ആദിത്യ സൂര്യനിലേക്ക്,പ്രതീക്ഷയോടെ ഇന്ത്യ

സാബു ജോസ്‌

ആദിത്യ അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ സ്‌പേസ്‌ക്രാഫ്റ്റ് 2019 ല്‍ വിക്ഷേപിക്കപ്പെടും. ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പി.എസ്.എല്‍.വി – എക്‌സ്.എല്‍ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കപ്പെടുന്ന പേടകത്തെ പിന്നീട് സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍-1 പോയിന്റില്‍ എത്തിക്കും. നൂറ് ദിവസത്തെ യാത്രയ്‌ക്കൊടുവിലായിരിക്കും പേടകം ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഈ ഒന്നാമത്തെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ എത്തുന്നത്. പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് പേടകത്തെ ഈ സ്ഥാനത്ത് സ്ഥിരമായി നിലനിര്‍ത്തുന്നത്. ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളില്‍ നിര്‍ത്തിയിരിക്കുന്ന പേടകത്തിന് രാത്രി-പകല്‍ വ്യത്യാസമോ, ഗ്രഹണങ്ങളോ, സംതരണങ്ങളോ ഒന്നും തടസ്സമാകില്ല. ഇതുവരെ നാസയ്ക്കും, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും മാത്രമേ ഒരു കൃത്രിമ ഉപഗ്രഹത്തെ ലെഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

adithya3
ഐ.എസ്.ആര്‍.ഒ യും ഇന്ത്യയിലെ നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ആദിത്യയുടെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 400 കിലോഗ്രാമാണ് പേടകത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും കൂടി ഭാരം. വിവിധ പരീക്ഷണങ്ങള്‍ക്കായി ഏഴ് പെലോഡുകളാണ് പേടകത്തിലുണ്ടാവുക. സൂര്യന്റെ അന്തരീക്ഷമായ കൊറോണയേക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറില്‍ നിന്നും പുറത്തേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കൊറോണ. സൂര്യന്റെ ഉപരിതല ഊഷ്മാവ് 6000 കെല്‍വിനാണ്. എന്നാല്‍ കൊറോണയുടെ താപനില 10,00,000 കെല്‍വിനാണ്. ഇനിയും വിശദീകരണം ലഭിക്കേണ്ട ഒരു പ്രഹേളികയാണിത്. കൊറോണയേക്കുറിച്ചുള്ള പഠനത്തിനു പുറമെ സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങള്‍ സൗരയുഥത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയവയേക്കുറിച്ചെല്ലാം പഠിക്കുന്നതിനാണ് ആദിത്യ ദൗത്യത്തിലൂടെ ഐ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നത്.

ആദിത്യയിലെ ശാസ്തീയ ഉപകരണങ്ങള്‍

വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്
ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് വേവ് ബാന്‍ഡിലും കൊറോണയുടെ ചിത്രമെടുക്കുന്നതിനുള്ള ഉപകരണമാണിത്. ക്യാമറയുടെ ഫോക്കസ് ഒരു ഒക്കള്‍ട്ടര്‍ ഉപയോഗിച്ച് മറയ്ക്കുക വഴി ഒരു കൃത്രിമ ഗ്രഹണം സൃഷ്ടിച്ചാണ് ഈ ഉപകരണം കൊറോണയുടെ ചിത്രങ്ങള്‍ എടുക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന സൂര്യ ദ്രവ്യപ്രവാഹത്തിലെ ഘടകങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളും പഠിക്കുകയാണ് ഈ ക്രോണോഗ്രാഫ് ചെയ്യുന്നത്. അതു കൂടാതെ സൂര്യന്റെ കാന്തികക്ഷേത്രത്തേക്കുറിച്ചുള്ള പഠനവും നടത്തും. സൗരവാതങ്ങളും മറ്റ് സൗരപ്രതിഭാസങ്ങളും ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനവും ഈ ഉപകരണം നടത്തും.

adithya2
സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌ക്കോപ്പ്
200-400 തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണിത്. സൂര്യാന്തരീക്ഷത്തിന്റെ വിവിധ പാളികള്‍ വേര്‍തിരിച്ചു കാണുന്നതിനും ഈ ദൂരദര്‍ശിനിക്കു കഴിയും. ഇതിനു മുന്‍പ് കൊറോണ ഈ രീതിയില്‍ നിരീക്ഷിക്കപ്പെട്ടിട്ടില്ല. സൂര്യന്റെ ഉപരിതലത്തെ അപേക്ഷിച്ച് അന്തരീക്ഷം കൂടുതല്‍ ചൂടുപിടിക്കുന്നത് അന്തരീക്ഷ പാളികളിലെ സംവഹന പ്രക്രിയവഴിയാണെന്ന് ഒരു സങ്കല്‍പമുണ്ട്. ഈ പരികല്‍പന പരീക്ഷിച്ചറിയുന്നതിന് ഈ ടെലസ്‌ക്കോപ്പ് സഹായിക്കും. ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ ഗുരുതരമായി ബാധിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള പഠനവും ഉദ്ദേശിക്കുന്നുണ്ട്.

ആദിത്യ സോളാര്‍വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ്
സൗരവാതങ്ങളുടെ സ്വഭാവവും അതിന്റെ വര്‍ണരാജി വിശകലനവുമാണ് ഈ ഉപകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ
സൗരവാതങ്ങളിലെ ഘടകങ്ങളേക്കുറിച്ചും അതിലെ ഊര്‍ജവിതരണത്തേക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപകരണമാണിത്.
സോളാര്‍ ലോ-എനര്‍ജി എക്‌സ്-റേ സ്‌പെക്‌ട്രോമിറ്റര്‍
കൊറോണയെ ചൂടുപിടിപ്പിക്കുന്നതില്‍ എക്‌സ് കിരണങ്ങളുടെ പങ്ക് പരിശോധിക്കുന്നതിനുള്ള ഉപകരണം.
ഹൈ-എനര്‍ജി എല്‍-1 ഓര്‍ബിറ്റിംഗ് എക്‌സ് – റേ സ്‌പെക്‌ട്രോ മീറ്റര്‍
കൊറോണയില്‍ക്കൂടിയുള്ള കണികാപ്രവാഹത്തിന്റെ വേഗതയും ഊര്‍ജനിലയും അളക്കുന്നതിനുള്ള ഉപകരണം സൗരആളലുകളുടെ തീവ്രത അളക്കുന്നതിനും ഈ ഉപകരണത്തിനു കഴിയും.
മാഗ്നറ്റോമീറ്റര്‍
ഗ്രഹാന്തര കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണമാണിത്.
55 മില്യണ്‍ യു.എസ്.ഡോളറാണ് ആദിത്യ ദൗത്യത്തിന്റെ ചെലവ്. അഞ്ചുവര്‍ഷമാണ് പേടകത്തിന്റെ പ്രവര്‍ത്തനകാലം 2017 ഉദേശിച്ചിരുന്ന വിക്ഷേപണമാണ് ഇപ്പോള്‍ 2019 ലേക്ക് മാറ്റിയിരിക്കുന്നത്. നാസയുടെ ജെനസിസ് , എസ്.ഡി.ഒ , യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സോഹോ , നാസയുടെ സോളാര്‍ മാക്‌സ് , സ്റ്റീരിയോ , ഐറിസ് , യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ യൂലൈസസ്, ഈ വര്‍ഷം വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ഒസിറിസ് – റെക്‌സ് , 2018 ല്‍ വിക്ഷേപിക്കുന്ന സോളാര്‍ പ്രോബ് പ്ലസ് എന്നിവ സൂര്യന്റെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കുന്നതിനുള്ള വ്യത്യസ്ത ദൗത്യങ്ങളാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വൈദ്യുത വിതരണ ശൃംഖലയെയും താറുമാറാക്കുന്ന സൗരവാതങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രധാന്യമുള്ളതാണ്. സൗരപ്രതിഭാസങ്ങള്‍ തീവ്രമായാല്‍ ഭൗമജീവന്റെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടും.

img-20161104-wa0000 sabu9656@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*