പ്രപഞ്ചം ചെറുതാണ്, നാം കണക്കുകൂട്ടിയതിലും

 

സാബു ജോസ്
ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പം നാം കരുതിയിരുന്നതിലും കുറവാണെന്ന് പുതിയ കണ്ടെത്തല്‍. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം മുന്‍പ് കരുതിയിരുന്നതിലും 0.7 ശതമാനം കുറവാണത്രേ. പുതിയ കണക്കുകൂട്ടലനുസരിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 45.34 ബില്യണ്‍ (4534 കോടി) പ്രകാശവര്‍ഷം ആണ്. ഇതിനു മുന്‍പുള്ള കണക്കുകൂട്ടലില്‍ നിന്നും 32 കോടി പ്രകാശവര്‍ഷം കുറവാണിത്. അങ്ങനെ വരുമ്പോള്‍ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 90.68 ബില്യണ്‍ പ്രകാശവര്‍ഷം ആണെന്ന് തിരുത്തി വായിക്കേണ്ടിവരും.

എന്താണ് ദൃശ്യപ്രപഞ്ചം?
മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചവികാസം ആരംഭിച്ചതുമുതല്‍ ഇപ്പോള്‍ വരെയുള്ള സമയംകൊണ്ട് പ്രകാശത്തിന് കടന്നെത്താന്‍ കഴിയുന്ന ദൂരപരിധിയില്‍ സ്ഥിതി ചെയ്യുന്നതും ഭൂമിയില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുള്‍പ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ് ദൃശ്യപ്രപഞ്ചം. പ്രപഞ്ചത്തിന്റെ വിതരണം എല്ലാ ദിശയിലും ഒരേ തരത്തിലാണെന്ന് പരിഗണിച്ചാല്‍ ദൃശ്യപ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് എല്ലാ ദിശയിലും ഒരേ ദൂരമായിരിക്കും. അതായത് ദൃശ്യപ്രപഞ്ചം ഗോളാകാരവും അതിന്റെ കേന്ദ്രം നിരീക്ഷകനുമായിരിക്കും. പ്രപഞ്ചത്തിന്റെ മൊത്തം ആകൃതി ഗോളമോ മറ്റെന്തെങ്കിലുമോ ആയിരിക്കാം. നിരീക്ഷകനെ ആധാരമായി പറയുമ്പോള്‍ ഗോളാകാരമായ ഒരു പരിധിക്കുള്ളിലെ പ്രകാശത്തിനാണ് നിരീക്ഷകന്റെ സമീപം എത്തിച്ചേരാനുള്ള സമയം ലഭിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ സ്ഥാനത്തിനും അതിന്റേതായ ദൃശ്യപരിധിയുണ്ടായിരിക്കും. അവ പരസ്പരം ഉള്ളടക്കങ്ങളെ പങ്കുവയ്ക്കുന്നവയോ, അല്ലാത്തവയോ ആകാം.

പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ നിന്ന് തത്വത്തിലെങ്കിലും പ്രകാശം ഭൂമിയിലെത്തിച്ചേരാന്‍ കഴിയുന്ന മേഖലയെയാണ് ദൃശ്യപ്രപഞ്ചം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. യഥാര്‍ഥത്തില്‍ വസ്തുക്കളില്‍ നിന്നുള്ള പ്രകാശം വിസരണം വഴി പൂര്‍ണമായും വ്യതിചലിക്കാതെ ഭൂമിയിലെത്തിയെങ്കില്‍ മാത്രമേ ആ വസ്തു ദൃശ്യമാകൂ. അതുകൊണ്ട് ദൃശ്യപ്രപഞ്ചം എന്ന വാക്കിനേക്കാള്‍ അനുയോജ്യം നിരീക്ഷണയോഗ്യ പ്രപഞ്ചം എന്നു പറയുന്നതാണ്. മഹാവിസ്‌ഫോടനത്തേത്തുടര്‍ന്ന് 3,80,000 വര്‍ഷങ്ങള്‍ ശൈശവ പ്രപഞ്ചത്തില്‍ പ്ലാസ്മ നിറഞ്ഞുനിന്നിരുന്നു. അതാര്യമായ പ്ലാസ്മയില്‍ കൂടി പ്രകാശത്തിന് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ന്യൂട്രിനോകള്‍ വഴിയാണ് ഈ കാലഘട്ടത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഭാവിയില്‍ ഈ അവസ്ഥയും ദൃശ്യമായേക്കാം. ചിലപ്പോള്‍ ദൃശ്യപ്രപഞ്ചവും, നിരീക്ഷണയോഗ്യപ്രപഞ്ചവും വേര്‍തിരിച്ച് സൂചിപ്പിക്കാറുണ്ട്. അവസാനത്തെ വിസരണമായ പ്രപഞ്ചത്തിന്റെ അവസ്ഥ മുതലുള്ള വികിരണങ്ങളുടെ സഞ്ചാരദൈര്‍ഘ്യമാണ് ദൃശ്യപ്രപഞ്ചത്തിന്. എന്നാല്‍ നിരീക്ഷയോഗ്യ പ്രപഞ്ചം പ്രപഞ്ചവികാസം ആരംഭിച്ചതുമുതലുള്ള പ്രകാശവികിരണങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. നിര്‍വചനമനുസരിച്ച് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ വ്യാസാര്‍ധം ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണെന്ന് പറയാം.

k

ദൃശ്യപ്രപഞ്ചത്തിന്റെ അളവുകള്‍
ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം മീറ്റര്‍ സ്‌കെയിലില്‍ അടയാളപ്പെടുത്തിയാല്‍ 8.81026 മീറ്ററാണ്. വ്യാപ്തം 4ഃ1080 ഘനമീറ്ററും. പ്രപഞ്ചത്തിന്റെ പിണ്ഡത്തേക്കുറിച്ചും ഏകദേശം ധാരണയുണ്ട്. ഗാലക്‌സികളും, നക്ഷത്രാന്തര മാധ്യമവും, നെബുലകളും, വാതക പടലങ്ങളുമെല്ലാമടങ്ങുന്ന സാധാരണ ദ്രവ്യത്തിന്റെ പിണ്ഡം 1053 കിലോഗ്രാമാണ്. എന്നാല്‍ സാധാരണ ദ്രവ്യത്തിന്റെ ആറ് മടങ്ങ് അധികമുള്ള ശ്യാമദ്രവ്യത്തിന്റെ പിണ്ഡം കണക്കുകൂട്ടിയിട്ടില്ല. പ്രപഞ്ചത്തിന്റെ സാന്ദ്രത ഘനസെന്റിമീറ്ററിന് 9.9ഃ1030 ഗ്രാം ആണ്. ശരാശരി താപനില 2.725 കെല്‍വിനാണ് (-270 ഡിഗ്രി സെല്‍ഷ്യസ്). ദൃശ്യപ്രപഞ്ചത്തിലെ ആകെ ആറ്റങ്ങളുടെ എണ്ണം 1085 ആണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1085 എണ്ണവും ഹൈഡ്രജന്‍ ആറ്റങ്ങളാണ്. പ്രപഞ്ചത്തിന്റെ ഘടകങ്ങള്‍ പരിശോധിച്ചാല്‍ 68.3 ശതമാനം ഡാര്‍ക്ക് എനര്‍ജി എന്ന ഋണമര്‍ദവും, 26.8 ശതമാനം ഡാര്‍ക്ക് മാറ്റര്‍ എന്ന അദൃശ്യ ദ്രവ്യവും, 4.9 ശതമാനം സാധാരണ ദ്രവ്യവുമാണ്. ഏറ്റവും പുതിയ കണക്കുകൂട്ടലുകള്‍ അനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രായം 13.82 ബില്യണ്‍ (1382 കോടി) വര്‍ഷമാണ്.

ഏതാണ് ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള വസ്തു ?
2011 ജനുവരിയില്‍ സ്ഥിരീകരിച്ച UDFj – 39546284 എന്ന താരാപഥമാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള വസ്തു. 2009 ല്‍ കണ്ടെത്തിയ GRB 090423 എന്ന ഗാമാ റേ ബര്‍സ്റ്റിന്റെ ചുമപ്പു നീക്കം 8.2 ആണ്. പ്രപഞ്ചോല്‍പത്തിക്കുശേഷം കേവലം 63 കോടി വര്‍ഷം കഴിഞ്ഞുണ്ടായ ഒരു സ്‌ഫോടനമായിരുന്നു ഇത്. എല്ലാ മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. മഹാവിസ്‌ഫോടനത്തിനു ശേഷം 63 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞു സംഭവിച്ചതുകൊണ്ട് ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് 13 ബില്യണ്‍ പ്രകാശവര്‍ഷം അകലെയാണെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ വികസിക്കുന്ന പ്രപഞ്ചം എന്ന തത്വം പരിഗണിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത്. 8.2 എന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന ഖഗോളവസ്തു ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 30 ബില്യണ്‍ പ്രകാശവര്‍ഷമെങ്കിലും അകലെയായിരിക്കും. ആബെല്‍ 2218 ആണ് മറ്റൊരു വിദൂരവസ്തു. ഹബിള്‍ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ഈ താരാപഥം മഹാവിസ്‌ഫോടനത്തിനു ശേഷം 75 കോടി വര്‍ഷം കഴിഞ്ഞുണ്ടായതാണ്. 7.1 ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന ഈ ഗാലക്‌സി ഭൂമിയില്‍ നിന്ന് 13 ബില്യണ്‍ പ്രകാശവര്‍ഷം അകലെയാണുള്ളത്.

എന്താണ് പുതിയ കണ്ടുപിടിത്തത്തിന്റെ പ്രസക്തി
മഹാവിസ്‌ഫോടനത്തില്‍ ശക്തിയില്‍ കനം കുറഞ്ഞ ദ്രവ്യകണികകള്‍ പ്രകാശവേഗതയില്‍ സഞ്ചരിച്ചിരിക്കണം. ഇങ്ങനെ സഞ്ചരിച്ചിട്ടുള്ള ദ്രവ്യമാണ് നിരീക്ഷണത്തിന് അതിര്‍ത്തിയായി നില്‍ക്കുന്നത്. ഈ അതിര്‍ത്തിയെ കണികാ ചക്രവാളം എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഈ സങ്കല്‍പനത്തിന് ഒരു പോരായ്മയുണ്ട്. ഇങ്ങനെ ഒരതിര്‍ത്തിയുണ്ടെങ്കില്‍ പ്രപഞ്ചം സ്ഥിരമായിരിക്കും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. നാം കണക്കുകൂട്ടിയതിലും വേഗതയിലാണ് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് കണികാ ചക്രവാളത്തെ പ്രപഞ്ചത്തിന്റെ അതിര്‍ത്തിയായി കാണാന്‍ കഴിയില്ല. ദൃശ്യപ്രപഞ്ചത്തിന്റെ അതിര്‍ത്തി എന്നു വേണമെങ്കില്‍ പറയാം. നിരീക്ഷകനും ഈ അതിര്‍ത്തിയും തമ്മിലുള്ള ദൂരമാണ് ഇപ്പോള്‍ പ്ലാങ്ക് ടെലസ്‌ക്കോപ്പിന്റെ സഹായത്തോടെ പുനര്‍നിര്‍ണയിച്ചിരിക്കുന്നത്. പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോസ്‌മോളജിസ്റ്റുകള്‍ പറയുന്നത്.prapanjam-2
ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തേക്കുറിച്ച് നിരവധികണക്കുകള്‍ മുന്‍പും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ നിരീക്ഷണ തെളിവുകളെ ആധാരമാക്കിയായിരുന്നില്ല. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 13.8 ബില്യണ്‍ പ്രകാശ വര്‍ഷമാണ് എന്ന സങ്കല്‍പമാണ് അതില്‍ പ്രധാനം. ആപേക്ഷികതയുമായി ബന്ധപ്പെടുത്തിയാണ് ഈ വാദം. 13.8 ബില്യണ്‍ വര്‍ഷം മുന്‍പുണ്ടായ പ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 13.8 ബില്യണ്‍ പ്രകാശവര്‍ഷം തന്നെ ആയിരിക്കണം. കാരണം പ്രകാശേവഗത മറികടക്കാനാവില്ലല്ലോ. എന്നാല്‍ സ്ഥിരവും പരന്നതുമായ ഒരു സ്ഥലകാല ജ്യാമിതിയിലേ ഈ തത്വം പ്രാവര്‍ത്തികമാവുകയുള്ളൂ. എന്നാല്‍ സ്‌പേസ് വികസിക്കുന്നതും അതിന്റെ ജ്യാമിതി വക്രതയുള്ളതുമായതുകൊണ്ട് ഈ നിഗമനം ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസാര്‍ധം 15.8 ബില്യണ്‍, 27.6 ബില്യണ്‍, 78 ബില്യണ്‍, 156 ബില്യണ്‍, 180 ബില്യണ്‍ പ്രകാശവര്‍ഷങ്ങള്‍ എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നിരീക്ഷണത്തെളിവുകളുമായി ഒത്തുപോകുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രലോകം അവയെയും തള്ളിക്കളഞ്ഞു.

എന്താണ് പ്ലാങ്ക് ചെയ്യുന്നത് ?
മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ട ഊര്‍ജമെന്ന് വിശ്വസിക്കുന്ന പരഭാഗവികിരണങ്ങളേക്കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റ് ആണ് പ്ലാങ്ക്. 2009 മുതല്‍ 2013 വരെയായിരുന്നു ഇതിന്റെ പ്രവര്‍ത്തന കാലാവധി. പ്ലാങ്ക് സ്‌പേസ്‌ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചു തുടങ്ങിയിട്ടേയുള്ളൂ. പ്രപഞ്ചോല്‍പത്തി രഹസ്യങ്ങള്‍ വഹിച്ചുകൊണ്ടുവരുന്ന സന്ദേശവാഹകരാണ് പരഭാഗ വികിരണങ്ങള്‍. പരഭാഗ വികിരണങ്ങളില്‍ നടത്തുന്ന പഠനങ്ങള്‍ പ്രപഞ്ചാല്‍പത്തിയേക്കുറിച്ചും ശൈശവപ്രപഞ്ചത്തിന്റെ ചര്യകളേക്കുറിച്ചും വിലപ്പെട്ട വിവരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. നാസയുടെ കോബി, ഡബ്യൂ-മാപ് എന്നിവയും ഇത്തരത്തിലുള്ള ബഹിരാകാശ പരീക്ഷണ ശാലകളാണ്. ഈ ശ്രേണിയിലെ ഏറ്റവും നവീനമായ സങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്ലാങ്ക് സ്‌പേസ്‌ക്രാഫറ്റിലാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*