ഈ രാജാവ് ഒരു ഒന്നൊന്നര വേട്ടക്കാരനാ…

 

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പരമ്പര സയന്‍സ് വാലിയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു

മജീഷ് ചാക്കോ

majeesh chackoകിംഗ് കോബ്ര പേര് പോലെ തന്നെ ഉരഗങ്ങളിലെ രാജാവ്. കരയില്‍ ജീവിക്കുന്ന വിഷമുള്ള പാമ്പ് വര്‍ഗങ്ങളില്‍ ഏറ്റവും നീളം കൂടിയ ജീവി  . ഏകദേശം 5മീറ്ററില്‍ അധികം നീളവും 8കിലോഗ്രാം ഭാരവും ഉണ്ടാകും പൂര്‍ണ വളര്‍ച്ച എത്തിയവയ്ക്ക്. നാഡിവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷം ഉള്ള ഇവയുടെ ഒരു കടിയേറ്റാല്‍ ഏകദേശം മുപ്പത് മിനിട്ടിനുള്ളില്‍ ഒരു മനുഷ്യന്‍ മരണപ്പെട്ടെക്കാം. മനുഷ്യാവാസ പ്രദേശങ്ങളില്‍ ഇവ പരമാവധി സമ്പര്‍ക്കം ഒഴിവാക്കാറുണ്ട്. രാജവെമ്പാല പ്രധാനമായും വസിച്ചുപോരുന്നതു് ഇന്ത്യന്‍ ഉപഭൂഖണ്ഡം (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ്. നമ്മുടെ നാട്ടില്‍ വയനാടന്‍ കാടുകളില്‍ ഇവയെ ധാരാളമായി കാണാം.

കിംഗ് കൊബ്രയുടെ പ്രധാനഭക്ഷണം മറ്റു പാമ്പുകള്‍ തന്നെയാണ്. വിഷമുള്ളവ ആണോ അല്ലയോ എന്നതൊന്നും മൂപ്പര്‍ക്ക് പ്രശ്‌നമല്ല. ഏകദേശം നൂറു മീറ്റര്‍ അകലെവരെയുള്ള കാഴ്ച്ചശക്തി, ബുദ്ധികൂര്‍മ്മത, അന്തരീക്ഷത്തിലെ പ്രകമ്പനങ്ങള്‍ വളരെവേഗം തിരിച്ചറിയാനുള്ള കഴിവ് എന്നിവ ഇവയെ വളരെ നല്ലൊരു വേട്ടക്കാരന്‍ ആക്കുന്നു. രാജവെമ്പാലയുടെ വേട്ടയാടല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അവയുടെ ബുദ്ധിശക്തി. പൊതുവേ വിഷം കുറഞ്ഞ പാമ്പുകളെ ശരീരത്തിന്റെ ഏത് ഭാഗത്തും ആക്രമിക്കുമെങ്കിലും വിഷം കൂടിയവരെ കൃത്യം തലയില്‍ തന്നെ കടിക്കും. വിഷമുള്ളവ തിരിച്ചു ആക്രമിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ ആണത്. വിഷം ഇരയുടെ ശരീരത്തിലേക്ക് ഇന്‍ജെക്റ്റ് ചെയ്തു മരണം ഉറപ്പ് വരുത്തുന്നത് വരെ തലയില്‍ നിന്നുള്ള കടി വിടുകയില്ല. ഇര നിശ്ചലമായ ശേഷം അവയെ പൂര്‍ണ്ണമായും വിഴുങ്ങും. കണ്ണുകള്‍ക്ക് പുറകില്‍ ഉള്ള ഉമിനീര്‍ ഗ്രന്ധിയില്‍ നിന്നും ഉല്‍പാദിക്കപ്പെടുന്ന വിഷം ഒരേ സമയം 7മില്ലി വരെ ഇരയിലെക്ക് ഇന്‍ജെക്റ്റ് ചെയ്യാറുണ്ട്. ഒരു ആനയെ വരെ ഒരു മണിക്കൂറിനുള്ളില്‍ കൊല്ലുവാന്‍ ഇത്രയും വിഷം ധാരാളം മതിയാകും.

ആണ്‍വര്‍ഗത്തില്‍ ഉള്ള രാജവെമ്പാലകള്‍ പൊതുവേ പരസ്പരം വിഷം ഉപയോഗിച്ച് ആക്രമിക്കാറില്ല. രണ്ടുപേര്‍ തമ്മില്‍ യുദ്ധം ഉണ്ടായാല്‍ പത്തി ഉപയോഗിച്ച് പരസ്പരം യുദ്ധം ചെയ്യുകയാണ് പതിവ്.

വര്‍ഷത്തില്‍ അഞ്ചോളം തവണ കിങ്ങിനു അതിന്റെ തോല്‍ മാറ്റേണ്ടി വരുന്നു. നന്നായി ഭക്ഷണവും വെള്ളവും അകത്താക്കിയ ശേഷം അടുത്തുള്ള മാളത്തില്‍ പോയി വസിക്കും. കിംഗ് വന്നാല്‍ മറ്റു ജീവികള്‍ മാളം ഒഴിയുകയാണ് പതിവ്. കണ്ണുകള്‍ എല്ലാം മൂടപ്പെടും. ഏകദേശം 10 ദിവസത്തിനു ശേഷം കണ്ണു മൂടപ്പെട്ട പാട പതിയെ പൊളിഞ്ഞു നീങ്ങും. അപ്പോള്‍ മൂപ്പര്‍ പതിയെ വെളിയില്‍ ഇറങ്ങും. അടുത്തുള്ള ഏതെങ്കിലും പാറയിലോ മരത്തിലോ ഉരച്ചു പഴയ സ്‌കിന്‍ ഇളക്കിക്കളയും.

പ്രജനന കാലം അടുക്കുമ്പോള്‍ ഇണയെ തേടുന്നതും വളരെ രസകരമായ സംഗതി ആണ്. പെണ്‍രാജവെമ്പാലയെ കണ്ടുമുട്ടുമ്പോള്‍ മറ്റു ജീവികളെപ്പോലെ ഉടനെ ഇണയുടെ അടുത്തേക്ക് കിംഗ് പോകാറില്ല. രാജ്ഞി അങ്ങനെ അടുപ്പിക്കുകയുമില്ല. വളരെ സാവധാനം അടുത്തു ചെന്ന് വാലിലും ദേഹത്തും ഉരസി ആഗ്രഹം അറിയിക്കും. മേറ്റിംങ്ങിനു താല്‍പര്യം ഉണ്ടെങ്കില്‍ പെണ്ണ് വളരെ പതുക്കെ അടുക്കും. ഇല്ലെങ്കില്‍ ആക്രമണ ഭാവത്തില്‍ എതിര്‍ക്കും. ഏകദേശം 3 മണിക്കൂര്‍ വരെ ഇവ ഇണചേരാറുണ്ട്.

പിന്നീട് രണ്ടുപേരും രണ്ടു വഴിക്ക് പിരിയും. പെണ്ണ് മുട്ട ഇടുവാന്‍ പാകത്തില്‍ ഉള്ള സ്ഥലം നോക്കി കണ്ടുപിടിക്കും. തുടര്‍ന്ന് മുട്ടയിടുവാനും അടയിരിക്കുവാനും പാകത്തില്‍ ഉള്ള കൂട് ഉണ്ടാക്കും. ഉണങ്ങിയ കരിയിലകള്‍ തന്റെ വാല്‍ കൊണ്ട് ചുരുട്ടി ചുരുട്ടി നല്ല ഊഷ്മാവ് നിലനില്‍ക്കുന്ന രീതിയില്‍ കൂട് ഉണ്ടാക്കും. കൂട് ഉണ്ടാക്കി മുട്ടയിടുന്ന ഏക പാമ്പ് ആണ് രാജവെമ്പാല. കൂടിനുള്ളിലെ ഊഷ്മാവ് ഏകദേശം 28 ത്ഥഇ ഉണ്ടാകും. ഒരു തവണ ഏകദേശം 2040മുട്ടകള്‍ ഇടാറുണ്ട്. അടയിരിക്കുമ്പോള്‍ പെണ്ണ് കൂടുതല്‍ അപകടകാരിയായി മാറും. പൊതുവേ ശത്രുവായ കീരികള്‍ പോലും വഴിമാറി പോവുകയാണ് പതിവ്. രണ്ടു മാസത്തിനു ശേഷം മുട്ടകള്‍ വിരിയാറാകുമ്പോള്‍ പെണ്‍രാജവെമ്പാല കൂട് ഉപേക്ഷിച്ചു പോവുകയാണ് പതിവ്. കാരണം പ്രകൃത്യാ അവയുടെ ഇഷ്ടഭക്ഷണം പാമ്പുകള്‍ ആണല്ലോ.

പാമ്പിന്‍ കുഞ്ഞുങ്ങള്‍ മുട്ടയുടെ പുറംതോല് പൊട്ടിച്ചു തല പുറത്തേക്കിട്ടു അന്തരീക്ഷവുമായി ഇണങ്ങിയ ശേഷം പതുക്കെ വെളിയില്‍ ഇറങ്ങി അടുത്തുള്ള മരത്തിന്റെ ശാഖയിലോ മറ്റോ സേഫ് സോണ്‍ കണ്ടെത്തി വിശ്രമിക്കും. ഏകദേശം അര മീറ്ററിനു അടുത്തു വലുപ്പം ഉണ്ടാവും ഓരോന്നിനും. മുതിര്‍ന്ന ഒരു കിംഗ് കൊബ്രയുടെ അത്ര തന്നെ വിഷവീര്യം ഉണ്ടാവും കുഞ്ഞുങ്ങള്‍ക്കും. വിശന്നു തുടങ്ങുമ്പോള്‍ കുട്ടികള്‍ പതുക്കെ താഴേയ്ക്ക് ഇറങ്ങി വേട്ട തുടങ്ങും….

മനുഷ്യര്‍ ഇവയെ വന്‍തോതില്‍ വേട്ടയാടാറുണ്ട്. വനനശീകരണം മൂലവും ഔഷധാവിശ്യത്തിനുമായി വന്‍ തോതില്‍ കൊന്നൊടുക്കുന്നതുകൊണ്ടും രാജവെമ്പാലയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2012ല് International Union for Conservation of Nature രാജവെമ്പാലയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*