നാണംകുണുങ്ങി കുരങ്ങ് ഇനിയെത്ര നാള്‍?

വെബ് ഡെസ്‌ക്
കടുത്ത വംശനാശ ഭീഷണിയില്‍ വാനരവംശത്തിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന ടാര്‍സിയെറും . തെക്കുകിഴക്കനേഷ്യയിലെ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വജീവിയായ ടാര്‍സിയെറിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത് വന നശീകരണം തന്നെ.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലിന്ന് മൂന്നുതരം ടാര്‍സിയെറുകളാണുള്ളത്. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, ഫിലിപ്പിയന്‍ എന്നിവയാണവ. ഇവയില്‍ത്തന്നെ പതിനെട്ടോളം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ്ട് ഭൂരിഭാഗവും അന്യം നിന്നുപോകുന്ന സ്ഥിതിയാണ് നിലവില്‍.
ചെറിയ ശരീരത്തിനും മുഖത്തിനും ചേരാത്തവിധം വലിപ്പമുള്ള ഉണ്ടക്കണ്ണുകള്‍, താരതമ്യേന വലിയ പാദങ്ങളോടുകൂടിയ നീണ്ട പിന്‍കാലുകള്‍, മെലിഞ്ഞു നീണ്ട വാല്‍, നീണ്ട വിരലുകള്‍, എന്നിവയൊക്കെയാണ് ടാര്‍സിയെറുടെ പ്രത്യേകതകള്‍. വാല്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വെറും മൂന്നര മുതല്‍ ആറിഞ്ചുവരെ നീളമേ ഇവയ്ക്കുള്ളൂ. ശരീരത്തിന്റെ ഇരട്ടിയോളം നീളം വാലിനുണ്ടാകും. ഏതു നേരവും മരങ്ങളില്‍ മാത്രം കഴിച്ചു കൂട്ടുന്ന രാത്രിഞ്ചരന്മാരായ ജീവികളാണിവ.
പൊതുവേ നാണം കുണുങ്ങികളായ ഇവ മനുഷ്യന്റെ കണ്‍വെട്ടത്തുവരില്ലെന്നതും ഇക്കൂട്ടരുടെ പ്രത്യേകതയാണ്.
വാനരവംശത്തില്‍ ലെമുറുകള്‍ക്കും കുരങ്ങുകള്‍ക്കുമിടിയിലുള്ള ജീവവര്‍ഗമായി ശാസ്ത്രജ്ഞര്‍ ടാര്‍സിയെറുകളെ കണക്കാക്കുന്നത്. പല സ്പീഷീസുകളിലും കണ്ണിന്റെയും ചെവിയുടെയും വലിപ്പം, സ്വഭാവം, ശബ്ദം തുടങ്ങിയവയില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നു.
വാനരവംശത്തില്‍ പൂര്‍ണമായും മാംസഭോജികളായ ഒരേയൊരു ജീവി ടാര്‍സിയെറാണ്. മരങ്ങളില്‍ കാണുന്ന കീടങ്ങള്‍, പല്ലികള്‍, ചെറുപാമ്പുകള്‍ തുടങ്ങിയ ജീവികളെ ഇവ ഭക്ഷണമാക്കുന്നു. മരച്ചില്ലകളിലൂടെ ചാടിച്ചാടിയാണ് ഇവയുടെ സഞ്ചാരം. മരങ്ങളില്‍ അള്ളിപ്പിടിക്കാനുള്ള ഗ്രിപ്പ് നല്‍കുംവിധമാണ് കാല്‍വിരലുകളുടെ അറ്റം. മരങ്ങളിലൂടെയുള്ള സഞ്ചാരത്തിന് നീണ്ട വാലും വേണ്ടവിധം സപ്പോര്‍ട്ട് ചെയ്യുന്നു. ടാര്‍സിയെറുകളിലെ ചില വിഭാഗക്കാര്‍ കൂട്ടുകുടുംബമായും ചിലവ തീര്‍ത്തും ഏകാകികളായും കഴിയാനിഷ്ടപ്പെടുന്നവയാണ്. മുതിര്‍ന്നവരെപ്പോലെ കട്ടിയുള്ള രോമക്കുപ്പായവും തുറന്ന കണ്ണുകളും ജനിച്ചുവീഴുന്ന ടാര്‍സിയെര്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകും. ജനിച്ച് ഒരു മണിക്കൂറിനകം കുഞ്ഞുങ്ങള്‍ മരം കയറുകയും ചെയ്യും.എന്നാല്‍ ഇത്തരം പ്രത്യേകതയുള്ള കുരങ്ങ് വര്‍ഗം എത്രനാള്‍ കാണുമെന്ന് പ്രവചിക്കാനാവില്ല. അത്രമാത്രം ഇവയുടെ ആവാസ വ്യവസ്ഥ മനുഷ്യര്‍ തകിടം മറിച്ചിരിക്കുകയാണ്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*