ഇന്ത്യയുടെ സ്വന്തം ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്

 

സാബു ജോസ്
ഇനി ഇന്ത്യയ്ക്കും സ്വന്തമായി ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്. ഉത്തരാഞ്ചലിലെ ദേവസ്ഥലില്‍ അടുത്ത വര്‍ഷം സ്ഥാപിക്കുന്ന ദ്രാവക ലെന്‍സുള്ള ടെലസ്‌ക്കോപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ദൂരദര്‍ശിനിയാണ്. ഇന്റര്‍നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് എന്ന ദൂരദര്‍ശിനിയിലെ മിറര്‍ മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖരപദാര്‍ഥമല്ല. കറങ്ങികൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ചിട്ടുള്ള ദ്രാവക ലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നത്.

ഉയര്‍ന്ന പ്രതിഫലനശേഷിയുള്ള ദ്രാവകമാണ് മെര്‍ക്കുറി. കറങ്ങുന്ന സംഭരണിയില്‍ ഉള്ള ദ്രാവകത്തിന്റെ ഉപരിതലം ഒരു പാരാബൊളയുടെ ആകൃതി സ്വീകരിക്കുകയും മെര്‍ക്കുറിയുടെ പ്രതിഫലനശേഷി കാരണം ദര്‍പ്പണത്തിന്റെ ജോലി ചെയ്യുകയുമാണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പില്‍ സംഭവിക്കുന്നത്. മറ്റ് പ്രതിഫലന ദൂരദര്‍ശിനികളെ അപേക്ഷിച്ച് നിര്‍മാണച്ചെലവ് വളരെ കുറവാണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പിന്. എന്നാല്‍ സാധാരണ ദര്‍പ്പണമുപയോഗിക്കുന്ന ദൂരദര്‍ശിനികളേപോലെ വളയ്ക്കാനും തിരിക്കാനുമൊന്നും കഴിയില്ലെന്ന പരിമിതിയും ഈ ടെലസ്‌ക്കോപ്പിനുണ്ട്. ആകാശത്തിന്റെ ലംബ വീക്ഷണം മാത്രമേ ഇപ്പോഴുള്ള സാങ്കേതിക വിദ്യയില്‍ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് സാധ്യമാവുകയുള്ളൂ. ടൈം ഡിലേയ്ഡ് ഇന്റഗ്രേഷന്‍ (ഠഉക) എന്ന സങ്കേതമുപയോഗിച്ചാണ് ഇത്തരം ദൂരദര്‍ശിനികളില്‍ വാനനിരീക്ഷണം നടത്തുന്നത്. ദേവസ്ഥലില്‍ സ്ഥാപിക്കുന്ന ദൂരദര്‍ശിനി അഞ്ചുവര്‍ഷക്കാലമാണ് വാനനിരീക്ഷണത്തിനുപയോഗിക്കുന്നത്. ഇലക്‌ട്രോണിക് പിക്‌സലുകളായി സി.ഡി.യില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ അപഗ്രഥിച്ചാണ് ഐ.എല്‍.എം.ടി പ്രപഞ്ച ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്.

liquid-miror

ബെല്‍ജിയം യൂണിവേഴ്‌സിറ്റിയും ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസും തമ്മിലുള്ള ധാരണ പ്രകാരമാണ് ഐ.എല്‍.എം.ടി. നിര്‍മിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ദൂരദര്‍ശിനി നിര്‍മാണത്തിനുള്ള ധനസഹായം ചെയ്തിരിക്കുന്നത്. നാല് മീറ്റര്‍ വിസ്താരമുള്ള ഡിഷാണ് ദേവസ്ഥലില്‍ സ്ഥാപിക്കുന്ന ദൂരദര്‍ശിനിയുടേത്. ഇത്തരത്തിലുള്ള വലിയ ദൂരദര്‍ശിനി കാനഡയിലെ വാന്‍കൂവറില്‍ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള ആറ് മീറ്റര്‍ വ്യാസമുള്ള ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പാണ്. ഇത്രയും വലിപ്പമുള്ള ഒരു സ്ഫടിക ദര്‍പ്പണമുള്ള ദൂരദര്‍ശിനിയുടെ നിര്‍മ്മാണച്ചെലവിന്റെ നൂറിലൊന്നു മാത്രമേ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പിനുണ്ടാകൂ. ലിക്വിഡ് മിറര്‍ ദൂരദര്‍ശിനിയുടെ പരിപാലനവും താരതമ്യേന എളുപ്പമാണ്. ദേവസ്ഥലിലെ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പിന്റെ നിര്‍മ്മാണച്ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതേ വലിപ്പമുള്ള സാധാരണ പ്രതിഫലന ദൂരദര്‍ശിനിയാണ് നിര്‍മിക്കുന്നതെങ്കില്‍ ചെലവ് 150 കോടിക്ക് മുകളിലാകും.

ഒരു ദൂരദര്‍ശിനിയുടെ മുഖ്യദര്‍പ്പണമാണ് ഖഗോള വസ്തുക്കളില്‍ നിന്നുള്ള പ്രകാശം പിടിച്ചെടുക്കുന്നത്. മുഖ്യദര്‍പ്പണത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് പ്രകാശം പിടിച്ചെടുക്കുന്നതിനുള്ള കഴിവും വര്‍ധിക്കും. എന്നാല്‍ ഇത്തരം വലിയ ദര്‍പ്പണങ്ങള്‍ ഉണ്ടാക്കുന്നത് വളരെ ചെലവുള്ള സംഗതിയാണ്. കൂടാതെ അവയുടെ ഉപരിതലം ഉരച്ച് പരാബൊള (അനുവൃത്തം) രൂപത്തിലാക്കുന്നതും പോളിഷ് ചെയ്യുന്നതും ചെലവ് പിന്നെയും വര്‍ധിപ്പിക്കും. പാരാബൊള ആകൃതിയിലുള്ള ദര്‍പ്പണങ്ങള്‍ക്കാണ് പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യാന്‍ കഴിവ് കൂടുതലുള്ളത്. ഒരു ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പില്‍ സ്ഥിര പ്രവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അനുവൃത്ത ഡിഷിനുള്ളിലെ മെര്‍ക്കുറി സ്വാഭാവികമായി പാരാബൊള ആകൃതി പ്രാപിക്കുന്നതുകൊണ്ട് സാധാരണ സ്ഫടിക ദര്‍പ്പണത്തേപ്പോലെ ഉരയ്ക്കുകയോ പോളിഷ് ചെയ്യുകയോ വേണ്ട ആവശ്യമില്ല.

എന്താണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ്?
ദര്‍പ്പണങ്ങള്‍ പ്രതിഫലന സ്വഭാവമുള്ള ദ്രാവകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ദൂരദര്‍ശിനികളാണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പുകള്‍. സാധാരണയായി മെര്‍ക്കുറിയാണ് ഉപയോഗിക്കുന്നത്. ഗാലിയത്തിന്റെ ധാതുക്കളും ഉപയോഗിക്കാറുണ്ട്. ദ്രാവക ലോഹവും അത് നിറച്ചിരിക്കുന്ന സംഭരണിയും നിശ്ചിത വേഗതയില്‍ ചുറ്റികൊണ്ടിരിക്കുന്നതുകൊണ്ട് ദ്രാവകത്തിന്റെ ഉപരിതലം പരാബൊള ആകൃതിയിലാവുകയും പ്രതിഫലന സ്വഭാവമുള്ള ദ്രാവക ലോഹം ദദര്‍പ്പണമായി പ്രവര്‍ത്തിക്കുകും ചെയ്യും. ഖരാവസ്ഥയിലുള്ള ദര്‍പ്പണങ്ങള്‍ ഉപയോഗിക്കുന്ന ദൂരദര്‍ശിനികളെ അപേക്ഷിച്ച് നിര്‍മാണത്തിനും പരിപാലനത്തിനും ചെലവ് കുറവാണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പുകള്‍ക്ക്.

l-q-miror

ലിക്വിഡ് മിറര്‍ ദൂരദര്‍ശിനികളുടെ സാധ്യതയെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ശാസ്ത്രജ്ഞര്‍ക്ക് അറിയുമായിരുന്നു. ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് എന്ന ആശയം ഐസക് ന്യൂട്ടന് അറിയാമായിരുന്നെങ്കിലും അത് പ്രയോഗികമാക്കുന്നതില്‍ കൂടുതല്‍ മുന്നേറ്റമുണ്ടായത് 1850 കളിലായിരുന്നു. നേപ്പിള്‍സ് ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ ഏണസ്റ്റോ കപോച്ചിയായിരുന്നു അതിനു പിന്നില്‍.
എന്നാല്‍ ഒരു ദൂരദര്‍ശിനി നിര്‍മിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവില്‍ 1872 ല്‍ ന്യൂസിലണ്ടുകാരനായ ഹെന്റി സ്‌കീ ആണ് ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പ് നിര്‍മിച്ചത്. നിര്‍മാണത്തിനും പരിചരണത്തിനും ചെലവ് വളരെ കുറവാണെന്നതാണ് ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പുകളുടെ ഏറ്റവും വലിയ മികവ്. എന്നാല്‍ മുകളിലേക്ക് ലംബമായി മാത്രമേ നിരീക്ഷണം നടത്താന്‍ കഴിയുകയുള്ളൂ എന്നതാണ് ഇത്തരം ദൂരദര്‍ശിനികളുടെ ഏറ്റവും വലിയ പരിമിതി. തിരിക്കാനും ചെരിക്കാനും കഴിയുന്ന ലിക്വിഡ് മിറര്‍ ടെലസ്‌ക്കോപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. മെര്‍ക്കുറി ലോഹവും, ലോഹബാഷ്പ്പവും ആരോഗ്യത്തിന് ഹാനികരമാണെന്ന ദോഷവും ഇത്തരം ദൂരദര്‍ശിനികള്‍ക്കുണ്ട്. ഇതിനു പ്രതിവിധിയായി ഗാലിയം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഗാലിയത്തിന് വില വളരെ കൂടുതലാണ്. കനേഡിയന്‍ ഗവേഷകര്‍ക്ക് ഇതിനും മറുപടിയുണ്ട്. ഈ ലോഹങ്ങള്‍ക്കു പകരം കാന്തിക ക്ഷേത്രത്തിന്റെ സാന്നിധ്യത്തില്‍ ദ്രാവകാവസ്ഥയിലുള്ള ഇരുമ്പ്, സില്‍വര്‍ നാനോപാര്‍ട്ടിക്കിളുകള്‍ എന്നിവ എഥിലിന്‍ ഗ്ലൈക്കോളുമായി സംയോജിപ്പിച്ച് ദൂരദര്‍ശിനിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*