21148362_10210010096318076_1993727132_n

സംഗതി സിംപിളാണ് പക്ഷേ, പവര്‍ഫുളാണ്

ബൈജു രാജു

baijuനമ്മുടെ വാള്‍ ക്‌ളോക്കുകളില്‍ തൂങ്ങി ആടുന്ന പെന്‍ഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത് 🙂 സത്യത്തില്‍ എന്താണ് അതു ? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്. ആദ്യം ലളിതമായ ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.
ഭാരം കൂടിയ ഒരു കട്ടി ( bob ), ഭാരം കുറഞ്ഞ നീണ്ട വാടിയിലോ അല്ലെങ്കില്‍ നൂലിലോ കെട്ടിയിട്ട് ചെറുതായി ആട്ടിയാല്‍ അതു പെന്‍ഡുലം ആയി. ഭൂമിയുടെ ഗുരുത്വഘര്‍ഷണം കാരണമാണ് പെന്‍ഡുലം ആടുന്നത്. കെട്ടി ഇട്ടിരിക്കുന്ന ഇടം മുതല്‍ കട്ടിയുടെ ഭാരകേന്ദ്രം വരെ ഉള്ള നീളത്തെ ആണ് ‘പെന്‍ഡുലത്തിന്റെ നീളം’ എന്നു പറയുക. ചെറുതായി ആട്ടിയാലും വലുതായി ആട്ടിയാലും പെന്‍ഡുലം ആടാന്‍ എടുക്കുന്ന സമയത്തില്‍ വിത്യാസം വരില്ല. ആടാന്‍ എടുക്കുന്ന സമയം ‘പെന്ഡുലത്തിന്റെ നീളത്തിനു’ മാത്രം ആനുപാതീകമായിരിക്കും. ( കട്ടിയുടെ ഭാരം ആടാന്‍ എടുക്കുന്ന സമയത്തെ ഒരു തരത്തിലും ബാധിക്കില്ല.) എന്നു വച്ചാല്‍.. ഒരേ നീളമുള്ള പെന്‍ഡുലം ചെറുതായി ആട്ടിയാലും, വലുതായി ആട്ടിയാലും ആടാന്‍ എടുക്കുന്ന സമയം ഒന്നായിരിക്കും എന്ന്. ഇതാണ് ക്‌ളോക്കില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുക.
ഉദാഹരണത്തിന് 1 സെക്കന്റില്‍ ഒരു വട്ടം ആടുന്ന പെന്ഡുലത്തല്‍ ഓരോ ആട്ടം കഴിയുമ്പോഴും സെക്കന്റ് സൂചി ഒന്നു ചലിക്കുന്നു. ചൂട് കൂടുമ്പോള്‍ ഇരുമ്പും, ലോഹങ്ങളും മറ്റും ചെറുതായി വികസിക്കുന്നു. വികസിസിച്ചാല്‍ പെന്ഡുലത്തിന്റെ നീളം കൂടുകയും സമയം സ്ലോ ആവുകയും ചെയ്യും. അതു കാരണമാണ് പെന്ഡുലത്തില്‍ കട്ട തൂക്കി ഇടുവാനായി നമ്മള്‍ ചൂടില്‍ വികസിക്കാത്ത മരത്തിന്റെയോ മറ്റോ വടി ഉപയോഗിക്കുന്നത്.
പുതിയ പെന്‍ഡുലം ക്‌ളോക്ക് നമ്മള്‍ വാങ്ങി ഫിക്‌സ് ചെയ്യുമ്പോള്‍ അതിലെ പെന്‍ഡുലം ആടുന്നത് സെക്കന്റില്‍ 1 വട്ടം ആയിരിക്കില്ല. ( 1 സെക്കന്റില്‍ 1 ആട്ടം, 2 സെക്കന്റില്‍ ഒരു ആട്ടം, അങ്ങനെ പല സെറ്റിഗും ക്‌ളോക്കില്‍ ഉണ്ടാവാം ) അതുകൊണ്ടാണ് സമയം ഫാസ്റ്റോ, സ്ലോവോ ആകുന്നത്. പിന്നീട് നമ്മള്‍ അതിലെ കട്ടയ്ക്കു ( bob ) കീഴെ ഉള്ള ബോള്‍ട്ട് അഡ്ജസ്‌റ് ചെയ്യുന്നു. സമയം സ്ലോ ആക്കുവാന്‍ ആണെങ്കില്‍ താഴേയ്ക്കും, ഫാസ്‌റ് ആക്കുവാന്‍ ആണെങ്കില്‍ മുകളിലേക്കും തിരിക്കുന്നു. ഇങ്ങനെ പെന്‍ഡുലത്തിന്റെ നീളം കൂട്ടുകയോ, കുറയ്ക്കുകയോ ആണ് ഇവിടെ നാം ചെയ്യുന്നത്.
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗലീലിയോ ആണ് പെന്‍ഡുലത്തിന്റെ ഈ പ്രത്യേകത മനസിലാക്കിയത്. പള്ളിയിലെ പല നീളത്തിലുള്ള തൂക്ക് വിളക്കുകള്‍ പല സമയം കൊണ്ട് ആടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ വഴി അദ്ദേഹം പെന്‍ഡുലത്തിന്റെ നീളവും, അതിനു ആടാന്‍ ആവശ്യമായ സമയവും തമ്മിലുള്ള സൂത്രവാക്യം ഉണ്ടാക്കി.
T = 2π✓(l/g),
ഇതില്‍ g എന്നത് ഭൂമിയുടെ ഗ്രാവിറ്റി ആയ 9.8 m / sec / sec .
π = 3.14
l = പെന്‍ഡുലത്തിന്റെ നീളം. ( കെട്ടി ഇട്ടിരിക്കുന്ന ഇടം മുതല്‍ കട്ടിയുടെ ഭാരകേന്ദ്രം വരെ ഉള്ള നീളം )
T = ആടാന്‍ ആവശ്യമായ സമയം. ( തുടങ്ങിയ ഇടത്തു തിരിച്ചു എത്താന്‍ ആവശ്യമായ സമയം )
പെന്‍ഡുലം ഉപയോഗിച്ചുള്ള ക്‌ളോക്ക് ആദ്യമായി നിര്‍മിച്ചത് ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഹ്യൂയ്ഗണ്‍സ് ആണ്. 1657 ഇല്‍.
1927 ഇല്‍ ക്വാര്‍ട്ടസ് ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള ക്‌ളോക്ക് കണ്ടുപിടിക്കും വരെ പെന്‍ഡുലം ക്‌ളോക്ക് ആയിരുന്നു കേമന്‍. എന്നിരുന്നാലും ഇപ്പോഴും നമ്മള്‍ പെന്‍ഡുലം ക്‌ളോക്ക് ഉപയോഗിച്ച് വരുന്നു. പെന്‍ഡുലം ആടാന്‍ എടുക്കുന്ന സമയത്തിന്റെ കൃത്യത ആണ് ക്‌ളോക്കിന്റെ കൃത്യത. ദിവസത്തില്‍ 1 സെക്കന്റ് പോലും വിത്യാസം വരാത്ത പെന്‍ഡുലം ക്‌ളോക്കുകള്‍ ആണ് നമുക്ക് ഇന്ന് ഉള്ളത്.
ഇനി പറയൂ.. ശാന്തമായി ആടിക്കൊണ്ടിരിക്കുന്ന ഇത്ര ലളിതമായ പെന്‍ഡുലം അത്ര നിസാരന്‍ ആണോ ?

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*