പ്രായം മൂന്നു കോടി, കാണാനോ സുന്ദരി…പക്ഷേ….

വെബ് ഡെസ്‌ക്
കാണാന്‍ സുന്ദരി ,പ്രായമോ ഒന്നും രണ്ടുമല്ല 3 കോടി, ചുരുക്കി പറഞ്ഞാല്‍ ഒരു മുതുമുത്തശ്ശി . കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമല്ലേ? എങ്കില്‍ സംഗതി സത്യമാണ്. ഈ പറഞ്ഞു വരുന്നത് ജീവികളുടെ ഫോസിലിനെക്കുറിച്ചല്ല; ഒരു പൂവിനെക്കുറിച്ചാണ്. ഒരു കുഞ്ഞു പൂവിന്റെ കാര്യമാണ് ഈ പറയുന്നത്. ചിലപ്പോള്‍ പലരും വിശ്വസിച്ചില്ലെന്ന് വരാം. പക്ഷേ, കാര്യമില്ല ഇത് സ്ത്യമാണ്. ലോകം അംഗീകരിച്ച സത്യം.സ്ട്രിക്ക്‌നോസ് ഇലക്ട്രി എന്ന പൂവാണ് ഇത്തരത്തില്‍ കോടിക്കണക്കിന് വര്‍ഷം പഴക്കം ചെന്നകഥയുമായി ശാസ്ത്രലോകത്ത്  തിളങ്ങി നില്‍ക്കുന്നത്.
. പ്രകൃതിയുടെ കരുതിവയ്പ്പുകാരനായ ആംബെര്‍ എന്ന മരക്കറയില്‍ ചെന്നു വീണതോടെയാണ് കക്ഷി ലോക പ്രസിദ്ധിയാര്‍ജ്ജിച്ചതെന്ന് പറയാം. വെറും ഒരു സെന്റിമീറ്ററോളം പോന്ന സ്ട്രിക്ക്‌നോസ് ഇലക്ട്രി  എന്ന ആ പൂവ് ഇന്ന് ലോകത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കം ചെന്നതാണ്. അതാകട്ടെ ഇപ്പോള്‍ പൊഴിഞ്ഞുവീണതേയുള്ളൂ എന്ന അവസ്ഥയിലും. പക്ഷേ, ഒരു പ്രശ്‌നമുണ്ട് . കാണാന്‍ സുന്ദരിയാണെങ്കിലും കക്ഷിയെ അടുപ്പിക്കാന്‍ പറ്റില്ല, അത്രയ്ക്ക് മാരകവിഷമാണ്.ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള strychnine, curare തുടങ്ങിയ മാരകവിഷങ്ങളുണ്ടാക്കുന്ന ചെടിയുടെ പൂര്‍വികരാണ് സ്ട്രിക്ക്‌നോസ് ഇലക്ട്രി. ഡയഫ്രത്തെ തളര്‍ത്തി ശ്വാസംമുട്ടിച്ച് ആളെക്കൊല്ലുന്ന വിഷമാണ് ഇവ രണ്ടും. കുറച്ചുനേരം ഈ പൂവ് മണപ്പിച്ചാല്‍ മതി പേശികളെല്ലാം തളര്‍ന്ന് ആളു ശ്വാസംമുട്ടി മരിക്കാന്‍. ‘പേരക്കുട്ടികള്‍’ക്ക് ഇത്രയ്ക്കും വിഷമുണ്ടെങ്കില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ എത്രത്തോളം അപകടകാരിയായിരുന്നു സ്ട്രിക്ക്‌നോസ് ഇലക്ട്രിക്കെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൂക്കളുടെ കൂട്ടത്തില്‍ ആസ്റ്ററിഡ്‌സ് വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലത്തു വീണ് മണ്ണും മറ്റുമടിഞ്ഞ് ഫോസിലുകളായി മാറുന്ന പൂക്കളും പലപ്പോഴായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാലങ്ങളോളം കനത്ത ചൂടും മഞ്ഞുമെല്ലാം ഏറ്റ് മിക്കതിന്റെയും യഥാര്‍ഥ രൂപം നഷ്ടപ്പെട്ടിട്ടുണ്ടാകും. പൊടിഞ്ഞ രൂപത്തിലും ചതഞ്ഞ് വികൃതമായിട്ടുമെല്ലാമാണ് അത്തരം പൂക്കളുടെ ഫോസിലുകള്‍ പലപ്പോഴും ലഭിച്ചിട്ടുള്ളത്. ആംബെറാകട്ടെ പാലിയന്റോളജിസ്റ്റുകളുടെ ഭാഷയില്‍ പറഞ്ഞാല്‍ രത്‌നത്തോളം മൂല്യമുള്ള മരക്കറയാണ്. ചരിത്രം, അല്ലെങ്കില്‍ പരിണാമത്തിലെ ഒരു കണ്ണി, അത്രമാത്രം സൂക്ഷ്മതയോടെയായിരിക്കും അതില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാവുക. ജുറാസിക് പാര്‍ക്ക് എന്ന ചിത്രത്തിന്റെ കഥയുണ്ടാകാന്‍ പോലും കാരണം ഈ മരക്കറയാണ്. ആംബെറില്‍ കുടുങ്ങുന്ന ചരിത്രാതീത കാലത്തെ കൊതുകിന്റെ ഡിഎന്‍എ എടുത്താണ് ചിത്രത്തില്‍ ദിനോസറിനെ സൃഷ്ടിക്കുന്നതു തന്നെ. സ്ട്രിക്ക്‌നോസ് ജീനസില്‍ പെട്ടതാണ് ഈ പുതിയ പൂവ്. ഇലക്ട്രോണ്‍ എന്നാല്‍ ആംബെറിന്റെ ഗ്രീക്ക് പേരാണ്. അതില്‍ നിന്നാണ് ‘ഇലക്ട്രി’ വന്നത്.
1986ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു മലയടിവാരത്തില്‍ നിന്നു ലഭിച്ചതാണെങ്കിലും ഇപ്പോഴാണ് ഗവേഷകര്‍ ഈ പൂവിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനു പേരുമിട്ട് തരംതിരിച്ചത്.
ആംബെറില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ നേരത്തെ പലതരം ജീവികളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ട്. കൊതുകുകള്‍, പല്ലികള്‍, തവളകള്‍, പ്രാണികള്‍, എട്ടുകാലികള്‍ തുടങ്ങിയവയുടെ ഇത്തരം ‘ജീവനുള്ള’ ഫോസിലുകളില്‍ 13 കോടി വര്‍ഷം പഴക്കമുള്ളവ വരെയുണ്ട്. പക്ഷേ പൂക്കളില്‍ ഇത്തരത്തിലൊന്ന് ഇതാദ്യം. ഫോസിലുകള്‍ ലഭ്യമാകാത്തതിനാല്‍ പലപ്പോഴും പാതിവഴിയിലെത്തി നില്‍ക്കുന്ന സസ്യങ്ങളുടെ പരിണാമപാതയില്‍ നിര്‍ണായക കണ്ണിയായി ചേര്‍ക്കപ്പെട്ടിരിക്കുകയാണിപ്പോള്‍ സ്ട്രിക്ക്‌നോസ് ഇലക്ട്രി.

strychnos-electri-in-origin

മൂന്നുകോടി വര്‍ഷം പഴക്കമുള്ള പൂവ്‌

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*