സൗരയൂഥത്തിന്റെ ഉല്‍പത്തി രഹസ്യം തേടി ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍

സാബു ജോസ്

sabuസൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാന്‍ നാസ ഒരുങ്ങുന്നു. 2017 ജനുവരി 4 ന് നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും. ലൂസി ദൗത്യം വ്യാഴത്തിന്റെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്തുമ്പേള്‍ പൂര്‍ണമായും ലോഹനിര്‍മിതമായ ഛിന്നഗ്രഹമായ 16 സൈക്കി യാണ് സൈക്കി ദൗത്യം നിരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴത്തിന്റെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ കുരുങ്ങിക്കിടക്കുന്ന ട്രോജന്‍ ഛിന്നഗ്രങ്ങള്‍ക്ക് സൗരയൂഥത്തിന്റെ പ്രായം തന്നെയുണ്ട്. ഇവയ്ക്ക് സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും രൂപവും തന്നെയാണ് ഇപ്പോഴുമുള്ളത്. അതുമാത്രവുമല്ല ഇവ സൗരയൂഥത്തിന്റെ പലഭാഗത്തായി രൂപപ്പെട്ടവയാണ്. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ബലം കാരണം ഗ്രഹത്തിന്റെ സൂര്യനു ചുറ്റുമുള്ള പ്രദക്ഷിണ പഥം പങ്കിടുന്നവയാണിവ. ആദ്യമായാണ് ഒരു ലോഹനിര്‍മിതമായ ഛിന്നഗ്രഹത്തിലേക്ക് ഒരു കൃത്രിമ ഉപഗ്രഹം അയ്‌യക്കുന്നത്. ഈ ബഹുമതി സൈക്കി സ്വന്തമാക്കും. ഈ രണ്ടു ദൗത്യങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനം സൗരയൂഥത്തിന്റെ രൂപീകരണത്തേക്കുറിച്ച് കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ഒക്‌ടോബറില്‍ ലൂസി ദൗത്യം വിക്ഷേപിക്കപ്പെടും. സൗരയൂഥത്തിന്റെ പിറവി രഹസ്യങ്ങള്‍ തിരയുന്ന ദൗത്യത്തിന് മനുഷ്യ പൂര്‍വികനായി കരുതുന്ന ലൂസിയുടെ പേരിടുന്നത് തീര്‍ത്തും അനുയോജ്യമാണ്. 2025 ല്‍ പേടകം ആസ്റ്ററോയ്ഡ് ബെല്‍ട്ടില്‍ പ്രവേശിക്കും. 2027 മുതല്‍ 2033 വരെ ആറ് ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ പേടകം നിരീക്ഷണം നടത്തും. ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ നിരീക്ഷണം നടത്താനായി അയക്കുന്ന ആദ്യ ദൗത്യമാണ് ലൂസി. നാസയുടെ വിഖ്യാത ദൗത്യമായ ന്യൂ ഹൊറൈസണ്‍സിന്റെയും, ഛിന്നഗ്രഹത്തില്‍ ആദ്യമായി പര്യവേഷണം നടത്തിയ ഒസിറിസ് – റെക്‌സിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരാണ് ലൂസി ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്.
സൈക്കി ദൗത്യത്തിനും വളരെയധികം ശാസ്ത്രീയ പ്രാധാന്യമുണ്ട്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണമായ ലോഹനിര്‍മിതമായ ഏക ഛിന്നഗ്രഹമാണ് 16 സൈക്കി. 210 കിലോമീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം പൂര്‍ണമായും നിക്കലും ഇരുമ്പും കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ കോറിനോട് സാദൃശ്യമുണ്ട് ഇതിന്. 2023 ലാണ് സൈക്കി ദൗത്യം വിക്ഷേപിക്കപ്പെടുന്നത്. 2023 ല്‍ പേടകം ഛിന്നഗ്രഹത്തിലെത്തും. ഭൂകേന്ദ്രത്തേക്കുറിച്ച് നമുക്ക് ഏകദേശ ധാരണയുണ്ടെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ഭൗമാന്തര്‍ഭാഗത്തെ ഉയര്‍ന്ന മര്‍ദവും ഊഷ്മാവും ഇത്തരമൊരു പര്യവേഷണം അസാധ്യമാക്കുന്നുണ്ട്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ ആഴമുള്ള ഒരു തുരങ്കമാണ് ഇതുവരെ നിര്‍മിച്ചിട്ടുള്ളത്തില്‍ ഏറ്റവും വലുത്. ഈ പരിമിതിയാണ് സൈക്കി ദൗത്യത്തിലൂടെ മറികടക്കുന്നത്. 16 സൈക്കി ഛിന്നഗ്രഹത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്നത് ഭൂകേന്ദ്രത്തില്‍ നേരിട്ടെത്തി നിരീക്ഷണം നടത്തുന്നതിന് തുല്യമാണ്. ഗ്രഹരൂപീകരണത്തിന്റെ തുടക്കത്തിലുള്ള അവസ്ഥ വ്യക്തമായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഭൂകേന്ദ്രത്തിന്റെ പുറംപാളിയായ ‘ഔട്ടര്‍ കോര്‍’ ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 2890 കിലോമീറ്റര്‍ അടിയിലാണുള്ളത്.

lucy 2
ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍
സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ഛിന്നഗ്രഹങ്ങളാണ് ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍. ഗ്രീക്ക് മിത്തോളജിയില്‍ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. വ്യാഴത്തിനു ചുറ്റും രണ്ട് സ്ഥാനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഗ്രഹത്തിന്റെ ഗുരുതുബലം കാരണം ‘ലോക്ക്ഡ്’ അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ഇവയ്ക്ക് സ്വതന്ത്രചലനമില്ല. ഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ 60 ഡിഗ്രി മുന്‍പിലും 60 ഡിഗ്രി പിന്നിലുമാണ് ഈ സ്ഥാനങ്ങള്‍. ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ എന്നാണീ സ്ഥാനങ്ങള്‍ അറിയപ്പെടുന്നത്. ഭൂമിയുള്‍പ്പടെ എല്ലാ ഗ്രഹങ്ങള്‍ക്കും ‘ഗ്രാവിറ്റി ലോക്ക്ഡ്’ ആയ ഇത്തരം സ്ഥാനങ്ങളുണ്ട്. 1772 ല്‍ ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയി ലെഗ്രാന്‍ഷെയാണ് ഇത്തരം സ്ഥാനങ്ങളേപ്പറ്റി ആദ്യമായി പ്രവചിച്ചത്. അതുകൊണ്ടാണ് ഇത്തരം സ്ഥാനങ്ങളെ ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ എന്ന് വിളിക്കുന്നത്. ‘588 അക്കിലസ്’ ആണ് ആദ്യമായി കണ്ടെത്തിയ ട്രോജന്‍ ഛിന്നഗ്രഹം. 1906 ല്‍ ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞനായ മാക്‌സ് വൂള്‍ഫ് ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതുവരെ വ്യാഴത്തിന്റെ 6178 ട്രോജന്‍ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ ഛിന്നഗ്രഹങ്ങളുടെ കണക്കാണ്. എന്നാല്‍ ഒരു കിലോമീറ്ററിലധികം വ്യാസമുള്ള പത്തുലക്ഷം ട്രോജന്‍ ഛിന്നഗ്രഹങ്ങളെങ്കിലും വ്യാഴത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് ആസ്റ്ററോയ്ഡ് ബെല്‍ട്ടിലുള്ള ഛിന്നഗ്രഹങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ ഗ്രഹരൂപീകരണം നടക്കാതെപോയ മേഖലയിലെ ദ്രവ്യ പിണ്ഡങ്ങളെയാണ് ആസ്റ്ററോയ്ഡ് ബെല്‍ട്ട് എന്നുവിളിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വവലിവാണ് ഈ മേഖലയില്‍ ഗ്രഹരൂപീകരണത്തിന് തടസ്സമായി നിന്നത്.
വ്യാഴത്തിനു മാത്രല്ല ട്രോജന്‍ ഛിന്നഗ്രഹങ്ങളുളളത്. സൗരയൂഥത്തിലെ എല്ലാഗ്രഹങ്ങള്‍ക്കും ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളും അവിടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഛിന്നഗ്രഹങ്ങളുമുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ ഗുരുത്വബലം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ വ്യാഴത്തിനാണ് ഏറ്റവുമധികം ട്രോജന്‍ ഛിന്നഗ്രഹങ്ങളുള്ളത്. സൗരയൂഥത്തിന്റെ ഉദ്ഭവ സമയത്ത് രൂപപ്പെട്ടതും ഘടനാമാറ്റമില്ലാതെ ഇപ്പോഴും നിലനിക്കുന്നതുമായതുകൊണ്ട് ട്രോജന്‍ ഛിന്നഗ്രഹങ്ങളേക്കുറിച്ച് പഠനം നടത്തുന്നതിലൂടെ സൗരയൂഥത്തിന്റെ രൂപീകരണ സമയത്തുള്ള ദ്രവ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയും.
ചുവന്ന വര്‍ണരാജി പ്രദര്‍ശിപ്പിക്കുന്ന ഇരുണ്ട ദ്രവ്യപിണ്ഡങ്ങളാണ് വ്യാഴത്തിന്റെ ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍. ഇത്തരം ദ്രവ്യശകലങ്ങളില്‍ ജലസാന്നിധ്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ‘തോലിന്‍’ എന്ന ഓര്‍ഗാനിക് പോളിമറിന്റെ ഒരു ആവരണം ഇവയ്ക്ക് പുറമെയുണ്ടാകും. സൗരവികിരണങ്ങളാണ് ഇത്തരം പോളിമറുകളുടെ സൃഷ്ടിക്കു പിന്നില്‍. 0.8 മുതല്‍ 2.5 ഗ്രാം/ഘനസെന്റിമീറ്റര്‍ വരെയാണ് വ്യാഴത്തിന്റെ ട്രോജന്‍ ഛിന്നഗ്രഹങ്ങളുടെ സാന്ദ്രത. ഇതുവരെ ശുക്രനും ഭൂമിക്കും ഒന്നുവീതവും, ചൊവ്വയ്ക്ക് ഏഴും, വ്യാഴത്തിന് 6178 ഉം, യുറാനസിന് ഒന്നും, നെപ്ട്യൂണിന് പതിനെട്ടും ട്രോജന്‍ ഛിന്നഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബുധനും ശനിയ്ക്കും ഇത്തരം ഛിന്നഗ്രഹങ്ങളുണ്ടാകാമെങ്കിലും അവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൂര്യന്റെ സാമീപ്യം ബുധന്റെ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ തടസ്സമായി നില്‍ക്കുമ്പോള്‍ ശനിയുടെ കാര്യത്തില്‍ വ്യാഴമാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. 2011 ലാണ് ഭൂമിയുടെ ട്രോജന്‍ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയുടെ നാലാം ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ സ്ഥിതിചെയ്യുന്ന ഈ ഛിന്നഗ്രഹത്തിന് 2010 ഠഗ 7 എന്നാണ് പേരിട്ടിരിക്കുന്നത്.

16 സൈക്കി
ആസ്റ്ററോയ്ഡ് ബെല്‍ട്ടിലുള്ള പത്ത് വലിയ ഛിന്നഗ്രഹങ്ങളില്‍ലൊന്നാണ് 16 സൈക്കി. 210 കിലോമീറ്റര്‍ വ്യാസമുള്ള ഈ ദ്രവ്യപിണ്ഡത്തിന് ആസ്റ്ററോയ്ഡ് ബെല്‍ട്ടിന്റെ ആകെ പിണ്ഡത്തിന്റെ ഒരു ശതമാനത്തില്‍ താഴെ പിണ്ഡമുണ്ട്. ലോഹനിര്‍മിതമായ ഛിന്നഗ്രഹങ്ങളില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതാണ് 16 സൈക്കി. 1852 മാര്‍ച്ച് 17 ന് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബല്‍ഡി ഗസ്പാരിസ് ആണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്ക് പൂരാണ കഥാപാത്രമായ സൈക്കിയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. റഡാര്‍ നിരീക്ഷണങ്ങളിലൂടെ മനസ്സിലായത് ഈ ഛിന്നഗ്രഹം നിര്‍മിക്കപ്പെട്ടിരിക്കുന്നത് പൂര്‍ണമായും നിക്കലും ഇരുമ്പും ഉപയോഗിച്ചാണെന്നാണ്. ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഹൈഡ്രോക്‌സില്‍ രൂപത്തിലുള്ള ജലസാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*