പ്രപഞ്ചം വികസിക്കുന്നു പ്രതീക്ഷിച്ചതിലും വേഗത്തില്‍

സാബു ജോസ്
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷണത്തെളിവുകള്‍ ഈ വസ്തുത അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ മുന്‍പ് കണക്കുകൂട്ടിയതില്‍ നിന്ന് ഭിന്നമായി പ്രപഞ്ചവികാസത്തിന്റെ വേഗതവര്‍ധിച്ചു വരികയാണെന്നാണ് പുതിയ കണ്ടുപിടിത്തം. ഹബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് രണ്ടര വര്‍ഷം നടത്തിയ വ്യത്യസ്ത നിരീക്ഷണങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മുന്‍പ് കണക്കാക്കിയതിലും 8 ശതമാനം അധികവേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത്. അതിനര്‍ഥം പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഋണമര്‍ദം (ഡാര്‍ക്ക് എനര്‍ജി) കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു എന്നാണ്. മറ്റൊരു സാധ്യത ഒരു പുതിയ ദുരൂഹ കണത്തിന്റെ സാന്നിധ്യമാണ്. മൂന്നാമതൊരു സാധ്യത ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഒരു വികിരണത്തിന്റെ അടയാളവുമാകാം.
പ്രപഞ്ചം വികസിക്കുന്നു എന്നത് പുതിയൊരു കണ്ടുപിടിത്തമൊന്നുമല്ല. 1930 കളില്‍ എഡ്വിന്‍ ഹബിളിന്റെ നിരീക്ഷണങ്ങള്‍ വികസിക്കുന്ന പ്രപഞ്ചമാതൃകയുടെ സൃഷ്ടിക്കു കാരണമായിത്തീര്‍ന്നു. ഇന്നും പ്രപഞ്ചവികാസ നിരക്ക് സൂചിപ്പിക്കുന്നത് ഹബിള്‍ സ്ഥിരാങ്കം എന്ന സ്‌കെയില്‍ ഉപയോഗിച്ചാണ്. എന്നാല്‍ 1990 കള്‍ ആയപ്പോഴേക്കും കഥയാകെ മാറി. പ്രപഞ്ചം ഒരേ തോതില്‍ വികസിച്ചുകൊണ്ടിരിക്കുകയല്ലെന്നും പ്രപഞ്ചവികസാത്തിന്റെ വേഗത വര്‍ധിച്ചു വരികയാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഡാര്‍ക്ക് എനര്‍ജി എന്ന പ്രതിഭാസമാണ് പ്രപഞ്ചവികാസത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതെന്നും സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ മുന്‍പ് കണക്കാക്കിയതിലും അധികവേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് എന്ന പുതിയ കണ്ടുപിടിത്തം പ്രപഞ്ചത്തിന്റെ ഭാവിയേക്കുറിച്ച് പുതിയ നിഗമനത്തില്‍ എത്തിച്ചേരാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കും.

univers-expand-2
ഡാര്‍ക്ക് എനര്‍ജിയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടിത്തത്തിന് 2011 ലെ നൊബേല്‍ പുരസ്‌ക്കാര ജേതാവായ ആഡം റീസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. ഹബിള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് 2,400 ചരനക്ഷത്രങ്ങളെയും മുന്നൂറ് സൂപ്പര്‍ നോവകളെയും നിരീക്ഷിച്ചതിനുശേഷമാണ് ശാസ്ത്രസംഘം പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രപഞ്ചത്തിലെ വലിയ ദൂരങ്ങള്‍ അളക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് ചരനക്ഷത്രങ്ങളും സൂപ്പര്‍നോവകളും. ഇവയുടെ പലായനവേഗത ഡോപ്‌ളര്‍ ഷിഫ്റ്റിംഗ് സങ്കേതമുപയോഗിച്ച് കണക്കുകൂട്ടിയപ്പോഴാണ് പ്രപഞ്ചവികാസം മുന്‍പ് കരുതിയിരുന്നതിലും വേഗതയിലാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചവികാസനിരക്ക് 73 കിലോമീറ്റര്‍ /സെക്കന്റ്/മെഗാപാര്‍സെക് ആണ്. ഒരു മെഗാപാര്‍സെക് 3.26 ദശലക്ഷം പ്രകാശവര്‍ഷത്തിന് തുല്യമാണ്. ലളിതമായി പറഞ്ഞാല്‍ ഒരു ദശലക്ഷം പ്രകാശ വര്‍ഷം അകലെയുള്ള ഒരു ഗാലക്‌സി സെക്കന്റില്‍ 22.4 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ നിന്നും അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

univers-3

രണ്ട് ദശലക്ഷം പ്രകാശ വര്‍ഷം അകലെയുള്ള ഗാലക്‌സിയുടെ നിഷ്‌ക്രമണ വേഗത സെക്കന്റില്‍ 44.8 കിലോമീറ്ററാണ്. ദൂരം കൂടുന്നതിനനുസരിച്ച് പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗതയും പലമടങ്ങുകളായി വര്‍ധിക്കുകയാണ്. പ്രപഞ്ചത്തിന്റെ വേഗത ഈ നിലയില്‍ വര്‍ധിച്ചാല്‍ ഒരു ഘട്ടമാകുമ്പോള്‍ അത് പ്രകാശ വേഗതയിലെത്തും. അതോടെ ഗുരുത്വബലത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഗാലക്‌സികള്‍ മോചിതമാകും. ഗാലക്‌സികളില്‍ നിന്ന് നക്ഷത്രങ്ങള്‍ ചിതറിത്തെറിക്കും. അവ പ്രപഞ്ചത്തിന്റെ വലിയ ദൂരങ്ങളിലേക്ക് വലിച്ചെറിയപ്പെടും. അവിടെയും തീരുന്നില്ല, നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം വലിച്ചുകീറപ്പെടും. അവ തന്മാത്രകളും ആറ്റങ്ങളുമായി വിഭജിക്കപ്പെടും. ആറ്റങ്ങളില്‍ നിന്ന് ഇലക്‌ട്രോണുകളും പ്രോട്ടോണുകളും സ്വതന്ത്രമാക്കപ്പെടും. ഒടുവില്‍ ദ്രവ്യമെല്ലാം നേര്‍ത്തുനേര്‍ത്ത് സ്‌പേസില്‍ അലിഞ്ഞുചേരും. ‘ബിഗ് റിപ്’ എന്ന വിളിക്കുന്ന ഇത്തമൊരു അന്ത്യമായിരിക്കും പ്രപഞ്ചത്തെ കാത്തിരിക്കുന്നത്.
പ്രപഞ്ചത്തെ വലിച്ചുകീറുന്ന ഡാര്‍ക്ക് എനര്‍ജികോസ്‌മോളജിയില്‍ പ്രപഞ്ച വികാസത്തിന് ത്വരണം കൂട്ടുന്ന സാങ്കല്‍പിക ഊര്‍ജരൂപമാണ് ഡാര്‍ക്ക് എനര്‍ജി. എന്നാല്‍ നമുക്ക് പരിചിതമായ ഊര്‍ജരൂപങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഡാര്‍ക്ക് എനര്‍ജിയുടെ സ്വഭാവത്തേക്കുറിച്ച് പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന മാതൃകകള്‍ കോസ്‌മോളജിക്കല്‍ സ്ഥിരങ്കാവും ക്വിന്റസന്‍സ് മാതൃകയുമാണ്. പ്രപഞ്ചത്തിന്റെ ശൂന്യസ്ഥലത്തില്‍ ഏകജാതീയമായി നിറഞ്ഞിരിക്കുന്ന ഊര്‍ജമാണ് കോസ്‌മോളജിക്കല്‍ സ്ഥിരാങ്കം. സ്ഥലകാലത്തിനനുസരിച്ച് സാന്ദ്രത വ്യത്യാസപ്പെടുന്ന ഊര്‍ജമണ്ഡലങ്ങളാണ് ക്വിന്റസന്‍സ് മണ്ഡലങ്ങള്‍. കോസ്‌മോളജിക്കല്‍ സ്ഥിരാങ്കം ശൂന്യമണ്ഡലത്തിന്റെ ഊര്‍ജത്തിന് സമാനമാണ്. ഡാര്‍ക്ക് എനര്‍ജിയുടെ സ്വാഭവവും പ്രത്യേകതകളും കൃത്യമായി നിര്‍ണയിക്കുക എന്നത് ഭൗതികശാസ്ത്രത്തിലെ ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

2 comments

  1. പ്രകടപ്രപഞ്ചം വികസിക്കുകയല്ല നിലനില്‍ക്കുകയാണ്.

  2. Thanks for ur information…

Leave a Reply

Your email address will not be published. Required fields are marked *

*