ചീറ്റപ്പുലി പായുകയാണ് വംശനാശത്തിലേക്ക്

കരയിലെ ഏറ്റവും വേഗമേറിയ ജീവി വംശനാശ ഭീഷണിയില്‍. മുന്‍പ് പതിനയ്യായിരത്തിലധികം ചീറ്റകള്‍ വനങ്ങളില്‍ ഉണ്ടെന്നായിരുന്നുവെങ്കില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ജീവിച്ചിരിക്കുന്നത് വെറും 7100 ചീറ്റപ്പുലികളാണെന്ന് കണ്ടെത്തി. ചീറ്റകള്‍ പ്രധാനമായും കാണപ്പെട്ടിരുന്ന പ്രദേശത്തിന്റെ 9 ശതമാനം ഭാഗത്തു മാത്രമാണ് ഇന്ന് ചീറ്റകളെ കാണാന്‍ സാധിക്കുക. സിംബ്ബാവെയില്‍ മാത്രം 10 വര്‍ഷം കൊണ്ട് ചീറ്റകള്‍ക്കു നഷ്ടമായത് 8 ശതമാനം വാസസ്ഥലമാണ്. ഇവിടെ 16 വര്‍ഷം മുന്‍പ് 1200 ചീറ്റകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 170 ചീറ്റകള്‍ മാത്രമാണ്. ജീവിക്കാന്‍ വിശാലമായ പ്രദേശം ആവശ്യമുള്ള ജീവികളാണു ചീറ്റകള്‍. ഇവയുടെ ആവാസകേന്ദ്രത്തിന്റെ 77 ശതമാനവും ഇന്നു സംരക്ഷിത പ്രദേശത്തിനു പുറത്താണ്. മനുഷ്യരുടെ കടന്നു കയറ്റം തന്നെയാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. വന നശീകരണവും ചീറ്റപ്പുലികളുടെ വാസകേന്ദ്രമായ പുല്‍മേടുകള്‍ നഗരവല്‍ക്കരണത്തിന്റെ പേരില്‍ നശിപ്പിച്ചതുമാണ് ചീറ്റകളുടെ ഈ ദയനീയാവസ്ഥയ്ക്കു കാരണം. തോലിനു വേണ്ടിയുള്ള വേട്ടയാണ് മറ്റൊരു പ്രധാന കാരണം. ഇങ്ങനെ പോയാല്‍ ചീറ്റകള്‍ ഇ ഭൂമുഖത്തു അധിക നാള്‍ കാണില്ല.
അടുത്തിടെ നടത്തിയ പഠനങ്ങളില്‍ ജിറാഫിന്റെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വന്‍ ഇടിവാണ് ചീറ്റകളുടെ പുതിയ കണക്കെടുപ്പിനു ഗവേഷകരെ പ്രേരിപ്പിച്ചത്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍, പാരീസ് ആസ്ഥാനമായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് ഈ പഠനം നടത്തിയത്.
ലോകത്തില്‍ ഇന്ന് ചീറ്റപ്പുലികള്‍ കണ്ടു വരുന്നത് ആഫ്രിക്കയിലും ഇറാനിലും മാത്രമാണ്. ഇറാനില്‍ വെറും മൂന്ന് ചീറ്റപ്പുലികള്‍ മാത്രമേ ജീവിച്ചിരുപ്പുള്ളു. ആഫ്രിക്കയിലെ ചീറ്റപ്പുലികള്‍ വംശനാശത്തിന്റെ പാതയിലാണെന്നു വ്യക്തമായിരുന്നെങ്കിലും പുതിയ പഠനത്തില്‍ ഇവയുടെ വംശത്തിലുണ്ടായ വന്‍ ഇടിവ് വളരെ വലുതാണ്. ചീറ്റപ്പുലികളുടെ നിലനില്‍പു മുന്‍പ് കരുതിയിരുന്നതിലും അപകടാവസ്ഥയിലാണെന്നു ഇത് സൂചിപ്പിക്കുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*