യൂജിന്‍ സെര്‍നന്‍;സ്വര്‍ഗലോകത്തു നടന്ന അവസാനത്തെ മനുഷ്യന്‍

സാബു ജോസ്
sabuഅപ്പോളോ ദൗത്യങ്ങളെന്നും മനുഷ്യന്റെ ചാന്ദ്രയാത്രയെന്നും കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുക ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ പേരായിരിക്കും. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്നതിലുപരിയായി ആംസ്‌ട്രോഗും ആല്‍ഡ്രിനും കോളിന്‍സും സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും ശാസ്ത്രലോകം കാണുന്നില്ല. യു.എസിന്റെ ചാന്ദ്രപര്യവേഷണ ദൗത്യമായ അപ്പോളോ പദ്ധതിയിലെ പതിനൊന്നാമത്തെ വിക്ഷേപണത്തിലാണ് ഈ മൂവര്‍സംഘം ചന്ദ്രോപരിതലത്തിലിറങ്ങയത്. അതിനുശേഷം നടന്ന ചാന്ദ്രദൗത്യങ്ങളില്‍ പത്തുപേര്‍കൂടി ചന്ദ്രനിലെത്തി വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ദൗത്യങ്ങളെല്ലാം ആംസ്‌ട്രോംഗ് സഞ്ചരിച്ച അപ്പോളോ-11 ദൗത്യത്തേക്കാള്‍ ശാസ്ത്രീയ പ്രാധാന്യമുള്ളവയാണ്. ഇതിലേറ്റവും വിജയകരമായ ശാസ്ത്രീയ ദൗത്യം അപ്പോളോ-17 ആണ്. ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലെത്തിയ യൂജിന്‍ ആന്‍ഡ്രൂ സെര്‍നന്‍ ആണ് ചന്ദ്രോപരിതലത്തില്‍ നടന്ന അവസാനത്തെ മനുഷ്യന്‍. ഇക്കഴിഞ്ഞ ജനുവരി 16 ന് അന്തരിച്ച സെര്‍നന്‍ ബഹിരാകാശസഞ്ചാരി, നേവി പൈലറ്റ്, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, എയ്‌നേനോട്ടിക്കല്‍ എഞ്ചിനിയര്‍, ഫൈറ്റര്‍ പൈലറ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.
അപ്പോളോ പദ്ധതിയുടെ ഭാഗമായി ചന്ദ്രനിലേക്ക് പറക്കാനായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പത് ബഹിരാകാശ സഞ്ചാരികളില്‍ ഭാഗ്യത്തിന്റെ പിന്‍തുണ കൂടുതലുണ്ടായതുകൊണ്ടാണ് ആംസ്‌ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയ ആ്വ്യ മനുഷ്യനായതും ആല്‍ഡ്രിനും കോളിന്‍സും ആ ചരിത്ര ദൗത്യത്തിന്റെ ഭാഗമായതും. ചന്ദ്രനില്‍ ഇറങ്ങുകയും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് അപ്പോളോ-11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും നല്‍കാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ന്നു നടന്ന ദൗത്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ചന്ദ്രനില്‍ ഏതാനും മണിക്കൂറുകളാണ് ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചെലവഴിച്ചതെങ്കില്‍ അപ്പോളോ-12 ദൗത്യം മനുഷ്യന് അനേകം മണിക്കൂറിര്‍ ചന്ദ്രനില്‍ കഴിയാമെന്നും പല ജോലികള്‍ ചെയ്യാമെന്നും തെളിയിച്ചു. അപ്പോളോ-13 ദൗത്യം പരാജയമായിരുന്നു. എന്നാല്‍ സഞ്ചാരികളെ അപകടം കൂടാതെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. അപ്പോളോ-14 ദൗത്യം ചന്ദ്രന്റെ ഉദ്ഭവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വസ്തുതകളും കണ്ടെത്തി. കൂടാതെ ചന്ദ്രനില്‍ നിന്നും 460 കോടി വര്‍ഷം പ്രായമുള്ള പാറകള്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു. അപ്പോളോ-15 ദൗത്യത്തിലാണ് ആദ്യമായി ലൂണാര്‍ റോവര്‍ എന്ന ചാന്ദ്രജീപ്പ് ചന്ദ്രോപരിതലത്തില്‍ ഓടിച്ചത്. 18 മണിക്കൂറാണ് ഈ ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനില്‍ ചെലവഴിച്ചത്. ചാന്ദ്ര പര്‍വത നിരകളിലൊന്നായ ദെക്കാര്‍ത്തയില്‍ സുരക്ഷിതമായി ഇറങ്ങി പരീക്ഷണങ്ങള്‍ നടത്തിയതാണ് അപ്പോളോ-16 ന്റെ ഏറ്റവും വലിയനേട്ടം. കൂടാതെ ചന്ദ്രഗോളം രൂപീകരിക്കപ്പെട്ട കാലം മുതല്‍ സൂര്യ രശ്മികള്‍ പതിച്ചിട്ടില്ലാത്ത ചാന്ദ്രധൂളി ശേഖരിച്ചു. ലൂണാര്‍ റോവര്‍ മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ ചന്ദ്രോപരിതലത്തിലൂടെ ഓടിച്ചു. ചന്ദ്രനിലെ 85 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൂന്ന് ദൗമദിനങ്ങള്‍ ചെലവഴിച്ച ശേഷമാണ് ഈ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങിയത്.

cernan
ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ-17. ഈ ദൗത്യത്തോടെ ആറുതവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേണ്‍-5 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബര്‍ 7ന് അന്താരാഷ്ട്ര സമയം 5.33 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് പേടകം ഇറങ്ങി. മൂന്ന് ഭൗമദിനങ്ങളും മൂന്ന് മണിക്കൂറുമാണ്. രണ്ട് യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ചിലവഴിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തിയത്. ദൗത്യത്തിന്റെ കമാന്‍ഡര്‍ യൂജിന്‍ സെര്‍നന്‍ ആയിരുന്നു. കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായ റൊണാള്‍ഡ് ഇവാന്‍സും, ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ ഷ്മിത്തുമായിരുന്നു മറ്റുയാത്രികര്‍, യൂജിന്‍ സെര്‍നനും, ഹാരിസണ്‍ ഷ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ റൊണാള്‍ഡ് ഇവാന്‍സ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ തന്നെ തുടര്‍ന്നു. സെര്‍നനും ഷ്മിത്തും ചന്ദ്രനില്‍ താപപ്രവാഹ പരീക്ഷണം നടത്തി. ചാന്ദ്രജീപ്പില്‍ യാത്ര ചെയ്തു. തെര്‍മോമീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. അഗ്നിപര്‍വതങ്ങളേക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ ധൂളിയില്‍ അവരുടെ കാലുകള്‍ 25 സെന്റിമീറ്ററോളം താഴ്ന്ന് പോയിരുന്നു. അവിടെ കണ്ടെത്തിയ ഇളം ചുമപ്പുനിറത്തിലുള്ള പാറകളില്‍ പിന്നീട് ജലസാന്നിധ്യം സ്ഥിരീകരിച്ചു. പേടകത്തില്‍ നിന്ന് ആദ്യം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത് യൂജിന്‍ സെര്‍നന്‍ ആണ്. ഹാരിസണ്‍ ഷ്മിത്ത് പിന്നീടാണ് ഇറങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ചന്ദ്രനില്‍ ഇറങ്ങിയ അവസാനത്തെ മനുഷ്യന്‍ ഹാരിസണ്‍ ഷ്മിത്ത് ആണെന്ന് പറയാം. എന്നാല്‍ പേടകത്തിലേക്ക് ആദ്യം തിരിച്ചുകയറിയതും ഹാരിസണ്‍ ഷ്മിത്ത് തന്നെയായിരുന്നു. ഏതാനും സമയത്തിനുശേഷമാണ് യൂജിന്‍ സെര്‍നന്‍ പേടകത്തിലേക്ക് മടങ്ങിയത്. അങ്ങനെ നോക്കുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ അവസാനമായി നടന്നത് യൂജിന്‍ സെര്‍നന്‍ ആണെന്നുപറയാം. 1972 ഡിസംബര്‍ 14 ന് അവര്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഡിസംബര്‍ 19 ന് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്തു.
ചന്ദ്രനില്‍ വച്ച് ഏറ്റവും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തുകയും കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തത് യൂജിന്‍ സെര്‍നന്‍ കമാന്‍ഡറായുള്ള ദൗത്യമാണ്. ആദ്യ ചാന്ദ്രയാത്രയുടെ പ്രശസ്തി പിന്നീട്ടുള്ള യാത്രകള്‍ക്ക് കിട്ടാത്തത് സ്വാഭാവികമാണ്. എന്നാല്‍ ശാസ്ത്രലോകത്ത് ഏറ്റവും മധികം ആദരിക്കപ്പെടുന്നത് അവസാനത്തെ ചാന്ദ്രയാത്രയാണ്. യൂജിന്‍ സെര്‍നന്‍ എന്ന ബഹിരാകാശ സഞ്ചാരിയുടെ പ്രതിഭ മുദ്രണം ചാര്‍ത്തിയ ജീവിതത്തിലൂടെയും മനുഷ്യന്റെ ചാന്ദ്രപര്യവേഷണങ്ങളിലൂടെയും ഒരിക്കല്‍ കൂടെ സഞ്ചരിക്കാം.
1934 മാര്‍ച്ച് 14 ന് ചിക്കാഗോയിലെ ഇല്ലിനോയിയിലാണ് യൂജിന്‍ സെര്‍നന്‍ ജനിച്ചത്. സ്ലൊവാക് വംശജനായ ആന്‍ഡ്രുവും ചെക്ക് വംശജയായ റോസുമാണ് മാതാപിതാക്കള്‍. പഠനത്തില്‍ സമര്‍ഥനായ യൂജിന്റെ വിനോദങ്ങള്‍ സ്‌പോര്‍ട്ട്‌സും, മീന്‍പിടിത്തവും, വേട്ടയാടലും, കുതിര സവാരിയുമെല്ലാമായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിലും എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറിംഗിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യൂജിന്‍ യു. എസ്. നാവിക സേനയില്‍ അംഗമായി. നേവി ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹം 5000 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. ഇതില്‍ 4800 മണിക്കൂറും ജെറ്റ് വിമാനങ്ങളായിരുന്നു. 1963ലാണ് ജെമിനി, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമാകാനായി സെര്‍നന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ നാസയിലുള്ള ജീവിതം. ജിം ലോവലിനും ജോണ്‍ യംഗിനും പുറമെ രണ്ടുതവണ ചാന്ദ്രയാത്ര നടത്തിയത്. യൂജിന്‍ സെര്‍നന്‍ മാത്രമാണ്. അപ്പോളോ-10 ലൂണാര്‍ ലാന്‍ഡിംഗ് ദൗത്യത്തിലും അപ്പോളോ-17 ദൗത്യത്തിലും സെര്‍നനായിരുന്നു മിഷന്‍ കമാന്‍ഡര്‍. 1969 മെയ് 26 ന് ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ അപ്പോളോ-10 പേടകം മണിക്കൂറില്‍ 39,897 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. മനുഷ്യനെയും വഹിച്ചുക്കൊണ്ടുള്ള യാത്രയില്‍ ഒരു ബഹിരാകാശ പേടകം കൈവരിച്ച ഏറ്റവും ഉയര്‍ന്ന വേഗതയാണിത്. ഹാരിസണ്‍ ഷ്മിറ്റ് എന്ന ശാസ്ത്രജ്ഞനെക്കൂടി അപ്പോളോ-17 ദൗത്യത്തിന്റെ ഭാഗമാക്കിയത് സെര്‍നന്റെ ശ്രമഫലമായാണ്.

cernan-and-crew
1976 ല്‍ നാസയില്‍ നിന്നു വിരമിച്ച സെര്‍നന്‍ പിന്നീട് ബിസിനസിലാണ് ശ്രദ്ധപതിപ്പിച്ചത്. ‘ദ് ലാസ്റ്റ് മാന്‍ ഓണ്‍ ദ മൂണ്‍’ ആണ് അദ്ദേഹത്തിന്റെ ജീവചരിത്രം. ബഹിരാകാശ പദ്ധതികള്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച ബരാക് ഒബാമയുടെ നയങ്ങളുടെ മുഖ്യ വിമര്‍ശകനായിരുന്നു സെര്‍നന്‍. അമേരിക്കന്‍ ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി, എക്‌സ്‌പെരിമെന്റല്‍ ടെസ്റ്റ് പൈലറ്റ്‌സ് സൊസൈറ്റി, നാഷണല്‍ എഞ്ചിനിയറിംഗ് സൊസൈറ്റി, നാഷണല്‍ സോഷ്യല്‍ ഫ്രാറ്റേണിറ്റി, എക്‌പ്ലോറേഴ്‌സ് ക്ലബ് എന്നീരസംഘടനകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും സെര്‍നന് ലഭിച്ചിട്ടുണ്ട്. യു. എസ്. ആസ്‌ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം, ഇന്റര്‍നാഷണല്‍രസ്‌പേസ് ഹാള്‍ ഓഫ് ഫെയിം, ഗ്രേറ്റ് അമേരിക്കന്‍ അവാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്.

അപ്പോളോ യാത്രകള്‍
അപ്പോളോ 1 മുതല്‍ 6 വരെ
ആദ്യത്തെ അപ്പോളോ വാഹനം 1967 ജനുവരി 27 ന് പ്രയാണ സജ്ജമായി. 14 ദിവസം ബഹിരാകാശത്തില്‍ ഭൂമിയെ ചുറ്റിപറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്. വെര്‍ജിന്‍ ഗ്രിസം, എഡ്വേര്‍ഡ് വൈറ്റ്, റോജര്‍ ഷാഫി എന്നിവര്‍ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയില്‍ തീപിടിച്ചതുകൊണ്ട് ലക്ഷ്യം നേടാതെ മൂന്നുയാത്രികരും കൊല്ലപ്പെട്ടു. വൈദ്യുത ബന്ധങ്ങള്‍ക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടര്‍ന്നു നടന്ന മൂന്ന് അപ്പോളോ ദൗത്യങ്ങളിലും മനുഷ്യര്‍ കയറിയിരുന്നില്ല. അപ്പോളോ 4 (1967 നവംബര്‍ 9) മാതൃപേടശം, എന്‍ജിനുകളും സാറ്റേണ്‍ 5 റോക്കറ്റും പരീക്ഷിക്കുന്നതിനായി പറന്നു. അപ്പോളോ 5 (1968 ജനുവരി 22) ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങള്‍ പരീക്ഷണവിധേയമാക്കി. അപ്പോളോ 6 (1968 ഏപ്രില്‍ 4) അപ്പോളോ വാഹനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിരീക്ഷണ വിധേയമാക്കി. ഈ പരീക്ഷണ പറക്കലുകളില്‍ നേരിട്ട പ്രയാസങ്ങള്‍ പരിഹരിച്ചുകൊണ്ട് 1968 ഒക്‌ടോബര്‍ 11 ന് അപ്പോളോ പദ്ധതിയില്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം യാത്രതിരിച്ചു.
അപ്പോളോ 7
1968 ഒക്‌ടോബര്‍ 11 ന് അപ്പോളോ 7 ബഹിരാകാശത്തേക്ക് യാത്രതിരിച്ചു. യാത്രികരായ വാള്‍ട്ടര്‍ എം. ഷിറാ ജൂനിയര്‍, ഡോണ്‍ എഫ്, ഐസല്‍, റോണി വാള്‍ട്ടര്‍ കണ്ണിങ്ഹാം എന്നിവര്‍ 11 ദിവസം ബഹിരാകാശയാത്ര നടത്തിയശേഷം ഒക്‌ടോബര്‍ 22 ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി . വാഹനവും അതിലെ യാത്രക്കാരും ബഹിരാകാശത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7 ന്റെ മുഖ്യ ലക്ഷ്യം.

അപ്പോളോ 8
അപ്പോളോ വാഹനം ഭൂമിയുടെ ആകര്‍ഷണത്തില്‍ നിന്ന് അകന്ന് ചാന്ദ്രമണ്ഡലത്തില്‍ എത്തുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പരീക്ഷിക്കുന്നതിനായി അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസംബര്‍ 21 ന് ഫ്രാങ്ക് ബോര്‍മാന്‍, ജെയിംസ് ലോവല്‍, വില്യം ആന്‍ഡേഴ്‌സ് എന്നിവര്‍ ഇതില്‍ ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. അപ്പോളോ 8 ചന്ദ്രനില്‍ നിന്ന് 112 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്കയച്ചു. ചന്ദ്രനെ 10 തവണ പ്രദക്ഷിണം വച്ച ശേഷം ഡിസംബര്‍ 27 ന് ചാന്ദ്രയാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി.

അപ്പോളോ 9
ചന്ദ്രനില്‍ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെ ആകര്‍ഷണ മണ്ഡലത്തില്‍ വച്ചും ചന്ദ്രന്റെ ആകര്‍ഷണമണ്ഡലത്തില്‍വെച്ചും പരീക്ഷിച്ചുനോക്കുന്നതിനുള്ള ദൗത്യമായ അപ്പോളോ 9, 1969 മാര്‍ച്ച് 3 ന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡവിറ്റ്, ഡേവിഡ് സ്‌കോട്ട്, റസ്സല്‍ ഷൈക്കാര്‍ട്ട് എന്നിവരാണ് ഇതില്‍ യാത്രചെയ്തത്. ഭൂമിയുടെ ആകര്‍ഷണ പരിധിയില്‍ വച്ച് ചാന്ദ്രപേടകം മാതൃപേടകത്തില്‍നിന്ന് വേര്‍പെടുത്തി. പിന്നീട് ഇവ പുന:സന്ധിച്ച ശേഷം മാര്‍ച്ച് 13 ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങി.

അപ്പോളോ 10
സന്ധിക്കലും വേര്‍പെടലും ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ വച്ച് പരീക്ഷിച്ചു നോക്കാനായി 1969 മെയ് 18 ന് അപ്പോളോ 10 ചാന്ദ്രമണ്ഡലത്തിലേക്ക് യാത്രതിരിച്ചു. തോമസ് പി. സ്റ്റാഫോര്‍ഡ്, യൂജിന്‍ സെര്‍ണാന്‍, ജോണ്‍ യംഗ് എന്നിവരായിരുന്നു യാത്രികര്‍. ചന്ദ്രോപരിതലത്തില്‍ നിന്നും 15 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന പേടകം അപ്പോളോ 11 ഇറങ്ങേണ്ട പ്രദേശത്തിന്റെ ചിത്രങ്ങളെടുത്തു. മെയ് 26 ന് പേടകം ഭൂമിയില്‍ തിരിച്ചെത്തി.

അപ്പോളോ 11
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. ശീതയുദ്ധകാലത്തെ ബഹിരാകാശമത്സരങ്ങളില്‍ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുനത്തപ്പെട്ടു. 1969 ജൂലൈ 16 ന് ഫ്‌ളോറിഡയില്‍ നിന്നും വിക്ഷേപിക്കപ്പെട്ട ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോംഗ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. ഈഗിള്‍ എന്ന ചാന്ദ്രപേടകത്തില്‍ ജൂലൈ 20ന് ആംസ്‌ട്രോംഗ്, ആല്‍ഡ്രിന്‍ എന്നിവര്‍ചന്ദ്രനില്‍ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവര്‍ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിട്ടും അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തില്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. ജൂലൈ 24 ന് മൂവരും ഭൂമിയില്‍ തിരിച്ചെത്തി.

അപ്പോളോ 12
1969 നവംബര്‍ 14 ന് യാത്രതിരിച്ചു. റിച്ചാര്‍ഡ് ഗോര്‍ഡന്‍, അലന്‍ എം ബീന്‍, ചാള്‍സ് കോണ്‍റാഡ് ജൂനിയര്‍ എന്നിവരായിരുന്നു യാത്രികര്‍. ചന്ദ്രനിലെ ‘കൊടുങ്കാറ്റുകളുടെ കടല്‍’ എന്നു പേരിട്ട് സഥലത്താണ് ചാന്ദ്ര പേടകം ഇറക്കിയത്. 1967 ഏപ്രില്‍ മാസത്തില്‍ ചന്ദ്രനിലിറങ്ങിയ സര്‍വേയര്‍ 3 എന്ന പേടകത്തിലെ ക്യാമറയും മറ്റു ചില ഭാഗങ്ങളും അഴിച്ചെടുത്തു കൊണ്ടുവന്നു. ചന്ദ്രനിലെ പരിസ്ഥിതി അവയെ എങ്ങനെ ബാധിക്കുന്നു എനനു പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോളോ 12 നവംബര്‍ 24 ന് ഭൂമിയില്‍ തിരിച്ചെത്തി.

അപ്പോളോ 13
1970 ഏപ്രില്‍ 11 ന് ജെയിംസ് എ. ലോവല്‍, ഫ്രെഡ് ഹോയ്‌സ്, ജോണ്‍ എല്‍. സിഗെര്‍ട്ട് എന്നീ യാത്രികര്‍ അപ്പോളോ 13 ല്‍ യാത്രതിരിച്ചു. ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഏപ്രില്‍ 14 ന് ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ സ്‌ഫോടനം നിമിത്തം അപ്പോളോ 13 അപകടത്തിലായി. അപ്പോളോ 13 ദൗത്യം പരാജയപ്പെട്ടുവെങ്കിലും സഞ്ചാരികെള ജീവനോടെ തിരിച്ചെത്തിക്കുവാന്‍ കഴിഞ്ഞു. ചന്ദ്രനെ ഭ്രമണം ചെയ്ത് തിരികെ വന്ന പേടകം ഏപ്രില്‍ 17 ന് ശാന്തസമുദ്രത്തില്‍ ഇറങ്ങി.

അപ്പോളോ 14
1971 ജനുവരി 31 ന് യാത്ര തിരിച്ച അപ്പോളോ 14 ല്‍ അലന്‍ റഷപ്പേര്‍ഡ്, സ്റ്റുവര്‍ട്ട് റൂസാ, എഡഗാര്‍ മിഷേല്‍ എന്നിവരായിരുന്നു യാത്രികര്‍. ഫെബ്രവരി 5 ന് പേടകം ചന്ദ്രനിലെ ഒരു കുന്നില്‍ പുറത്തിറങ്ങി. ചന്ദ്രന്റെ ഉദ്ഭവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വസ്തുകളും അപ്പോളോ 14 ന് കണ്ടെത്താന്‍ കഴിഞ്ഞു. ചന്ദ്രനില്‍ നിന്ന് 46 കോടി വര്‍ഷം പ്രായമുള്ള പാറകള്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഫെബ്രുവരി 9 ന് അപ്പോളോ 14 ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി.

അപ്പോളോ 15
1971 ജൂലൈ 26 ന് അപ്പോളോ 15 യാത്രതിരിച്ചു. ഡേവിഡ് സ്‌കോട്ട്, ജെയിംസ് ഇര്‍വിന്‍, ആല്‍ഫ്രഡ് വോര്‍ഡന്‍ എന്നിവരായിരുന്നു യാത്രികര്‍. ആദ്യമായി ചന്ദ്രോപരിതലത്തില്‍ മൂണ്‍ റോവര്‍ എന്നൊരു വാഹനം ഓടിക്കാന്‍ കഴിഞ്ഞതാണ് ഈ യാത്രയിലെ പ്രധാന നേട്ടം. ഓഗസ്റ്റ് 7 ന് അപ്പോളോ 15 സുരക്ഷിതമായി ശാന്തസമുദ്രത്തില്‍ ഇറങ്ങി.

അപ്പോളോ 16
1971 ഏപ്രില്‍ 16 ന് ജോണ്‍യംഗ് , തോമസ് മാറ്റിംഗ്ലി, ചാള്‍സ് എം.ഡ്യൂക് എന്നീ യാത്രികരുമായി അപ്പോളോ 16 പുറപ്പെട്ടു. ഏപ്രില്‍ 21 ന് ചാന്ദ്ര പര്‍വത നിരകളില്‍ ഒന്നായ ‘ദെക്കാര്‍ത്തെ’ യില്‍ ചാന്ദ്രപേടകം ഇറങ്ങി. ചന്ദ്രഗോളം ഉദ്ഭവിച്ച കാലം മുതല്‍ സൂര്യരശ്മി പതിച്ചിട്ടില്ലാത്ത ഭാഗത്തെ ചാന്ദ്രധൂളി അവര്‍ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചു. ഏപ്രില്‍ 27 ന് അപ്പോളോ 16 ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി വന്നിറങ്ങി.

അപ്പോളോ 17
1972 ഡിസംബര്‍ 7 ന് യൂജിന്‍ സെര്‍ണാന്‍, ഹാരിസണ്‍ ഷ്മിറ്റ്, റൊണാള്‍ഡ് ഇവാന്‍സ് എന്നീയാത്രികരുമായി അപ്പോളോ 17 യാത്ര തിരിച്ചു. അവരോടൊപ്പം അഞ്ച് എലികളും യാത്രികരായുണ്ടായിരുന്നു. എലികള്‍ മാതൃപേടകത്തില്‍ റൊണാള്‍ഡ് ഇവാന്‍സിനൊപ്പം 90 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ വലംവച്ചു. അഗ്നിപര്‍വതങ്ങളേക്കുറിച്ചുള്ള പഠനവും ചന്ദ്രന്റെയും സൗരയൂഥത്തിന്റെയും ഉല്‍പത്തിയേക്കുറിച്ചുള്ള പഠനവുമായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. ഇതോടെ ആറുതവണയായി 12 പേര്‍ ചന്ദ്രനില്‍ കാലുകുത്തി. ആദ്യമായി ഒരു ശാസ്ത്രജ്ഞര്‍ ചന്ദ്രനില്‍ പോയത് അപ്പോളോ 17 ദൗത്യത്തിലായിരുന്നു. ഈ ദൗത്യത്തോടെ അപ്പോളോ പദ്ധതിക്ക് വിരാമമായി.
1966 മുതല്‍ 3,50,000 ആളുകള്‍ അപ്പോളോ വാഹനങ്ങളും സാറ്റേണ്‍റോക്കറ്റും മറ്റു സാമഗ്രികളും നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോളോയുടെ മാതൃപേടകത്തില്‍ തന്നെ ഏതാണ്ട് ഇരുപത് ലക്ഷം സൂക്ഷ്മ ഭാഗങ്ങളുണ്ട്. അപ്പോളോ യാത്രയ്ക്കു വേണ്ടി വന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാര്‍ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാം എന്ന് കണക്കാക്കപ്പെടുന്നു. കോടിക്കണക്കിനു ഡോളര്‍ ഓരോ അപ്പോളോ പ്രയാണത്തിനും ചെലവായിട്ടുണ്ട്.

അപ്പോളോ പദ്ധതിയുടെ പ്രയോജനങ്ങള്‍
അപ്പോളോ പദ്ധതി അനവധി സാങ്കേതിക പഠനങ്ങള്‍ക്ക് വഴിതെളിച്ചു. അപ്പോളോയുടെ ചാന്ദ്ര- മാതൃ പേടകങ്ങള്‍ പറക്കലിനായി ഉപയോഗിച്ച കംപ്യൂട്ടര്‍ മാതൃകകളാണ് സഞ്ചിത പരിപഥങ്ങളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പ്രേരകശക്തി. അപ്പോളോയില്‍ ഉപയോഗപ്പെടുത്തിയ ഇന്ധന സെല്ലാണ് ആദ്യത്തെ പ്രായോഗിക ഇന്ധന സെല്‍. കംപ്യൂട്ടര്‍ നിയന്ത്രിത യന്ത്രവത്ക്കരണവും ആദ്യമായി ഉപയോഗപ്പെടുത്തിയത് അപ്പോളോയുടെ ഘടകഭാഗങ്ങളുടെ നിര്‍മാണത്തിനാണ്. ഭൂമിയുടെ ഉദ്ഭവത്തെയും പ്രപഞ്ച രഹസ്യങ്ങളെയും പറ്റി അമൂല്യമായ അറിവു സമ്പാദിക്കാന്‍ ചാന്ദ്രപഠനം ഉപകരിച്ചു. ഭൂമിയില്‍ ലഭ്യമായ മൂലകങ്ങളുടെ സ്രോതസ്സ് ക്ഷയിച്ചു വരുന്നതോടെ ചാന്ദ്രഗര്‍ഭത്തില്‍ നിന്ന് അമൂ്യലലോഹങ്ങള്‍ കുഴിച്ചെടുത്തു കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം. ചന്ദ്രനില്‍ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് മനുഷ്യാധിവാസത്തിന് സൗകര്യം ഉണ്ടാക്കാമെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ചന്ദ്രനെ ഒരു ബഹിരാകാശ ഇടത്താവളമായി ഉപയോഗിച്ച് മനുഷ്യന് ഒരു കാലത്ത് വിദൂര നക്ഷത്രലോകങ്ങളിലേക്ക് യാത്ര ചെയ്യാനും പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും ജീവനുണ്ടോ എന്നു കണ്ടുപിടിക്കാനും കഴിഞ്ഞേക്കാം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*