പുതിയ ലോകങ്ങള്‍ തേടി സ്റ്റാര്‍ഷേഡ്

സാബു ജോസ്
പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകളുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണെന്നാണ് പണ്ടുകാലം മുതല്‍ക്കേയുളള വിശ്വാസം. പ്രപഞ്ചപഠനത്തിലെ മാനവികതത്വം അതിന് ബലം നല്‍കുന്നുമുണ്ട്. മനുഷ്യവംശം ഉദ്ഭവിക്കാന്‍ തക്കവിധത്തിലാണ് പ്രകൃതിനിയമങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രപഞ്ചം മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉടലെടുക്കുമായിരുന്നില്ല. ആസ്ഥിതിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യനുവേണ്ടിയാണ് എന്നാണ് മാനവികതത്വം പറയുന്നത്. പ്രപഞ്ചത്തിലെവിടെയെങ്കിലും അന്യഗ്രഹജീവികളെ കണ്ടെത്തുന്നതുവരെ ഈ വിശ്വാസം നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ ഇതിനകം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പലതും ഭൗമസമാനസാഹചര്യങ്ങളുള്ളവയുമാണ്. എന്നാല്‍ ഇങ്ങനെ കണ്ടെത്തിയ ഗ്രഹങ്ങള്‍ എല്ലാം തന്നെ ഭൂമിയില്‍ നിന്നും അനേകം പ്രകാശവര്‍ഷങ്ങള്‍ അകലെയാണുള്ളത്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ ഈ ഗ്രഹങ്ങളുടെ അന്തരീക്ഷഘടനയും ഉപരിതലത്തിന്റെ സവിശേഷതയും കണ്ടെത്തുന്നതിന് പരമിതികളേറെയാണ്. ഭൗമസമാനഗ്രഹങ്ങളെന്നപേരില്‍ നമുക്കു ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാം കലാകാരന്‍മാരുടെ ഭാവനയാണ്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്ക് ഒരുക്കലും തിരിച്ചറിയാന്‍ കഴിയാത്തത്ര മങ്ങിയ പ്രകാശത്തുണ്ടുകളായാണ് അവ കാണപ്പെടുന്നത് അവ പിന്നീട് പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഈ പരിമിതിയാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രലോകം മറികടക്കാനൊരുങ്ങുന്നത്.

starshade-1
സൗരയുഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞര്‍ നിരവധി വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ആസ്‌ട്രോമെട്രി, റേഡിയല്‍ വെലോസിറ്റി, ഗ്രഹസംതരണ വിദ്യ, പള്‍സാര്‍ ടൈമിംഗ്, ഗ്രാവിറ്റേഷണല്‍ മൈക്രോലെന്‍സിംഗ്, റേഡിയേഷന്‍ ഒബ്‌സര്‍വേഷന്‍ എന്നീ മാര്‍ഗങ്ങളുപയോഗിച്ചാണ് അന്യഗ്രഹവേട്ട നടത്തുന്നത്. ഏറ്റവും കൂടുതല്‍ അന്യഗ്രഹങ്ങളെ കണ്ടെത്തിയത് റേഡിയല്‍ വെലോസിറ്റി രീതി ഉപയോഗിച്ചാണ്. നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹമുണ്ടെങ്കില്‍ അവ രണ്ടിന്റെയും പിണ്ഡകേന്ദ്രത്തെ ചുറ്റി നക്ഷത്രത്തിന് ഒരു ചെറിയ ഓര്‍ബിറ്റല്‍ ചലനമുണ്ടാകും. ഈ ചലനം കൃത്യമായി കണക്കൂകൂട്ടിയാണ് റേഡിയല്‍ വെലോസിറ്റി രീതിയില്‍ ഗ്രഹസാന്നിധ്യം കണ്ടെത്തുന്നത്. 2009 ല്‍ നാസ വിക്ഷേപിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് ഗ്രഹസംതരണ വിദ്യ ഉപയോഗിച്ചാണ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രത്തിനും നിരീക്ഷകനും ഇടയില്‍ ഒരു ഗ്രഹമുണ്ടെങ്കില്‍ നക്ഷത്രത്തിന്റെ പ്രത്യക്ഷശോഭയില്‍ നേരിയ വ്യത്യാസമുണ്ടാകും. ഈ കുറവ് കണക്കൂകൂട്ടിയാണ് സംതരണ രീതിയില്‍ ഗ്രഹസാന്നിധ്യം തിരിച്ചറിയുന്നത്. എന്നാല്‍ ഇത്തരം സങ്കേതങ്ങളുപയോഗിച്ച് കണ്ടെത്തുന്ന ഗ്രഹങ്ങളില്‍ ഭൂരിഭാഗവും വ്യാഴത്തേക്കാള്‍ വലിപ്പമുള്ള വാതകഭീമന്‍മാരായിരിക്കും. ചെറിയ ഗ്രഹങ്ങള്‍ സാധാരണയായി മാതൃനക്ഷത്രത്തിനു സമീപമാണ് കാണപ്പെടുന്നത്. നക്ഷത്രത്തിനു സമീപമുള്ള ഗ്രഹങ്ങള്‍ക്ക് മാതൃനക്ഷത്രത്തിന്റെ പ്രത്യക്ഷശോഭയില്‍ തിരിച്ചറിയത്തക്ക കുറവുണ്ടാക്കുന്നതിനോ, അവയുടെ ഓര്‍ബിറ്റല്‍ ചലനത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാനോ കഴിയില്ല. ചെറിയ ഗ്രഹങ്ങളാണ് സാധാരണയായി മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ കാണപ്പെടുന്നത്. ഇത്തരം ഗ്രഹങ്ങള്‍ ഭൗമസമാനങ്ങള്‍ ആകുന്നതിനും അവയില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുമുള്ള സാധ്യതഏറെയാണ്. എന്നാല്‍ നിലവിലുള്ള സാങ്കേതിക വിദ്യയില്‍ അവയെക്കുറിച്ച് ഏറെയൊന്നും പറയാന്‍ കഴിയില്ല നാസ ഇതിനൊരു പ്രതിവിധി കണ്ടെത്തുകയാണ്.

starsshade-2

സൂര്യകാന്തി പുഷ്പത്തിന്റെ ആകൃതിയിലുള്ള വലിയൊരു പ്രതിഫലകം സ്‌പേസില്‍ സ്ഥാപിച്ചുകൊണ്ട് അന്യഗ്രഹവേട്ട സുഗമമാക്കാനുള്ള പദ്ധതിയാണിത്. സ്റ്റാര്‍ഷേഡ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഫലകം നാസയുടെ ന്യൂവേള്‍ഡ്‌സ് മിഷന്റെ ഭാഗമായി 2019 ലാണ് വിക്ഷേപിക്കാന്‍ ഉദ്ദേകിക്കുന്നത്. ഹബിളിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പുമായി ചേര്‍ന്നായിരിക്കും സ്റ്റാര്‍ഷേഡ് പ്രവര്‍ത്തിക്കുക. ഇവയുടെ വിക്ഷേപണവും ഒരുമിച്ചാകാനാണ് സാധ്യത. സ്റ്റാര്‍ഷേഡ്, ജെയിംസ് വെബ് ദൂരദര്‍ശിനിയുടെ നിരീക്ഷണ പരിധിയിലുള്ള നക്ഷത്രങ്ങളുടെ പ്രത്യക്ഷശോഭ ഗണ്യമായി തടയും. ആ അവസരത്തില്‍ ദൂരദര്‍ശിനിയിലെ ക്യാമറകള്‍ നക്ഷത്രത്തിനുചുറ്റുമുള്ള ഗ്രഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കും. സൂര്യബിംബത്തിന് അഭിമുഖമായി നിന്ന് ദൂരെയുള്ള വസ്തുവിനെ നോക്കുമ്പോള്‍ കൈപ്പത്തികൊണ്ട് കണ്ണ് ഭാഗികമായി മറയ്ക്കുന്നതിനു തുല്യമാണ് സ്റ്റാര്‍ഷേഡിന്റെ പ്രവര്‍ത്തനം.
കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ വെബ്സ്റ്റര്‍ കാഷ് ആണ് സ്റ്റാര്‍ഷേഡിന്റെ ഡിസൈനര്‍. ജെയിംസ് വെബ് സ്‌പേസ്‌ടെലസ്‌ക്കോപ്പോ , ടെസ്ദൂരദര്‍ശിനിയോ, പുതിയതായി വിക്ഷേപിക്കുന്ന മറ്റേതെങ്കിലുമൊരു സ്‌പേസ് ടെലസ്‌ക്കോപ്പോ ആയിരിക്കും സ്റ്റാര്‍ഷേഡിന്റെ ദൂരദര്‍ശിനി. നിരീക്ഷണത്തിന് തെരഞ്ഞെടുക്കുന്ന നക്ഷത്രങ്ങള്‍ക്കും ദൂരദര്‍ശിനിയ്ക്കുമിടയില്‍, ദൂരദര്‍ശിനിയില്‍ നിന്നും 80,000 മൈല്‍ അകലെയായിരിക്കും സ്റ്റാര്‍ഷേഡിന്റെ സ്ഥാനം. ഭൂമിയില്‍ നിന്നും ഏകദേശം 2,38,600 മൈല്‍ അകലെ. സ്റ്റാര്‍ഷേഡിന്റെ 7 മീറ്റര്‍ നീളമുള്ള, സൂര്യകാന്തി പുഷ്പത്തിന്റെ ആകൃതിയിലുള്ള 28 ഇതളുകള്‍ നക്ഷത്രശോഭ 1000 കോടിയില്‍ ഒരു ഭാഗമായി തടഞ്ഞുനിര്‍ത്തും. 34 മീറ്റര്‍ വ്യാസമുണ്ട് സ്റ്റാര്‍ഷേഡിന.് അഞ്ചുവര്‍ഷമാണ് സ്റ്റാര്‍ഷേഡിന്റെ പ്രവര്‍ത്തനകാലം. ഇതിനിടെ 75 ഗ്രഹകുടുംബങ്ങള്‍ നിരീക്ഷണ വിധേയമാക്കും.
നാസയുടെ ന്യൂ വേള്‍ഡ്‌സ് മിഷന്റെ ഭാഗമായാണ് സ്റ്റാര്‍ഷേഡ് വിക്ഷേപിക്കുന്നത് നാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റ്‌സ് ആണ് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. ബോള്‍ എയ്‌റോസ്‌പേസ് ആന്റ് ടെക്‌നോളജിസ് കോര്‍പറേഷന്‍, നോര്‍ത്രോപ് ഗ്രമ്മന്‍, സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സ്റ്റാര്‍ഷേഡ് നിര്‍മിക്കുന്നത്. ഏകദേശം 300 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ വിക്ഷേപിക്കുന്ന സ്റ്റാര്‍ഷേഡ് 2020 മുതല്‍ പ്രവര്‍ത്തനക്ഷമമാകും.

DCIM114GOPRO

സ്റ്റാര്‍ഷേഡ് പ്രവര്‍ത്തിക്കുന്നത്
ആദ്യമായി സ്റ്റാര്‍ഷേഡ്, ദൂരദര്‍ശിനിയുടെ നിരീക്ഷണ പരിധിയിലുള്ള നക്ഷത്രത്തിന്റെ ശോഭ തടയും. ഈ അവസരത്തില്‍ ദൂരദര്‍ശിനി നക്ഷത്രത്തിനു ചുറ്റുമുള്ള അന്യഗ്രഹകുടുംബങ്ങള്‍ കണ്ടെത്തും. തുടര്‍ന്ന് ഈ ഗ്രഹകുടുംബങ്ങളുടെ സമ്പൂര്‍ണ മാപിംഗ് നടത്തും. അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചു നടത്തുന്ന മാപിംഗില്‍ ഗ്രഹങ്ങള്‍ നക്ഷത്രങ്ങളേപ്പോലെയായിരിക്കും കാണപ്പെടുക. തുടര്‍ന്ന് ഗ്രഹങ്ങളുടെ ഭ്രമണപഥം കൃത്യമായി അളക്കും. ഗ്രഹങ്ങളുടെ ശോഭയും നിറവും അവയുടെ അന്തരീക്ഷത്തേക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കും. പിന്നീട് ഓരോ ഗ്രഹത്തെയും തിരഞ്ഞുപിടിച്ച് അവയുടെ സവിശേഷതകള്‍ ഓരോന്നായി അനാവരണം ചെയ്യും. സ്‌പെക്‌ട്രോസ്‌കോപ്പി, ഫോട്ടോമെട്രി എന്നീ സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുക, ഗ്രഹാന്തരീക്ഷത്തിന്റെയും ഗ്രഹോപരിതലത്തിന്റെയും രാസഘടന അളക്കാനാണ് സ്‌പെക്‌ട്രോസ്‌കോപ്പി ഉപയോഗിക്കുന്നത്. ഗ്രഹത്തിലെ ജലസാന്നിധ്യവും, മേഘങ്ങളെക്കുറിച്ചുള്ള പഠനവും, ധ്രുവമേഖലയിലെ മഞ്ഞുപാളികളെക്കുറിച്ചുള്ള പഠനവുമാണ് ഫോട്ടോമെട്രി ഉപയോഗിച്ച് നടത്തുന്നത്. പിന്നീട് ദൂരദര്‍ശിനിയിലെ ക്യാമറകള്‍ ഗ്രഹങ്ങളുടെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങളെടുക്കും. ഒടുവില്‍ ഗ്രഹം വാസയോഗ്യമാണോ അവയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കുകയും ചെയ്യും.
ഭൗമസമാന ഗ്രഹങ്ങളെ മാത്രമല്ല, വാതക ഭീമന്‍മാരെയും അവയുടെ ഉപഗ്രഹങ്ങളെയും കണ്ടെത്തുന്നതിനും അവയുടെ സവിശേഷതകള്‍ പഠിക്കുന്നതിനും ന്യൂ വേള്‍ഡ് മിഷന്‍ ഉദ്ദേശിക്കുന്നുണ്ട്. വാതക ഭീമന്‍മാരുടെ ഉപഗ്രഹങ്ങളിലും ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും സാധ്യതയുള്ളതുകൊണ്ടാണിത്. ഒന്നിലധികം ദൂരദര്‍ശിനികളുമായി ബന്ധിപ്പിച്ചുകൊണ്ട് സ്റ്റാര്‍ഷേഡിന്റെ പ്രവര്‍ത്തനം വിപുലമാക്കാനും നാസ ലക്ഷ്യമിടുന്നുണ്ട്. നിരീക്ഷണങ്ങള്‍ക്കിടയിലുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കുന്നതിനു വേണ്ടിയാണിത്.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*