സ്‌കര്‍വിയും നേവിയും പിന്നെ ‘വിറ്റാമിന്‍ സി’യും

ഡോ. ആനന്ദ് എസ് മഞ്ചേരി
1497ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് 160 നാവികരുമായി കപ്പല്‍ കയറിയ വാസ്‌കോ ഡാ ഗാമ ഇന്ത്യയില്‍ എത്തുമ്പോള്‍ അമ്പതോളം നാവികര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.
ശരീരം മുഴുവന്‍ നീരുവെച്, മോണകള്‍ വീര്‍ത്തു പൊട്ടി, രക്തസ്രാവം വന്നു മരിക്കുന്ന ഒരു രോഗം ആയിരുന്നു ഗാമയുടെ നാവികരെ കീഴടക്കിയത്.

ഗാമയുടെ മാത്രമല്ല, നാവികചരിത്രത്തിന്റെ ആദ്യകാലത്തെ ഏറ്റവും വലിയ വില്ലന്‍ ആയിരുന്നു മേല്‍പ്പറഞ്ഞ രോഗം. രോഗകാരണമോ, രോഗചികിത്സയോ, പ്രതിവിധിയോ ഒന്നും ആര്‍ക്കും വ്യക്തമായിരുന്നില്ല. സ്‌കര്‍വി (scurvy) എന്നാണ് ഈ രോഗത്തെ നാവികര്‍ വിളിച്ചിരുന്നത്. കടലില്‍ പടരുന്ന പ്‌ളേഗ് എന്നാണ് 1600കളിലെ ബ്രിട്ടീഷ് ക്യാപ്റ്റന്‍ ആയിരുന്ന സര്‍ റിച്ചാര്‍ഡ് ഹോക്കിന്‍സ് വിശേഷിപ്പിച്ചത്. 20 വര്‍ഷത്തെ നാവികജീവിതത്തിനിടയില്‍ തന്റെ കമന്റില്‍ ഉള്ള പതിനായിരം നാവികരെ എങ്കിലും ഈ രോഗം അപഹരിച്ചിട്ടുണ്ടെന്നു ക്യാപ്റ്റന്‍ ഹോക്കിന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളുടെ കാലത്ത് ഏതാണ്ട് രണ്ട് ദശലക്ഷം നാവികരുടെ എങ്കിലും ജീവന്‍ അപഹരിച്ച രോഗമാണ് സ്‌കര്‍വി.
1740ല്‍ 1800ഓളം നാവികരും എട്ട് കപ്പലുകളും ആയി ദക്ഷിണദ്രുവത്തിലേക്കു യാത്ര ചെയ്ത കോമോഡോര്‍ ജോര്‍ജ് അന്‍്‌സണ്‍ നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയത് വെറും ഒരു കപ്പലും 188 നാവികരുമായാണ്. മഹാഭൂരിപക്ഷവും രോഗബാധ മൂലം മരണമടഞ്ഞു.
1780കളിലെ അമേരിക്കന്‍ സ്വാതന്ത്ര്യ സമരകാലത്തെ രസകരമായ ഒരു സ്ഥിതിവിവരകണക്കു ബ്രിട്ടീഷ് നേവിയിലെ ഡോക്ടര്‍ ആയിരുന്ന സര്‍ ഗില്‍ബര്‍ട് ബ്ലൈന്‍ രേഖപ്പെടുത്തിയിരുന്നു. അക്കാലത്തു ബ്രിട്ടന്റെ ഇരുപതോളം യുദ്ധക്കപ്പലുകള്‍ വെസ്റ്റ് ഇന്ത്യന്‍ കടലുകളില്‍ മറ്റു യൂറോപ്യന്‍ ശക്തികളുമായി യുദ്ധത്തില്‍ ആയിരുന്നു. അക്കാലത്തു മരിച്ച 1600ഓളം ബ്രിട്ടീഷ് നാവികരില്‍ വെറും 60 പേര് മാത്രമാണ് ശത്രുവിനാല്‍ കൊല്ലപ്പെട്ടത്. ബാക്കി 1518പേരും ഈ രോഗം മൂലമാണ് മരിച്ചത്.

scurvy-2
വിഫലമായ പലതരം ആന്റിസ്‌കര്‍വി നടപടികള്‍ ലോകമെമ്പാടും നാവികര്‍ കൈക്കൊണ്ടു. ഏതാണ് ഫലപ്രദം, എങ്ങനെയാണ് ഫലപ്രദം എന്നതിനെപ്പറ്റി യാതൊരു ധാരണയും അവര്‍ക്കാര്‍ക്കും ഇല്ലായിരുന്നു.
കടലിലെ ദൂഷിതമായ കടല്‍ക്കാറ്റാണ് കാരണം എന്നായിരുന്നു പൊതുവായി അംഗീകരിച്ച ധാരണ. കടല്‍ക്കാറ്റു കാരണം ശരീരം അശുദ്ധമാവുന്നു എന്നായിരുന്നു സിദ്ധാന്തം. ശരീരത്തെ ശുദ്ധീകരിക്കുന്ന പലതരം വഴികള്‍ അവര്‍ പരീക്ഷിച്ചിരുന്നു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത അനവധി സിദ്ധാന്തങ്ങളില്‍ ഒന്നായി അമ്ലസ്വഭാവം ഉള്ള ഭക്ഷണം കഴിച്ചാല്‍ ശരീരധാതുക്കളെ ശുദ്ധീകരിക്കാം എന്നൊരു ധാരണ അന്ന് നിലനിന്നിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ഓറഞ്ച് കഴിക്കുക എന്നതും ഒരു പ്രതിവിധി എന്ന നിലയില്‍ പലരും നടപ്പിലാക്കി. 1600കളില്‍ തന്നെ ബ്രിട്ടീഷ് ഡോക്ടര്‍ ആയിരുന്ന ജോണ്‍ വുഡാല്‍ ഓറഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നിരുന്നാലും മറ്റ് പല നിര്‍ദ്ദേശങ്ങളും പോലെ അടിസ്ഥാനമോ തെളിവോ ഒന്നും അതിനില്ലായിരുന്നു. ഇത്തരത്തില്‍ പലതരം വഴികള്‍ പരീക്ഷിച്ചു നാവികര്‍ യാത്ര തുടര്‍ന്നു. പല തരം വഴികളില്‍ ഏതോ ചിലത് ഫലിക്കാനും തുടങ്ങി. സ്‌കര്‍വി മരണങ്ങള്‍ കുറഞ്ഞു വന്നു. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണം/ പ്രതിവിധി എന്ന് തീര്‍പ്പായില്ല.
ഇവിടെയാണ് 1740കളില്‍ ബ്രിട്ടീഷ് നേവിയിലെ ഡോക്ടര്‍ ആയിരുന്ന ജെയിംസ് ലിന്‍ഡിന്റെ പ്രാധാന്യം. വൈദ്യചരിത്രത്തിലെ ആദ്യ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത് ലിന്‍ഡ് ആണ്.
1747ല്‍ സ്‌കര്‍വി ബാധിച്ച 12 രോഗികളെ ഈരണ്ടു പേര്‍ അടങ്ങുന്ന ആറു ഗ്രൂപ്പുകള്‍ ആയി ലിന്‍ഡ് തിരിച്ചു. മറ്റെല്ലാ രീതിയിലും ഒരു പോലെ പരിഗണിക്കപ്പെട്ട ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ഭക്ഷണം മാത്രം അധികം കൊടുത്തു. ആദ്യ ഗ്രൂപ്പിന് ഇരുപത്തഞ്ച് തുള്ളി സള്ഫയൂരിക്ക് ആസിഡ് (പേര് കേട്ട് പേടിക്കേണ്ട, അല്പം പുളി വരുന്നതിനു അക്കാലത്തു ഭക്ഷണത്തില്‍ ചേര്‍ത്തിരുന്ന വസ്തു ആയിരുന്നു നേര്‍പ്പിച്ച സള്ഫയുരിക് ആസിഡ്. അടുത്ത ഗ്രൂപ്പിന് ആപ്പിള്‍ ജ്യൂസ്, മറ്റൊന്നിന് രണ്ടു തുള്ളി വിനാഗിരി, അതുതത്തിന് ബാര്‍ലി വെള്ളം, അഞ്ചാമത്തെ ഗ്രൂപ്പിന് കടല്‍ വെള്ളം, ആറാമത്തെ ഗ്രൂപ്പിന് ഓറഞ്ചും നാരങ്ങയും.
ലിന്‍ഡിന്റെ ട്രയലിന് ഒരാഴ്ച്ച കൊണ്ട് തന്നെ റിസള്‍ട്ട് കിട്ടി. നാരങ്ങയും ഓറഞ്ചും കഴിച്ച ഗ്രൂപ്പിലെ വ്യക്തികള്‍ സുഖം പ്രാപിക്കാന്‍ തുടങ്ങി. ആറു ദിവസം കൊണ്ട് രണ്ടില്‍ ഒരാള്‍ പൂര്‍ണമായി സുഖം പ്രാപിക്കുകയും ചെയ്തു.
വൈകാതെ നേവിയില്‍ നിന്ന് വിരമിച്ച ലിന്‍ഡ് തന്റെ കണ്ടെത്തലുകള്‍ 1753ല്‍ ‘A treatise of scurvy’ എന്ന പുസ്തകത്തില്‍ വിവരിച്ചു. നാരങ്ങ കഴിച്ചാല്‍ സ്‌കര്‍വി മാറ്റാം എന്നത് പക്ഷെ, അന്ന് അധികം അംഗീകരിക്കപ്പെട്ടില്ല. രോഗത്തിന് വിചിത്രമായ ശുദ്ധഅശുദ്ധികള്‍ കാരണവും പരിഹാരവും ആയി വിധിക്കപ്പെട്ടിരുന്ന കാലം ആയിരുന്നല്ലോ അത്. എങ്കിലും നാവികലോകം അനുഭവത്തിലൂടെ ഇത് ശരിവെച്ചു. ഭക്ഷണത്തില്‍ നാരങ്ങയും ഓറഞ്ചും ചേര്‍ത്താല്‍ സ്‌കര്‍വിയെ പ്രതിരോധിക്കാം എന്നവര്‍ക്കു മനസ്സിലായി. നാവികചരിത്രത്തിലെയും, വൈദ്യചരിത്രത്തിലെയും വഴിത്തിരിവായ ഒരു ‘മഹാത്ഭുതം’ നടന്നത് 1770കളില്‍ ആണ്. 1772 തൊട്ടു 1775 വരെ ദക്ഷിണദ്രുവത്തില്‍ പര്യടനം നടത്തിയ ക്യാപ്റ്റന്‍ ജെയിംസ് കുക്കിന് തന്റെ നാവികരില്‍ ഒരാളെപ്പോലും സ്‌കര്‍വി കാരണം നഷ്ടപ്പെടില്ല. മൂന്ന് വര്‍ഷം യാത്ര ചെയ്തിട്ടും ഒരു സ്‌കര്‍വി രോഗി പോലും ഉണ്ടായില്ല എന്നത് ലോകചരിത്രത്തില്‍ അത്ഭുതം ആയിരുന്നു. 1780കളോടെ ബ്രിട്ടീഷ് നാവികപ്പടയുടെ അഡ്മിറല്‍ തല നേതൃത്വം കപ്പലയാത്രക്കിടയില്‍ ഭക്ഷണത്തോടൊപ്പം നാരങ്ങ ജ്യൂസും ഓറഞ്ചും നല്‍കുന്നത് നിര്‍ബന്ധമാക്കി. അക്കാലത്തെ ബ്രിട്ടീഷ് നാവികരെ അമേരിക്കക്കാര്‍ കളിയാക്കി വിളിച്ചിരുന്നത് ‘Limeys’ എന്നായിരുന്നു!
നാവികരുടെ ദുസ്വപ്നം ആയിരുന്ന സ്‌കര്‍വിക്കു നിസ്സാരമായ പ്രതിവിധി കണ്ടെത്തിയെങ്കിലും സ്‌കര്‍വിയുടെ കാരണമോ, നാരങ്ങ എന്ത് ചെയ്യുന്നു എന്നോ അന്നും അറിയില്ലായിരുന്നു. നാരങ്ങയിലെ ഏതോ ശക്തി/രസം ശരീരത്തിലെ ഏതോ ദോഷത്തെ ശുദ്ധീകരിക്കുന്നു എന്നത് തന്നെ ആയിരുന്നു വിശദീകരണം.
പിന്നെയും നൂറ് വര്ഷങ്ങള്ക്കു ശേഷം 1830കളില്‍ ജോണ്‍ എല്ലിയോസ്റ്റേണും 1842ല്‍ ജോര്‍ജ് ബഡ്ഡും ശരീരത്തിന് ആവശ്യമായ ഏതോ ഒരു പ്രത്യേക രാസവസ്തുവിന്റെ അഭാവമാണ് സ്‌കര്‍വി എന്നും നാരങ്ങയിലൂടെ ആ വസ്തു ശരീരത്തിന് ലഭിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്രം കഥകളില്‍ നിന്ന് നിരീക്ഷണപരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയവീക്ഷണം പിന്‍പറ്റി തുടങ്ങിയ കാലഘട്ടം ആയിരുന്നു അത്.
പ്രോട്ടീനുകളും, കാര്‍ബോഹൈഡ്രേറ്റുകളും,കൊഴുപ്പും കൂടാതെ മറ്റനവധി അവശ്യവസ്തുക്കള്‍ ചെറിയ തോതില്‍ ശരീരത്തിന് ആവശ്യം ആണെന്ന് പിന്നീട് പലരും കണ്ടെത്തി. അനവധി രാസവസ്തുക്കള്‍ മനുഷ്യ ജന്തുസസ്യ ശരീരങ്ങളില്‍ നിന്ന് കണ്ടെത്തി.
സ്‌കര്‍വിയെ പ്രതിരിധിക്കുന്ന വസ്തു വിറ്റാമിന്‍ സി ആണെന്ന് 1908ല്‍ Axel Holst, Theodore Frolic എന്നിവര്‍ കണ്ടെത്തി. വിറ്റാമിന്‍ സി യുടെ രാസഘടന പിന്നീട് 1930കളില്‍ കണ്ടെത്തി. മൂന്നു നോബല്‍ സമ്മാനങ്ങള്‍ക്കു കാരണമായ പരീക്ഷണങ്ങള്‍ വിറ്റാമിന്‍ സി യില്‍ നടന്നിട്ടുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*