Euclid_spacecraft_illustration_1 (1)

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാര്‍ക്ക് എനര്‍ജിയേക്കുറിച്ച് പഠിക്കാന്‍

സാബു ജോസ്
sabuഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാന്‍ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ യൂക്ലിഡ് 2020 ല്‍ വിക്ഷേപിക്കപ്പെടും. പേടകത്തിന്റെ നാല് ഡിറ്റക്ടറുകളുടെ നിര്‍മാണം 2017 ജനുവരിയില്‍ പൂര്‍ത്തിയായി. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ശാസ്ത്രലോകം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ പ്രപഞ്ചത്തിന്റെ വികാസ വേഗത വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ദുരൂഹതയാണ്. ഡാര്‍ക്ക് എനര്‍ജി എന്ന ഋണ മര്‍ദത്തിന്റെ സാന്നിധ്യമാണ് പ്രപഞ്ചവികാസത്തിനു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഡാര്‍ക്ക് എനര്‍ജിയെന്ന് കണ്ടുപിടിക്കുകയാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ഡാര്‍ക്ക് എനര്‍ജിയുടെ പ്രഭാവം കണക്കുകൂട്ടാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിന്റെ വികാസ പരിണാമങ്ങളും തുടര്‍ന്ന് അന്ത്യവും മനസ്സിലാക്കാന്‍ കഴിയും. അതൊരുപക്ഷെ പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പര്യാപ്തവുമായിരിക്കും.
2020 ല്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് സോയൂസ് റോക്കറ്റ് ഉപയോഗിച്ചാണ് യൂക്ലിഡ് വിക്ഷേപിക്കുന്നത്. 30 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ പേടകം ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള രണ്ടാം ലെഗ്രാന്‍ഷ്യന്‍ പോയിന്റിലാണ് സ്ഥാപിക്കുന്നത്. ചന്ദ്രനുമപ്പുറം സൂര്യന്റെ എതിര്‍ ദിശയിലാണ് ഈ സ്ഥാനം. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന ഈ സ്ഥാനത്ത് സ്ഥാപിക്കുന്ന പേടകം അവിടെ സ്ഥിരമായി നിലനില്‍ക്കും. ഡീപ് സ്‌പേസിന്റെ വ്യക്തമായ ദൃശ്യം ലഭിക്കാന്‍ ഇത് സഹായിക്കും. ആറ് വര്‍ഷമാണ് പേടകത്തിന്റെ പ്രവര്‍ത്തനകാലം. ഈ കാലം കൊണ്ട് 15,000 സ്‌ക്വയര്‍ ഡിഗ്രി ആകാശം പേടകം നിരീക്ഷണ വിധേയമാക്കും.

L2 LEGRANGIAN POINT (1)
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കോസ്മിക് വിഷന്‍ 2015-2025 പദ്ധതിയുടെ ഭാഗമായാണ് പേടകം വിക്ഷേപിക്കപ്പെടുന്നത്. 2007 ലെ നിര്‍ദേശപ്രകാരം ഡ്യൂണ്‍ എന്നും സ്‌പേസ് എന്നും പേരുള്ള രണ്ടു പേടകങ്ങളാണ് വിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഡാര്‍ക്ക് മാറ്ററിനേക്കുറിച്ചും അത് സൃഷ്ടിക്കുന്ന ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ് എന്ന പ്രതിഭാസത്തേക്കുറിച്ചും ഡാര്‍ക്ക് എനര്‍ജിയേക്കുറിച്ചുമുള്ള പഠനമാണ് ഡ്യൂണ്‍ ദൗത്യംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. 1000 കോടി വര്‍ഷം മുന്‍പ് മുതലുള്ള പ്രപഞ്ചത്തിന്റെ ത്രീഡി മാപിംഗ് ആയിരുന്നു സ്‌പേസ് എന്ന ദൗത്യം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്നു നടന്ന പഠനങ്ങള്‍ ഈ രണ്ടു ദൗത്യങ്ങളും സംയോജിപ്പിച്ചുകൊണ്ട് യൂക്ലിഡ് ഡാര്‍ക്ക് എനര്‍ജി എക്‌സ്‌പ്ലോറര്‍ എന്ന ദൗത്യത്തില്‍ എത്തിച്ചേരുകയായിരുന്നു. എന്നാല്‍ 2011 ല്‍ സോളാര്‍ ഓര്‍ബിറ്റര്‍ എന്നൊരു മീഡിയം ക്ലാസ് ദൗത്യം കൂടി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അംഗീകരിച്ചു. 2018 ല്‍ സോളാര്‍ ഓര്‍ബിറ്റര്‍ ദൗത്യം വിക്ഷേപിക്കപ്പെടും. അതിനു ശേഷമാണ് യൂക്ലിഡ് ദൗത്യത്തിന്റെ വിക്ഷേപണം നടക്കുക.
യൂക്ലിഡ് ദൗത്യത്തിലുള്ള നിയര്‍-ഇന്‍ഫ്രാറെഡ് ഉപകരണത്തില്‍ ഉപയോഗിക്കുന്നതിനായി 20 ഡിറ്റക്ടറുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് 2013 ല്‍ നാസ തത്വത്തില്‍ അംഗീകരിച്ചു. കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40 ശാസ്ത്രജ്ഞരെയും വിട്ടുകൊടുത്തു. ശാസ്ത്രീയ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് ഈ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ്. 2014 ആയപ്പോഴേക്കും യൂക്ലിഡ് ദൗത്യത്തിന്റെ മുഖ്യകോണ്‍ട്രാക്ടര്‍ ഇറ്റലിയിലെ തേല്‍സ് അലേനിയ സ്‌പേസ് എന്ന കമ്പനിയായി. ഇന്ന് യൂക്ലിഡ് ദൗത്യത്തിന് ഏറ്റവുമധികം മുതല്‍മുടക്ക് നടത്തുന്നത് തേല്‍സ് അലേനിയ സ്‌പേസ് കമ്പനിയാണ്. 2015 ല്‍ ദൗത്യത്തിന്റെ ഹാര്‍ഡ്‌വെയര്‍ പാര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 2017 ആരംഭത്തില്‍ വിസിബിള്‍ ഇമേജറുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.
പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നമുക്ക് ദൃശ്യമാവുകയുള്ളൂ. ദൃഷ്ടിഗോചരമായ സാധാണ ദ്രവ്യം കൊണ്ട് നിര്‍മിച്ചിട്ടുള്ള ഖഗോള പിണ്ഡങ്ങള്‍ ദൃശ്യപ്രപഞ്ചത്തിന്റെ  നാല് ശതമാനം മാത്രമേയുള്ളൂ. 28 ശതമാനം ഡാര്‍ക്ക്മാറ്റര്‍ എന്ന അദൃശ്യ ദ്രവ്യമാണ്. ബാക്കി 68 ശതമാനവും ഡാര്‍ക്ക് എനര്‍ജി എന്ന ദുരൂഹ പ്രതിഭാസമാണ്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നത് ഈ പ്രതിഭാസം കാരണമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പ്രപഞ്ചവികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്യാമദ്രവ്യവും സാധാരണ ദ്രവ്യവും ചേര്‍ന്ന് പ്രധാനം ചെയ്യുന്ന ഗുരുത്വാകര്‍ഷണ ബലത്തിന് കഴിയുന്നില്ല. യൂക്ലിഡ് ദൗത്യം നിരീക്ഷണ വിധേയമാക്കുന്നത് അദൃശ്യ പ്രപഞ്ചത്തിന്റെ മായക്കാഴ്ചകളാണ്. പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തിയെഴുതാന്‍ പര്യാപ്തമായിരിക്കും യൂക്ലിഡ് സമ്മാനിക്കുന്ന ഇരുണ്ട പ്രപഞ്ചത്തിന്റെ ദൃശ്യങ്ങള്‍. പേടകത്തിലുള്ള രണ്ട് അനുബന്ധ ഉപകരണങ്ങളില്‍ ഒന്ന് വീക്ക് ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ് കൃത്യമായി അളക്കും. ശ്യാമ ദ്രവ്യത്തിന്റെ വിതരണവും ശ്യാമ ഊര്‍ജത്തിന്റെ പ്രഭാവവും കണ്ടെത്തുന്നതിന് ഇത് സഹായിക്കും. രണ്ടാമത്തെ ഉപകരണം ബേര്യോണിക് അക്വോസ്റ്റിക് ഓസിലേഷനെക്കുറിച്ച് പഠിക്കാനുള്ളതാണ്. സ്‌പേസിലുള്ള ഗാലക്‌സികളുടെ വിതരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇതുകൊണ്ട് സാധിക്കും. ഒരു വിസിബിള്‍ ഇമേജറും ഒരു നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്ററും, ഫോട്ടോമീറ്ററുമാണ് പേടകത്തിലെ മുഖ്യ ശാസ്ത്രീയ ഉപകരണങ്ങള്‍.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*