ഇന്ന് പര്‍വത ദിനം; അറിയാം ആല്‍പ്‌സിന്റെ വിശേഷങ്ങള്‍

യൂറോപ്പിലെഏറ്റവും വലിയ പര്‍വതനിരയാണ് ആല്‍പ്‌സ്. 1200 കിലോമീറ്റര്‍ നീളത്തില്‍ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ലിച്ചെന്‍സ്‌റ്റെയ്ന്‍, ജര്‍മനി, ഫ്രാന്‍സ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും കിഴക്കന്‍ ആല്‍പ്‌സ്, പടിഞ്ഞാറന്‍ ആല്‍പ്‌സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. മോണ്ട് ബ്ലാങ്ക് ആണ് ആല്‍പ്‌സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,808 മീറ്റര്‍ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാന്‍സ് അതിര്‍ത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്. പര്‍വതം എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്.

ആഫ്രിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റ് യൂറേഷ്യന്‍ പ്ലേറ്റുമായി കൂട്ടിമുട്ടിയതിനാല്‍ ദശകോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് ആല്‍പ്‌സ് പര്‍വതനിരകള്‍ രൂപം കൊണ്ടത്. 4000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ധാരാളം കൊടുമുടികള്‍ ആല്‌പൈന്‍ പ്രദേശത്തുണ്ട്.

ആല്‍പ്‌സിന്റെ ഉയരവും വലിപ്പവും യൂറോപ്പിന്റെ കാലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. 3400 മീറ്റര്‍ വരെ ഉയരത്തില്‍ ഐബെക്‌സ് പോലുള്ള മൃഗങ്ങള്‍ കാണപ്പെടുന്നു. എഡല്‍വൈസ് പോലുള്ള സസ്യങ്ങള്‍ അധികം ഉയരമില്ലാത്ത പാറകള്‍ നിറഞ്ഞ പ്രദേശങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ട്. പ്രാചീന ശിലായുഗത്തില്‍ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഉദ്ദേശം 5000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെറ്റുന്ന മഞ്ഞില്‍ പെട്ടുപോയ ഒരു മനുഷ്യശരീരം 1991ല്‍ ഓസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിര്‍ത്തിപ്രദേശത്ത് കണ്ടെത്തപ്പെടുകയുണ്ടായി. ഹാനിബാള്‍ ഒരുപറ്റം ആനകളുമായി ആല്‍പ്‌സ് മുറിച്ചുകടന്നിട്ടുണ്ടാവാം എന്ന് കരുതപ്പെടുന്നു. 1800ല്‍ നെപ്പോളിയന്‍ മലനിരകളിലെ ഒരു ചുരത്തിലൂടെ 40,000 പേരുള്ള സൈന്യവുമായി കടക്കുകയുണ്ടായി. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ഇവിടെ പരിസ്ഥിതിപ്രേമികളും എഴുത്തുകാരും കലാകാരന്മാരും (പ്രത്യേകിച്ച് കാല്പനികതാവാദികള്‍) എത്തിയതിനെത്തുടര്‍ന്ന് ആല്‍പൈനിസത്തിന്റെ സുവര്‍ണ്ണകാലം ആരംഭിച്ചു. മലകയറ്റക്കാര്‍ കൊടുമുടികള്‍ കീഴടക്കാനും ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജര്‍മനി സ്വിറ്റ്‌സര്‍ലാന്റ്, ലിച്ചന്‍സ്‌റ്റൈന്‍ എന്നിവ ഒഴികെയുള്ള ആല്‍പൈന്‍ രാജ്യങ്ങള്‍ കീഴടക്കുകയുണ്ടായി. ബവേറിയന്‍ ആല്‍പ്‌സില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഒരു താമസസൗകര്യത്തോടുകൂടിയ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരുന്നു.

കൃഷി, ചീസ് നിര്‍മ്മാണം, മരപ്പണി എന്നിവ ഇപ്പോഴും ആല്‍പ്‌സിലെ ഗ്രാമങ്ങളിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിനോദസഞ്ചാരത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. ഇതാണ് ഇപ്പോള്‍ ഈ പ്രദേശത്തെ പ്രധാന വരുമാനമാര്‍ഗ്ഗം. ശീതകാല ഒളിമ്പിക്‌സ് സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളുടെ ആല്‍പ്‌സ് പ്രദേശത്ത് നടത്തപ്പെട്ടിട്ടുണ്ട്. 1.4 കോടി ആള്‍ക്കാര്‍ ഇവിടെ സ്ഥിരമായി താമസിക്കുന്നുണ്ട്. 12 കോടി ആള്‍ക്കാര്‍ വര്‍ഷം തോറും ഈ പ്രദേശം സന്ദര്‍ശിക്കുന്നുമുണ്ട്.

പടിഞ്ഞാറ് മെഡിറ്റനേറിയനില്‍ നിന്ന് കിഴക്ക് അഡ്രിയാറ്റിക്ക് വരെ 1098 കി.മി. ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. ഫ്രാന്‍സില്‍ മെഡിറ്റനേറിയനില്‍ നിന്ന് വടക്ക് ഫ്രാന്‍സിന്റയും ഇറ്റലിയുടേയും അതിര്‍ത്തിയില്‍ അവസാനിക്കുന്നു. ഇറ്റലിയുടേ വടക്കന്‍ അതിര്‍ത്തിയായി നില്ക്കുന്നതിന്നാല്‍ റോമന്‍ ഭിത്തിയെന്നും അറിയപ്പെടുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*