തീനാളവും ശൂന്യാകാശവും പിന്നെ ഭൂമിയും

സ്‌പേസില്‍ ഒരു ഉപഗ്രഹത്തില്‍വെച്ച് മെഴുകുതിരി കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതയെക്കുറിച്ച് ബൈജു രാജു എഴുതുന്നു മാഷും കുട്ട്യോളും പംക്തിയില്‍

ലത: മാഷേ, ഞാന്‍ ഒരു സംശയം ചോദിച്ചുകൊള്ളട്ടെ?

മാഷ്: ചോദിക്കൂ ലതേ, സംശയം ചോദിക്കുമ്പോഴാണല്ലോ നമ്മുടെ അറിവുകള്‍ വര്‍ധിക്കുന്നത്. അതിനാല്‍ കുട്ടി ധൈര്യമായി ചോദിക്കുക. അറിയാവുന്ന കാര്യത്തിന് മാഷ് മറുപടി നല്‍കാം.
ലത: അല്ല മാഷേ നമ്മള്‍ ഇവിടെ മെഴുകുതിരി കത്തിച്ചു വെച്ചാല്‍ അതു കത്തും. അതുപോലെ സ്‌പേസില്‍ മെഴുകുതിരിയോ മറ്റോ കത്തിച്ചു വെക്കാന്‍ കഴിയുമോ?

മാഷ്: ലതേ നിന്റെ സംശയം വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ ബഹിരാകാശത്തെക്കുറിച്ചും മറ്റും പഠിച്ചിട്ടുണ്ട്. സ്‌പേസിലെ പ്രത്യേകതയെന്തെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.
ലത: ഉണ്ട് മാഷേ, ഞാന്‍ ഓര്‍ക്കുന്നു
മാഷ്: ശരി, എങ്കില്‍ നീ പറയുക തീയുണ്ടാകണമെങ്കില്‍ എന്തിന്റെ സാന്നിധ്യമാണ് വേണ്ടത്?
ലത: വായു വേണം.അല്ലാത്ത പക്ഷം തീകത്തുക അപ്രാപ്യമാണ്.

മാഷ്: നീ പറഞ്ഞത് ശരിയാണ്. ഇനി മറ്റൊരു ചോദ്യം സ്‌പേസില്‍ വായു ഉണ്ടോ?
ലത: ഇല്ല മാഷേ
മാഷ്: അപ്പോള്‍ എങ്ങനെയാണ് അവിടെ മെഴുകുതിരി കത്തിക്കാന്‍ കഴിയുക
ലത: അതു ശരിയാണല്ലോ മാഷേ. ഞാന്‍ അതു മറന്നു.
മാഷ്: പക്ഷേ, കുട്ടീ നിന്റെ അറിവിലേക്കായി ഞാന്‍ മറ്റൊരു കാര്യം പറയാം സ്‌പേസില്‍ പോയി വായു നിറച്ച ഒരു പേടകത്തിന് അകത്ത്( ഒരു ഉപഗ്രഹത്തില്‍) നമുക്ക് തിരി കത്തിക്കാനാവും.
പക്ഷേ, അങ്ങനെ കത്തിക്കുമ്പോള്‍ ചില പ്രത്യേകതകളുണ്ടാകും അതിന്. മെഴുകുതിരി കത്തിച്ചു വച്ചാല്‍ അതിന്റെ തീനാളം ഭൂമിയില്‍ തിരി കത്തിച്ചുവെക്കുമ്പോള്‍ തീനാളം നീണ്ടിരിക്കില്ല. നീല നിറത്തില്‍ ഉരുണ്ടിരിക്കും.

ലത: അതെന്താ മാഷേ അങ്ങനെ?
മാഷ്: പറയാം, കാരണം മറ്റൊന്നുമല്ല.തണുത്ത വായുവിന് കട്ടി കൂടുതലാണ്. ചൂട് വായുവിന് കട്ടി കുറവും.

ഭൂമിയില്‍ ഗുരുത്വാകര്‍ഷണം ഉള്ളത് കാരണം കട്ടി ഉള്ള വായു താഴേക്കും, കട്ടി കുറഞ്ഞത് മുകളിലേക്കും നീങ്ങുന്നു. മെഴുതിരി കത്തുമ്പോള്‍ ബാഷ്പീകരിച്ച മെഴുകു ചൂട് വായുവിനൊപ്പം മുകളിലേക്കു സഞ്ചരിക്കുമ്പോള്‍ ആണ് നീണ്ട തീനാളം ഉണ്ടാവുന്നത്.

സ്‌പെസിലൂടെ പോകുന്ന വാഹനത്തില്‍ മൈക്രോ ഗ്രാവിറ്റി മാത്രമേയുള്ളൂ. അതിനാല്‍ കട്ടി കൂടിയ തണുത്ത വായും, കട്ടി കുറഞ്ഞ ചൂട് വായുവും അവിടെത്തന്നെ നില്‍ക്കും. അപ്പോള്‍ മെഴുകു ബാഷ്പം ഗോളാകൃതിയില്‍ പൂര്‍ണമായി കത്തിപ്പോകുന്നു. പൂര്‍ണമായി കത്തിപ്പോകുന്നതിനാല്‍ ആണ് മെഴുകുതിരിയുടെ തീ നീല നിറത്തില്‍ കാണുന്നത്.

ചൂട് വായു നീങ്ങി ദൂരേക്ക് പോകാത്തതിനാല്‍ കൂടുതല്‍ ശുദ്ധവായു തീയ്ക്കു ലഭിക്കുന്നില്ല. അതിനാല്‍ കത്തലിന്റെ തോതും കുറയുന്നു. തീ ചെറിയ ഗോളാകൃതിയിലും ആവുന്നു. ഇപ്പോള്‍ കാര്യം മനസിലായോ?
ലത: മനസിലായി മാഷേ, ഇക്കാര്യം ഞാന്‍ വീട്ടില്‍ ചെന്ന് അനുജനും പറഞ്ഞുകൊടുക്കും. എല്ലാവരും അറിയട്ടെ കാര്യങ്ങള്‍

മാഷ്: അത് നല്ല കാര്യം. എന്തായാലും ഇന്ന് ഇനി സമയമില്ല. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുനല്‍കാമായിരുന്നു

baiju baijuraj@hotmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*