ശാസ്ത്രലോകത്തിന് പ്രകൃതി നല്‍കിയ സമ്മാനം

ഡോ. ആനന്ദ് എസ് മഞ്ചേരി
ശാസ്ത്രത്തിലെ മൂന്ന് നോബല്‍ സമ്മാനങ്ങള്‍ക്ക് കാരണമായിട്ടുള്ള ജീവിയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു.മൂന്ന് ദിവസം കൊണ്ട് പൂര്‍ണവളര്‍ച്ച എത്തുന്ന, വെറും ഒരു മില്ലിമീറ്റര്‍ മാത്രം നീളമുള്ള ഒരു കൊച്ചു മൈക്രോസ്‌കോപിക് ജീവിയായ Caenorhabditis Elegansയാണത്. കണ്ടാല്‍ ലുക്ക് ഒന്നും ഇല്ലെങ്കിലും  ജൈവശാസ്ത്രലോകത്തെ ഒരു സെലെബ്രിറ്റി യാണ്  കക്ഷി.  ജൈവശാസ്ത്രം ഏറ്റവും ആഴത്തില്‍ പഠിച്ചിട്ടുള്ള ജീവിയും, ജൈവശാസ്ത്രത്തെ ഏറ്റവും കൂടുതല്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ള ജീവിയും ഒരുപക്ഷെ ഈ കുഞ്ഞന്‍ ആയിരിക്കും. ശരീരകോശങ്ങള്‍ സുതാര്യമാണ് എന്നതാണ് ഈ ജീവിയുടെ പ്രധാനപ്രത്യേകതകളില്‍ ഒന്ന്. ശരീരകോശങ്ങളുടെ എണ്ണം കൃത്യമായ ഒരു സംഖ്യ ആണ് എന്നതാണ് മറ്റൊന്ന്. ആണും ഹെര്‍മഫ്രോടൈറ്റ് എന്നും രണ്ടു ലിംഗങ്ങള്‍ ആണ് ഈ ജീവിക്കുള്ളത്. കൃത്യം 959 കോശങ്ങള്‍ ആണ് ഹെര്‍മാഫ്രോടൈറ്റ് ലിംഗത്തിന് ഉള്ളത്. ആണ്‍ ലിംഗത്തിലെ ജീവികള്‍ക്ക് 1031 കോശങ്ങളും. അവയില്‍ 302 എണ്ണം ന്യൂറോണ്‍ കോശങ്ങള്‍ ആണ്. ഇവയുടെ നാഡീവ്യൂഹഘടനയും പൂര്‍ണമായി മാപ് ചെയ്യാന്‍ സാധിച്ചു. ജീവിയുടെ ഓരോ തരം സ്വഭാവവും ഒരോ തരം നാഡീകോശ ഘടന കാരണമാണെന്ന് നേരിട്ട് നിരീക്ഷിക്കാനായത് ന്യൂറോളജിയിലെ സുപ്രധാനമായ ഒരു നേട്ടമായിരുന്നു. ആറു ജോഡി ക്രോമോസോമുകള്‍ ഉള്ള ഇവയുടെ ജീന്‍ ഘടനയും 1998 ഓടെ പൂര്‍ണമായി മാപ് ചെയ്യാന്‍ സാധിച്ചു.
ഏകകോശത്തില്‍ നിന്ന് മുഴുവന്‍ കോശങ്ങളും ഉള്ള പൂര്‍ണ ജീവി ആയി വളരുന്നതിന്റെ കോശവിഭജനഘടന 1960 കളില്‍ പൂര്‍ണമായും മാപ്പ് ചെയ്യുകയുണ്ടായി. കൂടെ കോശവിഭജനവും കോശവളര്‍ച്ചയും ആയി ബന്ധപ്പെട്ട നിരവധി ജീനുകളേയും കണ്ടെത്താനായി. ഈ നേട്ടത്തിന് 2002 ല്‍ Sydney Brenner, H. Robert Horvtiz, John Sulston എന്നിവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചു. The 2006ല്‍ Andrew Fire, Craig C. Mello എന്നിവര്‍ക്ക് ഈ ജീവിയുടെ ജീനോമില്‍ നടത്തിയ പഠനങ്ങളുടെ ഭാഗമായി RNA interference എന്ന ഒരു പ്രധാനപ്രതിഭാസം കണ്ടെത്താനായത്തിന് നോബല്‍ സമ്മാനം ലഭിച്ചു. അള്‍ട്രാവയലറ്റ് രശ്മികളുടെ സാനിധ്യത്തില്‍ നീല നിറത്തില്‍ തിളങ്ങുന്ന ഫ്‌ലൂറസെന്റ് പ്രോട്ടീനുകളും ഇവയുടെ ശരീരത്തില്‍ ഉണ്ട്. ഇവയില്‍ നടത്തിയ പഠനങ്ങള്‍ക്ക് 2008ല്‍ Martin Chalfie ക്ക് കെമിസ്ട്രിയിലും നോബല്‍ ലഭിച്ചു.
‘ശാസ്ത്രലോകത്തിനുള്ള പ്രകൃതിയുടെ സമ്മാനം’ എന്നാണ് സിഡ്‌നി ബ്രെന്നെര്‍ തന്റെ നോബല്‍ പുരസ്‌കാര സ്വീകരണ പ്രസംഗത്തിന് പേര് കൊടുത്തത്. അഞ്ചു പതിറ്റാണ്ട് കൊണ്ട് embryology, neurology, genetics എന്നീ മേഖലകളിലെ പ്രധാനപ്പെട്ട പല കണ്ടുപിടിത്തങ്ങള്‍ക്കും കാരണമായ ഈ ജീവിക്കുള്ള ഒരു ആദരസൂചകം എന്ന നിലയില്‍ ആണ് ഈ പ്രസംഗം ശാസ്ത്രലോകം കാണുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*