ozone

കരുതല്‍ വേണം പ്രകൃതിയുടെ കുടയുടെ കാര്യത്തില്‍

സ്വന്തം ലേഖകന്‍
ഇന്നത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആരും പറയും അന്തര്‍ ദേശിയ ഓസോണ്‍ ദിനമാണെന്ന്. അതെ ഇന്ന് ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ സംരക്ഷിക്കുവാനായി നിരവധി രാഷ്ട്രതലവന്‍മാര്‍ ചേര്‍ന്ന് 19987 ല്‍ കാനഡയിലെ മോണ്‍ട്രിയല്‍ ഒപ്പുവെച്ച ഉടമ്പടിയുടെ മുപ്പതാം വാര്‍ഷികമാണ് ഇന്ന് ലോകം ആചരിക്കുക. എന്നാല്‍ ഓസോണ്‍ നശീകരണം ഇത്രയേറെ വര്‍ധിച്ചിട്ടും എന്താണ് ഓസോണ്‍ പാളിയെന്നും ഓസോണ്‍ ദ്വാരമെന്നും ചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിയാറില്ല. കാരണം മറ്റൊന്നുമല്ല, ശാസ്ത്രത്തിലുള്ള നമ്മുടെ അജ്ഞതതന്നെയാണ്.ശാസ്ത്രത്തോടുള്ള മലയാളികളുടെ അല്ല ലോകത്തിന്റെ വിമുഖത പലപ്പോഴും പ്രകൃതിയെ തന്നെ ഇല്ലാതാക്കുന്നുണ്ട്. ഇതിന്റെ ഉദാഹരണമാണ് ഓസോണ്‍ പാളി. വളരെ നേര്‍ത്ത വാതകപടലമായ ഓസോണ്‍പാളിക്ക് മനുഷ്യനിര്‍മിത രാസവസ്തുക്കളുടെ ഉത്സര്‍ജനം ഗുരുതരമായ പരിക്കുകളാണ് ഉണ്ടാക്കുന്നത്.

ഉത്തരാര്‍ധഗോളത്തില്‍ ഓരോ ദശകത്തിലും ഓസോണ്‍പാളിയുടെ കനം നാലുശതമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. ദക്ഷിണാര്‍ധ ഗോളത്തില്‍ ആഗസ്ത്മുതല്‍ ഒക്ടോബര്‍വരെയാണ് സാധാരണയായി ഓസോണ്‍ തുളകള്‍ പ്രത്യക്ഷമാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്.

ഓസോണ്‍ ദ്വാരം വര്‍ധിക്കുന്നുവോ?
ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് എന്താണ് ഓസോണ്‍ ദ്വാരം എന്ന് അറിയേണ്ടതുണ്ട്. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ സ്ഥലത്തെയാണ് ഓസോണ്‍ ദ്വാരം എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ സാന്ദ്രത 220 ഡോബ്‌സന്‍ യൂനിറ്റ് കുറഞ്ഞ മേഖലയെയാണ് ഓസോണ്‍ പാളിയിലെ ദ്വാരമെന്ന് പറയുക.വാതകപ്രവാഹത്തോടൊപ്പം സ്ട്രാറ്റോസ്ഫിയറിലെത്തുന്ന ക്‌ളോറിന്‍, ബ്രോമിന്‍ തന്മാത്രകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പതിക്കുമ്പോള്‍ അവയില്‍നിന്ന് ആറ്റങ്ങള്‍ സ്വതന്ത്രമാക്കപ്പെടുകയും, ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന ആറ്റമിക ക്‌ളോറിനും ബ്രോമിനും ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യും. ശൃംഖലാപ്രവര്‍ത്തനംവഴി ഒരു ക്‌ളോറിന്‍ പരമാണുവിന് ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍കഴിയും. ക്രമേണ അള്‍ട്രാവലയറ്റ് വികിരണങ്ങളെ ആഗിരണംചെയ്യുന്നതിനുള്ള കഴിവു നഷ്ടപ്പെടുകയും ഓസോണ്‍ പാളി മറികടന്ന് ഈ തീവ്രവികിരണങ്ങള്‍ ‘ഭൗമോപരിതലത്തില്‍ എത്തുകയും ചെയ്യും.
ഭൗമാന്തരീക്ഷത്തില്‍ ഓസോണ്‍വാതകത്തിന്റെ സാന്ദ്രത നിര്‍ണയിക്കുന്നത് നിരവധി ഘടകങ്ങളുടെ പ്രവര്‍ത്തനംവഴിയാണ്. ഭൂമധ്യരേഖാ പ്രദേശത്ത് ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് ഓസോണ്‍ പാളിയുടെ കട്ടി കൂടുതലാകും. സൂര്യപ്രകാശം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഓസോണ്‍ ഉല്‍പ്പാദനവും കൂടുതലായി നടക്കുന്നത്. സൌരവികിരണങ്ങള്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതിനൊപ്പം ഓക്‌സിജന്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓസോണ്‍ തന്മാത്രകള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വാഭാവികമായി ഉണ്ടാകുന്ന ഈ ചാക്രിക പ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉണ്ടാകുമ്പോഴാണ് ഓസോണ്‍ തുളകള്‍പോലെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നത്.

അള്‍ട്രാവലയറ്റ് വികരണങ്ങള്‍ മൂന്നുതരമുണ്ടല്ലോ. അള്‍ട്രാവയലറ്റ് വേവ് ബാന്‍ഡില്‍തന്നെയുള്ള താരതമ്യേന കുറഞ്ഞ തരംഗദൈര്‍ഘ്യവും ഉയര്‍ന്ന ഊര്‍ജനിലയുമുള്ള യുവിസി വികിരണങ്ങളാണ് അന്തരീക്ഷ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച് ഓസോണ്‍ നിര്‍മിക്കുന്നത്. ഈ വികിരണങ്ങള്‍ ഭൌമോപരിതലത്തിലെത്തിയാല്‍ അത് ‘ഭൌമജീവന് ഹാനികരമാണ്. ‘ഭൌമാന്തരീക്ഷത്തില്‍ 35 കിലോമീറ്റര്‍ ഉയരത്തില്‍വച്ചുതന്നെ ഓസോണ്‍പാളി ഈ കിരണങ്ങളെ ആഗിരണംചെയ്യും. അള്‍ട്രാവയലറ്റ്ബി കിരണങ്ങള്‍ തൊലിപ്പുറത്തുണ്ടാവുന്ന ക്യാന്‍സറിനും, ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. തരംഗദൈര്‍ഘ്യം കൂടിയ അള്‍ട്രാവയലറ്റ്എ വികിരണങ്ങള്‍ സാധാരണയായി ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറില്ല. ഇവയുടെ ഉയര്‍ന്ന തരംഗദൈര്‍ഘ്യം തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. ‘ഭാഗ്യവശാല്‍ യുവിഎ വികിരണങ്ങള്‍ ‘ഭൌമജീവന് ഹാനികരമല്ല. ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാകുമ്പോള്‍ ‘ഭൌമോപരിതലത്തില്‍ എത്തിച്ചേരുന്ന അള്‍ട്രാവയലറ്റ്ബി വികിരണങ്ങളാണ് ജീവന് ഹാനികരമാകുന്നത്.
മനുഷ്യന്റെ ഇടപെടലും ഭീഷണി

സൗരവാതങ്ങളുടെ ആക്രമണവും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ഓസോണ്‍പുതപ്പിനെ ഛിന്നഭിന്നമാക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലും ഓസോണ്‍പാളിക്ക് ഗുരുതര കേടുപാടുകള്‍ വരുത്തുന്നുണ്ട്. നൈട്രിക് ഓക്‌സൈഡ്(NO), നൈട്രസ് ഓക്‌സൈഡ്(N2O), ഹൈഡ്രോക്‌സില്‍ (OH), ആറ്റമിക്ക്‌ളോറിന്‍(Cl),ബ്രോമിന്‍,ക്‌ളോറോഫ്‌ളൂറോകാര്‍ബണുകള്‍,ഹൈഡ്രോക്‌ളോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ ബ്രോമോ ഫ്‌ളൂറോ കാര്‍ബണുകള്‍ (BrFC), ഹാലോണുകള്‍ എന്നിവയെല്ലാം ഓസോണ്‍പാളിയെ ദോഷകരമായി ബാധിക്കുന്ന മനുഷ്യനിര്‍മിത പദാര്‍ഥങ്ങളാണ്. ഇവയില്‍ റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ക്‌ളോറോഫ്‌ളൂറോ കാര്‍ബണുകളും, നൈട്രസ് ഓക്‌സൈഡുമാണ് ഓസോണ്‍പാളിയുടെ മുഖ്യശത്രുക്കള്‍.ചില വികസിതരാജ്യങ്ങള്‍ സിഎഫ്‌സിയുടെ ഉല്‍പ്പാദനവും ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം നിര്‍ബാധം തുടരുന്നുണ്ട്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*