എസ്-ടി കാലാവസ്ഥ റഡാര്‍ ‘കുസാറ്റിന് ‘ കൈമാറി

സ്ട്രാറ്റോസ്പിയര്‍ ട്രോപ്പോസ്പിയര്‍ വിന്‍ഡ് പ്രൊഫൈലിങ് കാലാവസ്ഥ റഡാര്‍ കേന്ദ്രം കൊച്ചി ശാസ്ത്രസാങ്കേതീക സര്‍വ്വകലാശാലയ്ക്ക് ( കുസാറ്റ് ) കൈമാറി.
ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനും പൂര്‍ണമായി സ്വദേശി നിര്‍മിതമായ റഡാര്‍കേന്ദ്രത്തിനു ഈയിടെ ടെക്ക്‌നിക്കല്‍ റിവ്യൂ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 20 കോടി രൂപയുടെ ധനസഹായത്തോടെ കുസാറ്റില്‍ ആരംഭിച്ച റഡാര്‍ കേന്ദ്രത്തില്‍ സ്ട്രാറ്റോസ്‌ഫെറിക്‌ട്രോപ്പോസ്‌ഫെറിക് റഡാര്‍, കാലാവസ്ഥാ നിരീക്ഷണ ഗോപുരം, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍, വിദൂര സംവേദന ജിപിഎസ് സോണ്‍ഡേ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. 32 മീറ്ററോളം ഉയരമുള്ള കാലാവസ്ഥാ നിരീക്ഷണ ഗോപുരവും അത്യാധുനികമായ സ്ട്രാറ്റോസ്‌ഫെറിക്–ട്രോപ്പോസ്‌ഫെറിക് റഡാര്‍ കേന്ദ്രവും ചേര്‍ന്നാണ് കാലാവസ്ഥാ അവലോകനം തയാറാക്കുന്നത്. നാലേക്കര്‍ സ്ഥലത്ത് സ്‌റ്റേഷനില്‍ 619 ആന്റിനകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി കുസാറ്റ് രണ്ട് കോടിയും ചെലവഴിച്ചു. നവംബര്‍ രണ്ട് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണിവയെല്ലാം.
ഹൈഡ്രജന്‍ ബലൂണില്‍ നിരീക്ഷണ വസ്തുക്കള്‍ പറത്തി വിട്ടുള്ള പരമ്പരാഗത രീതിക്കാണ് ഇതോടെ മാറ്റം വരുന്നത്. കരയില്‍ നിന്ന് 20 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള കാറ്റ്, മര്‍ദ്ദം, ഈര്‍പ്പം തുടങ്ങിയവയുടെ നേരിയ വ്യതിചലനം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ ശേഷിയുള്ളതാണ് 205 മെഗാ ഹേര്‍ട്‌സ് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാര്‍. റേഡിയോ, ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഫ്രീക്വന്‍സി പരിധിയില്‍പെടുന്ന 205 മെഗാ ഹേര്‍ട്‌സില്‍ ലോകത്തില്‍ ആദ്യമായാണ് ഇത്തരം റഡാര്‍ സ്ഥാപിക്കുന്നത്.
ഫ്രീക്വന്‍സി അടിസ്ഥാനത്തില്‍ ആദ്യത്തേതും സ്ട്രാറ്റോസ്‌ഫെറിക്‌ട്രോപ്പോസ്‌ഫെറിക് വിഭാഗത്തില്‍ ലോകത്തിലെ ഏഴാമത്തെയും കാലാവസ്ഥാ റഡാറാണിത്. കൊച്ചി സാങ്കേതിക സര്‍വ്വകലാശാലയില്‍ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണത്തിനും ഗവേഷണത്തിനും അന്തരീക്ഷ വിവര സംഭരണത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങും. കാലാവസ്ഥ, വ്യോമയാനം, പ്രതിരോധം, കൃഷി തുടങ്ങിയ രംഗത്തെ ഏജന്‍സികള്‍ക്ക് കുസാറ്റിലെ കാലാവസ്ഥ ബുള്ളറ്റിന്‍ വന്‍സഹായമാകും. നാസയുടെ പഠനത്തെ അടിസ്ഥാനമാക്കിയാണ് 205 മെഗാ ഹേര്‍ട്‌സ് റഡാര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്ന് റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. മോഹന്‍കുമാര്‍ പറഞ്ഞു.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*