യും. മാംസാഹാരം വിശേഷിച്ചും മാട്ടിറിച്ചിയുടെ ഉപയോഗം കുറയ്ക്കണമെന്നും പറയുമ്പോള്‍ അതില്‍ രാഷ്ട്രീയ അജണ്ടയൊന്നുമില്ല. മാട്ടിറച്ചി പോലെയുള്ള ‘റെഡ്മീറ്റു’ കള്‍ ഭക്ഷണമായി ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ നിന്നു പുറന്തള്ളുന്ന താപത്തിന്റെ അളവ് സസ്യാഹാരികളെ അപേക്ഷിച്ച് 18 മടങ്ങ് അധികമാണ്. അതിരുകവിയുന്ന ഉപഭോഗാസക്തിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, വസ്ത്രങ്ങളും ഗാര്‍ഹികോപകരണങ്ങളും വാഹനങ്ങളും എന്നുവേണ്ട ഏതു ഉല്‍പ്പനമാണെങ്കിലും അവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ തോത് പലതുള്ളി പെരുവെള്ളം പോലെ ഭീമമാണ്. പരിസ്ഥിതി സൗഹൃദപരമെന്ന പേരില്‍ പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും നശിപ്പിക്കപ്പെടുന്നത് മരങ്ങള്‍ തന്നെയാണ്. തടികൊണ്ടുനിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ പുതിയവ വാങ്ങിക്കൂട്ടാതെ പഴയതുതന്നെ ഉപയോഗി്ക്കാന്‍ ശീലിക്കണം. ഉപയോഗിച്ചു വലിച്ചെറിയുന്ന ‘ഡിസ്‌പോസിബിള്‍’ സംസ്‌ക്കാരമാണ് ഇത്രയധികം പ്രകൃതിചൂഷണത്തിന് കാരണമായിരിക്കുന്നത്. പ്ലാസ്റ്റിക് പടിക്ക് പുറത്ത്, പ്ലാസ്റ്റിക് വിരുദ്ധമേഖല എന്നെല്ലാം പറഞ്ഞുകൊണ്ട് പേപ്പര്‍, തടി ഉല്‍പ്പന്നങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുമ്പോഴും നാം കടന്നുകയറുന്നത് പ്രകൃതിയിലേക്കുതന്നെയാണ്. നശിപ്പിക്കുന്നത് ഈ പരിസ്ഥിതിയുടെ സംതുലനത്തെയാണ് എന്നകാര്യം മറക്കരുത്.

കഴിഞ്ഞ ഒരു ദശകത്തില്‍ ഭൗമോപരിതലത്തോടു ചേര്‍ന്നുള്ള അന്തരീക്ഷപാളിയായ ട്രോപ്പോസ്ഫിയറിലെ താപനില 0.74 മുതല്‍ 1.3 ഡിഗ്രി ഫാരന്‍ഹീറ്റുവരെ വര്‍ധിച്ചിട്ടുണ്ട്. ഐ.പി.സി.സി (കിലേൃഴീ്‌ലൃിാലിമേഹ ജമിലഹ ീി ഇഹശാമലേ ഇവമിഴല)യുടെ നിഗമന പ്രകാരം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംമുതല്‍ ഉണ്ടായ ആഗോള താപവര്‍ധനവിന്റെ പ്രധാന കാരണം മനുഷ്യനിര്‍മിതമായ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ വര്‍ധനയാണ്. ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷ പാളികളിലെ താപനില ഉയര്‍ത്തുന്നു. സൗരചക്രങ്ങള്‍, അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ തുടങ്ങിയ സ്വാഭാവിക പ്രതിഭാസങ്ങള്‍ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിന് മുമ്പു മുതല്‍ 1950 വരെ ആഗോളതാപനത്തില്‍ ഒരു ചെറിയ പങ്കുണ്ടെങ്കിലും 1950 മുതല്‍ ഇവക്ക് തണുപ്പിക്കല്‍ സ്വാധീനമാണ് അന്തരീക്ഷത്തിലുള്ളത്. ഈ നിഗമനങ്ങള്‍ പ്രധാന വ്യാവാസായിക രാജ്യങ്ങളിലെ 30 ശാസ്ത്രജ്ഞരും അക്കാദമികളും അംഗീകരിച്ചെങ്കിലും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്‌സ് മാത്രം എതിര്‍ത്തു. ചുരുക്കം ചിലരെങ്കിലും ആഗോളതാപനം ഒരു അസംബന്ധ നാടകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ 1750 മുതല്‍ അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കുന്നുണ്ട്. പോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വര്‍ധനവിന് കാരണമാകുന്നതെങ്കില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് മീഥേയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വര്‍ധനവിന്റെ പ്രധാന കാരണം. കൃഷിയിടങ്ങളില്‍ നിന്നും കന്നുകാലികളുടെ വിസര്‍ജ്യത്തില്‍ നിന്നും മീഥേയ്ന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.

ആഗോളതാപവര്‍ധനവിന്റെ ഫലമായി ഉയര്‍ന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുകാരണം സമുദ്രജലം മൂന്നു കിലോമീറ്റര്‍ വരെ ആഴത്തില്‍ ചൂടുപിടിക്കുന്നു.ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്‍ധിക്കുന്ന ജലം സമുദ്രനിരപ്പ് ഉയരുന്നതിനും ധ്രുവങ്ങളിലെ മഞ്ഞുരുക്കത്തിനും കാരണമാകുന്നു. 1961 മുതല്‍ 2003 വരെയുള്ള കണക്കനുസരിച്ച് ഓരോവര്‍ഷവും സമുദ്രജലനിരപ്പ് 1.8 മില്ലിമീറ്റര്‍ വീതം ഉയരുന്നുണ്ട്. 1993 മുതല്‍ 2003 വരെ ഇത് വളരെയധികമാണ്. കാറ്റ്, മഴ, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം വ്യാപകമായി കാണപ്പെടുന്നു. കൂടാതെ ഹീറ്റ് വേവ്‌സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കല്‍ ചക്രവാതങ്ങളുടെ വര്‍ധിച്ച തീവ്രത, കനത്തമഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥ വ്യതിയാനങ്ങളും കാണപ്പെടുന്നു. അതുകൂടാതെ ആഫ്രിക്കയിലെ 25 കോടി ജനങ്ങള്‍ 2020 ഓടെ വെള്ളമില്ലാതെ വലയും. മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും കാര്‍ഷിക ഉല്‍പ്പാദനം 30 ശതമാനം വരെ കുറയും. ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമിയുടെ 50 ശതമാനവും വരണ്ടുണങ്ങും. 30 ശതമാനത്തോളം മൃഗങ്ങളും സസ്യങ്ങളും വംശനാശം നേരിടും. ഉത്ഭവസ്ഥാനത്തുള്ള ഹിമാനികള്‍ ഉരുകിത്തീരുന്നതിനാല്‍ ഗംഗയടക്കമുള്ള ഹിമാലയന്‍ നദികളുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടും.

ആഗോളതാപനത്തിനു കാരണമാകുന്ന എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചാല്‍ കൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ച്ച അടുത്ത രണ്ടു ദശകങ്ങളില്‍ ആഗോള താപനിലയലിണ്ടാകുമെന്നാണ് ഈ മേഖലയിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് എടുക്കുന്ന മുന്‍കരുതലുകള്‍ നാളെ വലിയ മാറ്റമായിരിക്കും ഉണ്ടാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം 450550 ുുാ(ുമൃെേ ുലൃ ാശഹഹശീി) എന്ന തോതില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആസന്മായ ദുരന്തത്തില്‍ നിന്ന് ഒരളവുവരെയെങ്കിലും മാറിനില്‍ക്കാന്‍ കഴിയും. ഇപ്പോള്‍ ഹരിത ഗൃഹ വാതകങ്ങലുടെ സാന്ദ്രീകരണം 380 ുുാ എന്ന തോതിലാണുള്ളത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 50 മുതല്‍ 80 ശതമാനം വരെ കുറച്ചുകൊണ്ടുവന്നെങ്കില്‍ മാത്രമേ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹരിതഗൃഹ വാതകങ്ങലളുടെ സാന്ദ്രീകരണം മേല്‍പറഞ്ഞ നിര്‍ണായക മൂല്യത്തില്‍ പിടിച്ചുനിര്‍ത്താനാകൂ.
മതവും, കക്ഷിരാഷ്ട്രീയവും വളര്‍ത്തുന്നതിനുവേണ്ടി തദ്ദേശീയവും വിദേശീയവുമായ സംഘടനകള്‍ ചെലവാക്കുന്ന തുകയുടെ ചെറിയൊരു പങ്ക് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതു ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും. മതവും രാഷ്ട്രീയവുമൊന്നുമില്ലെങ്കിലും മനുഷ്യന് ജീവിക്കാന്‍ കഴിയും. ഭൂമിയിലെ മറ്റേതൊരു ജീവിയേയും പോലെ. എന്നാല്‍ പ്രകൃതിയില്ലെങ്കില്‍, ആരോഗ്യകരമായ പരിസ്ഥിതിയില്ലെങ്കില്‍ ഒരു ദുരന്ത പര്യവസാനമായിരിക്കും മനുഷ്യെന മാത്രമല്ല ഭൂമിയിലെ സര്‍വ ജീവജാലങ്ങളെയും കാത്തിരിക്കുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*