ആത്മാവിന്റെ ക്ഷേത്രം ഇനി ക്വാണ്ടം ഭൗതികത്തിന്റെ കളിയരങ്ങ്

സാബു ജോസ്

sabuതത്വചിന്തകരുടെയും പുരോഹിതന്മാരുടെയും കുത്തകയായിരുന്ന ആത്മാവും ബോധവും ഇനി ഭൗതികശാസ്ത്രത്തിന്റെ സമവാക്യങ്ങള്‍ അനുസരിക്കും! മസ്തിഷ്‌കത്തിലെ നൂറു ട്രില്യണ്‍ നാഡീകോശങ്ങളുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഉപോല്‍പ്പന്നമാണ് ബോധം അല്ലെങ്കില്‍ ആത്മാവ് എന്ന് ഇനി സാമാന്യമായി പറയേണ്ട ആവശ്യമില്ല. അതിനുമപ്പുറമാണത്. ഇതിന് കൃത്യമായ ഒരു ഇരിപ്പിടവുമുണ്ട്. ജന്തുമസ്തിഷ്‌കത്തിലെ ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളിലാണ് ബോധം നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ ആത്മാവിന്റെ ഇരിപ്പിടമാണ് മൈക്രോട്യൂബ്യൂളുകള്‍ എന്നു പറയാം. ഇതു പ്രഖ്യാപിച്ചിരിക്കുന്നത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാശാലിയായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ സര്‍. റോജര്‍ പെന്റോസാണ്. കൂടെ ബുദ്ധിരാക്ഷസനായ മനശാസ്ത്രജ്ഞന്‍ ഡോ. സ്റ്റുവര്‍ട്ട് ഹാമെറോഫുമുണ്ട്. ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന്‍ എന്ന സങ്കേതമുപയോഗിച്ചാണ് അവര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബോധത്തിന്റെ ക്വാണ്ടം സിദ്ധാന്തമെന്ന് വിളിക്കുന്ന നിരവധി പരികല്പനകളില്‍ ഏറ്റവും പ്രബലമായ സമീപനമാണ് പെന്റോസും ഹാമെറോഫും ചേര്‍ന്ന മുന്നോട്ടുവച്ചിട്ടുള്ള ഈ പുതിയ പരികല്പന. അതുകൂടാതെ ക്വാണ്ടം ഭൗതികത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുതരുന്നതുമാണ് ഈ പുതിയ കണ്ടുപിടിത്തം.
മരണത്തിന്റെ തൊട്ടടുത്ത അവസ്ഥയില്‍ ജീവകോശങ്ങള്‍ക്ക് അവയുടെ ക്വാണ്ടം തലം നഷ്ടമാകും. ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളും ഇതില്‍നിന്നു ഭിന്നമല്ല. എന്നാല്‍, മൈക്രോട്യൂബ്യൂളുകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ ഒരിക്കലും നശിക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണത്തിനു ശേഷവും ക്വാണ്ടീകരിക്കപ്പെട്ട ഈ വിവരങ്ങള്‍ക്ക് ശരീരത്തിനു വെളിയില്‍ നിലനില്‍ക്കാന്‍ കഴിയും. ഈ വിവരങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് മസ്തിഷ്‌കത്തിനുള്ളില്‍ വച്ചല്ല. അവ കാലത്തിനുമപ്പുറമോ അതിനതീതമോ ആയിരിക്കാം. പ്രാപഞ്ചിക തിരശ്ശീലയില്‍ വച്ചു നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ വിവരങ്ങള്‍ പ്രപഞ്ചത്തിന്റെ വിശാലതകളിലേക്ക് ചിതറിക്കപ്പെടുകയാണ്. ഒരു സാമാന്യ വായനക്കാരന്റെ ഭാഷയില്‍ ഈ ‘ക്വാണ്ടം ഇന്‍ഫര്‍മേഷന്‍’ ആത്മാവായി കണക്കാക്കാവുന്നതാണ്. അതിന് മരണമില്ല. പ്രപഞ്ചത്തില്‍ ഉദ്ഭവിച്ച് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങിപ്പോകുന്നുവെന്നു പറയാം. എക്കാലവും നിലനില്‍ക്കുന്ന ബോധം പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകമാണെന്നും മരണത്തോടെ ശരീരത്തില്‍നിന്നു മോചിതമാകുന്ന ആത്മാവ് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങുന്നുവെന്നുമുള്ള ഹൈന്ദവ-ബൗദ്ധ ദര്‍ശനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട് ക്വാണ്ടം ഭൗതികജ്ഞരുടെ ഈ പുതിയ കണ്ടെത്തല്‍.
1980കളില്‍ തന്നെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനായ സര്‍. റോജര്‍ പെന്റോസ് മനസ്സിന്റെ സൂക്ഷ്മതലങ്ങള്‍ അന്വേഷിച്ചുതുടങ്ങിയിരുന്നു. 1989ല്‍ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ‘ദ് എംപറേര്‍സ് ഓഫ് ന്യൂ മൈന്‍ഡ്’, 1994ല്‍ ഓക്‌സ്ഫര്‍ഡും പിന്നീട് 2005ല്‍ വിന്റേജും പ്രസിദ്ധീകരിച്ച ‘ഷാഡോസ് ഓഫ് ദ മൈന്‍ഡ്’, 2011ല്‍ വിന്റേജ് പ്രസിദ്ധീകരിച്ച ‘സൈക്കിള്‍സ് ഓഫ് ടൈം’ എന്നീ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ ആത്മാവിന്റെ ക്വാണ്ടം തലങ്ങളേപ്പറ്റിയുള്ള പെന്റോസിന്റെ പഠനങ്ങളാണുള്ളത്.

saul-3
അരിസോണ സര്‍വകലാശാലയിലെ കോണ്‍ഷ്യസ്‌നെസ് സ്റ്റഡീസിന്റെ മേധാവിയും സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവര്‍ട്ട് ഹാമെറോഫ് ഈ കാലയളവില്‍ ഇതേ വിഷയത്തെക്കുറിച്ചു തന്നെ പഠനം നടത്തിവരികയായിരുന്നു. അടുത്ത കാലത്താണ് ഈ രണ്ടു പ്രതിഭകളും ഒരുമിച്ചത്. മസ്തിഷ്‌ക കോശങ്ങളിലെ മൈക്രോട്യൂബ്യൂളുകളില്‍ സൃഷ്ടിക്കപ്പെടുന്ന ക്വാണ്ടം ഗ്രാവിറ്റി പ്രഭാവങ്ങളാണ് ബോധം അല്ലെങ്കില്‍ ആത്മാവ് എന്നു പറയുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡേവിഡ് ബോം, മാക്‌സ് ടെഗ്മാര്‍ക്ക് എന്നീ ഭൗതികശാസ്ത്രജ്ഞരും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരാണ്. എന്നാല്‍, പെന്റോസ്- ഹാമെറോഫ് സമീപനമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.
സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായ സര്‍. റോജര്‍ പെന്റോസും അനസ്‌തേഷ്യോളജിസ്റ്റായ ഡോ. സ്റ്റ്യുവര്‍ട്ട് ഹാമെറോഫും ചേര്‍ന്ന് രൂപം കൊടുത്ത, മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളും ജന്തുബോധവുമായും ബന്ധപ്പെട്ട ക്വാണ്ടം സിദ്ധാന്തമാണ് ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന്‍ . ജന്തുബോധം മസ്തിഷ്‌ക്കത്തില്‍ വച്ചുതന്നെ രൂപംകൊള്ളുന്നുവെന്ന ധാരണയില്‍ എല്ലാ മുഖ്യധാരാ ‘കോണ്‍ഷ്യസ്‌നെസ് തിയറി’കളും ഊന്നല്‍ കൊടുത്തിട്ടുള്ളത് മസ്തിഷ്‌ക്ക കോശങ്ങളായ ന്യൂറോണുകളിലും മനുഷ്യ മസ്തിഷ്‌ക്കത്തിലെ നൂറു ട്രില്യണിലധികം വരുന്ന ന്യൂറോണ്‍ ബന്ധനങ്ങളായ സിനാപ്‌സിലെ രാസപ്രവര്‍ത്തനങ്ങളുടെ ഗണിത സമവാക്യങ്ങളിലുമാണ്. എന്നാല്‍ ഛൃരവഛഞ ജന്തുബോധത്തെ വ്യത്യസ്ത കോണുകളില്‍ നിന്നാണ് വീക്ഷിക്കുന്നത്. ഗണിതവും ഭൗതികശാസ്ത്രവും അനസ്‌തേഷ്യോളജിയുമെല്ലാം അതിലുള്‍പ്പെടും.
പെന്റോസും ഹാമെറോഫും ബോധത്തേക്കുറിച്ചുള്ള അവരുടെ പഠനങ്ങള്‍ തികച്ചും സ്വതന്ത്രവും പരസ്പരം ബന്ധപ്പെടാതെയുമാണ് ആരംഭിച്ചത്. റോജര്‍ പെന്റോസ് പൂര്‍ണമായും ഗണിതശാസ്ത്രപരമായ സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. ഇതിലേക്ക് അദ്ദേഹത്തെ നയിച്ചത് ഗണിതശാസ്ത്രജ്ഞനും യുക്തിചിന്തകനുമായ കര്‍ട്ട് ഗോഡലിന്റെ അപൂര്‍ണതാ സിദ്ധാന്തങ്ങളാണ് . എന്നാല്‍ അര്‍ബുദ ചികിത്സാ രംഗത്ത് അനസ്‌തേഷ്യാ വിഭാഗത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഘടനയെക്കുറിച്ചു നേടിയെടുത്ത ധാരണകളില്‍ നിന്നാണ് ജന്തുബോധത്തിന്റെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത തലങ്ങളേക്കുറിച്ച് ഡോ. ഹാമെറോഫ് പഠിക്കാനാരംഭിച്ചത്.
ഗോഡലിന്റെ അപൂര്‍ണതാ സിദ്ധാന്തത്തെ ആധാരമാക്കി 1989-ല്‍ റോജര്‍ പെന്റോസ് പ്രസിദ്ധീകരിച്ച ‘ദ് എംപറേര്‍സ് ന്യൂ മൈന്‍ഡ്’ എന്ന പുസ്തകത്തില്‍ മനുഷ്യമസ്തിഷ്‌ക്കം കമ്പ്യൂട്ടറുകള്‍ പോലെ കണക്കുകൂട്ടലുകള്‍ മാത്രം നടത്തുന്ന ഉപകരണമൊന്നുമല്ല എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഏതു ഗണിത സിദ്ധാന്തവും പൂര്‍ണവും സ്ഥിരവുമാണെന്ന് അവകാശപ്പെടാനും കഴിയില്ല. എന്നാല്‍ ഈ പ്രസ്താവനകളൊന്നും തന്നെ ഒരു ഗണിത സമവാക്യമായി അവതരിപ്പിക്കുന്നതിനും കഴിയില്ല. ഇതേത്തുടര്‍ന്നു നടന്ന പെന്റോസ്-ലൂകാസ് ബൗദ്ധിക സംവാദത്തിലും മുഴച്ചു നിന്നത് മസ്തിഷ്‌ക്കത്തിന്റെ ‘നോണ്‍-കമ്പ്യൂട്ടേഷനല്‍’ സ്വഭാവം തന്നെയാണ്. മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങള്‍ കേവലം അക്കങ്ങളുടെ സഞ്ചയമല്ലെന്ന ധാരണയിലാണ് ഈ സംവാദം അവസാനിച്ചത്.
പരമ്പരാഗത ഭൗതിക ശാസ്ത്രനിയമങ്ങള്‍ എല്ലാംതന്നെ ഗണിത സമവാക്യങ്ങളുപയോഗിച്ച് അവതരിപ്പിക്കാന്‍ കഴിയും. എന്നാല്‍ ക്വാണ്ടം ഭൗതികത്തിലെ ചില അടിസ്ഥാന ആശയങ്ങള്‍ പലപ്പോഴും ക്ലാസിക്കല്‍ ഭൗതികത്തിന്റെ കേവല യുക്തിക്കപ്പുറമായിരിക്കും. പരമ്പരാഗത ഭൗതിക ശാസ്ത്രത്തിന്റെ വലിയ മാനങ്ങളില്‍ അളക്കാന്‍ കഴിയാത്ത ക്വാണ്ടങ്ങളായാണ് ക്വാണ്ടം ഭൗതികം ദ്രവ്യ-ഊര്‍ജ രൂപങ്ങളെ അവതരിപ്പിക്കുന്നത്. ഊര്‍ജത്തിന്റെ ചെറിയ പായ്ക്കറ്റുകളാണ് ക്വാണ്ടങ്ങളെന്ന് സാമാന്യമായി പറയാം. ക്വാണ്ടങ്ങളെ തരംഗങ്ങളായാണ് പരിഗണിക്കുന്നത്. ഇവ കടലിലെ തിരമാലകള്‍ പോലെയുള്ള ദ്രവ്യ തരംഗങ്ങള്‍ അല്ല, മറിച്ച് ഒരു ക്വാണ്ടത്തെ ഒരു പ്രത്യേക സ്ഥാനത്ത് കണ്ടെത്തുന്നതിനുള്ള സാധ്യതാ തരംഗങ്ങളാണ് . തരംഗത്തിന്റെ ഉച്ചസ്ഥാനം സൂചിപ്പിക്കുന്നത് ഒരു ക്വാണ്ടം കണികയെ അവിടെ കണ്ടെത്തുന്നതിനുള്ള പരമാവധി സാധ്യതയാണ്. ഒരേ സമയം ഒന്നിലധികം തലങ്ങളില്‍ നിലനില്‍ക്കുകയും ഒന്നിലധികം സ്ഥാനങ്ങളില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്ന കണികയുടെ സ്വഭാവമാണ് ‘സൂപ്പര്‍ പൊസിഷന്‍’ എന്നു പറയുന്നത്. സൂപ്പര്‍ പൊസിഷന്‍ എന്താണെന്ന് വ്യക്തമാക്കാന്‍ ഏറ്റവും അനുയോജ്യമായത് ഇര്‍വിന്‍ ഷ്രോഡിംഗറുടെ ‘പെട്ടിയിലുള്ള പൂച്ചക്കുട്ടി’യെന്ന ചിന്താപരീക്ഷണമാണ്. ഒരു ഇരുമ്പു പെട്ടിയില്‍ അടച്ചിട്ടിരിക്കുന്ന പൂച്ചക്കുട്ടിയെ സങ്കല്‍പിക്കുക. ഈ പെട്ടിയില്‍ റേഡിയോ ആക്ടീവതയുള്ള ഒരു ആറ്റവും സയനൈഡ് വാതകം നിറച്ച ഒരു കുപ്പിയുമുണ്ട്. ഒരു മിനിട്ടിനുള്ളില്‍ റേഡിയോ ആക്ടീവ് ആറ്റത്തിന് ശോഷണം സംഭവിക്കുകയും ഒരു വികിരണം പുറപ്പെട്ട് സയനൈഡ് കുപ്പി തകര്‍ക്കുകയും ചെയ്‌തേക്കാം. ഒരു മിനിട്ടിനുള്ളില്‍ ഇങ്ങനെ സയനൈഡ് വാതകം ശ്വസിച്ച് പൂച്ചക്കുട്ടി ചത്തുപോകുന്നതിനുള്ള സാധ്യതയുമുണ്ട്. ഒരു മിനിട്ടിനു ശേഷം, പെട്ടി തുറക്കുന്നതിനു മുമ്പ് പൂച്ചക്കുട്ടിയുടെ അവസ്ഥ എന്തായിരിക്കും? പൂച്ചക്കുട്ടി ജീവിച്ചിരിക്കാനും ചത്തുപോകുന്നതിനുമുള്ള സാധ്യത 50:50 ആയിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂച്ചക്കുട്ടി ജീവിതത്തിലും മരണത്തിലും ഒരേസമയം നിലനില്‍ക്കുന്നുവെന്നാണ്.

saul-2

പെട്ടി തുറന്നാല്‍ പൂച്ചക്കുട്ടിയുടെ ഈ സൂപ്പര്‍ പൊസിഷന്‍ നഷ്ടമാകും. അതുപോലെ തന്നെയാണ് ഒരു സൂക്ഷ്മകണികയെ അളക്കാന്‍ ശ്രമിക്കുന്നതും. ഒരു ക്വാണ്ടത്തെ അളക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ തരംഗസ്വഭാവം നഷ്ടപ്പെടുകയും ഒരു പ്രത്യേക സ്ഥാനത്ത് അവയെ കണ്ടെത്തുകയും ചെയ്യും. (ഇീഹഹമുലെ ീള ണമ്‌ല എൗിരശേീി). പരമ്പരാഗത ഭൗതികശാസ്ത്രത്തിലെ കാര്യകാരണ ബന്ധത്തിനുമപ്പുറമാണിത്. ഇവിടെ ഒരേ സമയം ഒരു ക്വാണ്ടത്തിന്റെ സ്ഥാനവും പ്രവേഗവും കൃത്യമായി അളക്കാന്‍ കഴിയില്ല. അനിശ്ചിതത്വ പ്രമാണമെന്നറിയപ്പെടുന്ന ഈ വിശേഷണം സൂക്ഷ്മ കണങ്ങളുടെ ലോകത്തുമാത്രമേയുള്ളൂ. ഇത് അളക്കുന്നതിനുള്ള നിരീക്ഷകന്റെ പരിമിതിയല്ല കാണിക്കുന്നത്, മറിച്ച് സൂക്ഷ്മ കണങ്ങളുടെ സ്വഭാവം തന്നെയാണത്.
മസ്തിഷ്‌ക്ക കോശങ്ങളില്‍ ഇത്തരത്തിലുള്ള ക്വാണ്ടം പ്രവര്‍ത്തനങ്ങളാണ് സംഭവിക്കുന്നതെന്നാണ് സര്‍. റോജര്‍ പെന്റോസ് വാദിക്കുന്നത്. എന്നാല്‍ മസ്തിഷ്‌ക്കത്തില്‍ എവിടെ, എങ്ങനെയാണ് ഇത്തരം ക്വാണ്ടം പ്രക്രിയകള്‍ നടക്കുന്നത്? മസ്തിഷ്‌ക്ക കോശങ്ങളിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ സംഭവിക്കുന്ന സാധ്യതാ തംരഗങ്ങളുടെ തകര്‍ച്ച ജന്തുബോധവുമായി ബന്ധിപ്പിക്കാനാണ് റോജര്‍ പെന്റോസ് ശ്രമിച്ചത്. 1994ല്‍ പുറത്തിറക്കിയ ‘ഷാഡോസ് ഓഫ് ദ് മൈന്‍ഡ്’ എന്ന പുസ്തകത്തിലും ബോധത്തിന്റെ ക്വാണ്ടം തലത്തേക്കുറിച്ചുതന്നെയാണ് പെന്റോസ് സംസാരിക്കുന്നത്. നിരവധി സംവാദങ്ങള്‍ക്ക് ഈ പുസ്തകവും കാരണമായിട്ടുണ്ട്. ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ
ക്വാണ്ടം തലത്തിലേക്ക് ആവാഹിക്കുകയാണ് പെന്റോസിന്റെ നയം. ആപേക്ഷികതാ പ്രമാണമനുസരിച്ച് പിണ്ഡമുള്ള വസ്തുക്കള്‍ അവ നിലനില്‍ക്കുന്ന സ്ഥലകാലങ്ങളില്‍ വക്രതയുണ്ടാക്കുന്നുണ്ട്, മാത്രമല്ല സ്ഥലകാല നൈരന്തര്യം പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവവുമാണ്. എന്നാല്‍ ദ്രവ്യത്തിന്റെ സൂക്ഷ്മ തലങ്ങളില്‍ അവ സൃഷ്ടിക്കുന്ന സ്ഥലകാല വക്രതയ്ക്ക് നൈരന്തര്യമില്ലെന്നാണ് പെന്റോസിന്റെ വാദം. ഓരോ സൂപ്പര്‍ പൊസിഷനും അതിന്റേതു മാത്രമായ ഒരു സ്ഥലകാല വക്രത സൃഷ്ടിക്കുന്നുണ്ട്. ഇവ ഓരോന്നും മറ്റൊന്നില്‍ നിന്നും തികച്ചും വേര്‍പെട്ടുമാണുള്ളത്. അവ സ്ഥലകാലങ്ങളുടെ കൊച്ചുകൊച്ചു കുമിളകളാണ് സൃഷ്ടിക്കന്നത്. പ്ലാങ്ക് മാനങ്ങളിലുള്ള (1035ാ) ഈ സ്ഥലകാല കുമിളകള്‍ക്ക് പ്ലാങ്ക് മാനങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കാന്‍ കഴിയില്ല. അതിനപ്പുറമെത്തുമ്പോള്‍ സ്ഥലകാല വക്രതയുടെ സാധ്യതാ തരംഗധര്‍മം തകര്‍ക്കപ്പെടുമെന്ന് പറയാം. ഇങ്ങനെ സ്ഥലകാല വക്രതയുടെ കുമിളകളുടെ സാധ്യതാ തരംഗധര്‍മം തകര്‍ക്കപ്പെടുന്നതിന് സര്‍. റോജര്‍ പെന്റോസ് നല്‍കിയിരിക്കുന്ന പേരാണ് ഒബ്ജക്ടീവ് റിഡക്ഷന്‍ . സൂപ്പര്‍ പൊസിഷന്‍ വലുതാകും തോറും ഒബ്‌ജെക്ടീവ് റിഡക്ഷന്‍ വേഗതയിലാകും. തിരിച്ചും അങ്ങനെതന്നെ. പെന്റോസിന്റെ ഒബ്ജക്ടീവ് റിഡക്ഷന്‍ അസത്യവത്ക്കരണത്തിന്
വഴങ്ങുന്നതും പരിശോധിച്ചു ബോധ്യപ്പെടാന്‍ കഴിയുന്നതുമാണെന്നത് ഈ സിദ്ധാന്തത്തിന്റെ വിശ്വസനീയത വര്‍ധിപ്പിക്കുന്നുണ്ട്.
1989-ല്‍ ‘ദ് എംപറേര്‍സ് ന്യൂ മൈന്‍ഡ്’ പുറത്തിറക്കിയപ്പോള്‍ എങ്ങനെയാണ് മസ്തിഷ്‌ക്കത്തില്‍ ക്വാണ്ടം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നു സ്ഥാപിക്കാന്‍ ആവശ്യമുള്ള നിര്‍ദേശങ്ങള്‍ റോജര്‍ പെന്റോസിനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. പിന്നീട് അനസ്‌തേഷ്യോളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമെറോഫ് ഈ പുസ്തകം വായിക്കുകയും മസ്തിഷ്‌ക്ക കോശങ്ങളില്‍ ഇത്തരം ക്വാണ്ടം പ്രക്രിയകള്‍ അരങ്ങേറുന്ന ഇടങ്ങളേക്കുറിച്ച് പെന്റോസിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഹാമെറോഫിന്റെ നിര്‍ദേശങ്ങള്‍ പെന്റോസിനെ വല്ലാതെ സ്വാധീനിച്ചു എന്നുതന്നെ പറയാം. അങ്ങനെയാണ് ‘ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന്‍ അഥവാ ഛൃരവഛഞ’ എന്നു വിളിക്കുന്ന രണ്ടു ബുദ്ധിരാക്ഷസന്മാര്‍ ചേര്‍ന്നു രൂപപ്പെടുത്തിയെടുത്ത ‘കോണ്‍ഷ്യസ്‌നെസ് തിയറി’ ജന്മം കൊണ്ടത്. തുടര്‍ന്നിങ്ങോട്ട് ഈ സിദ്ധാന്തത്തെ പുഷ്ടിപ്പെടുത്തുന്നതിനാണ് ഇരുവരുടെയും സമയം ഏറെക്കുറെ പൂര്‍ണമായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. 1994-ല്‍ പുറത്തിറക്കിയ ‘ഷാഡോസ് ഓഫ് ദ മൈന്‍ഡി’ലും പെന്റോസ് ഈ സിദ്ധാന്തത്തിന്റെ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
ഇനി ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷനില്‍ ഡോ. ഹാമെറോഫിന്റെ പങ്കെന്താണെന്നു പരിശോധിക്കാം. ദീര്‍ഘകാലമായി മസ്തിഷ്‌ക്ക കോശങ്ങളുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ചാണ് ഹാമെറോഫ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശേഷിച്ചും ന്യൂറോണുകളുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കുന്ന സൈറ്റോ സ്‌കെലിട്ടനുകളില്‍ . ന്യൂറോണുകളിലുള്ള സംഘടിത പ്രോട്ടീന്‍ പോളിമെറുകളുടെ വിന്യാസമാണ് സൈറ്റോ സ്‌കെലിട്ടന്‍. മസ്തിഷ്‌ക്ക കോശങ്ങളുടെ വളര്‍ച്ചയും അതിലെ സംവഹന വ്യവസ്ഥയുമെല്ലാം നിയന്ത്രിക്കുന്നതും ഇവയാണ്. സൈറ്റോസ്‌കെലിട്ടന്റെ പ്രധാന ഘടകമാണ് മൈക്രോ ട്യൂബ്യൂളുകള്‍
. 25 നാനോമീറ്റര്‍ വ്യാസമുള്ള സിലിണ്ടറുകളാണിവ. ഇവയുടെ നീളം വ്യത്യാസപ്പെട്ടിരിക്കും. ചിലതിന് ന്യൂറോണുകളിലെ ആക്‌സോണുകളുടെ നീളം തന്നെയുണ്ടാകും. ട്യൂബുലിന്‍ എന്നു വിളിക്കുന്ന പ്രോട്ടീന്‍ സബ്-യൂണിറ്റുകള്‍ കൊണ്ടാണ് മൈക്രോ ട്യൂബ്യൂളുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. വൈദ്യുത ചാര്‍ജ് വാഹികളുമാണിവ. മസ്തിഷ്‌ക്ക കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനു പുറമെ ന്യൂറോണ്‍ ബന്ധങ്ങളായ സിനാപ്‌സിലൂടെയുള്ള ന്യൂറോട്രാന്‍സ്മിറ്റര്‍ തന്മാത്രകളുടെ ചലനം നിയന്ത്രിക്കുന്നതും കോശങ്ങളുടെ ചലനം സാധ്യമാക്കുന്നതും അവയുടെ ആകൃതിയും വളര്‍ച്ചയുമെല്ലാം തീരുമാനിക്കുന്നതും മൈക്രോ ട്യൂബ്യൂളുകള്‍ തന്നെയാണ്. പെന്റോസ് നിര്‍ദ്ദേശിച്ച ക്വാണ്ടം പ്രക്രിയകള്‍ക്ക് ഇടമന്വേഷിച്ച ഹാമെറോഫ് എത്തിച്ചേര്‍ന്നതും മൈക്രോട്യൂബ്യൂളുകളില്‍ തന്നെയാണ്. പൈ ഇലക്‌ട്രോണുകളുടെ കേന്ദ്രമാണ് ഓരോ മൈക്രോ ട്യൂബ്യൂളുകളും. അതുകൂടാതെ, ഇവയിലെ നോണ്‍-പോളാര്‍ മേഖലകളിലുള്ള ട്രിപ്‌റ്റോഫാന്‍സുകളിലും പൈ ഇലക്‌ട്രോണുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. എട്ട് ട്രിപ്‌റ്റോഫാന്‍സുകളാണ് ഓരോ ട്യൂബുലിന്‍ പ്രോട്ടീന്‍ സബ് യൂണിറ്റിലുമുള്ളത്. ഇവയിലുള്ള ഇലക്‌ട്രോണ്‍ മേഘങ്ങള്‍ കൃത്യമായ ഊര്‍ജ നിലകളില്‍ വേര്‍തിരിക്കപ്പെട്ടവയാണ്. 2 നാനോ മീറ്റര്‍ അകലത്തിലാണ് ഈ ഇലക്‌ട്രോണ്‍ വലയങ്ങള്‍ ‘കാണപ്പെടുന്നത്’. ഈ ദൂരം പൈ ഇലക്‌ട്രോണുകളില്‍ ക്വാണ്ടം ഏന്‍ടാങ്കിള്‍മെന്റ് നടക്കുന്നതിന് അനുയോജ്യമാണ്. ഒരു ക്വാണ്ടം പാര്‍ട്ടിക്കിള്‍ മറ്റൊരു കണികയുടെ ക്വാണ്ടം മെക്കാനിക്കല്‍ സ്റ്റേറ്റ് കോപ്പി ചെയ്യുന്ന രീതിയാണിത്. സ്ഥൂലപ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍ക്കപ്പുറമാണിത്. മൈക്രോട്യൂബ്യൂളുകളിലെ ട്യൂബുലിന്‍ സബ് യൂണിറ്റുകില്‍ ഇലക്‌ട്രോണുകള്‍ കാണപ്പെടുന്നത് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്‍സ്റ്റൈന്‍ കണ്ടെന്‍സേറ്റ് രൂപത്തിലാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഈ കണ്ടെന്‍സേറ്റ് സൃഷ്ടിക്കുന്ന ആന്ദോളനങ്ങള്‍ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെയൊന്നാകെ സ്വാധീനിക്കാന്‍ പര്യാപ്തമാണ്. ഒരു ന്യൂറോണില്‍ നിന്ന് മറ്റൊന്നിലേക്ക് ഈ കണ്ടെന്‍സേറ്റുകള്‍ വിതരണം ചെയ്യപ്പെടുന്നത് ‘ഗ്യാപ് ജംഗ്ഷനുകള്‍’ എന്ന വിടവിലൂടെയാണ്. സാധാരണ സിനാപ്ടിക് ബന്ധങ്ങള്‍ക്കപ്പുറമുള്ള വ്യത്യസ്ത തരം ബന്ധങ്ങളാണ് ഗ്യാപ് ജംഗ്ഷനുകള്‍. ഗ്യാപ് ജംഗ്ഷനുകളിലെ വിടവുകള്‍ ക്വാണ്ടം കണികകള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ തക്കവണ്ണം ചെറുതാണ്. ക്വാണ്ടം ടണലിങ്ങിലൂടെ ഒരു ക്വാണ്ടം പാര്‍ട്ടിക്കിളിന് മസ്തിഷ്‌ക്കത്തിന്റെ വലിയൊരു ഭാഗം മുഴുവനും എത്തിച്ചേരാന്‍ സാധിക്കും. ഇവിടെ വച്ചാണ് കര്‍ട്ട് ഗോഡലിന്റെ അപൂര്‍ണതാ സിദ്ധാന്തത്തിന് പെന്റോസ് നല്‍കിയ വ്യാഖ്യാനവും ഡോ. ഹാമെറോഫിന്റെ സിദ്ധാന്തവും കൂട്ടിമുട്ടുന്നത്. അവ പരസ്പര പൂരകമാണെന്നോ, അല്ലെങ്കില്‍ ഏറെക്കുറെ തുല്യമാണെന്നോ കണ്ടെത്താന്‍ കഴിയും. മസ്തിഷ്‌ക്കത്തിലെ കണ്ടെന്‍സേറ്റുകളില്‍ അവയുടെ തരംഗധര്‍മം തകരുന്ന തലത്തില്‍ രൂപപ്പെടുന്ന വിവരങ്ങള്‍ നോണ്‍-കമ്പ്യൂട്ടേഷനലായിരിക്കും. സാധാരണ കമ്പ്യൂട്ടര്‍ അല്‍ഗോരിതത്തിനു വെളിയിലാണവ നില്‍ക്കുന്നത്. ഈ വിവരങ്ങള്‍ രൂപം കൊള്ളുന്നത് അടിസ്ഥാന സ്ഥലകാലങ്ങളുടെ ജ്യാമിതിയില്‍ നിന്നാണ്.
സ്വാഭാവികമായി സിനാപ്‌സിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ മൈക്രോട്യൂബ്യൂളുകളെ സ്വാധീനിക്കുന്നുണ്ട്. മൈക്രോ ട്യൂബ്യൂളുകള്‍ തിരിച്ചും സിനാപ്‌സിസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുമുണ്ട്. ഒബ്‌ജെക്ടീവ് റിഡക്ഷന്‍ ഇങ്ങനെ മൈക്രോട്യൂബ്യൂളുകളില്‍ നടക്കുന്ന ക്വാണ്ടം പ്രവര്‍ത്തനങ്ങളെയാണ് വിവരിക്കുന്നത്. എന്നാല്‍ ഓര്‍ക്കസ്‌ട്രേറ്റഡ് ഒബ്‌ജെക്ടീവ് ‘റിഡക്ഷനിലെ ഓര്‍ക്കസ്‌ട്രേഷന്‍’ എന്താണ്? ന്യൂറോണുകളിലെ കണക്ടീവ് പ്രോട്ടീനുകളായ മൈക്രോ ട്യൂബ്യൂള്‍ – അസോസിയേറ്റഡ് പ്രോട്ടീനുകള്‍ എങ്ങനെയാണ് മൈക്രോട്യൂബ്യൂളുകളില്‍ നടക്കുന്ന ക്വാണ്ടം പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെന്നു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സൈദ്ധാന്തിക പ്രക്രിയയാണ് ഓര്‍ക്കസ്‌ട്രേഷന്‍ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. 1998 മുതല്‍ ഓര്‍ക്കസ്‌ട്രേഷന്‍ പരീക്ഷിച്ചു നോക്കാന്‍ കഴിയുന്ന 20 പ്രവചനങ്ങള്‍ ഹാമെറോഫ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇവയില്‍ ചിലതെങ്കിലും അസത്യവത്ക്കരണ ത്തിന് വഴങ്ങുന്നില്ലെന്ന പരിമിതിയുണ്ട്.
മനസ്സും ശരീരവുമെന്ന പ്രഹേളിക ഭൗതികശാസ്ത്രത്തിലുപരി തത്വചിന്താപരമായ ഒരു പരാമര്‍ശമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ചില വ്യാഖ്യാനങ്ങളില്‍ ക്വാണ്ടം ഭൗതികത്തിലെ ചില അളവുകളില്‍ ജന്തുബോധത്തിന് ഒരു പ്രത്യേക സ്ഥാനംതന്നെ നല്‍കിയിട്ടുണ്ട്. തത്വചിന്തകര്‍ ബോധമനസ്സിന് ശരീരത്തിനു വെളിയില്‍ സ്വതന്ത്രമായ, അല്ലെങ്കില്‍ അതിനു സമാന്തരമായ ഒരു പ്രവര്‍ത്തന മണ്ഡലമാണ് നല്‍കിയിരിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ സമവാക്യങ്ങളിലൊതുങ്ങുന്നതല്ല ബോധതലമെന്നാണ് ചില തത്വചിന്തകരെങ്കിലും കരുതിയിരുന്നത്. എന്നാല്‍ ബോധതലത്തെ ക്വാണ്ടം ഭൗതികത്തിലെ ചില വ്യാഖ്യാനങ്ങള്‍ക്ക് കീഴിലാക്കുന്നതിന് ബോധപൂര്‍വമായ ഒരു ശ്രമം 1930കളില്‍ ആരംഭിച്ചിരുന്നു. മൈന്‍ഡ്-ബോഡി ദ്വന്ദ്വങ്ങള്‍ ക്വാണ്ടം ഭൗതികത്തിനു വഴങ്ങുമോ എന്ന് ആദ്യം പരിശ്രമിച്ചത് അതിന്റെ സ്രഷ്ടാക്കളായ ഇര്‍വിന്‍ ഷ്രോഡിംഗറും, നീല്‍സ് ബോറും, ഹൈസന്‍ബെര്‍ഗും, പോളിയും യൂജിന്‍ വൈഗ്നറുമെല്ലാമാണ്.
ക്വാണ്ടം ഭൗതികം നിരീക്ഷകനെ ആധാരമാക്കിയുള്ള വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ കണികകളും അവയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്ന ക്ഷേത്രവും തരംഗ സ്വഭാവമാണ് കാണിക്കുന്നത് . അവയുടെ പ്രതിപ്രവര്‍ത്തനം അളക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ തരംഗസ്വഭാവം നഷ്ടമാവുകയും ക്ലാസിക്കല്‍ ഭൗതികത്തിന്റെ ഭാഷയിലേക്ക് നിര്‍വചിക്കപ്പെടുകയും ചെയ്യും. ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത് നിരീക്ഷകനും നിരീക്ഷകന്റെ സ്ഥാനവുമാണ്. കാരണം ഒരു ക്വാണ്ടം സിസ്റ്റം നിരീക്ഷിക്കുന്നതിനു മുമ്പും നിരീക്ഷണ ശേഷവും രണ്ടു തലങ്ങളിലാണ് നിലനില്‍ക്കുന്നത്. സംഭവങ്ങള്‍ അരങ്ങേറുന്നത് നിരീക്ഷകനെ അടിസ്ഥാനപ്പെടുത്തിയാണെന്നു വരുമ്പോള്‍ അത് ക്ലാസിക്കല്‍ ഭൗതികത്തിന്റെ വലിയ മാനങ്ങളില്‍ യുക്തിപരമായിരിക്കില്ല. പ്രസിദ്ധമായ ഐന്‍സ്റ്റൈന്‍-ബോര്‍ ബൗദ്ധിക സംവാദത്തിനു കാരണമായതും ക്വാണ്ടം ഭൗതികത്തിന്റെ ഈ അനിശ്ചിത ഭാഷയാണ്. സങ്കീര്‍ണമായതും യുക്തിക്കു നിരക്കാത്തതുമായ ഒരു സ്ഥിതിവിവരക്കണക്കായാണ് ഐന്‍സ്റ്റൈന്‍ ചിലപ്പോഴെങ്കിലും ക്വാണ്ടം ഭൗതികത്തെ വിശേഷിപ്പിച്ചത്. അതുമാത്രമല്ല, ഒരു ഉണ്മയെത്തേടുന്ന മട്ടിലുള്ള സമീപനമാണ് അതിന്റെ പ്രണേതാക്കളില്‍ നിന്നുണ്ടാക്കുന്നതെന്ന്, ആപേക്ഷികതയ്ക്കപ്പുറമൊന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന ഐന്‍സ്റ്റൈന് തോന്നുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഇത്തരം സംശയങ്ങള്‍ തത്വചിന്താപരമായി മാത്രം നിലനില്‍ക്കുന്നതാണെന്നും ദ്വന്ദ്വ സ്വഭാവത്തിനൊരു അഭൗതിക തലം നല്‍കേണ്ടതില്ലെന്നുമായിരുന്നു ക്വാണ്ടം ഭൗതികജ്ഞരുടെ സമീപനം. യൂജിന്‍ വൈഗ്നറാണ് ആദ്യമായി ‘മൈന്‍ഡ്-ബോഡി പ്രഹേളികയുടെ’ ക്വാണ്ടം പരിഭാഷ അവതരിപ്പിച്ചത്. ക്ലാസിക്കല്‍ ഭൗതികത്തിന്റെ ലോകം അളക്കാന്‍ കഴിയുന്നതും അനുഭവവേദ്യവുമാണ്. പ്രവചന സാധ്യത അതിന്റെ സവിശേഷതയുമാണ്. ഉദാഹരണമായി ഒരു അണുവിന്റെ സ്ഥാനവും അതിന്റെ പ്രവേഗവും കൃത്യമായി കണക്കു കൂട്ടാന്‍ കഴിഞ്ഞാല്‍ അതിന്റെ ഭാവി കൃത്യമായി പ്രവചിക്കാന്‍ കഴിയും. ജ്യോതിശാസ്ത്രത്തിലെ വലിയ മാനങ്ങളിലുള്ള പ്രതിഭാസങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നത് ഇതുകൊണ്ടാണ്. ഇനി ഈ പരികല്പനയെ ഒരു നിരീക്ഷകനിലേക്ക് ആരോപിച്ചാല്‍ അയാളുടെ വര്‍ത്തമാനത്തെക്കുറിച്ച് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയാളുടെ ഭാവി കൃത്യമായി പ്രവചിക്കാന്‍ കഴിയും എന്നുവരും. ഇവിടെ നിരീക്ഷകന്റെ മസ്തിഷ്‌ക്കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. വിവരങ്ങള്‍ ആറ്റങ്ങളിലേക്ക് പകര്‍ത്തപ്പെടുകയും ആറ്റങ്ങള്‍ നിരന്തരമായി മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുമ്പോള്‍ ഓരോ നിമിഷവും വിവരങ്ങള്‍ ശേഖരിക്കുകയും വിതരണം നടത്തപ്പെടുകയും ചെയ്യപ്പെടുന്നത് പുതിയ മസ്തിഷ്‌ക്കത്തിലും പുതിയ വ്യക്തിയിലുമായിരിക്കും. അപ്പോള്‍ ക്ലാസിക്കല്‍ ഭൗതികത്തിലെ യാന്ത്രിക ഭാവി പ്രവചനങ്ങള്‍ ജീവകോശങ്ങളില്‍ വിശേഷിച്ചും മസ്തിഷ്‌ക്ക കോശങ്ങളില്‍ ആരോപിക്കുന്നതില്‍ കഴമ്പില്ല. വൈഗ്നറുടെ മൈന്‍ഡ്-ബോഡി പ്രഹേളിക നിരവധി ഭൗതിക ശാസ്ത്രജ്ഞരെ ക്ലാസിക്കല്‍ ഭൗതികത്തിലെ യാന്ത്രിക പ്രവചനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ കാരണമായി എന്നതാണ് യാഥാര്‍ത്ഥ്യം. ക്ലാസിക്കല്‍ ഭൗതികത്തിലെ പ്രതിഭാസങ്ങള്‍ പലപ്പോഴും ഒരു മായക്കാഴ്ചയായി മാത്രമേ ഒരു ക്ലാസിക്കല്‍ നിരീക്ഷകന് ബോധ്യപ്പെടുകയുള്ളൂ. അളക്കുന്നില്ലെങ്കില്‍ പ്രകാശം തരംഗവും കണികയുമാണെന്നും അളന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമാണെന്നും, അവ രണ്ടും ചേര്‍ന്നതല്ലെന്നുമുള്ള സൂപ്പര്‍ പൊസിഷനും അനിശ്ചിതത്വ പ്രമാണവുമെല്ലാം പരമ്പരാഗത ഭൗതിക ശാസ്ത്രത്തിന്റെ കേവല യുക്തിക്കപ്പുറമാണ്. സ്ഥൂല പ്രപഞ്ചത്തില്‍ ഒരു ദ്രവ്യരൂപത്തിന്റെ സ്ഥാനവും പ്രവേഗവും കൃത്യമായി അളക്കാമെന്നിരിക്കേ സൂക്ഷ്മ പ്രപഞ്ചത്തില്‍ അതിന് കഴിയില്ലെന്നു വരുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സ്ഥൂല പ്രപഞ്ചം കാര്യകാരണയുക്തവും പ്രവചന സാധ്യതയുമുള്ളതാകുമ്പോള്‍ സൂക്ഷ്മ പ്രപഞ്ചം അങ്ങനെയല്ലാതാവുന്നത് എന്തുകൊണ്ടാണ്? ഇത് നിരീക്ഷകന്റെ പരിമിതിയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അനിശ്ചിതത്വം മൗലിക കണങ്ങളുടെ അടിസ്ഥാന സ്വഭാവമാണെന്നും അത് നിരീക്ഷണത്തിന്റെ പരിമിതിയല്ലെന്നും ക്വാണ്ടം ഭൗതികം അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്.
കാര്യകാരണ യുക്തിക്കു വേണ്ടിയുള്ള വാശിയും ഭൗതികതയുടെ അതിപ്രസരവും ക്ലാസിക്കല്‍ ഭൗതിക വീക്ഷണത്തെ ഒരു പരിധിവരെ തത്വചിന്താധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് മനസ്സിന്റെ അര്‍ത്ഥ തലങ്ങളെക്കുറിച്ച് ഭൗതികശാസ്ത്രം ചര്‍ച്ച ചെയ്യുന്നത് തത്വചിന്തകര്‍ ഒരുകാലത്ത് പഠനം നടത്തിയ ആത്മാവിന്റെ തലത്തില്‍ നിന്നുകൊണ്ടുതന്നെയാണ്. ആത്മാവും ബോധവുമെല്ലാം അതീത ഭൗതികമാണെന്നു കരുതുന്ന കേവല യുക്തിചിന്തയ്ക്കപ്പുറമാണ് ക്വാണ്ടം ഭൗതികം സഞ്ചരിക്കുന്ന പാത. പ്രപഞ്ച കഥ ആദ്യമായി പറയാനാരംഭിച്ചത് തത്വചിന്തകരായിരുന്നു. അതുകൊണ്ടുതന്നെയാവാം ഇപ്പോഴും പ്രപഞ്ചത്തിനൊരു ‘മിസ്റ്റിക്’ ഭാവം നിലനില്‍ക്കുന്നത്. ഭൗതിക ശാസ്ത്രജ്ഞര്‍ക്ക് തത്വചിന്തകരില്‍ നിന്നും മതപുരോഹിതന്മാരില്‍ നിന്നുമുണ്ടായ തിക്താനുഭവങ്ങളാവാം തത്വചിന്തയ്ക്ക് ഇത്ര അയിത്തം കല്‍പിക്കാന്‍ ഭൗതികശാസ്ത്രത്തെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ വൈഗ്നറെപ്പോലെയുള്ള ക്വാണ്ടം ഭൗതികജ്ഞര്‍ മുഖ്യധാരാ ശാസ്ത്രചിന്തയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ബോധത്തെയും ആത്മാവിനെയും നിര്‍വചിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നു.
പ്രസിദ്ധമായ കോപ്പന്‍ഹേഗന്‍ വ്യാഖ്യാനത്തില്‍ മുന്‍കൂട്ടി നിര്‍വചിക്കാന്‍ കഴിയാത്ത നിരീക്ഷണങ്ങളുടെ ഫലം പ്രവചിക്കുന്നതിനുള്ള സാധ്യതകളാണ് ക്വാണ്ടം ഭൗതികം ചര്‍ച്ച ചെയ്യുന്നതെന്ന സമീപനമാണ് രൂപപ്പെട്ടുവന്നത്. എന്നാല്‍ ആരാണ് നിരീക്ഷകനെന്നോ, എന്താണ് നിരീക്ഷണമെന്നോ ഈ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, ഒരു വ്യൂഹം നിരീക്ഷണത്തിനുശേഷം മറ്റൊന്നായി മാറുകയും ചെയ്യും. നിരീക്ഷണത്തിനിടയില്‍ സംഭവിക്കുന്ന സാധ്യതാ തരംഗങ്ങളുടെ ക്ഷയം നിരീക്ഷകന്റെ അസാന്നിധ്യത്തില്‍ സംഭവിക്കാത്തിടത്തോളം ഈ വ്യൂഹം ഒരു സൂപ്പര്‍ പൊസിഷനില്‍ തന്നെ നിലനില്‍ക്കും. ക്വാണ്ടം ഭൗതികത്തിന്റെ പ്രകൃതം പരമ്പരാഗത ഭൗതികശാസ്ത്രത്തിന്റെ ‘നേരെ വാ – നേരെ പോ’ യുക്തിചിന്തയ്ക്കപ്പുറമാണെന്ന് മേല്‍പറഞ്ഞ പ്രസ്താവനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിത്യജീവിതത്തിലെ അനുഭവങ്ങള്‍ വിവരിക്കുന്നതിനുള്ള പ്രമാണങ്ങളല്ല ക്വാണ്ടം ഭൗതികത്തിലുള്ളത്. അങ്ങനെ വരുമ്പോള്‍ ക്വാണ്ടം ഭൗതികത്തിനും ക്ലാസിക്കല്‍ ഭൗതികത്തിനുമിടയില്‍ ഒരു അതിര്‍ത്തി ആവശ്യമായി വരും. പദാര്‍ത്ഥം ക്വാണ്ടം ലോകത്തില്‍ നിന്നും സ്ഥൂല പ്രപഞ്ചത്തിലേയ്ക്കു കടക്കുന്നതിനുള്ള പാതയിലെ ഒരു അതിര്‍വരമ്പ്. എന്നാല്‍ ഇത്തരമൊരു അതിര്‍ത്തി നിര്‍ണയം ഭൗതികശാസ്ത്രത്തിന്റെ വിഷയമാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ഥൂലമെന്നും സൂക്ഷ്മമെന്നുമുള്ള വ്യത്യാസമില്ലാതെ പ്രപഞ്ചത്തെ കാണുമ്പോള്‍ അതിലുള്ള ഒരു പ്രതിഭാസത്തിനും കാരണമന്വേഷിച്ച് തത്വചിന്തകരെ ആശ്രയിക്കേണ്ടി വരില്ല. അത്തരം ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളിലായിരിക്കും ഉണ്മയുടെ സമവാക്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുക.
ഇതിനകം മൃതശരീരമായിക്കഴിഞ്ഞിരിക്കുന്ന തത്വചിന്തയുടെ ശവപ്പെട്ടിയിലുള്ള അവസാനത്തെ ആണിയാവുകയാണ് പെന്റോസിന്റെയും ഹാമെറോഫിന്റെയും പുതിയ കണ്ടെത്തലുകള്‍. ആത്മാവും ബോധവുമെല്ലാം വിവരിക്കുന്നന്നതിന് ഇനി പരമ്പരാഗത വിശ്വാസ പ്രമാണങ്ങളും ദൈവസങ്കല്പവുമൊന്നും ആവശ്യമുണ്ടാകില്ല. ആത്മാവിന്റെ ക്ഷേത്രം ഇനി ക്വാണ്ടം ഭൗതികത്തിന്റെ കളിയരങ്ങാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*