ട്രയിനിലെ തീപിടുത്തം തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

‘ ട്രയിന് തീപിടിച്ചു നിരവധി പേര്‍ മരിച്ചു’ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേയ്ക്ക് കഴിയാറുമില്ല. അപായങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുകയാണ് പതിവ്. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു മുന്‍കരുതലെടുക്കാമെന്നതിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഭാവിയുടെ വരദാനമായ വിദ്യാര്‍ഥികള്‍ വ്യത്യസ്തരാകുന്നത്. തീപിടുത്തത്തിലൂടെ ഉണ്ടാകുന്ന അപകടവും റെയില്‍വേയ്ക്കുണ്ടാകുന്ന നാശ നഷ്ടവും എങ്ങനെ കുറയ്ക്കാമെന്ന ചിന്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നാലു വിദ്യാര്‍ഥികള്‍. കോട്ടയം പാത്താമുട്ടം സെന്റ്.ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇസ്ട്രമെന്റേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണിവര്‍.ചിന്തിക്കുക മാത്രമല്ല തങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ‘ഓട്ടോമാറ്റിക് റെയില്‍ കോച്ച് ഫയര്‍ ഫൈറ്റിംഗ് ആന്‍ഡ് അനന്‍ഷ്യേറ്റിംഗ്് സിസ്റ്റം’ എന്ന സാങ്കേതികവിദ്യയാണ് ട്രെയിന്‍ സുരക്ഷ മുന്‍ നിര്‍ത്തി ഇവര്‍ വികസിപ്പിച്ചെടുത്തത്്.വിദ്യാര്‍ഥികളായ കാവ്യ മരിയ ജയിംസ്,അസ്‌ന ടി അസീസ്, ശ്രുതി മേരി ജോണ്‍, സച്ചിന്‍ പാലൂത്താനം എന്നിവരടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് നൂതന ആശയത്തിന് പിന്നില്‍. ഡോ.പി.എസ് ഗോഡ്‌വിന്‍ ആനന്ദാണ് പ്രൊജക്ട് മെന്റര്‍.
ട്രയിനില്‍ തീപിടുത്തമുണ്ടായാല്‍ വന്‍അപകടമുണ്ടാകുമെന്ന് ഭയപ്പെടേണ്ട, തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ വരവിനായി ഇനി കാത്തിരിക്കുകയും വേണ്ട. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ എല്ലാം തനിയെ നടന്നുകൊള്ളുമെന്ന് പദ്ധതിക്ക് രൂപം നല്‍കിയ വിദ്യാര്‍ഥികള്‍ പറയുന്നു.

train-2
ഇവര്‍ ആവിഷകരിച്ച സെക്യൂരിറ്റി സിസ്റ്റം ട്രെയിനില്‍ ഉണ്ടെങ്കില്‍ അപ്രതീക്ഷിതമായി തീപിടിക്കുകയോ പുക വരുകയോ ചെയ്താല്‍ ആ നിമിഷം തന്നെ ഏത് ബോഗിയിലാണോ തീപിടിച്ചത് അവിടേക്ക് ഓട്ടോമാറ്റിക്കായി ജലം പമ്പുചെയ്യുന്നതാണ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം.തീപിടിക്കുന്ന നിമിഷം തന്നെ ജലം പമ്പു ചെയ്യുന്നതിനാല്‍ വന്‍ അപകടം ഒഴിവാക്കാനാകുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ട്രയിനിലുള്ള ടാങ്കില്‍ നിന്നുതന്നെയാണ് ജലം പമ്പു ചെയ്യുന്നത്. കൂടാതെ സംഭവ വിവരങ്ങള്‍ ലോക്കോ പൈലറ്റിന് ലഭിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിനായി തയാറാക്കിയിട്ടുള്ള പാനലില്‍ ലോക്കോ പൈലറ്റിന് എല്ലാം മോണിറ്റര്‍ ചെയ്യാനാകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ലോക്കോ പൈലറ്റിന് മുന്‍പിലുള്ള ഡിസ്‌പ്ലേയില്‍ എത് ബോഗിയിലാണ് തീ പിടുത്തമുണ്ടായത്, ടാങ്കിലെ ജലത്തിന്റെ അളവെത്ര തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകും.വൈഫൈ ഉപയോഗിച്ചാണ് ലോക്കോ പൈലറ്റുമായുള്ള ബന്ധം സാധ്യമായിരിക്കുന്നത്.
ഇതിലൂടെ ടാങ്കില്‍ ജലം ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പു വരുത്താനും ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അടുത്ത സ്റ്റേഷന്‍ എത്തുമ്പോള്‍ വെള്ളം നിറയ്ക്കാനുമാകും. നിലവിലെ ആശയങ്ങളില്‍ അല്പം കൂടി മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് ഇവര്‍. അപായ സൂചനയുണ്ടാകുമ്പോള്‍ ഉടന്‍ തന്നെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കും, അടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്കും ഓട്ടോമാറ്റിക്കായി സന്ദേശം കൈമാറുള്ള സാങ്കേതികത കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയുമുണ്ട്. ഇത്തരത്തില്‍ പ്രോജക്ടില്‍ ഡവലപ്‌മെന്റു വരുത്തിയാല്‍ അപായ സൂചനയുണ്ടാകുമ്പോള്‍ അതുവഴിയുള്ള ട്രയിന്‍ ഗതാഗതം മാറ്റി വിടാനും സഹായകരമാകും.നിലവില്‍ ട്രയിനുള്ളിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ പുതിയ ആശയത്തിന് രൂപം നല്‍കിയത്.അതിനാല്‍ തന്നെ നിര്‍മാണച്ചിലവും കുറവാമെന്ന് ഇവര്‍ പറയുന്നു. ഇങ്ങനെയൊരു പ്രൊജക്ട് ചെയ്യാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഗ്രൂപ്പംഗമായ സച്ചിന് മറുപടിയുണ്ട്. ‘ ഞങ്ങള്‍ നടത്തിയ പഠനത്തില്‍ തീപിടുത്തം മൂലം നിരവധി അപകടങ്ങള്‍ നടന്നതായും ഇതിലൂടെ റെയില്‍വേയ്ക്ക് നഷ്ടങ്ങള്‍ ഉണ്ടായതായും മനസിലാക്കി. മാത്രമല്ല, ട്രയിന് വികസനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ എന്‍ജിന്‍ കേന്ദ്രീകരിച്ചായിരുന്നു,എന്നാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഒരു പദ്ധതിയും ഇതുവരെ നടന്നിട്ടില്ല. ഇതാണ് ഞങ്ങളെ ഇത്തരം ഒരു ആശയത്തിലേക്ക് നയിച്ചത്’. എന്തായാലും തങ്ങളുടെ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനായി റെയില്‍വേയ്ക്ക് പ്രൊജക്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*