ocean

പുരാണങ്ങളിലെ സമുദ്രം

ലോകത്തിലെ എല്ലാ പൗരാണികനാഗരികതകളില്‍ നിന്നുള്ള കഥകളിലും സമുദ്രദേവന്മാര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.അവയെ കുറിച്ച് അറിയുവാന്‍ ഇന്ത്യ, റോം, ഗ്രീക്ക് പുരാണങ്ങളിലൂടെ ഒരു ചെറിയ യാത്ര,
ഇന്ത്യന്‍ പുരാണങ്ങളില്‍ സമുദ്രദേവതയായി സങ്കല്‍പ്പിക്കപ്പെടുന്നത് വരുണന്‍ ആണ്.
സമുദ്രത്തിന് സാഗരം എന്നും പേരുണ്ട്. പണ്ട് സഗരന്‍ എന്ന രാജാവ് അശ്വമേധയാഗം തുടങ്ങിയപ്പോള്‍ ഇന്ദ്രന്‍ യാഗാശ്വത്തെ മോഷ്ടിച്ച് പാതാളത്തിലൊളിപ്പിച്ചു. ഇതറിഞ്ഞ അറുപതിനായിരം സഗരപുത്രന്മാര്‍ ചേര്‍ന്ന് കടല്‍ക്കരയില്‍ ഒരു വലിയ കുഴി കുഴിച്ചാണ് പാതാളത്തിലേക്കു പോയതെന്നും അങ്ങനെയാണ് സമുദ്രങ്ങള്‍ക്ക് ആഴവും പരപ്പും കൂടിയതെന്നും പുരാണത്തില്‍ ഒരു കഥയുണ്ട്. വഴിയില്‍ അവര്‍ കപിലമഹര്‍ഷിയുടെക്രോധാഗ്‌നിയില്‍ ചാമ്പലായി. പിന്നീട് സഗരപൗത്രനായ അംശുമാനാണ് പാതാളത്തില്‍ നിന്ന് കുതിരയെ വീണ്ടെടുത്തത്.അംശുമാന്റെ പൗത്രനായഭഗീരഥന്‍ ഗംഗയെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയില്‍ കൊണ്ടുവന്ന് സഗരപുത്രന്മാര്‍ക്ക് ഉദകക്രിയ ചെയ്തശേഷം നദിയെ സമുദ്രത്തിലേക്കു പറഞ്ഞയച്ചെന്നും അങ്ങനെ ഗംഗാജലം കൊണ്ട് സമുദ്രം നിറഞ്ഞു എന്നും കഥ തുടരുന്നു
ക്ഷീരസാഗരം എന്നൊരു സങ്കല്‍പ്പവും ഇന്ത്യന്‍ പുരാണങ്ങളിലുണ്ട്. ഈ പാല്‍ക്കടലിലാണ് മഹാവിഷ്ണു പള്ളികൊള്ളുന്നത്. ഈ കടല്‍ അസുരന്മാരും ദേവന്മാരും കൂടി കടഞ്ഞപ്പോഴാണ് അമൃത്, കാളകൂടം തുടങ്ങിയവ ലഭിച്ചതെന്നും പുരാണങ്ങള്‍ പറയുന്നു.
ഗ്രീക്ക് പുരാണങ്ങളില്‍ അതിപുരാതനമായ സമുദ്രദേവനായി സങ്കല്‍പ്പിക്കപ്പെടുന്നത് ടൈറ്റന്മാരില്‍ ഒരാളായ ഓഷ്യാനസ് ആണ്. ഭൂമിയെ ചുറ്റുന്ന മഹാനദിയായ ഒക്കിനോസിന്റെ പുരാതനദേവനാണ് ഓഷ്യാനസ്. ഭൂമിയുടെ രണ്ടറ്റങ്ങളിലുമായി കടലില്‍ നിന്നുയര്‍ന്ന് കടലില്‍ത്തന്നെ താണുപോയിരുന്ന അകാശഗോളങ്ങളുടെ ഉദയവും അസ്തമയവും നിയന്ത്രിച്ചിരുന്നതും ഈ ദേവനായിരുന്നു. ഓഷ്യാനസ്സിന്റെ ഭാര്യ ടെത്തിസ് ആയിരുന്നു കടലിലെ ജലം ഭൂമിക്കടിയിലെ ഗുഹകളില്‍ക്കൂടി എല്ലായിടത്തും എത്തിച്ചിരുന്നത്
പില്‍ക്കാലത്ത് സമുദ്രദേവനായി വരുന്നത് പോസിഡോണ്‍ ആണ്. ടൈറ്റന്മാരിലൊരാളായ ക്രോണസ്സിന്റെ മകനാണ് പോസിഡോണ്‍. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പുരുഷനായാണ് ജനനം. പോസിഡോണ്‍ എന്ന പേരിനര്‍ത്ഥം ‘ഭൂമിയുടെ ഭര്‍ത്താവ്’ എന്നാണ്. മിക്ക കഥകളിലും ക്രൂരനായാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജീവദായകമായ ജലംകൊണ്ട് ഭൂമി ഫലഭൂയിഷ്ഠമാക്കുന്നയാളായും നാവികരുടെ രക്ഷാപുരുഷന്‍ എന്ന നിലക്കും പോസിഡോണ്‍ അറിയപ്പെടുന്നു. ഇതേ പോസിഡോണാണ് തന്റെ മകനായ ഒറ്റക്കണ്ണന്‍ സൈക്ലോപ്‌സിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചുവെന്ന കുറ്റത്തിന് എട്ട് വര്‍ഷത്തോളം ഒഡീസിയസ്സിനെ കടലില്‍ കുടുക്കിയിട്ട് കഷ്ടപ്പെടുത്തിയതും.

റോമന്‍ പുരാണങ്ങളിലെ സമുദ്ര ദേവന്‍ നെപ്റ്റിയൂണ്‍ ആണ്. സ്വര്‍ഗ്ഗാധിപനായ ജൂപ്പിറ്ററിന്റെയും പാതാളാധിപനായ പ്ലൂട്ടോയുടേയും സഹോദരനാണ് നെപ്റ്റിയൂണ്‍. ‘ബസ്ലിക നെപ്ട്യൂണി’ എന്ന പേരില്‍ ഒരു ക്ഷേത്രം അക്കാലത്ത് റോമിന്റെ പരിസരത്ത് ഉണ്ടായിരുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*