പുല്ലു വെട്ടാനും വിത്തു വിതയ്ക്കാനും ഇനി മെക്കാനിക്കല്‍ റയോട്ട്

കോട്ടയം: പുല്ലുവെട്ടുക, നിലം ഉഴുതുമറിക്കുക, തീര്‍ന്നില്ല വിത്തു വിതയ്ക്കാനും പറ്റുന്ന മെക്കാനിക്കല്‍ റെയോട്ടുമായി ഒരു കൂട്ടം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍. കോട്ടയത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ അവസാനവര്‍ഷം മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ടിബിന്‍ ഷാജി, സി.എന്‍. ശ്രീജിത്ത്, ടോംസ് ജോര്‍ജ്, വര്‍ഗീസ് തോമസ് എന്നിവരാണു പുല്ലുവെട്ടാനും വിത്ത് വിതയ്ക്കാനും നിലം ഉഴുതുമറിക്കാന്നതിനും ഉപയോഗിക്കാവുന്ന മെക്കാനിക്കല്‍ റെയോട്ട് എന്ന മെഷീന്‍ കണ്ടുപിടിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ മെഷീന്‍ സൗരോര്‍ജം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
സൗരോര്‍ജ പാനല്‍ ഉപയോഗിച്ചു ബാറ്ററിയില്‍ ശേഖരിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. 12 വാള്‍ട്ട് വരെയുള്ള ബാറ്ററിയില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. സൗരോര്‍ജത്തിന്റെ സഹായത്തോടെ എത്രമണിക്കൂറുകള്‍ വേണമെങ്കിലും തുടര്‍ച്ചയായി ഈ മെഷീന്‍ ഉപയോഗിക്കാം.

students-2

പുല്ലുവെട്ടാന്‍, നിലം ഉഴുതുമറിക്കാന്‍, വിത്തിടാന്‍, വെള്ളം ഒഴിക്കാന്‍ എന്നി ആവശ്യങ്ങള്‍ക്കായി നാലു മോട്ടോറുകളാണു മെഷീനിലുള്ളത്. ലിവര്‍ കണ്‍ട്രോള്‍ ഉപയോഗിച്ചാണു മെഷീന്‍ വിവിധ വശങ്ങളിലേക്കു തിരിക്കുന്നത്. തറഞ്ഞുകിടക്കുന്ന മണ്ണു ഉഴുതുമറിക്കാന്‍ നനവ് ആവശ്യമായി വന്നാല്‍ വെള്ളം ഒഴിക്കുന്നതിനും സൗകര്യമുണ്ട്. നിലം ഉഴുതുമറിക്കുന്ന ട്രില്ലറുകള്‍ക്കു ഉപയോഗിക്കുന്നതിനു സമാനമായ ചക്രങ്ങള്‍ തന്നെയാണു ഈ മെഷീനിലും ഉപയോഗിച്ചിരിക്കുന്നത്.
നാലുമോട്ടോറുകള്‍ക്കുമുള്ള നാലു സ്വിച്ചുകള്‍ മെഷീന്‍ ഹാന്‍ഡിലില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇതിനൊപ്പം എല്‍ഇഡി ലൈറ്റുകളുമുണ്ട്. സ്വിച്ചുകള്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ എല്‍ഇഡിയും പ്രകാശിച്ചു തുടങ്ങും. മോട്ടോറിന്റെ സ്പീഡ് ഈ സ്വിച്ചുകള്‍ ഉപയോഗിച്ചാണു നിയന്ത്രിക്കുന്നത്. നിലം ഉഴുതുമറിയ്ക്കുന്നതിനാവശ്യമായ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ഭാഗം പുല്ല് വെട്ടുന്ന സമയത്ത് മുകളിലേക്കു ഉയര്‍ത്തിവയ്ക്കാനും സാധിക്കും.
തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ പാടശഖരങ്ങള്‍ ഉഴുതു മറിച്ചു നെല്ല്, പയര്‍ മുതലായവയുടെ വിത്തുകള്‍ വിതയ്ക്കുന്നതിനു ഏറെ പ്രയോജനകരമാണു ഈ മെഷീന്‍. മെഷീനിലേക്കു ഇട്ടുകൊടുക്കുന്ന വിത്തുകള്‍ മോട്ടോറിന്റെ സ്പീഡ് നിയന്ത്രിച്ചുകൊടുക്കുന്നതിനു അനുസൃതമായ വിസ്തൃതിയിലേക്കു തെറിച്ചു വീഴുന്ന രീതിയിലാണു ക്രമികരിച്ചിരിക്കുന്നത്. പാടശേഖരങ്ങളിലെ ചെളിയില്‍ ഇറങ്ങി മെഷീന്‍ താഴ്ന്നു പോകുമോയെന്ന പേടി വേണ്ട. ചെളിയില്‍ താഴ്ന്നു പോകാത്ത രീതിയുള്ള ടയറുകളാണു മെഷീനില്‍ ഘടിപ്പിച്ചിരിക്കുന്നത്. പുല്ലുവെട്ടാനും നിലം ഉഴുതുമറിക്കാനും ഉപയോഗിക്കാമെങ്കിലും വിത്ത് വിതയ്ക്കുന്നതിനു കൂടുതല്‍ പ്രധാന്യം നല്കിയാണു മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്.
പൂര്‍ണമായും അലുമിനിയം കമ്പികള്‍ കൊണ്ടു നിര്‍മിച്ചിരിക്കുന്ന മെഷീനിനു 12 കിലോ ഭാരമുണ്ട്. അതിനാല്‍ ഉപയോഗിക്കുന്നവര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ മെഷീന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു പ്രവര്‍ത്തിപ്പിക്കാം. പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ലഭിച്ചപ്പോള്‍ വ്യത്യസ്തവും കുറഞ്ഞചെലവില്‍ കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്നതു എന്തെങ്കിലും നിര്‍മിക്കണമെന്നുള്ള ചിന്തയില്‍ നിന്നാണു ഇത്തരത്തിലുള്ള മെഷീന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നു ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ ഇവര്‍ പറഞ്ഞു. 15,000രൂപയില്‍ താഴെ മാത്രമാണു മെഷീനിന്റെ നിര്‍മാണ ചെലവ്. സൗരോര്‍ജത്തിലും ബാറ്ററി ചാര്‍ജിലും പ്രവര്‍ത്തിക്കുന്നതിനാല്‍ പെട്രോളിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന മറ്റു മെഷീനുകള്‍ ഉണ്ടാക്കുന്ന ശബ്ദ, വായു മലീനകരണം ഈ മെഷീന്‍ ഉണ്ടാക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ. ബിന്നി കുര്യാക്കോസാണു വിദ്യാര്‍ഥികള്‍ക്കും വേണ്ട സാങ്കേതിക ഉപദേശം നല്കിയത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*