വരുന്നൂ…. സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍

സാബു ജോസ്
ബഹിരാകാശത്തൊരു ഔട്ട്‌പോസ്റ്റ് ജ്യോതിശാസ്ത്രജ്ഞരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിദൂര സ്വപ്നത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കണം. ആ സ്വപ്നം പൂവണിയാന്‍ ഇനി അധികകാലമൊന്നും ആവശ്യമില്ല. കേവലം 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാകും ! അന്താരാഷ്ട്ര ബഹിരാകാശ നിലയംപോലെ ഭൂമിയുടെ തൊട്ടടുത്തൊന്നുമല്ല ഈ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്നും 4,43,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനില്‍ നിന്നും 60,800 കിലോമീറ്റര്‍ ദൂരെ ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനത്താണ് (Earth-Moon Lagrangian Point-2 or EML-2) ആദ്യത്തെ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. ആറുമാസത്തെ നിരന്തര പഠനത്തിലൊടുവിലാണ് അപ്പോളോ – 11ലെ ചാന്ദ്രയാത്രികനായ എഡ്വിന്‍ ബൂസ് ആല്‍ഡ്രിനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ പ്രൊപോസല്‍ നാസ അംഗീകരിക്കുന്നത്. തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ പദ്ധതിയുടെ വിജയത്തില്‍ നാസയുടെ മേധാവിയായ ചാള്‍സ് ബോള്‍ഡന്‍ ശുഭാപ്തി വിശ്വാസിയാണ്.

outpost-2
നാസയുടെ രണ്ട് സുപ്രധാന ബഹിരാകാശ പദ്ധതികള്‍ക്കുശേഷമാണ് സ്‌പേസ് ഔട്ട്‌പോസ്റ്റ് നിര്‍മ്മാണം ആരംഭിക്കുന്നത്. ഇതില്‍ ആദ്യത്തേത് 2017ല്‍ വിക്ഷേപിക്കപ്പെടുന്ന ഒറിയണ്‍ ഡീപ്-സ്‌പേസ് ക്യാപ്‌സൂളാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ വഹിച്ചുകൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും രൂപകല്പന ചെയ്ത വാഹനമാണ് ഒറിയണ്‍. അപ്പോളോ പേടകങ്ങളുടെ മാതൃകയില്‍ നിര്‍മിക്കുന്ന പേടകത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്‌പേസ് ഷട്ടിലുകള്‍ പോലെ റണ്‍വേയില്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും ഒറിയണിയനു കഴിയില്ല. കടലില്‍ ഇറങ്ങുന്ന തരത്തിലാണിതിന്റെ രൂപകല്‍പന. നാസയുടെ രണ്ടാമത്തെ പദ്ധതിയാണ് ഹെവി-ലിഫ്റ്റ് സ്‌പേസ് ലോഞ്ച് സിസ്റ്റമെന്ന എസ്.എല്‍.എസ് . 2021ലാണ് എസ്.എല്‍.എസ്. പരീക്ഷണ വിക്ഷേപണത്തിന് നാസ പദ്ധതിയിട്ടിരിക്കുന്നത്. അതിനുശേഷമാണ് നാസയുടെ സ്വപ്നപദ്ധതിയായ സ്‌പേസ് ഔട്ട്‌പോസ്റ്റ് നിര്‍മാണമാരംഭിക്കുന്നത്. 2030നു മുന്‍പുതന്നെ ആദ്യത്തെ ഔട്ട്‌പോസ്റ്റ് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് നാസ പറയുന്നത്.
സ്‌പേസ് ഔട്ട്‌പോസ്റ്റുകള്‍ പ്രായോഗികമാണോ ?
സാങ്കേതികമായി ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ കണ്ടെത്തുന്നതിനും അവിടെ ഫ്‌ളോട്ടിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും തടസ്സമൊന്നുമില്ല. സാമ്പത്തിക ബാധ്യതയാണ് പ്രധാന പ്രശ്‌നം. അമേരിക്കയുള്‍പ്പെടെയുള്ള പല വികസിത രാജ്യങ്ങളും ബഹിരാകാശ ഗവേഷണത്തിനു വകയിരുത്തുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. 3500 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് സംഘം കരുതുന്നത്.

out-post-3

ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ ?
വലിയ പിണ്ഡമുള്ള രണ്ടോ അതിലധികമോ ദ്രവ്യരൂപങ്ങളുടെ ഗുരുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന മേഖലയാണ് ലെഗ്രാന്‍ഷ്യന്‍ പോയിന്റുകള്‍ എന്നറിയപ്പെടുന്നത്. ലിബ്രേഷന്‍ പോയിന്റുകളെന്നും എല്‍-പോയിന്റുകളെന്നും ഇവയെ വിളിക്കാറുണ്ട്. ഭൂമിയുടെയും ചന്ദ്രന്റെയും കാര്യം പരിഗണിച്ചാല്‍ ഇവയുടെ ഗുരുത്വബലം നിര്‍വീര്യമാക്കപ്പെടുന്ന അഞ്ചു സ്ഥാനങ്ങള്‍ സ്‌പേസില്‍ അടയാളപ്പെടുത്താന്‍ കഴിയും. (L1, L2, L3, L4, L5). 1772ല്‍ ഇറ്റാലിയന്‍ വംശജനായ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍ ജോസഫ് ലൂയി ലെഗ്രാന്‍ഷേ ആണ് ഗുരുത്വബലം നിര്‍വീര്യമാകുന്ന ഇത്തരം സ്ഥാനങ്ങളേക്കുറിച്ച് ആദ്യമായി പഠനം നടത്തിയതും കണക്കുകൂട്ടലിലൂടെ അവ കണ്ടെത്തിയതും. ഭൂമിയ്ക്കും സൂര്യനുമിടയിലും സൂര്യനും മറ്റു ഗ്രഹങ്ങള്‍ക്കുമിടയിലും അവയ്ക്കു പരസ്പരവും ഇത്തരം ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളുണ്ട്. സൂര്യനും ഭൂമിയ്ക്കുമിടയിലുള്ള ഇത്തരം ആദ്യത്തെ സ്ഥാനം (L1) ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരെയാണ്.

സൗരപ്രതിഭാസങ്ങളേക്കുറിച്ച് പഠനം നടത്തുന്ന സോളാര്‍ ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി പേടകവും, അഡ്വാന്‍സ്ഡ് കോംപോസിഷന്‍ എക്‌സ്‌പ്ലോററും ഇപ്പോഴുള്ളത് ഭൂമിയ്ക്കും സൂര്യനുമിടിയലുള്ള ഘ1 പോയിന്റിലാണ്. ഹെര്‍ഷല്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി, പ്ലാങ്ക് സ്‌പേസ് ഒബ്‌സര്‍വേറ്ററി, ഡബ്യൂ-മാപ് , ഗയ, ചാംഗ് എന്നീ സ്‌പേസ് ക്രാഫ്റ്റുകളും വിക്ഷേപണത്തിനൊരുങ്ങിയിരിക്കുന്ന, ഹബിളിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പും ഭൂമിയുടെയും സൂര്യന്റെയും ഘ2 പോയിന്റിലാണുള്ളത്. ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ കാണപ്പെടുന്നത് സൂര്യനും വ്യാഴത്തിനുമിടയിലുള്ള L4, L5 പോയിന്റുകളിലാണ്.
ഭാവിയില്‍ ചൊവ്വയിലേക്കും അതിനുമപ്പുറത്തേയ്ക്കുമുള്ള മനുഷ്യരുടെ ദീര്‍ഘയാത്രകള്‍ക്ക് ഇത്തരം ഇടത്താവളങ്ങള്‍ ഒഴിവാക്കാനാവില്ല. ക്യൂരിയോസിറ്റി ചൊവ്വയിലെത്താന്‍ നീണ്ട എട്ടുമാസങ്ങള്‍ വേണ്ടിവന്നുവെന്ന കാര്യം ഓര്‍മിച്ചാല്‍ ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളില്‍ സ്ഥാപിക്കപ്പെടുന്ന ഔട്ട്‌പോസ്റ്റുകളുടെ പ്രാധാന്യം മനസ്സിലാകും. സാമ്പത്തിക ബാധ്യത ഈ സ്വപ്നപദ്ധതിയില്‍ നിഴല്‍ വീഴ്ത്തുകയില്ലെന്ന പ്രതീക്ഷയാണ് ആല്‍ഡ്രിനൊപ്പം ശാസ്ത്രസമൂഹത്തിനു മുഴുവനുള്ളത്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*