ഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെ ; ഇനിയെന്ത്?

സാബു ജോസ്
sabuഭൗമേതര ജീവന്‍ കയ്യെത്തും ദൂരത്തുതന്നെയുണ്ടെന്നുളളതിന്റെ സൂചനയുമായി ശാസ്ത്രലോകത്തു നിന്നുളള അമ്പരിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍. ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയുളള ട്രാപ്പിസ്റ്റ്-1 എന്ന കുളളന്‍ നക്ഷത്രത്തിനു ചുറ്റും ഏഴ് ഭൗമ സമാന ഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ട്രാപ്പിസ്റ്റ്-1ഇ മുതല്‍ ട്രാപ്പിസ്റ്റ്-1എച്ച് വരെയാണ് തല്‍ക്കാലം ഈ ഗ്രഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹങ്ങളിലെ ഉപരിതല താപനില പരിശോധിച്ച ശാസ്ത്രജ്ഞര്‍ക്ക് ഇവയിലെല്ലാം ജലസാന്നിധ്യമുണ്ടാകുമെന്ന് ബോധ്യമായിട്ടുണ്ട്. ഭൂമിക്ക് വെളിയില്‍ ജീവന്‍ ഉദ്ഭവിക്കാനും വികസിക്കാനും ഇത്രയേറെ അനുകൂല സാഹചര്യങ്ങളുളള അന്യഗ്രഹങ്ങളെ ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ കണ്ടുപിടുത്തത്തിന് ശാസ്ത്രലോകം നല്‍കുന്ന പ്രാധാന്യം. ഈ ഗ്രഹങ്ങളില്‍ ട്രാപ്പിസ്റ്റ്-1ഇ, ട്രാപ്പിസ്റ്റ്-1എഫ്, ട്രാപ്പിസ്റ്റ്-1ജി എന്നീ മൂന്ന് ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്നും സംശയിക്കുന്നു. നാസയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നേച്ചര്‍ സയന്‍സ് ജേര്‍ണലില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ജീവന് ഏറ്റവും അനുകൂല സാഹചര്യമുളളത് ട്രാപ്പിസ്റ്റ്-1എഫില്‍ ആണ്.
ഊര്‍ജ്ജവും പ്രകാശവും നന്നേ കുറഞ്ഞ ഒരു കുളളന്‍ നക്ഷത്രമാണ് ട്രാപ്പിസ്റ്റ്-1. മാത്യനക്ഷത്രത്തിനോട് വളരെ അടുത്താണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഏഴ് ഗ്രഹങ്ങളുടേയും ഭ്രമണപഥം. വളരെ അടുത്ത് എന്ന് പറഞ്ഞാല്‍ സൂര്യനും ബുധനും ഇടയിലുളള ദൂരത്തിന്റെ അഞ്ചിലൊന്നുമാത്രം. മാതൃനക്ഷത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് ഈ ഉപഗ്രഹങ്ങളെ കുറിച്ചുളള പഠനം താരതമ്യേന എളുപ്പമാണ്. സൂര്യനില്‍ നിന്ന് ഭൂമിക്കു ലഭിക്കുന്ന പ്രകാശത്തിന്റെ 200 ല്‍ ഒന്ന് മാത്രം പ്രകാശമേ ഈ ഗ്രഹങ്ങള്‍ക്ക് മാതൃനക്ഷത്തില്‍ നിന്ന് ലഭിക്കുന്നുളളൂ. എന്നാല്‍ നക്ഷത്രത്തോട് അടുത്ത് നില്‍ക്കുന്നത് കൊണ്ട് ഗ്രഹാന്തരീഷം ഭൗമസമാനമായ താപനിലയില്‍ നിലനില്‍ക്കുന്നതിനുളള ഊര്‍ജ്ജം ലഭിക്കുന്നുണ്ട് താനും. ഈ ഗ്രഹങ്ങളിലൊന്നില്‍ നിന്ന് നോക്കിയാല്‍ മറ്റ് ആറ് ഗ്രഹങ്ങളും ചന്ദ്രന്റെ വലിപ്പത്തിലോ അതിന്റെ ഇരട്ടി വലിപ്പത്തിലോ ആകാശത്ത് കാണാന്‍ കഴിയും. ട്രാപ്പിസ്റ്റ്-1എഫ് എന്ന ഗ്രഹത്തില്‍ നിന്ന് നോക്കിയാല്‍ മാതൃനക്ഷത്രത്തെ സൂര്യന്റെ മൂന്ന് മടങ്ങ് വലിപ്പത്തില്‍ കാണുവാന്‍ കഴിയും. ഈ ഗ്രഹങ്ങളെല്ലാം ഒരേ സമയത്ത് രൂപീകരിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്. ഭൂമിയും ചന്ദ്രനുമെന്നത് പോലെ ഈ ഗ്രഹങ്ങളെല്ലാം മാതൃനക്ഷത്രവുമായി ‘ടൈഡലി ലോക്ക്ഡ്’ ആണ്. അതായത് ഗ്രഹങ്ങളുടെ ഒരു വശം മാത്രം എപ്പോഴും മാതൃനക്ഷത്രത്തിന് അഭിമുഖമായിരിക്കും. അതുകൊണ്ട് ഗ്രഹങ്ങളുടെ ഒരു പകുതിയില്‍ എപ്പോഴും പകലും മറ്റേ പകുതിയില്‍ എപ്പോഴും രാത്രിയുമായിരിക്കും.

trappist

ഇനി ഈ ഗ്രഹകുടുംബത്തെ ഒന്ന് അടുത്ത് പരിചയപ്പെടാം.
ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയുളള ഒരു കുളളന്‍ നക്ഷത്രമാണ് ട്രാപ്പിസ്റ്റ്-1. നമ്മുടെ മാതൃഗാലക്‌സി ആയ ക്ഷീരപഥത്തില്‍ ഇത്തരം നിരവധി കുളളന്‍ നക്ഷത്രങ്ങളുണ്ട്. ട്രാപ്പിസ്റ്റ് ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയത് കൊണ്ടാണ് ഈ നക്ഷത്രത്തിന് ട്രാപ്പിസ്റ്റ്-1 എന്ന് പേരിട്ടിരിക്കുന്നത്. സൂര്യന്റെ താപനിലയുടെ പകുതി മാത്രമാണ് ഈ നക്ഷത്രത്തിനുളളത്. സൗരപിണ്ഡത്തിന്റെ പത്തിലൊന്നാണ് ഈ മങ്ങിയ, ചുമന്ന കുളളന്‍ നക്ഷത്രത്തിന്റെ പിണ്ഡം. നമ്മുടെ വ്യാഴത്തേക്കാള്‍ അല്‍പ്പം കൂടെ വലുത്. 2016 ജൂലൈ മാസത്തില്‍ ട്രാപ്പിസ്റ്റ് ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഈ നക്ഷത്രത്തേയും 2 ഗ്രഹങ്ങളേയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനിയുമായി ചേര്‍ന്നു നടത്തിയ സംയുക്ത നിരീക്ഷണമാണ് ഏഴ് ഗ്രഹങ്ങളുടെ അത്ഭുതലോകം കാട്ടിത്തന്നത്. ഇനി ഗ്രഹങ്ങളെ കൂടി അടുത്തറിയാം.
ഏറ്റവും അടുത്തുളള ഗ്രഹമായ ട്രാപ്പിസ്റ്റ്-1ബി ക്ക് മാതൃനക്ഷത്രത്തില്‍ നിന്നുളള അകലം 0.011 ആസ്‌ട്രോണമിക്കല്‍ യൂണിറ്റാണ്. ഭൂമിക്കും സൂര്യനും ഇടയിലുളള ശരാശരി ദൂരമാണ് ഒരു ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്. ഏകദേശം 15 കോടി കിലോമീറ്ററാണ് ഒരു ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്. ട്രാപ്പിസ്റ്റ്-1ബി യുടെ പരിക്രമണകാലം 1.51 ഭൗമദിനങ്ങളാണ്. അതായത് 1.51 ദിവസങ്ങള്‍ കൊണ്ട് ഗ്രഹം ഒരു തവണ മാതൃനക്ഷത്രത്തെ പ്രദക്ഷിണം ചെയ്യും. ഭൂമിയുടെ കാര്യത്തിലാണെങ്കില്‍ ഇത് 365 ദിവസങ്ങളാണ്. ഗ്രഹത്തിന്റെ വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.09 മടങ്ങാണ്. ഏറെക്കുറേ ഭൂമിയുടെ തന്നെ വലിപ്പം എന്ന് പറയാം. പിണ്ഡമാകട്ടെ ഭൂമിയുടെ പിണ്ഡത്തിന്റെ 0.85 മടങ്ങും. അതും ഭൂമിയുമായി വളരെ സാമ്യമുണ്ട്. ട്രാപ്പിസ്റ്റ്-1സി യുടെ പ്രദക്ഷിണകാലം 2.42 ഭൗമദിനങ്ങളാണ്. മാതൃനക്ഷത്രത്തില്‍ നിന്നുളള അകലം 0.015 ആസ്‌ട്രോണമിക്കല്‍ യൂണിറ്റാണ്. ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.06 മടങ്ങാണ് ഈ ഗ്രഹത്തിന്റെ വ്യാസാര്‍ധം. ഭൗമപിണ്ഡത്തിന്റെ 1.38 മടങ്ങ് പിണ്ഡവുമുണ്ട് ഈ ഗ്രഹത്തിന്. ട്രാപ്പിസ്റ്റ്-1ഡി യുടെ പ്രദക്ഷികാലം 4.05 ഭൗമദിനങ്ങളാണ്. നക്ഷത്രത്തില്‍ നിന്നുളള അകലം 0.021 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.77 മടങ്ങും, പിണ്ഡം ഭൗമപിണ്ഡത്തിന്റെ 0.41 മടങ്ങുമാണ്. ട്രാപ്പിസ്റ്റ്-1ഇ യുടെ പരിക്രമണകാലം 6.10 ഭൗമദിനങ്ങളും നക്ഷത്രത്തിലേക്കുളള ദൂരം 0.028 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.92 മടങ്ങും, പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 0.62 മടങ്ങുമാണ്. ഏറെക്കുറെ ഭൂമിതന്നെ എന്നു പറയാന്‍ കഴിയുന്ന ട്രാപ്പിസ്റ്റ്-1എഫി ന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 0.68 മടങ്ങും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.04 മടങ്ങുമാണ്. മാതൃനക്ഷത്രത്തിലേക്കുളള ദൂരം 0.037 ആസ്‌ട്രോണമിക്കല്‍ യൂണിറ്റാണ്. 9.21 ഭൗമദിനങ്ങള്‍ കൊണ്ട് ഈ ഗ്രഹം മാതൃനക്ഷത്രത്തെ ഒരു തവണ പ്രദക്ഷിണം ചെയ്യും. ആറാമത്തെ ഭൗമസമാന ഗ്രഹമായ ട്രാപ്പിസ്റ്റ്-1ജി യുടെ പ്രദക്ഷിണകാലം 12.35 ഭൗമദിനങ്ങളാണ്. നക്ഷത്രത്തിലേക്കുളള ദൂരം 0.045 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.13 മടങ്ങുമാണ്. ഗ്രഹത്തിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 1.34 മടങ്ങാണ്. ട്രാപ്പിസ്റ്റ്-1എച്ച് എന്ന ഏഴാമത്തെ ഗ്രഹത്തിന്റെ പ്രദക്ഷിണകാലം 20 ഭൗമദിനങ്ങളാണ്. മാതൃനക്ഷത്രത്തില്‍ നിന്നുളള അകലം ഏകദേശം 0.06 ആസ്‌ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.76 മടങ്ങുമാണ്. ഗ്രഹത്തിന്റെ പിണ്ഡം കൃത്യമായി കണക്കുക്കൂട്ടാന്‍ കഴിഞ്ഞിട്ടില്ല. ഈ ഗ്രഹങ്ങള്‍ക്കെല്ലാം അന്തരീക്ഷമുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ ഘടന പരിശോധിച്ചാല്‍ ജീവന്റെ സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ കഴിയും.

ഇനിയെന്ത്?
ഒരു ദശാബ്ദത്തിനുളളില്‍ ഈ ഗ്രഹങ്ങളുടെയെല്ലാം അന്തരീക്ഷഘടന അപഗ്രഥിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴുകുന്ന ജലമുണ്ടോ, ജീവനുണ്ടോ എന്നെല്ലാം അതിലൂടെ മനസ്സിലാക്കാന്‍ കഴിയും. 40 പ്രകാശവര്‍ഷം എന്ന ദൂരം ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചെടുത്തോളം അത്രവലിയ ദൂരമല്ല. 2018 ല്‍ നാസ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെ ബഹിരാകാശത്താണ് സ്ഥാപിക്കുന്നത്. ഇത്തരം ഭൗമസമാന ഗ്രഹങ്ങളെക്കുറിച്ചുളള കൃത്യമായ വിവരങ്ങള്‍, ഒരു പക്ഷെ ഏറെ അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ഈ ദൂരദര്‍ശനിക്ക് കഴിയും. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഭൗമസമാന ഗ്രഹങ്ങളിലേക്ക് ഒരു ബഹിരാകാശ പേടകത്തെ അയക്കാന്‍ കഴിയുമെന്ന് കരുതേണ്ട. നിലവിലുളള സാങ്കേതിക വിദ്യയില്‍ ഇത്തരമൊരു യാത്രയ്ക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. ബഹിരാകാശ ദൂരദര്‍ശനികള്‍ക്കൊപ്പം ഭൂതല ദര്‍ശനികള്‍ ഉപയോഗിച്ചും അന്യഗ്രഹവേട്ട നടത്തുന്നതിനുളള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിലിയിലുളള നാല് ദൂരദര്‍ശനികള്‍ ഒരുമിച്ച് ചേര്‍ത്തുകൊണ്ടുളള സ്‌പെക്കുലൂസ് ഇത്തരമൊരു സംരഭമാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*