ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ വിള്ളല്‍

സാബു ജോസ്
ഭൂമിയുടെ കാന്തികവലയത്തില്‍ ഒരു വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു. ഈ വിള്ളല്‍ വലുതായാല്‍ കാന്തികവലയം ക്രമേണ അ്രപത്യക്ഷമാകുമെന്ന അഭ്യൂഹം പരക്കുകയാണ്. സൗരവികിരണങ്ങളില്‍ നിന്നും കോസ്മിക് കിരണങ്ങളുടെ ആക്രമണത്തില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലമാണ്. കാന്തികമണ്ഡലം ഇല്ലാതായാല്‍ ഭൗമാന്തരീക്ഷം ക്രമേണ നഷ്ടപ്പെടും. സൗരവികിരണങ്ങള്‍ ഭൗമജീവനെയാകെ കരിച്ചുകളയും .ഭൂമി ഒരു ശവപ്പറമ്പായി മാറാന്‍ പിന്നെ വലിയ താമസമുണ്ടാകില്ല.
എന്താണ് ഭൂമിയുടെ കാന്തികമണ്ഡലത്തിന് സംഭവിച്ചിതെന്ന് പരിശോധിക്കാം. 2015 ജൂണ്‍ 22 ന് ഭൗമാന്തരീക്ഷത്തിലേക്ക് വീശിയടിച്ച സൗരകൊടുങ്കാറ്റിന്റെ പ്രത്യാഘാതം റെക്കോര്‍ഡ് ചെയ്ത ഗ്രേപ്‌സ്-3 മ്യുവോണ്‍ ടെലസ്‌ക്കോപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് അഭ്യൂഹത്തിന് ആധാരം. മണിക്കൂറില്‍ 25 ലക്ഷം കിലോമീറ്ററാണ് ഈ സൗരകൊടുങ്കാറ്റിന്റെ വേഗത. സൂര്യന്‍െ അന്തരീക്ഷമായ കൊറോണയില്‍ നിന്ന് സ്‌പേസിലേക്ക് പുറന്തളളുന്ന ദ്രവ്യ പ്രവാഹമാണ് സൗരകൊടുങ്കാറ്റ് എന്നറിയപ്പെടുന്നത്. പ്ലാസ്മയും, കോസ്മിക് കിരണങ്ങളും, അയോണുകളും ഉന്നത ഊര്‍ജനിലയിലുള്ള കണികകളുമാണ് ഈ പ്രവാഹത്തിലുള്ളത്. ഇത്തരം സൗരവാതങ്ങള്‍ ഭൂമിയിലെത്തിയാല്‍ അത് ഭൗമജീവനെ ഉന്‍മൂല നാശനം ചെയ്യും. ഭൂമിയ്ക്കു ചുറ്റുമുള്ള കാന്തികമണ്ഡലമാണ് സൗരവാതങ്ങളെ തടഞ്ഞുനിര്‍ത്തുന്നത്.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ളതും ലോകത്തിലെ ഏറ്റവും വലുതും സംവേദന ക്ഷമതയുളളതുമായ കോസ്മിക് റേ മോണിറ്ററാണ് ഊട്ടിയിലുളള ഗ്രേപ്‌സ്-3 മ്യൂവോണ്‍ ടെലസ്‌കോപ്പ്. ഗ്രേപ്‌സ് -3 റെക്കോര്‍ഡ് ചെയ്ത ശാസ്ത്രജ്ഞര്‍ സൗരകൊടുങ്കാറ്റിന്റെ ആക്രമണം ഭൂമിയുടെ കാന്തികമണ്ഡലത്തെ ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ 4 മടങ്ങ് അളവില്‍ ചുരുക്കിയതായി കണ്ടെത്തി. ഈ കാരണത്താല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ വിളളലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത് പോലെ അത്ര അപകടകരമല്ല ഇപ്പോള്‍ ഉണ്ടായിട്ടുളള വിളളല്‍. ചില പ്രദേശങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനും മനുഷ്യരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ബഹിരാകാശ സഞ്ചാരികള്‍ ഏറെ ശ്രദ്ധിക്കണം. ബഹിരാകാശത്തുളള കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

earth-mag-2

ഭൂമിയുടെ കാന്തിക മണ്ഡലം
ഭൂകേന്ദ്രത്തില്‍ നിന്നും സ്‌പേസിലേക്ക് വ്യാപിച്ച് കിടക്കുന്ന കാന്തികമണ്ഡലമാണ് ജിയോ മാഗ്നറ്റിക്ക് ഫീല്‍ഡ് അഥവാ ഭൂകാന്തിക ക്ഷേത്രം. 25 മുതല്‍ 65 മൈക്രോ ടെസ്‌ല (0.25 മുതല്‍ 0.65 ഗോസ്) വരെയാണ് ഈ മണ്ഡലത്തിന്റെ കാന്തികമാനം. കാന്തദണ്ഡില്‍ നിന്നുളള കാന്തിക ബലരേഖകള്‍ക്ക് സമാനമാണ് ഈ കാന്തികബല രേഖകളും. ഭൂമിയുടെ ഉത്തര ധ്രുവത്തില്‍ നിന്നും 10 ഡിഗ്രി ചെരിഞ്ഞാണ് കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്നത്. ഒരു കാന്തദണ്ഡ് സ്വതന്ത്രമായി തൂക്കിയിട്ടാല്‍ അത് തെക്ക് വടക്ക് നില്‍ക്കുന്നത് ഈ കാന്തികമണ്ഡലം കാരണമാണ്. കാന്തദണ്ഡിന്റെ വടക്ക് എപ്പോഴും ഭൂമിയുടെ വടക്കോട്ട് ചൂണ്ടി നില്‍ക്കാന്‍ കാരണം ഭൂമിയുടെ കാന്തിക ദക്ഷിണ ധ്രുവം ഉത്തര ധ്രുവമേഖലയിലായതുകൊണ്ടാണ്. എന്നാല്‍ ഒരു കാന്തദണ്ഡില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയുടെ കാന്തിക മണ്ഡലം എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കും. ഭൂകേന്ദ്രത്തിലെ ജിയോ ഡൈനമോയുടെ പ്രവര്‍ത്തനമാണ് ഇതിന് കാരണം. ഭൂമിയുടെ ഉറച്ച കേന്ദ്രവും (കോര്‍), അതിനു പുറമെയുള്ള ഉരുകിയ പാറയും, ഇരുമ്പിന്‍െ ധാതുക്കളുമടങ്ങിയ മാന്റിലുമാണ് ജിയോ െെഡനമോയുടെ പ്രവര്‍ത്തനത്തിനാധാരം. ഭൂമിയുടെ കാന്തികധ്രുവം കൃത്യമായി ഭൂമിശാസ്ത്രപരമായ ഉത്തര-ദക്ഷിണ ധ്രുവങ്ങളായിരിക്കില്ല എന്നര്‍ത്ഥം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ കാന്തികധ്രുവങ്ങള്‍ തലതിരിയാറുമുണ്ട്. കാന്തികധ്രുവങ്ങള്‍ തലതിരിയുന്നതിന്റെ അടയാളങ്ങള്‍ ഭൗമാന്തര്‍ഭാഗത്തുള്ള ആഗ്‌നേയ ശിലകളില്‍ മുദ്രണം ചെയ്യപ്പെടും. ഫലകചലനത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായകമാണ് ഈ അടയാളപ്പെടുത്തലുകള്‍.
ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പ്രവര്‍ത്തനഫലമായി ഭൗമാന്തരീക്ഷത്തില്‍ അയണോസ്ഫിയറിനുമുകളില്‍ പതിനായിരക്കക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് മാഗ്നറ്റോസ്ഫിയര്‍. സൗരവാതങ്ങള്‍ എന്ന ചാര്‍ജിതകണങ്ങളെയും കോസ്മിക് കിരണങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് മാഗ്നറ്റോസ്ഫിയറാണ്. സൗരവാതങ്ങള്‍ തീവ്രമാകുന്നത് മാഗ്നറ്റോസ്ഫിയറിനെ തകര്‍ക്കാറുണ്ട്. സൗരാന്തരീക്ഷമായ കൊറോണയില്‍ നിന്ന് പുറന്തള്ളുന്ന ചാര്‍ജിത കണികകളുടെ പ്രവാഹമാണ് സൗരവാതങ്ങള്‍ എന്നറിയപ്പെടുന്നത്. സെക്കന്റില്‍ 200 മുതല്‍ 1000 കിലോമീറ്റര്‍വരെ വേഗതയിലാണ് സൗരവാതങ്ങള്‍ വീശുന്നത്. സൗരവാതങ്ങളുടെ മര്‍ദവും ഭൂകാന്തിക ക്ഷേത്രത്തിന്റെ മര്‍ദവും തുല്യമാകുന്ന മേഖലയാണ് മാഗ്നറ്റോപോസ്. ഇവിടെയാണ് മാഗ്നറ്റോസ്ഫിയറിന്‍െ അതിര്‍ത്തി. സൗരവാതങ്ങളുടെ പ്രഹരം കാരണം സൂര്യന് അഭിമുഖമായ വശത്ത് മാഗ്നറ്റോസ്ഫിയര്‍ ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ പത്ത് മടങ്ങും എതിര്‍വശത്ത് 200 മടങ്ങും വരെ വ്യാപിച്ചിരിക്കും. മാഗ്നറ്റോസ്ഫിയറിന്റെ ഉള്ളിലാണ് പ്ലാസ്മാസ്ഫിയര്‍ കാണപ്പെടുന്നത്. ഊര്‍ജനില കുറഞ്ഞ ചാര്‍ജിതകണങ്ങള്‍ (പ്ലാസ്മ) നിറഞ്ഞ മേഖലയാണിത്. ഭൗമോപരിതലത്തില്‍നിന്ന് 60 കിലോമീറ്റര്‍ മുതല്‍ 24,000 കിലോമിറ്റര്‍ വരെയാണ് ഈ മേഖല കാണപ്പെടുന്നത്. ഭൗമാന്തരീക്ഷ പാളിയായ അയണോസ്ഫിയറും ഈ മേഖലയിലാണുള്ളത്.

പ്ലാസ്മാസ്ഫിയര്‍ ഭൂമിയെ ചുറ്റിക്കൊണ്ടാണിരിക്കുന്നത്. ടയറിന്റെ ആകൃതിയിലുള്ള ഏകകേന്ദ്രീകൃത നിരയായി കാണപ്പെടുന്ന മേഖലയാണ് വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ്. 10 മില്യണ്‍ ഇലക്‌ട്രോണ്‍ വോള്‍ട്ട് വരെ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള അയോണുകളാണ് ഈ മേഖലയിലുള്ളത്. ഇന്നര്‍ ബെല്‍റ്റ് 1,000 മുതല്‍ 12,000 കിലോമിറ്റര്‍ വരെയും ഔട്ടര്‍ബെല്‍റ്റ് 20,000 മുതല്‍ 60,000 കിലോമീറ്റര്‍ വരെയും വിസ്താരമുള്ളതാണ്. സൗരപ്രതിഭാസങ്ങള്‍ കാരണം പല ഇടങ്ങളിലും പ്ലാസ്മാസ്ഫിയറും വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റും കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്.
സൗരവാതങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനൊപ്പം സൂര്യന്റെ കാന്തികമണ്ഡലമായ ഹീലിയോസ്ഫിയറില്‍ നിന്നും മറ്റ് ബഹിരാകാശ സ്രോതസ്സുകളില്‍ നിന്നും പുറപ്പെടുന്ന കോസ്മിക് കിരണങ്ങളേയും വഴി തിരിച്ച് വിടുന്നത് മാഗ്നറ്റോസ്ഫിയറാണ്. ചിലപ്പോളെല്ലാം സൗരവാതങ്ങളിലെ ചാര്‍ജിത കണങ്ങള്‍ മാഗ്നറ്റോസ്ഫിയര്‍ തുളച്ചുകടക്കാറുണ്ട്. കാന്തിക ബലരേഖകളിലൂടെ അതിവേഗം മുന്നിലേക്കും പിന്നിലേക്കും ചലിക്കുന്ന ഈ കണങ്ങളിലെ പോസിറ്റീവ് ചാര്‍ജുളള അയോണുകള്‍ പടിഞ്ഞാറ് വശത്തേക്കും നെഗറ്റീവ് അയോണുകള്‍ കിഴക്ക് വശത്തേക്കുമാണ് സഞ്ചരിക്കുന്നത്. അയോണുകളുടെ ഈ പ്രവാഹം ഭൂമിയുടെ കാന്തിക ക്ഷേത്രത്തെ ദുര്‍ബലപ്പെടുത്തുകയും അയണോസ്ഫിയറിനെ തുളച്ച് കടന്ന് ഭൗമാന്തരീക്ഷത്തിലുളള വാതകങ്ങളുടെ ആറ്റങ്ങളുമായി കൂട്ടിമുട്ടുകയും ചെയ്യും. വിത്യസ്ത വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രഭാവമാണ് ധ്രുവ ദീപ്തികള്‍ എന്നറിയപ്പെടുന്നത.് എക്‌സ് കിരണങ്ങള്‍ ഉല്‍സര്‍ജിക്കുന്നതിനും ഈ പ്രതിഭാസം കാരണമാകും. ഉത്തര ധ്രുവ മേഖലയില്‍ കാണപ്പെടുന്ന ധ്രുവദീപ്തിയെ അറോറ ബോറിയാലിസ് എന്നും ദക്ഷിണ ധ്രുവ ദീപ്തിയെ അറോറ ഓസ്ട്രാലിസ് എന്നുമാണ് വിളിക്കുന്നത്. കാന്തിക ബലരേഖകള്‍ കൂടുതല്‍ ശക്തമായ ധ്രുവ മേഖലകളില്‍ മാത്രമാണ് ധ്രുവ ദീപ്തി പ്രത്യക്ഷമാകുന്നത്.
ജെയിംസ് വാന്‍ അലന്‍ എന്ന ജ്യോതിശാസ്ത്ര ഗവേഷകന്റെ പേരിലാണ് വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് അറിയപ്പെടുന്നത്. കാന്തികക്ഷേത്രമുള്ള എല്ലാ ഗ്രഹങ്ങള്‍ക്കു ചുറ്റും ഇത്തരം റേഡിയേഷന്‍ ബെല്‍റ്റുകള്‍ രൂപം കൊളളും. ഊര്‍ജനില കൂടിയ ഇലക്‌ട്രോണുകളും പ്രോട്ടോണുകളുമാണ് വാന്‍ അലല്‍ ബെല്‍റ്റില്‍ കൂടുതലായി കാണപ്പെടുന്നത്. അല്‍ഫാ പാര്‍ട്ടിക്കിളുകളും (ഹീലിയം അണുകേന്ദ്രം) കാണപ്പെടുന്നുണ്ട്. വാന്‍ അലന്‍ ബെല്‍റ്റ് മറികടക്കുന്ന ബഹിരാശ സഞ്ചാരികള്‍ക്കും കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ഈ മേഖലയിലുള്ള തീവ്രവികിരണങ്ങള്‍ അപകടം വിതയ്ക്കുന്നുണ്ട്.

earth-mag
ഭൗമധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേര്‍രേഖയാണ് ഭൗമഅച്ചുതണ്ട്. ഭൂമിയുടെ ഭ്രമണത്തിനുളള അച്ചുതണ്ടാണിത്. ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്ക് ലംബമായ തലത്തിലൂടെയാണ് ധ്രുവാംശ രേഖകള്‍ കടന്നുപോകുന്നത്. ഭൗമാന്തരീക്ഷത്തിന്റെ ലംബ തലത്തില്‍ ഭൂമിയുടെ ഉപരിതലത്തിലുളള ഒരു വൃത്തമാണ് ഭൂമധ്യരേഖ. ഭൂമധ്യരേഖയിലൂടെ കടന്നുപോകുന്ന എല്ലാ ബിന്ദുക്കളും ഭൗമധ്രുവങ്ങളില്‍ നിന്ന് തുല്യ അകലത്തിലായിരിക്കും. ഭൂമിയുടെ കാന്തിക ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന നേര്‍രേഖയാണ് കാന്തിക അക്ഷം. ഇത് ഭൂമധ്യരേഖയില്‍ നിന്നും 17 ഡിഗ്രി അകലത്തിലായിരിക്കും. ഭൂമിയുടെ കാന്തിക ്രധുവാംശരേഖകള്‍ ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലുടെ ലംബദിശയിലായിരിക്കും കടന്നുപോകുന്നത്. കാന്തികഅക്ഷത്തിന് ലംബമായ തലത്തിലുള്ള ഭൗമോപരിതലത്തിലുളള ഒരു വന്‍വൃത്തമാണ് കാന്തിക ധ്രുവം. കാന്തിക മധ്യരേഖയിലെ എല്ലാ ബിന്ദുക്കളും കാന്തികധ്രുവങ്ങളില്‍ നിന്നും തുല്യ അകലത്തിലായിരിക്കും. ഒരു പ്രത്യേക സ്ഥലത്തെ കാന്തിക രേഖയ്ക്കും, ഭൂമധ്യരേഖയ്ക്കും ഇടയിലുളള കോണളവാണ് ആ പ്രദേശത്തെ ചരിവ്. അതൊരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു. തുല്യ ചരിവുളള പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഭൂപടങ്ങളില്‍ വരയ്ക്കുന്ന രേഖകളെ സമകോണിത (ഐസോഗോണിക്) രേഖകള്‍ എന്നും ഒട്ടും ചരിവില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളെ നിഷ്‌കോണിക (അഗോണിക്) രേഖകള്‍ എന്നും പറയുന്നു. ഒരു പ്രദേശത്തെ ഭൂകാന്തത്തിന്റെ തിരശ്ചീന ഘട്ടത്തിന്റേയും ഭൂമിയുടെ പരിണത കാന്തിക വലയത്തിന്റേയും ഇടയിലുളള കോണളവിനെ ആ പ്രദേശത്തിന്റെ ചരിവ് എന്നാണ് പറയുന്നത്. പൂജ്യം ചരിവുളള സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബലരേഖകളെ അക്ലിനിക് രേഖകള്‍ എന്നും തുല്യ ചരിവുളള സ്ഥലങ്ങളില്‍ കൂടി കടന്നു പോകുന്നവയെ ഐസോക്ലിനിക് രേഖകള്‍ എന്നുമാണ് വിളിക്കുന്നത്. ഭൗമോപരിതലത്തിലുളള ഒരു സ്ഥലത്തെ ഭൂമിയുടെ തിരശ്ചീനതലത്തിലുളള മൊത്തം കാന്തിക മണ്ഡലത്തെ തിരശ്ചീന ഘടകം എന്നു പറയുന്നു. കാന്തിക കോംപസ് (വടക്കുനോക്കി യന്ത്രം), വെനേഷ്യന്‍ മാഗ്നറ്റോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ ഘടകത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പക്ഷികള്‍ക്കും, കടലാമകള്‍ക്കും, മറ്റു പല മൃഗങ്ങള്‍ക്കും ഭൂമിയുടെ കാന്തികക്ഷേത്രം തിരിച്ചറിയാന്‍ കഴിയും. പക്ഷികളുടെ ദേശാടനത്തില്‍ കാന്തികമണ്ഡലം സ്വാധീനിക്കുന്നുണ്ട്. കന്നുകാലികള്‍, മാനുകള്‍ തുടങ്ങിയ മൃഗങ്ങള്‍ വിശ്രമിക്കുമ്പോള്‍ തെക്ക്- വടക്ക് ദിശയിലേക്കാണ് കിടക്കുന്നത്. കാന്തിക ബലരേഖകള്‍ ദുര്‍ബലമാകുന്നത് ദേശാടന പക്ഷികളുടെ ഗതിനിര്‍ണ്ണയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

One comment

  1. ഭൂമിക്കു ഒരു വിള്ളലും വീഴില്ല. വായനക്കാരില്‍ കൗതുകം ഉണര്‍ത്തി വ്യവഹാര പ്രപഞ്ചം ഉണ്ടാക്കുന്നത് ആധുനിക ശാസ്ത്രത്തിന്‍െറ സ്ഥിരം അടവാണ്. വാന്‍ അലന്‍ ബല്‍റ്റിന് ധ്രുവങ്ങളിലാണ് വിളല്‍ കാണുന്നത് അത് പണ്ടെയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

*