നമ്മുടെ പൂര്‍വികള്‍ അതിജീവനം സാധ്യമാക്കിയതെങ്ങനെ?

ഡോ. ആനന്ദ് എസ്. മഞ്ചേരി
ആഫ്രിക്കന്‍ പുല്‍മേടുകളില്‍ അതിജീവിച് വിജയിച്ച നരവാനരപൂര്‍വികര്‍ ആണല്ലോ നമുക്കുള്ളത്. സിംഹത്തിന്റെ ശക്തിയോ, മാനിന്റെത് പോലെ വേഗത്തില്‍ ഓടാനുള്ള ശേഷിയോ, പറക്കാനുള്ള ശേഷിയോ,
മരത്തില്‍ ചാഞ്ചാടാന്‍ ഉള്ള ശേഷിയോ നമ്മുടെ പൂരവികര്‍ക്കില്ലായിരുന്നു. ഇത്രയേറെ ‘ദുര്‍ബലരും’/ മറ്റുള്ള ജീവികള്‍ ആയി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനതകള്‍ ഉള്ളവരും ആയിരുന്നിട്ടും നമ്മുടെ പൂര്‍വികര്‍ അതിജീവിച്ചു വിജയിച്ചത് (ഇല്ലെങ്കില്‍ നമ്മള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ!) എങ്ങനെയാണ്?

മനുഷ്യന്റെ ‘അപാരബുദ്ധി’ എന്നാവും ആദ്യം മനസ്സില്‍ വരുന്ന ഉത്തരം. എന്നാല്‍ അത് അത്ര ശരിയല്ല. കൂലങ്കഷമായ താത്വികചോദ്യങ്ങള്‍ ചോദിക്കാനും, ഉത്തരം തേടാനും, കഥ പറയാനും, കവിത എഴുതാനും, വാനനിരീക്ഷണം നടത്താനും, റോക്കറ്റു വിടാനും, ആപേക്ഷികതാസിദ്ധാന്തം കണ്ടു പിടിക്കാനുമൊക്കെ ഉള്ള മനുഷ്യന് മാത്രമുള്ള കഴിവിനെയാണ് പൊതുവേ ഈ ‘അപാരബുദ്ധി’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അത് കൊണ്ട് മാത്രം നമ്മുടെ പൂര്‍വികര്‍ അതിജീവിച്ച പരിതസ്ഥിതികളില്‍ അതിജീവിക്കുക സാധ്യമല്ല. മാനിനെ വേട്ടയാടാനോ, സിംഹത്തില്‍ നിന്ന് രക്ഷ നേടാനോ ഉണ്ടെങ്കില്‍ മാനത്ത് നക്ഷത്രത്തെ നോക്കി കവിത എഴുതാന്‍ ഇരുന്നാല്‍ സാധിക്കില്ലല്ലോ.

social

മനുഷ്യപൂര്‍വികരുടെ അതിജീവനത്തെ സഹായിച്ചത് പ്രധാനമായും സോഷ്യല്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഉള്ള കഴിവാണ്. പരിതസ്ഥികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ കൂട്ടായി അതിജീവിച്ചാണ് നമ്മുടെ പൂര്‍വികര്‍ അതിജീവിച്ചത്. നമ്മുടെ മസ്ഥിഷ്‌കപരിണാമത്തിലും . സാങ്കേതികമായി പറഞ്ഞാല്‍ സോഷ്യല്‍ ഗ്രൂപ്പിങ് ആണ് മസ്ഥിഷ്‌കപരിണാമത്തെ മുന്നോട്ട് നയിച്ച ‘സെലെക്ഷന്‍ പ്രഷര്‍’. സാങ്കേതികമല്ലാതെ പറഞ്ഞാല്‍, ‘സോഷ്യല്‍ ഗ്രൂപ്പിങ്ങിനു അനുയോജ്യമായ മസ്തിഷ്‌കങ്ങള്‍’ ആണ് പ്രകൃതിനിര്‍ധാരണത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. എന്താണ് സോഷ്യല്‍ ഗ്രൂപ്പിങ്ങിനു അനുയോജ്യമായ മസ്തിഷ്‌കഗുണങ്ങള്‍? ഗ്രൂപ്പിലെ മറ്റു വ്യക്തികള്‍ ആയി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താന്‍ സാധിക്കണം. ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ മനസ് വായിച്ച് അത് തിരിച്ചറിഞ്ഞു പെരുമാറാന്‍ സാധിക്കണം. ഇതിനെല്ലാം പുതിയ ചില നെറ്റ്‌വര്‍ക്കുകള്‍ തലച്ചോറില്‍ വേണം. ആ നെറ്റ്‌വര്‍ക്ക്കള്‍ ആണ് മനുഷ്യനെ നിര്‍വചിച്ച നിയോകോര്‍ട്ടെക്‌സ് ആയി മാറിയത്.

‘നിയോകോര്‍ട്ടെക്‌സ് വരട്ടെ’ എന്ന് ആഗ്രഹിച്ച് മനുഷ്യനോ, ‘മനുഷ്യന് വേണ്ടി’ പ്രകൃതിയോ ഉണ്ടാക്കിയവതല്ല ഇതൊന്നും. (അത് പ്രത്യേകം പറയണം). എന്താണ് സംഭവിച്ചത്? മനുഷ്യമസ്തിഷ്‌കത്തിലെ നിയോകോര്‍ടെക്‌സ് വികാസത്തിന് കാരണമായത് ഏതാനും ജീനുകളിലെ വ്യത്യാസം മാത്രമാണ്. അവയില്‍ ഒന്നിനെ കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. . ARHGAP11B എന്ന (വെറും) ഒരു ജീനില്‍ കോപ്പി ചെയ്യുന്ന സമയത്ത് വന്ന ഒരു substitution mutation മതി കോര്‍ട്ടെക്‌സ് വളര്‍ച്ചക്ക് എന്ന കണ്ടെത്തല്‍ അദ്ഭുതകരമല്ലെങ്കിലും അപ്രതീക്ഷിതമായാണ് ശാസ്ത്രലോകത്തെക്ക് എത്തിയത്. അതിനേക്കാള്‍ കൌതുകകരമായ വസ്തുത: മനുഷ്യപൂര്‍വികര്‍ ചിമ്പാന്‍സിയില്‍ നിന്നും വഴി പിരിഞ്ഞതിന് ശേഷമാണ് ഈ മ്യൂട്ടേഷന്‍ സംഭവിച്ചത്. ഏതാണ്ട്, 56 ദശലക്ഷം വര്‍ഷങ്ങള്‍ മുന്നേ. ഏതാണ്ട് ഇതേ കാലത്തോട് അനുബന്ധിച്ച് മനുഷ്യസ്പീഷീസിന്റെ അംഗസംഘ്യ വളരെയധികം കുറഞ് വംശനാശ ഭീഷണി നേരിട്ട കാലം കൂടെ ഉണ്ടായിരുന്നു എന്നതിനും തെളിവുകള്‍ ഉണ്ട്. Population bottleneck effect എന്നാണു ഇതിനു പറയുക.

പരിണാമത്തിന്റെ അടിസ്ഥാനമായ ‘ യാദൃശ്ചികമായ റാന്‍ഡാം ജനിതകമ്യൂട്ടെഷനുകളില്‍ നടക്കുന്ന സെലക്ഷന്‍ : പ്രകൃതിനിര്‍ധാരണം’ നടക്കുന്നത് ഇങ്ങനെയാണ്.

1. മസ്തിഷ്‌കകോശവിഭജനത്തെ ബാധിക്കുന്ന ഒരു ഉല്പരിവര്‍ത്തനം യാദൃശ്ചികമായി സംഭവിക്കുക.
2. സോഷ്യല്‍ ഗ്രൂപ്പിങ്ങിന് അനുകൂലമായ ഒരു സെലെക്ഷന്‍ പ്രെഷര്‍ ഉണ്ടായിരിക്കുക.
3. സെലെക്ഷന്‍ അനുകൂലിച്ച ഉല്പരിവര്‍ത്തനം സ്പീഷിസിന്റെ മുഴുവന്‍ അംഗങ്ങളിലെക്കും കൈമാറ്റം ചെയ്യപ്പെടാന്‍ മാത്രം അംഗസംഖ്യ വളരെ ചെറുതായിരിക്കുക.

ഇതെല്ലാം ഒത്തുവന്ന സമയത്താണ് മനുഷ്യന് നിയോകോര്‍ട്ടെക്‌സ് വികാസം പ്രാപിച്ചത്. ഇതിന് ശേഷം നിയോകോര്‍ട്ടെക്‌സില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടാണ് മനുഷ്യനെ മനുഷ്യനാക്കിയ ‘അപാരബുദ്ധി’യും ശാസ്ത്രവും, സര്‍ഗാത്മകതയും, നാഗരികതയും, ആധുനികതയും സാധ്യമായത് . വംശനാശഭീഷണി നേരിട്ട ഒരു നഗ്‌നവാനര സ്പീഷീസ് ഭൂമിയുടെ അവകാശികള്‍ ആയ കഥയിലെ ഒരു പ്രധാന അധ്യായമാണിത്.
പരിണാമശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ജേ ഗോള്‍ഡ് പറയുന്നത് പോലെ ‘ ഭൂമിയിലെ ജീവിപരിണാമത്തിന്റെ വീഡിയോ ടേപ്പ് അല്പം റീവൈണ്ട് ചെയ്ത് വീണ്ടും പ്ലേ ചെയ്താല്‍ ഒരുപക്ഷെ മനുഷ്യന്‍ ഈ ഭൂമുഖത്തെ ഉണ്ടാവുമായിരുന്നില്ല. അല്പം കൂടെ പുറകിലേക്ക് തിരിച്ചു പ്ലേ ചെയ്താല്‍ ഒരു പക്ഷെ, സസ്തനികള്‍ ദിനോസറുകളുടെ ആധിപത്യത്തില്‍ നിന്ന് മോചിതരാവുകയെ ഇല്ലായിരുന്നെനെ. ‘ ഇന്ന് കാണുന്ന ഒരു ജീവിയും, മനുഷ്യനോ, മനുഷ്യന്റെ ബുദ്ധിയോ അടക്കം ഒന്നും തന്നെ ജീവിപരിണാമത്തിലെ ‘അനിവാര്യതകള്‍ അല്ല.

ഇനി ഒരു കാര്യം കൂടെ, ‘ഡന്‍ബാര്‍ സംഖ്യ’: സോഷ്യല്‍ ഗ്രൂപ്പിംഗ് ആണ് മസ്തിഷ്‌ക വികാസത്തിന് കാരണമായ സെലെക്ഷന്‍ പ്രഷര്‍ എന്ന് പറഞ്ഞല്ലോ. പ്രൈമെറ്റുകളുടെ ഗ്രൂപിന്റെ ശരാശരി വലിപ്പവും, നിയോകോര്‍ട്ടെക്‌സിന്റെ വലിപ്പവും തമ്മില്‍ രേഖീയമായ ബന്ധമാണ് ഉള്ളതെന്ന് ബ്രിട്ടിഷ് ശാസ്ത്രഞ്ജന്‍ ആയ റോബിന്‍ ഡന്‍ബാര്‍ കണ്ടെത്തിയിരുന്നു. ഏറ്റവും വലിയ സോഷ്യല്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ സാധിക്കുക മനുഷ്യന് തന്നെ. ഒരു ശരാശരി മനുഷ്യഗ്രൂപ്പിന്റെ വലിപ്പം ഉദ്ദേശം 150 അംഗങ്ങള്‍ (100 230) ആണെന്ന് ഡന്‍ബാര്‍ പ്രവചിച്ചു. അതിന് സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം കണ്ടെത്തി. ചരിത്രാതീതകാലം മുതല്‍ക്കുള്ള ലിഖിത രേഖകള്‍ തൊട്ട് ആധുനികയുഗതിലെ linked in, facebook കൂട്ടായ്മകള്‍ വരെ പരിശോധിച്ചാണ് ഇദ്ദേഹം തന്റെ സിദ്ധാന്തം സാധൂകരിച്ചത്. ഗ്രാമങ്ങളുടെയും, കൊച്ചു നഗരങ്ങളുടെയും, പട്ടാളറെജിമെന്റുകളുടെയും, കൂട്ടായ്മകളുടെയും എല്ലാം ശരാശരി അംഗസംഖ്യ 120 230 ആണെന്ന് കാണാനാവും. അതില്‍ കൂടുതല്‍ അംഗസംഖ്യ ഉള്ള ഗ്രൂപ്പുകള്‍ വ്യക്തിബന്ധങ്ങള്‍ കൊണ്ട് മാത്രം നിലനില്‍ക്കുകയില്ല. അവയ്ക്ക് വ്യവസ്ഥാപിത ചട്ടക്കൂടുകളും, നിയമാവലികളും ആവശ്യമാണ്. മാനേജ്മന്റ് രംഗമാണ് ഈ കണ്ടെത്തലിന്റെ പ്രായോഗികവശങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. 150 ഡന്‍ബാര്‍ സംഖ്യ (Dunbar number) എന്നാണ് പരിണാമശാസ്ത്രലോകത്തും മാനേജ്മന്റ് ലോകത്തും അറിയപ്പെടുന്നത്. അറിയപ്പെടുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*