ഉപഗ്രഹങ്ങളുടെ ഉപയോഗങ്ങള്‍ എന്തെല്ലാം

വെബ് ഡെസ്‌ക്‌

നൂറ്റി നാല് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തില്‍ ഉപഗ്രഹങ്ങളുടെ മാര്‍ക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ എന്നുപറയാം. ഇന്ത്യ ഈ രംഗത്ത് എത്തുന്നതിനു മുന്‍പ് ഒന്നാം കിട രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു, ഉപഗ്രഹവിക്ഷേപണം. അവിടുത്തെ ശാസ്ത്രജ്ഞന്മാരുടെ ഉയര്‍ന്ന ശമ്പളവും ഉപഗ്രഹവിക്ഷേപണത്തിനും മറ്റുമുള്ള വലിയ ചെലവും കാരണം ഈ രംഗത്തെ സേവനവും വളരെ ചിലവുള്ളതായിരുന്നു.

ഇരുപത് വര്‍ഷം മുന്‍പ് ഒരു ഉപഗ്രഹ ചിത്രം വാങ്ങുന്നതിന് ഇരുപതിനായിരം ഡോളറോളം ചിലവു വരുമായിരുന്നു
. ഇപ്പോള്‍ അതേ ഭൂവിഭാഗത്തിന്റെ അതിലും കൂടുതല്‍ വിവരങ്ങളടങ്ങിയ, മിഴിവുമുള്ള ചിത്രങ്ങള്‍ക്ക് നൂറു ഡോളറില്‍ താഴെയേ വിലയുള്ളൂ. ഇതിന്റെ ഒരു പ്രധാന കാരണം ഇന്ത്യ ഈ രംഗത്ത് എത്തിയതാണ്.അതോടെ വികസിതരാജ്യങ്ങള്‍ക്ക് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്റെയോ ചിത്രങ്ങളുടെയോ മാര്‍ക്കറ്റ് നിയന്ത്രിക്കാന്‍ പറ്റാതായി. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാര്‍ക്ക് ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് ഗവേഷണം മുതല്‍ നയരൂപീകരണം വരെ നടത്താമെന്നായി.

തീര്‍ച്ചയായും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ‘പാവങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിട്ട് കാശു കളയുന്നു’ എന്നൊക്കെ നമ്മുടെ ഗവേഷണത്തെ നമ്മളും മറ്റു നാട്ടുകാരും കുറ്റം പറഞ്ഞിട്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളു. ലക്ഷ്യബോധമുള്ള നേതൃത്വവും പതിറ്റാണ്ടുകളോളം നീണ്ട സധൈര്യമായ നിക്ഷേപവുമുണ്ടെങ്കില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ ലോകത്താരോടും കിടപിടിക്കും എന്നുമാത്രമല്ല, അവരെക്കാള്‍ ചെലവ് കുറഞ്ഞ് കാര്യങ്ങള്‍ ചെയ്യുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

ഉപഗ്രഹങ്ങളെ കൊണ്ട് പ്രപഞ്ചത്തെയും ശൂന്യാകാശത്തേയും അടുത്തറിയുന്നത് തൊട്ട് കാലാവസ്ഥ പ്രവചിക്കുന്നത് വരെ പല ഉപയോഗങ്ങളുണ്ട്. ഭൂമിയില്‍ ഏതൊരാളുടെയും സ്ഥലത്തിന്റെയും വസ്തുവിന്റെയും സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കുന്ന ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം, ഭൂമിയുടെ ഉപഗ്രഹ ചിത്രമെടുത്ത് അതില്‍ നിന്നും അനവധി കാര്യങ്ങള്‍ മനസ്സിലാക്കുന്ന റിമോട്ട് സെന്‍സിംഗ് എന്നിങ്ങനെ ലോകത്തില്‍ എല്ലാവര്‍ക്കും ഗുണമുള്ള ഏറെ കാര്യങ്ങളാണ് ഉപഗ്രഹങ്ങള്‍ കൊണ്ട് നടത്താവുന്നത്. എന്നാല്‍ കേരളത്തില്‍ ഐ എസ് ആര്‍ ഓ ഒക്കെ ഉണ്ടെന്ന് വലിയ അഭിമാനത്തോടെ നമ്മള്‍ പറയുമെങ്കിലും, അവര്‍ സാധ്യമാക്കുന്ന ഉപഗ്രഹ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നതില്‍ നാം ഏറെ പിന്നിലാണ്. ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്തൊക്കെ സാധ്യമാണോ അതിന്റെ ഒരംശം പോലും നമ്മള്‍ ഉപയോഗിക്കുന്നില്ല എന്നത് വസ്തുതയാണ്. നമുക്കുള്ള വിദഗ്ദ്ധരെയും ചിലവ് കുറഞ്ഞ ഉപഗ്രഹ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്താന്‍ പാകത്തിന് നമ്മുടെ നിയമങ്ങളും ഔദ്യോഗിക സംവിധാനവും വളര്‍ന്നിട്ടില്ലെന്നതാണ് ഇതിന് കാരണം.

ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്ന കാര്യം ആദ്യം പറയാം. കേരളത്തില്‍ ഇപ്പോഴും ഭൂമിയുടെ അളവ് നടത്തുന്നത് ചെയിന്‍ ലിങ്ക് ഉപയോഗിച്ചാണ്. 1620ല്‍ ഇംഗ്‌ളീഷുകാരനായ എഡ്മണ്ട് ഗുണ്ടര്‍ ആണ് ഈ ചെയിന്‍ കണ്ടു പിടിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ മ്യൂസിയത്തില്‍ അല്ലാതെ മറ്റൊരിടത്തും ഈ ചെയിന്‍ ഇല്ല, ഔദ്യോഗികമായി ഒരു സര്‍വെയ്ക്കും ഇത് ഉപയോഗിക്കുന്നുമില്ല. ചെയിനിലും എത്രയോ കൃത്യമായി, എളുപ്പത്തില്‍ ഉപഗ്രഹങ്ങള്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിച്ച് സര്‍വ്വേ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞേ നൂറ്റാണ്ടിലേ ഉണ്ട്. ഇക്കാര്യത്തില്‍ നാമിപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ്.

കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്‌നങ്ങളായ പാടം നികത്തല്‍, അനധികൃത ക്വാറി, വനം, കായല്‍, പുഴയോരം കൈയേറ്റ പ്രശ്‌നങ്ങളൊക്കെ ഒറ്റയടിക്ക് കണ്ടുപിടിക്കാന്‍ സംസ്ഥാനമെമ്പാടും ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തിലൂടെ എളുപ്പത്തില്‍ സാധിക്കും. നമ്മള്‍ ഇപ്പോഴും പുതിയതായി സ്ഥലം കൈയേറി അതില്‍ വലിയൊരു തെങ്ങു പിഴുതു കൊണ്ടുവന്നു വെച്ചിട്ട് ‘അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ’ ഞങ്ങളിവിടെ താമസക്കാരാണെന്ന് വാദിക്കുന്ന തറ വേല വരെ കാണിക്കുന്നവരാണ്. ഇപ്പോള്‍ ലഭ്യമാകുന്ന ഉപഗ്രഹ ചിത്രത്തില്‍ പുതിയായി വരുന്ന ഇത്തരം തെങ്ങു പോലും കണ്ടുപിടിക്കാന്‍ പറ്റുമെന്നിരിക്കെയാണ് ഈ സാധ്യത നാം ഉപയോഗിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഴുവന്‍ ഭൂവിഭാഗത്തിന്റെയും ഹൈ റെസൊലൂഷന്‍ ഉപഗ്രഹ ചിത്രം എടുത്ത് അതില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കമ്പൂട്ടര്‍ വഴി തന്നെ വിശകലനം ചെയ്യാം. എന്നിട്ട് നിയമ വിരുദ്ധമായി തോന്നുന്ന കയ്യേറ്റങ്ങള്‍ കേരളത്തിലെ സിവില്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് വെരിഫൈ ചെയ്യുന്ന (ഗ്രൗണ്ട് ട്രൂത്തിങ് എന്ന് റിമോട്ട് സെന്‍സിങ്ങിലെ സാങ്കേതിക പ്രയോഗം) ഒരു പ്രോജക്ട് നടത്തിയാല്‍ ഒറ്റയടിക്ക് കേരളത്തിന്റെ വ്യാപകമായ ചിത്രം കിട്ടും. ഇതിനു പകരം ഓരോ പാടവും, ക്വാറിയും, ഫ്‌ലാറ്റും പ്രത്യേകമായെടുത്ത് നമ്മള്‍ കയ്യേറ്റത്തെ അന്വേഷിക്കാന്‍ പോയാല്‍ ഒരു കാലത്തും ഇതിന് പരിഹാരം ഉണ്ടാവില്ല.

പുറകോട്ടു നോക്കാന്‍ മാത്രമല്ല, മുന്നോട്ടു നോക്കാനും ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിക്കാം. കേരളത്തിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സ്ഥലവിനിയോഗം, ജലത്തിന്റെ ഒഴുക്ക്, പ്രകൃതിയുടെ അവസ്ഥയും വ്യവസ്ഥയും, അപകടങ്ങളുടെ സാധ്യത, കാലാവസ്ഥാ വ്യതിയാനത്തിന്റെ സാധ്യതകള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മാത്രമേ നമുക്ക് സുസ്ഥിരവികസനം സാധ്യമാകൂ. ഇതാകട്ടെ, ഉപഗ്രഹചിത്രങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഇങ്ങനെയൊരു ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് സംയോജിപ്പിച്ച് സ്ഥലവിനിയോഗത്തിന്റെ പ്ലാനിങ് ചെയ്യുന്ന കാര്യത്തില്‍ നാം എങ്ങുമെത്തിയിട്ടില്ല.

ഒരുവര്‍ഷത്തില്‍ നാലായിരം മലയാളികള്‍ റോഡില്‍ മരിക്കുന്ന, നാല്‍പ്പതിനായിരം അപകടങ്ങള്‍ ഉണ്ടാകുന്നു. നിരവധിയാളുകള്‍ അപകടഫലമായി പരിക്കില്‍ നിന്നും മോചനമില്ലാതെ ജീവിതകാലം മുഴുവന്‍ ജീവിക്കുന്നു. റോഡിലെ നിയമങ്ങള്‍ പാലിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കേരളത്തിലെ റോഡില്‍ ഓരോ മീറ്ററിലും കാവല്‍ ഏര്‍പ്പെടുത്താന്‍ കേരളത്തിലെ പോലീസിനോ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനോ സാധിക്കില്ല. എന്നാല്‍ ഇന്‍ട്രാ വെഹിക്കിള്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനം എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കി അതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഓരോ മാസത്തിന്റെയും അവസാനം കമ്പ്യൂട്ടര്‍ വഴി വിശകലനം ചെയ്താല്‍ പതിനായിരക്കണക്കിന് നിയമലംഘകരെ ഒറ്റയടിക്ക് പിടികൂടാം. ഉപഗ്രഹത്തിന്റെ കണ്ണില്‍ പൊടിയിടാനോ കൈക്കൂലി കൊടുത്ത് രക്ഷപെടാനോ പറ്റില്ല എന്നുവന്നാല്‍ നിയമലംഘനം കുറയും. ഇതേ വിവരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭ്യമാക്കിയാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ വണ്ടി ഓടിക്കുന്നവരുടെ ഇന്‍ഷുറന്‍സ് തുക കൂട്ടാം, നിയമം അനുസരിക്കുന്നവരുടേത് കുറക്കാം. ഇതുകൊണ്ടൊക്കെ ആളുകളുടെ പെരുമാറ്റത്തില്‍ മാറ്റം വരും, റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാകും.

നാല്‍പത്തിനാല് നദികള്‍ നമുക്കുണ്ടെങ്കിലും അതിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള റഗുലര്‍ സംവിധാനം നമുക്കില്ല. മണ്ണൊലിപ്പ് തടയല്‍ തൊട്ട് ഓക്‌സിജന്റെ നിലവാര നിയന്ത്രണം വരെ ഉപഗ്രഹ ചിത്ര നിരീക്ഷണങ്ങളാല്‍ ഇപ്പോള്‍ ലോകം ചെയ്യുന്നു. വരള്‍ച്ചാക്കാലത്ത് വനങ്ങളിലെ ചെടികളിലെ ഈര്‍പ്പം, കാട്ടുതീക്ക് എവിടെയാണ് സാധ്യത എന്നിവയെല്ലാം ഉപഗ്രഹം വഴി കണ്ടുപിടിക്കാം. കരയിലും കടലിലും കാണപ്പെടുന്ന ജലത്തിന്റെ അളവും ഗുണവും മാത്രമല്ല, ഭൂഗര്‍ഭജലം എവിടെയാണ് ആപല്‍ക്കരമായി കുറയുന്നത് എന്ന് കണ്ടുപിടിക്കാനുള്ള കാമറക്കണ്ണുകള്‍ വരെ ഇപ്പോള്‍ ലോകത്തുണ്ട്. തീരദേശത്തു കൂടി പോകുന്ന കപ്പലുകള്‍ എന്തെങ്കിലും മാലിന്യം നമ്മുടെ കടലില്‍ തള്ളുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ റഡാര്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാം. ഇങ്ങനെ പരിസ്ഥിതി ദുരന്ത ലഘൂകരണ രംഗത്ത് സ്വര്‍ണ്ണഖനിയാണ് ഉപഗ്രഹങ്ങള്‍. ഇതൊക്കെ പിന്നീട് ആലോചിക്കേണ്ട കാര്യമല്ല, ഒരു പത്തു വര്‍ഷമായിട്ടെങ്കിലും ഞാന്‍ ചെയ്യുന്ന കാര്യമാണ്.

പരിസ്ഥിതി രംഗത്ത് മാത്രമല്ല, കൃഷി രംഗത്തും ആരോഗ്യരംഗത്തും കുറ്റാന്വേഷണരംഗത്തും ഉള്‍പ്പെടെ നമുക്ക് പ്രയോജനമുള്ള മിക്കവാറും എല്ലാ വിഷയങ്ങളിലും ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. റിമോട്ട് സെന്‍സിങ്ങിലും ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും ജോലി ചെയ്യുന്ന അനവധി മലയാളികളുണ്ട്. അതല്ലാതെ തന്നെ തൊഴിലിന്റെ ഭാഗമായി റിമോട്ട് സെന്‍സിങ്ങും ജി ഐ എസും ഉപയോഗിക്കുന്ന അനവധി മലയാളികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. ടെക്‌നോ പാര്‍ക്കില്‍ ഇത് ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയാണ് സേവനം ചെയ്യുന്നത് എന്നുമാത്രം.

ഉപഗ്രഹങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് മൂന്ന് കാര്യങ്ങള്‍ നാം നിര്‍ബന്ധമായും ചെയ്യണം.

1 . റിമോട്ട് സെന്‍സിങ്ങിന്റെയും മറ്റ് ഉപഗ്രഹ ബന്ധിത സാങ്കേതികവിദ്യകളുടെയും സാധ്യതകളെ പറ്റി നമ്മുടെ എല്ലാ രംഗത്തുമുള്ള, നയരൂപീകരണത്തിലെയും, നടത്തിപ്പിലെയും, ജുഡീഷ്യറിയിലെയും നേതൃത്വത്തെ ബോധവല്‍ക്കരിക്കണം.

2 . ബയോളജി, എന്‍ജിനീയറിങ്, നിയമം ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ഡിഗ്രി കോഴ്‌സുകളിലും റിമോട്ട് സെന്‍സിങ്ങും ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമെല്ലാം പഠനത്തിന്റെ ഭാഗമാക്കണം

3. ആരോഗ്യം മുതല്‍ ആഭ്യന്തരം വരെയുള്ള വിഷയങ്ങളില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ എങ്ങനെയാണ് ഉപഗ്രഹ ബന്ധിത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതെന്ന് ഒരു ടെക്‌നോളജി വൈറ്റ് പേപ്പര്‍ ഉണ്ടാക്കണം. ഇതിനുവേണ്ടി ലോകത്ത് ഈ വിഷയത്തില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പടെയുള്ള ഒന്നാം കിട വിദഗ്ദ്ധരുടെ ഒരു അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കണം.

ഇത്തരത്തില്‍ ഉപഗ്രഹങ്ങള്‍ കൊണ്ടുള്ള പ്രയോഗികവശങ്ങള്‍ നമ്മുടെ കൃഷിയുടെയും പ്ലാനിങ്ങിന്റെയും ഒക്കെ ഭാഗമാകുമ്പോളാണ് നാം നമ്മുടെ സ്‌പേസ് ടെക്‌നോളജിയെഓര്‍ത്ത് അഭിമാനിക്കേണ്ടത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*