ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി നിലയം ഇന്ത്യയില്‍

സാബു ജോസ്
sabuലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതോല്‍പാദന നിലയം ഇന്ത്യയിലാണ്. 2016 സെപ്തംബര്‍ 21 ന് നിര്‍മാണം പുര്‍ത്തിയായ ഈ പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ മധുരയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള രാമനാഥപുരം ജില്ലയിലെ കമുതി ഗ്രാമത്തിലാണ് ഈ പവര്‍പ്ലാന്റ് സ്ഥിതിചെയ്യുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ നിലയം. 648 മെഗാവാട്ടാണ് ഈ നിലയത്തിന്റെ പ്രതിദിന വൈദ്യുതോല്‍പാദന ശേഷി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജനിലയമായിരുന്ന കാലിഫോര്‍ണിയയിലെ ടോപാസ് സോളാര്‍ ഫാമിന്റെ വൈദ്യുതോല്‍പാദന ശേഷി പ്രതിദിനം 550 മെഗാവാട്ട് മാത്രമാണ്.

എട്ടുമാസം കൊണ്ടാണ് ഈ പവര്‍പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 4550 കോടി രൂപയാണ് ഈ പദ്ധതിക്കായി അദാനി ഗ്രൂപ്പ് ചെലവഴിച്ചത്. 10 ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയിലാണ് ഈ പ്ലാന്റില്‍ സോളാര്‍ പാനലുകള്‍ വിന്യസിച്ചിരിക്കുന്നത്. 2,50,000 സോളാര്‍പാനലുകളാണ് പ്ലാന്റില്‍ വൈദ്യുതോല്‍പാദനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 576 ഇന്‍വെര്‍ട്ടറുകളും 154 ട്രാന്‍സ്‌ഫോര്‍മറുകളും പ്ലാന്റിലുണ്ട്. വയറിംഗ് കേബിളിന്റെ ആകെ നീളം 7500 കിലോമീറ്ററാണ.് 1270 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ നിലയത്തിന്റെ നിര്‍മാണത്തിന് 30,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചിട്ടുണ്ട്. 8500 ജോലിക്കാര്‍ എട്ട് മാസങ്ങള്‍ കൊണ്ടാണ് നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1.3 ടെറാവാട്ട് വാര്‍ഷിക ഊര്‍ജോല്‍പാദനം ഈ നിലയത്തില്‍ നിന്ന് നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഇത്രയധികം വിസ്ത്യതമായ മേഖലയില്‍ പരന്നു കിടക്കുന്ന സോളാര്‍ പാനലുകള്‍ ശുചിയാക്കുന്നത് ശ്രമകരമായ ജോലിയാണ്. വൈദ്യുതോല്‍പാദനം സുഗമമായി നടക്കണമെങ്കില്‍ നിത്യേന സോളാര്‍ പാനലുകള്‍ വൃത്തിയാക്കണം. യന്ത്രസഹായത്തോടെയാണ് ഈ ജോലി നിര്‍വ്വഹിക്കുന്നത്. 1,50,000 വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ഈ നിലയത്തിന് കഴിയും. 2022 ആകുമ്പോഴേക്കും ആറ് കോടി വീടുകളില്‍ സൗരോര്‍ജ വൈദ്യുതി എത്തിക്കുന്നതിനുള്ള ഗവണ്‍മെന്റ് നീക്കത്തിന്റെ പ്രധാന ചുവടുവയ്പാണ് ഈ പദ്ധതി. ഈ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതോടെ ഇന്ത്യയുടെ സൗരോര്‍ജ വൈദ്യുതി ഉല്‍പാദനശേഷി 10 ജിഗാവാട്ട്‌സിലെത്തി.

solar-panel-2

സൗരോര്‍ജ വൈദ്യുതോല്‍പാദനമാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വൈദ്യുതോല്‍പാദന രീതി. 100 ബില്യണ്‍ യു.എസ് ഡോളറാണ് സോളാര്‍ എനര്‍ജി പ്രൊജക്ടുകള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് മുതല്‍മുടക്കിയിരിക്കുന്നത്. 2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട്‌സ് ഊര്‍ജോല്‍പാദനമാണ് ലക്ഷ്യം. ഇന്ത്യാഗവണ്‍മെന്റിന്റെ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ ശക്തമായഇടപെടലുകളാണ് ഈ മേഖലയില്‍ ഇത്രവലിയ മുതല്‍മുടക്കിന് കാരണമായത്. 2010 മുതലാണ് സോളാര്‍ എനര്‍ജി മേഖലയില്‍ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്താനാരംഭിച്ചത്. മലിനീകരണമുണ്ടാക്കാത്ത വൈദ്യുതോല്‍പാദന മാര്‍ഗം എന്ന നിലയില്‍ സൗരോര്‍ജ പദ്ധതികളുടെ പ്രാധാന്യം ലോകമെങ്ങും തിരിച്ചറിഞ്ഞു കഴിഞ്ഞു. അളവറ്റ ഊര്‍ജത്തിന്റെ ഉറവിടമാണ് സൂര്യന്‍. സൗരോര്‍ജത്തെ സമര്‍ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ‘ക്ലീന്‍ എനര്‍ജി’ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയും.

ഡീസല്‍ പവര്‍പ്ലാന്റുകള്‍ അന്തരീക്ഷ മലിനീകരണത്തിനും താപവര്‍ദ്ധനവിനും കാരണമാകുമ്പോള്‍ ജലവൈദ്യുത പദ്ധതികള്‍ക്കായി നിര്‍മ്മിക്കുന്ന അണക്കെട്ടുകള്‍ ഭൂകമ്പത്തിനും മറ്റ് നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. ജൈവവൈവിധ്യം നശിക്കുന്നതിനും ആവാസവ്യവസ്ഥ താറുമാറാകുന്നതിനും നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശത്തിനും ജലവൈദ്യുത പദ്ധതികള്‍ കാരണമാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ചൈനയിലെ ത്രീ ഗോര്‍ജസ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. ഭൂമിയുടെ ഭ്രമണവേഗത കുറയുന്നതിനുപോലും ഈ ഭീമന്‍ ജലസംഭരണി കാരണമാകുന്നുണ്ട്. ആണവോര്‍ജ്ജ നിലയങ്ങളില്‍ നിന്നുളള വൈദ്യുതോല്‍പാദനം താരതമ്യേന അനായാസമാണെങ്കിലും ആണവ ചോര്‍ച്ച പോലെയുളള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. വിന്‍ഡ് മില്ലുകളും, തിരമാലയില്‍ നിന്നുളള വൈദ്യുതോല്‍പാദനവും അപകട സാധ്യത തീരെയില്ലാത്ത ഊര്‍ജ്ജോല്‍പാദന മാര്‍ഗങ്ങളാണ്. ഇന്ത്യ പോലെ ഭൂമധ്യരേഖാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതനിലയങ്ങളാണ് കൂടുതല്‍ അഭികാമ്യം.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പലതിലും ഇന്നും വൈദ്യുതി എത്തിയിട്ടില്ല. 2015 ലെ കണക്കുകള്‍ പ്രകാരം 55 ശതമാനം ഗ്രാമീണ ഭവനങ്ങള്‍ മാത്രമേ വൈദ്യുതീകരിച്ചിട്ടുളളൂ. 85 ശതമാനം ഗ്രാമീണ ഭവനങ്ങളിലും പാചകത്തിനുപയോഗിക്കുന്നത് വൈദ്യുതിയോ, എല്‍.പി.ജി. യോ അല്ല. വിറകും ചാണക വറളിയുമാണ്. പരമ്പരാഗത വൈദ്യുതോല്‍പാദന മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ മുഴുവന്‍ വൈദ്യുതീകരിക്കാന്‍ സാധിക്കില്ല. സോളാര്‍ എനര്‍ജി കൊണ്ടു മാത്രമേ ഇന്ത്യയിലെ ഗ്രാമങ്ങളുടെ വൈദ്യുതീകരണം സാധ്യമാവുകയുളളൂ. 2015 ആയപ്പോഴേക്കും ഗ്രാമങ്ങളില്‍ ഒരു ദശലക്ഷം സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്ണെണ്ണയുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇതിന് പുറമെ കുടിവെളളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി 30,256 സോളാര്‍ വാട്ടര്‍ പമ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. 2015 ല്‍ മാത്രം 1,18,700 ഗ്രാമീണ ഭവനങ്ങളില്‍ സോളാര്‍ വിളക്കുകള്‍ വെളിച്ചം പകരുന്നുണ്ട്. കൂടാതെ 46,655 തെരുവുകള്‍ സോളാര്‍ ലൈറ്റുകളാല്‍ അലങ്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇതേവര്‍ഷം തന്നെ ഇന്ത്യയൊട്ടാകെ 14 ലക്ഷം സോളാര്‍ കുക്കറുകള്‍ വില്‍ക്കപ്പെട്ടിട്ടുണ്ട്.

2016 ജനുവരിയില്‍ ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് ഗുര്‍ഗോണില്‍ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് എന്ന സംയുക്ത സംരംഭത്തിന് തറക്കല്ലിട്ടു. സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനത്തിന് വലിയ പ്രോത്സാഹനമാണ് ഇതിലൂടെ ലഭിക്കുന്നത്. 120 രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപകമാകുന്നതോടെ വൈദ്യുതോല്‍പ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇന്ന് ഏറ്റവും അധികം സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. 2011 ല്‍ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ ആരംഭിച്ച 5 മെഗാ വാട്ട് വൈദ്യുതോല്‍പ്പാദന നിലയത്തില്‍ നിന്ന് തുടങ്ങിയതാണ് ഈ വളര്‍ച്ച.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*