ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിസാര്‍

സാബു ജോസ്
ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ക്കുന്നു. ഇരട്ട ഫ്രീക്വന്‍സ്വിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഈ ബഹിരാകാശ ഏജന്‍സികള്‍. 2020 ല്‍ ഇന്ത്യന്‍ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര് നിസാര്‍ (Nasa-Isro Synthetic Aperture Radar – NISAR) എന്നാണ്. സുനാമികള്‍, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂകമ്പം, മഞ്ഞുരുക്കം, ആവാസ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിങ്ങനെ ഭൂമിയിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുവഴി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനും നിസാറിന് കഴിയും. ഏറ്റവും നവീനമായ റഡാര്‍ സാങ്കേതികവിദ്യയിലാണ് നിസാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനും ടൊറന്റോയില്‍വെച്ച് ഒപ്പുവച്ച എഗ്രിമെന്റ് പ്രകാരമാണ് നിസാറിന്റെ നിര്‍മാണ- നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക അംഗീകാരമായത്. ഇതുപ്രകാരം സ്‌പേസ് ക്രാഫ്റ്റിന്റെ നിര്‍മാണം വിക്ഷേപണ വാഹനം, ഒരു എസ്-ബാന്‍ഡ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ എന്നിവയുടെ നിര്‍മാണ ചുമതല ഐഎസ്ആര്‍ഒക്കാണ്. സ്‌പേസ് ക്രാഫ്റ്റില്‍ ഉപയോഗിക്കുന്ന ഒരു കമ്യൂണിക്കേഷന്‍ സബ്‌സിസ്റ്റം, ജിപിഎസ് റിസിവറുകള്‍, ഒരു റെക്കോര്‍ഡര്‍, ഒരു ഡാറ്റാ സബ്‌സിസ്റ്റം പെലോഡ്, ഒരു എല്‍-ബാന്‍ഡ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ എന്നിവ നാസ നിര്‍മിച്ചുനല്‍കും.

radar

ഇന്ത്യയില്‍ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. പേടകത്തിന്റെ നിയന്ത്രം ഐഎസ്ആര്‍ഒ യും നാസയും സംയുക്തമായി നിര്‍വഹിക്കും.
ഭൂവല്‍ക്കം പരിണമിച്ചുണ്ടായതിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങള്‍ നിസാര്‍ ശേഖരിക്കും. ഭൗമാന്തര്‍ഭാഗത്ത് നടക്കുന്ന സംവഹന പ്രവര്‍ത്തനങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കൂടുതല്‍ വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാന്‍ നിസാറിന് കഴിയും. ഇപ്രകാരം പ്രകൃതി പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്നതുവഴി പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് സഹായകരമാവും.
പന്ത്രണ്ട് മീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയലുള്ള വലിയ ഒരു മെഷ് ആന്റിനയാണ് സ്‌പേസ് ക്രാഫ്റ്റിന്റെ പ്രധാന സവിശേഷത. എല്‍-ബാന്‍ഡിലും എസ്-ബാന്‍ഡിലും പ്രവര്‍ത്തനക്ഷമാണിത്. സൂര്യകേന്ദ്രീകൃത ഭ്രമണ പഥത്തിലാണ് പേടകത്തെ നിലനിര്‍ത്തുന്നത്. മൂന്ന് വര്‍ഷമാണ് ദൗത്യകാലാവധി. സ്‌പേസ് ക്രാഫ്റ്റിന്റെ ഡിസൈനിങ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ നിര്‍വഹിച്ചിരുന്നു. നാസ ഈ ഡിസൈന്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ഥ റഡാര്‍ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റീമീറ്ററും സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താന്‍ കഴിയും. വിക്ഷേപിച്ചുകഴിയുമ്പോള്‍ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരിക്കും നിസാര്‍. നാസയുടെ മേധാവിയായ ചാള്‍സ് ബോള്‍ഡന്‍ 2013 ജൂണ്‍ 25ന് ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ (ടഅഇ) സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇത്തരമൊരു സംയുക്ത സംരംഭമെന്ന ആശയം മുന്നോട്ടുവെക്കുന്നത്.

എല്‍-ബാന്‍ഡ്
വിദ്യുത് കാന്തിക വര്‍ണരാജിയിലെ നാല് വ്യത്യസ്ഥ വേവ് ബാന്‍ഡുകളെയാണ് എല്‍-ബാന്‍ഡ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. 40 മുതല്‍ 60ജിഗാഹെര്‍ട്‌സ് വരെ(NATO), 1 മുതല്‍ 2 ജിഗാഹെര്‍ട്‌സ്‌വരെ (IEEE), 1565 മുതല്‍ 1625 നാനോമീറ്റര്‍വരെ(Optical), , 3.5 മൈക്രോമീറ്റര്‍ (Microwave) എന്നിവയാണവ.

എസ്-ബാന്‍ഡ്
വിദ്യുത്കാന്തിക സ്‌പെക്ട്രത്തില്‍ മൈക്രോവേവ് ബാന്‍ഡിന്റെ ഒരു ഭാഗമാണ് എസ്- ബാന്‍ഡ്. 2 മുതല്‍ 4 ജിഗാഹെര്‍ട്‌സ് വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥ പ്രവചനം, ജലഗതാഗതം എന്നിവക്കുപയോഗിക്കുന്ന റഡാര്‍ ഫ്രീക്വന്‍സിക്ക് തുല്യമാണിത്. ഇത് കുടാതെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍,സ്‌പേസ് ഷട്ടിലുകള്‍, ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ എന്നിവയിലും ഇതേ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്.

globe

സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍
ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാന്‍ ഉപയോഗിക്കുന്ന റഡാര്‍ വകഭേദമാണ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍. വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പരമ്പരാഗത ബീം-സ്‌കാനിങ് റഡാര്‍ സംവിധാനത്തില്‍നിന്നും വ്യത്യസ്ഥമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങള്‍നിര്‍മിക്കാന്‍ ഈ സങ്കേതമുപയോഗിച്ച് സാധിക്കും. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതലത്തിലാണ് സാധാരണയായി ഇത്തരം റഡാറുകള്‍ സ്ഥാപിക്കുന്നത്. ഒരു വിമാനമോ കൃത്രിമ ഉപഗ്രഹമോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാര്‍ശ്വവീക്ഷണ റഡാറിന്റെ നവീനരൂപമാണ് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍.
ലക്ഷ്യസ്ഥാനത്തേക്ക് റേഡിയോ സിഗ്‌നലുകള്‍അയക്കുകയും പ്രതിഫലിച്ചുവരുന്ന തരംഗങ്ങളിലുണ്ടാകുന്ന ആന്ദോളനങ്ങള്‍ കൃത്യമായി കണക്കുക്കൂട്ടിയുമാണ് ഒരു ഭൂപ്രദേശത്തിന്റെ സമഗ്രമായ ചിത്രം നിര്‍മിക്കുന്നത്. ഇങ്ങനെ പ്രതിഫലിച്ചുവരുന്ന അനുപ്രസ്ഥ തരംഗങ്ങള്‍ക്കുണ്ടാകുന്ന അപശ്രുതി അളക്കുന്നതുവഴി ഭൂകമ്പം, സുനാമി, അഗ്‌നിപര്‍വത സ്‌ഫോടനം തുടങ്ങിയ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. മുന്‍കരുതലുകളെടുക്കാന്‍ അത് സഹായകമാവും.

അനുപ്രസ്ഥ തരംഗങ്ങള്‍
തരംഗ സഞ്ചാരദിശക്ക് ലംബമായ ദിശയില്‍ മാധ്യമ കണങ്ങള്‍ കമ്പനം ചെയ്യുന്ന രീതിയിലുള്ള തരംഗങ്ങളെയാണ് അനുപ്രസ്ഥ തരംഗങ്ങള്‍ എന്ന് വിളിക്കുന്നത്. ജലതരംഗങ്ങള്‍, ഭൂകമ്പ തരംഗങ്ങള്‍(seismic waves), പ്രകാശം എന്നിവയെല്ലാം അനുപ്രസ്ഥ രംഗങ്ങള്‍ക്ക് ഉദാഹരണമാണ്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*