spacex

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

സാബു ജോസ്
sabuഅടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിന് കീഴിലായിരുന്നു. വാര്‍ത്താവിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, സൈനിക സൈനികേതര മേഖലയിലും, ഗതിനിര്‍ണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനര്‍ഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യകേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം.
എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ സ്‌പേസ് എക്‌സ് എന്ന പേരില്‍ ആരംഭിച്ച സംരംഭമാണ് ഈ മേഖലയിലെ സ്വകാര്യവത്കരണത്തിന് നാന്ദികുറിച്ചത്. 100 മില്യണ്‍ യു. എസ്. ഡോളറാണ് എലോണ്‍ മസ്‌ക് ഈ സംരംഭത്തിനായി പ്രാഥമികമായി മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. ആമസോണ്‍ ഡോട്ട് കോമിന്റെ തലവനായ ജെഫ് ബെസോസ് തുടങ്ങിയ ബ്ലൂ ഒറിജിന്‍ (ആഹൗല ഛൃശഴശി) മറ്റൊരു പ്രധാന സംരംഭമാണ്. ബ്രിട്ടീഷ് കോടീശ്വരനായ സര്‍. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഉടമസ്ഥനായ വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലാക്ടിക് വേറൊരു സ്വകാര്യ ബഹിരാകാശ പര്യവേഷണ സംരംഭമാണ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതുകൊണ്ട് ലോകരാജ്യങ്ങള്‍ ബഹിരാകാശ ഗവേഷണത്തിനുള്ള ഫണ്ട് ഗണ്യമായി വെട്ടിച്ചുരുക്കുകയാണിപ്പോള്‍. ഈ സാഹചര്യവും സ്വകാര്യ സംരംഭകര്‍ക്ക് അനുകൂലമാവുകയാണ്.

space-x-2
സ്‌പേസ് ടെക്‌നോളജി കരസ്ഥമാക്കിയ രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗമാണ് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ മൊബൈല്‍ ഫോണുകളും ഡി.ടി.എച്ച് ടെലിവിഷന്‍ സംപ്രേക്ഷണവുമെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ഇതിനാവശ്യമായ കൃത്രിമ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനോ വിക്ഷേപിക്കുന്നതിനോ ശേഷിയില്ല. സാമ്പത്തിക പിന്നാക്കാവസ്ഥയോ, ശാസ്ത്ര-സങ്കേതികവിദ്യയുടെ പരിമിതിയോ, രാഷ്ട്രീയവും മതപരവുമായ കീഴ്‌വഴക്കങ്ങളോ ഒക്കെയാണ് ഇതിനുപിന്നിലുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ ഉല്‍പന്നങ്ങളായ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുമെല്ലാം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മധ്യേഷ്യയിലെ രാജ്യങ്ങള്‍ക്കൊന്നും സ്‌പേസ് ടെക്‌നോളജി കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വിചിത്രമായി തോന്നാം. ഇന്ത്യ ഉള്‍പ്പടെ ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള രാജ്യങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ വാടകയെക്കടുക്കുകയോ, വിക്ഷേപണ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുകയോ ചെയ്താണ് അത്തരം രാജ്യങ്ങള്‍ ഈ അവസ്ഥ തരണം ചെയ്യുന്നത്. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ഭൂരിഭാഗം രാജ്യങ്ങളുടെയും സ്ഥിതി ഇതില്‍നിന്നും ഭിന്നമല്ല.
വാര്‍ത്താവിനിമയത്തില്‍ മാത്രമല്ല കൃത്യമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തുന്നത്. ഗതിനിര്‍ണയം, കാലാവസ്ഥാ പ്രവചനം, ഭൗമനിരീക്ഷണം, നഗരാസൂത്രണം, ഗതാഗതനിയന്ത്രണം, മെഡിസിന്‍ നിര്‍മാണം, ദൂരന്ത നിവാരണം എന്നീ മേഖലകളിലെല്ലാം ആധുനിക കാലത്ത് സ്‌പേസ് ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെയധികം വാണിജ്യതാത്പര്യമുള്ള മേഖലകളാണ് ഇതെല്ലാം. കഴിഞ്ഞ ദശാബ്ദത്തിലെ വളര്‍ച്ച പരിശോധിച്ചാല്‍ സ്‌പേസ് ഇന്‍ഡസ്ട്രി വലിയ കുതിപ്പാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശപര്യവേഷണ രംഗത്ത് 315 ബില്യണ്‍ യു. എസ്. ഡോളറാണ് 2013 ല്‍ ലോകവ്യാപകമായി ചെലവഴിച്ചതെങ്കില്‍ 2015 ല്‍ അത് 323 ബില്യണായി ഉയര്‍ന്നു. ജി.പി.എസ് സൗകര്യം ഉപയോഗപ്പെടുത്താത്ത സാധാരണക്കാര്‍ പോലും ഇല്ലാത്ത ഇക്കാലത്ത് സ്‌പേസ് ടെക്‌നോളജി ജനജീവിതത്തില്‍ എത്രയധികം സ്വാധീനിക്കുന്നുണ്ടെന്ന് അധികം വിവരിക്കേണ്ടതില്ല. ഇത്തരമൊരു ഇടത്തിലേക്കാണ് സ്വകാര്യ സംരംഭകര്‍ കടന്നുവരുന്നത്. ബഹിരാകാശം ആരുടെയും കുത്തകയല്ല, ആസ്‌ട്രോനോട്ടുകളും പ്രത്യേക പരിശീലനം നേടിയ ശാസ്ത്രജ്ഞരും മാത്രമല്ല സാധാരണക്കാരും സ്‌പേസ് ഉപയോഗപ്പെടുത്തണമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനവുമായാണ് സ്വകാര്യ നിക്ഷേപകര്‍ കടന്നുവരുന്നത്.
ഇപ്പോള്‍ നടക്കുന്ന എല്ലാ ബഹിരാകാശ പര്യവേഷണങ്ങളും സ്‌പേസിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ലോഗ്-ഓണ്‍ ചെയ്താണ് നടത്തുന്നത്. ഇത്തരം ദൗത്യപേടകങ്ങള്‍ നവീകരിക്കുന്നതിനും, കേടുപാടുകള്‍ തീര്‍ക്കുന്നതിനും, ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയും. നിലവില്‍ അത്തരമൊരു സാഹചര്യമില്ല. മാത്രവുമല്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരായ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം എത്തിക്കുന്നത് നിശ്ചിത ഇടവേളകളില്‍ നടത്തുന്ന വിക്ഷേപണങ്ങളാണ്. ഇത്തരം നിയന്ത്രിത വിക്ഷേപണങ്ങള്‍ക്ക് ഭാവിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെവരും. സ്വകാര്യ സംരംഭകരുടെ ശ്രദ്ധ ഈ മേഖലയിലേക്കാണ് ആദ്യമായി തിരിയുന്നത്. നിരവധി വിക്ഷേപണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശാസ്ത്രീയ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും എത്തിക്കാന്‍ കഴിഞ്ഞാല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിക്കുകയും അതിന്റെ ഫലമായി ഉണ്ടാകുന്ന പുരോഗതി വില്‍പനയ്ക്ക് വയ്ക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രീയ മന്നേറ്റത്തോടൊപ്പം സാമ്പത്തിക വളര്‍ച്ചയും അവര്‍ മുന്നില്‍ കാണുന്നുണ്ട്.
സ്വകാര്യമേഖലയെ ബഹിരാകാശത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതില്‍ നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ എന്നും ചിന്തിക്കണം. ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമായിരിക്കും അനുയോജ്യമെന്ന് കരുതുന്ന ശാസ്ത്രജ്ഞരുണ്ട്. സാങ്കേതിക വിദ്യ സ്വതന്ത്ര്യമായി ഉപയോഗിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരം ലഭിച്ചാല്‍ അത് ഒടുവില്‍ സമ്പന്നര്‍ക്ക് മാത്രം അവകാശപ്പെട്ടതായിത്തീരുമോ എന്നും ന്യായമായി സംശയിക്കാം. അതിനാല്‍ ബഹിരാകാശ പര്യവേഷണത്തെ രണ്ട് സ്വതന്ത്ര മേഖലകളായി തിരിച്ച് നിക്ഷേപ സമാഹരണം നടത്തുകയാണ് അനുയോജ്യം. ഇതില്‍ പ്രാഥമിക മേഖലയിലെ സംരംഭകര്‍ ഡീപ് സ്‌പേസ് ദൗത്യോപകരണങ്ങള്‍ നിര്‍മിക്കുക, കൃത്രിമ ഉപഗ്രഹങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ദ്വിതീയ മേഖലയിലെ സംരംഭകര്‍ പ്രസ്തുത ദൗത്യങ്ങള്‍ക്കാവശ്യമായ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണത്തിന് മുതല്‍മുടക്ക് നടത്തണം. സമ്പന്നര്‍ പ്രാഥമിക മേഖലയും ഇടത്തരക്കാര്‍ ദ്വിതീയ മേഖലയും കൈകാര്യം ചെയ്യണമെന്നാണ് അവരുടെ താത്പര്യം. ഗവണ്‍മെന്റ് ഇടപെടല്‍ ബഹിരാകാശ പര്യവേഷണത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ പ്രാഥമിക മേഖല പൂര്‍ണമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന എത്ര സംരംഭകരുണ്ടെന്നത് പരിഗണിക്കേണ്ട കാര്യമാണ്. ഏതാനും ചില ശതകോടീശ്വരന്‍മാര്‍ക്കു മാത്രമേ സ്വതന്ത്രമായി ഈ മേഖലയില്‍ പ്രവേശിക്കാന്‍ കഴിയൂ. എന്നാല്‍ അതിനു പകരം ആഗോള വ്യാപമായി ബഹിരാകാശ പര്യവേഷണ മേഖലയില്‍ മുതല്‍മുടക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുകയും പ്രാഥമിക-ദ്വിതീയ മേഖലാ വ്യത്യാസമില്ലാതെ പര്യവേഷണ രംഗത്ത് ഇറങ്ങുകയുമാണ് അഭികാമ്യമെന്ന് ചിന്തിക്കുന്ന സ്വകാര്യ സംരംഭകരുമുണ്ട്.

space-x-3
ബഹിരാകാശ പര്യവേഷണരംഗത്തെ സ്വകാര്യ സംരംഭകരില്‍ പ്രഥമ സ്ഥാനത്തിനുള്ള സ്‌പേസ് എക്‌സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനസമഗ്രികള്‍ എത്തിക്കുന്നതിനുള്ള വിക്ഷേപണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം വിക്ഷേപണങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്ന് സംശയിക്കുന്നവരുമുണ്ട്. ഒരു അടിയന്തിര ഘട്ടത്തില്‍ അത് തരണം ചെയ്യാന്‍ ഇത്തരം സ്വകാര്യ വിക്ഷേപകര്‍ എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിലും സംശയമുണ്ട്. മറ്റ് സ്‌പേസ് ഏജന്‍സികളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിനുള്ള സാങ്കേതിക മികവും ആവശ്യപ്പെടുന്ന മേഖലയാണ് ഉപഗ്രഹ വിക്ഷേപണം. റോബോട്ടിക് ദൗത്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടള്ള യാത്രകളുടെ റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതാണ്. അത്തരമൊരു യാത്രയ്ക്ക് നിലവില്‍ സ്വകാര്യ സംരംഭകര്‍ ശ്രമിക്കില്ല എന്നു വേണം കരുതാന്‍.
നാസയ്ക്കും യു.എസ് എയര്‍ഫോഴ്‌സിനും സ്വകാര്യ സംരംഭകരെ വലിയ താത്പര്യമില്ല. എന്നാല്‍ യുറോപ്യന്‍ സ്‌പേസ് ഏജന്‍സി സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ബഹിരാകാശം വാണിജ്യ വത്ക്കരിക്കാന്‍ സ്വകാര്യ സംരംഭകര്‍ പടപുറപ്പാട് നടത്തുമ്പോള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ ഈ രംഗത്തേക്ക് കടന്നു വരുന്നവരുമുണ്ട്. 1983 ല്‍ ആരംഭിച്ച സ്‌പേസ് ഫൗണ്ടേഷന്‍ ഇത്തരത്തില്‍പെട്ട ഒരു മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗത്തും ബഹിരാകാശ പര്യവേഷണ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ അറിവുകള്‍ അവര്‍ പൊതുജനങ്ങളുമായും രാഷ്ട്ര നേതൃത്വങ്ങളുമായും പങ്കുവയ്ക്കുന്നു. വ്യാവസായിക മേഖലയില്‍ സ്‌പേസ് റിസര്‍ച്ചിനുള്ള പങ്ക് ഭരണകൂടങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. സ്‌പേസ് റിപ്പോര്‍ട്ട് എന്ന പേരില്‍ ഇവര്‍ വര്‍ഷംതോറും പുറത്തിറക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. ബഹിരാകാക പര്യവേഷണ മേഖലയിലെ വളര്‍ച്ചയും പുതിയ അവസരങ്ങളും ഈ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിരിക്കും. കൂടുതല്‍ ലാഭകരവും ശാസ്ത്രീയ പ്രാധാന്യമേറിയതുമായ മേഖലകളില്‍ ബഹിരാകാശ ഗവേഷണം നടത്തുന്നതിന് ഇവരുടെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കുന്നുണ്ട്.
കൃത്രിമ ഉപഗ്രഹങ്ങളുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ഏറിയ പങ്കും വാണിജ്യ വിക്ഷേപണങ്ങളാണെന്ന് കാണാന്‍ കഴിയും 1996 നും 2002 നും ഇടയില്‍ നടത്തിയ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ 245 എണ്ണവും വാണിജ്യ വിക്ഷേപണങ്ങളായിരുന്നു. ഈ കാലയളവില്‍ ജ്യോതിശാസ്ത്ര സംബന്ധിയായി നടത്തിയത് 167 വിക്ഷേപണങ്ങളാണ്. 1994 ല്‍ ആണ് ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. 2000 ആയപ്പോഴേക്കും ഈ കൃത്രിമ ഉപഗ്രഹത്തിന്റെ സേവനമായ ഡി.ടി.എച്ച് ഉപഭോക്താക്കളുടെ എണ്ണം 67 മില്യണായി. ഇന്നത് ലഭ്യമല്ലാത്ത ഇടങ്ങള്‍ ലോകത്തില്‍ തന്നെ അപൂര്‍വമാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് അവതരിപ്പിച്ച കണക്കനുസരിച്ച് ബഹിരാകാക പര്യവേഷണ മേഖലയില്‍ ഏറ്റവുമധികം പണം മുടക്കുന്നത് അമേരിക്കയാണ്. 2013 ല്‍ 39332.2 മില്യണ്‍ യു.എസ് ഡോളറാണ് അമേരിക്ക ഇതിനായി ചെലവഴിച്ചത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 10774.6 മില്യണ്‍ യു.എസ് ഡോളര്‍. റഷ്യയും ഇന്ത്യയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. റഷ്യ 8691.6 മില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ചപ്പോള്‍ ഇന്ത്യ ചെലവഴിച്ചത് 4267.7 മില്യണ്‍ യു.എസ് ഡോളറാണ്. 2016 ലെ സ്‌പേസ് റിപ്പോര്‍ട്ട് ആധാരമായി എടുത്താല്‍ 2015 ല്‍ ലോക വ്യാപകമായി ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചത് 323 ബില്യണ്‍ യു.എസ് ഡോളറാണ്. ഇതില്‍ 246 ബില്യണ്‍ യു.എസ് ഡോളറും വാണിജ്യ വിക്ഷേപണങ്ങള്‍ക്കും അനുബന്ധ സാമഗ്രികളുടെ വികസനത്തിനും വേണ്ടിയാണ് ചെലവഴിച്ചത്. അതായത് ആകെ ബഡ്ജറ്റിന്റെ 76 ശതമാനവും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടിയാണെന്നര്‍ഥം.
2012 ല്‍ ഫാല്‍ക്കണ്‍ എന്ന സ്വകാര്യ സ്‌പേസ്‌ക്രാഫറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്തത് ഈ മേഖലയിലേക്കുള്ള സ്വകാര്യ സംരംഭകര്‍ക്ക് വലിയ ഊര്‍ജമായി. പിന്നീട് പുനരുപയോഗശേഷിയുള്ള ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികളുമായി ഇതുവരെ 29 തവണ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് സര്‍വീസ് നടത്തിയിട്ടുണ്ട്. യു.എസി.ലെ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനും ബോയിംഗ് അലയന്‍സ് കമ്പനിയും ചേര്‍ന്ന് വികസിപ്പിക്കുന്ന വള്‍ക്കന്‍ സ്‌പേസ്‌ക്രാഫ്റ്റ് 2019 ല്‍ വിക്ഷേപിക്കപ്പെടും. ഫാല്‍ക്കണ് വലിയൊരു എതിരാളിയായിരിക്കും വള്‍ക്കന്‍. ഫാല്‍ക്കണ്‍ അവരുടെ സാങ്കേതിക വിദ്യയില്‍ വലിയ പരിഷ്‌ക്കാരങ്ങളാണ് വരുത്തിക്കൊണ്ടരിക്കുന്നത്. അവരുടെ ഒന്‍പത് ഘട്ടങ്ങളുള്ള എഞ്ചിന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിനാണ്. വിക്ഷേപണ വേളയില്‍ എഞ്ചിന്‍ തകരാറിലായാലും യാത്രികരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാന്‍ ഫാല്‍ക്കണ് കഴിയും. ബോയിംഗ് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്‌പേസ് ഷിപ്പാണ് ഇടഠ100. ഏഴ് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കാന്‍ ശേഷിയുള്ളതാണ് ഈ വാഹനം. 2017 ല്‍ തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഏഴ് ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിന് ബോയിംഗ് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്റെ ഒറിയണ്‍ സ്‌പേസ്‌ക്രാഫ്‌ററ് ഡീപ് സ്‌പേസ് മിഷനുവേണ്ടി രൂപകല്‍പന ചെയ്തതാണ്. ഭാവിയിലെ ചാന്ദ്ര-ചൊവ്വാ യാത്രകളാണ് ഒറിയണ്‍ ഉദ്ദേശിക്കുന്നത്. ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് ഉടന്‍തന്നെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആസ്‌ട്രോനോട്ടുകളായിരിക്കും യാത്രികര്‍. തുടര്‍ന്ന് ബഹിരാകാശ വിനോദസഞ്ചാരത്തിനായി സാധാരണക്കാരെ വഹിച്ചുകൊണ്ടുള്ള യാത്രകളും ആരംഭിക്കും.
ബഹിരാകാശയാത്രകളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗും മാത്രമല്ല സ്വകാര്യ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. അതിനുമപ്പുറം വാണിജ്യ, വ്യാവസായിക പ്രാധാന്യം ബഹിരാകാശ ഗവേഷണത്തിനുണ്ട്. ബഹിരാകാശ ഖനനമാണ് സ്വകാര്യ സംരംഭകര്‍ ഏറെ ശ്രദ്ധിക്കുന്നത്. 2017 ല്‍ നാസയുടെ ബഹിരാകാശപേടകം ഒരു ഛിന്നഗ്രഹത്തില്‍ (ിലമൃലമൃവേ മേെലൃീശറ) ഇറങ്ങുകയും ഗ്രഹോപരിതലം കുഴിച്ച് ധാതുഘടന പരിശോധിക്കുകയും ചെയ്യും. സ്വകാര്യ സംരംഭകര്‍ക്ക് വളരെ താത്പര്യമുള്ളതാണ് ഈ മേഖല. ധാതുസമ്പന്നമാണ് ഛിന്നഗ്രഹങ്ങള്‍. ഇലക്‌ട്രോണിക് സാമഗ്രികളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ദുര്‍ലഭ ലോഹങ്ങള്‍ ഛിന്ന ഗ്രഹങ്ങളില്‍ ധാരാളമുണ്ട്. ഇപ്പോള്‍ ഇത്തരം ലോഹങ്ങള്‍ കൂടുതലുള്ളത് ചൈനയുടെ പക്കലാണ്. ഛിന്നഗ്രഹങ്ങളില്‍ ഖനനം നടത്തി ഇത്തരം ലോഹങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ വാണിജ്യ, വ്യാവസായിക സാധ്യതകള്‍ വളരെ വലുതായിരിക്കും. സ്വര്‍ണം, വെള്ളി, ഇറിഡിയം, റോഡിയം തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഛിന്നഗ്രഹങ്ങള്‍. ഇവ ഭൂമിയിലെത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം സ്ഥാപിക്കാന്‍ പോകുന്ന ഔട്ട് പോസ്റ്റുകളുടെ നിര്‍മാണത്തിനാവശ്യമായ ഇരുമ്പും, ചെമ്പും, അലുമിനിയവുമൊന്നും ഭൂമിയില്‍ നിന്ന് കൊണ്ടുപോകേണ്ട ആവശ്യമുണ്ടാകില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് ഇത്തരം ലോഹങ്ങള്‍ ചന്ദ്രനിലെത്തിക്കുന്നതിന് നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ ആവശ്യമാണ്. അതിനുവേണ്ട സാങ്കേതികവിദ്യ ആര്‍ജിച്ചിട്ടുണ്ടെങ്കിലും അതു വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്. എന്നാല്‍ ഗുരുത്വാകര്‍ഷണ ബലം വളരെ കുറഞ്ഞ ചെറിയ ഛിന്നഗ്രഹങ്ങളില്‍ നിന്നുള്ള വിക്ഷേപണവും ഖനനവും താരതമ്യേന എളുപ്പമാണ്.
വളരെ വിശാലമായ ഒരു പ്ലാറ്റ്‌ഫോമാണ് സ്‌പേസ് മൈനിംഗ് തുറന്നുകൊടുക്കുന്നത്. ഛിന്നഗ്രഹങ്ങളില്‍ നിന്നു ശേഖരിക്കാന്‍ കഴിയുന്ന ജലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും, ഭാവിയിലെ ചാന്ദ്രയാത്രകളില്‍ പങ്കെടുക്കുന്ന ആസ്‌ട്രോനോട്ടുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഛിന്നഗ്രഹങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഹൈഡ്രജനും ഓക്‌സിജനും റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. സൗരയൂഥത്തിനപ്പുറം വലിയ ദൂരങ്ങളിലേക്കുള്ള യാത്രയില്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ഫ്യൂവല്‍ സ്റ്റേഷനുകള്‍ ഛിന്നഗ്രഹങ്ങളില്‍ നിര്‍മിക്കാന്‍ കഴിയും. നാസ 2022 ല്‍ ആരംഭിക്കുന്ന ലൂണാര്‍ മൈനിംഗ് പ്രൊജക്ടും ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമാണ്.
മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ ആരംഭിച്ചിട്ട് നാല് ദശാബ്ദങ്ങളായി. ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് ഈ മേഖയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം യാത്രകള്‍ ചെയ്യുന്നത് പരിശീലനം ലഭിച്ച അസ്‌ട്രോനോട്ടുകള്‍ മാത്രമാണ്. മിലിട്ടറി സര്‍വീസിലുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആസ്‌ട്രോനോട്ടുകള്‍ ബഹിരാകാശ സഞ്ചാരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണ യാത്രികന് ബഹിരാകാശ യാത്ര ഇന്നും സ്വപ്നം മാത്രമാണ്. സാമ്പത്തികമല്ല അവിടെ പ്രശ്‌നം. ഓരോ ബഹിരാകാശ യാത്രയും വ്യക്തമായ ശാസ്ത്രീയ ലക്ഷ്യത്തോടുകൂടിയാണ് നടത്തുന്നത്. അതിന് പരിശീലനം ലഭിച്ച ആസ്‌ട്രോനോട്ടുകള്‍ തന്നെ വേണം. എന്നാല്‍ ബഹിരാകാശത്ത് ഒരു വിനോദയാത്രക്കെങ്കിലും പോകാന്‍ കഴിയുമോ എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല. ഈ സ്വപ്നം ഇനി യാഥാര്‍ഥ്യമാകുമെന്നാണ് സ്വകാര്യ സംരംഭകര്‍ വാഗ്ദാനം ചെയ്യുന്നത്. സ്‌പേസിലെ സാഹചര്യങ്ങളുമായി ശാരീരിക – മാനസിക അനുകൂലനം നേടാനുള്ള പരിശീലനം നല്‍കുകുയും അതില്‍ വിജയിക്കുന്നര്‍ക്ക് സ്‌പേസ് ടൂറിസ്റ്റുകളായി ഇതുവരെ കാണാന്‍ കഴിയാത്ത ദൃശ്യവിസ്മയം ആസ്വദിക്കാന്‍ അവസരം ലഭിക്കുമെന്ന ഭ്രമിപ്പിക്കുന്ന വാഗ്ദാനമാണവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ഭൗമോപരിതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ബഹിരാകാശ വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. അഞ്ച് മിനിട്ടുനേരം ഈ ഭ്രമണപഥത്തില്‍ സഞ്ചാരികളെ നിലനിര്‍ത്തും. സ്‌പേസിന്റെ വന്യതയും നിശബ്ദതയും ഭാരമില്ലായ്മയും അനുഭവിക്കുന്ന യാത്രികന് അതൊരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. രണ്ടു ലക്ഷം യു.എസ് ഡോളറാണ് ഇത്തരമൊരു വിനോദയാത്രയ്ക്കുള്ള ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സ്വകാര്യ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ബഹിരാകാശ വിനോദയാത്രകളുടെ ചെലവ് ഗണ്യമായി കുറയും. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്കും സ്വപ്നം കണ്ടുതുടങ്ങാമെന്നര്‍ഥം. 2022 മുതല്‍ ബഹിരാകാശ വിനോദസഞ്ചാരം ആരംഭിക്കുമെന്നാണ് സ്‌പേസ് എക്‌സിന്റെ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്.
അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ഭൂമിയുടെ സമീപമുള്ള ബഹിരാകാശ മണ്ഡലം . ഉപയോഗശൂന്യമായ ബഹിരാകാക പേടകങ്ങള്‍, തകര്‍ന്ന പേടകങ്ങളുടെ അവശിഷ്ടങ്ങള്‍, അനുബന്ധ ഉപകരണങ്ങളുടെ ഘടകങ്ങള്‍, ടൈലുകള്‍, പെയിന്റ് എന്നിങ്ങനെ ഓരോ ദിവസവും സ്‌പേസിലേക്ക് വലുതും ചെറുതുമായ മാലിന്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അത് ഭാവിയിലെ ഉപഗ്രഹ വിക്ഷേപണങ്ങളേയും ബഹിരാകാശ യാത്രകളേയും പ്രതികൂലമായി ബാധിക്കും. ഇത്തരം അവശിഷ്ടങ്ങളുമായി വിക്ഷേപണ വാഹനങ്ങള്‍ കൂട്ടിമുട്ടിയാല്‍ പ്രസ്തുത ദൗത്യം ഒരു ദുരന്തത്തിലായിരിക്കും കലാശിക്കുക. കോടികളുടെ സാമ്പത്തിക നഷ്ടത്തിനും ജീവഹാനിയ്ക്കും അത് കാരണമാകും. ഇത്തരം മാലിന്യങ്ങള്‍ ബഹിരാകാശത്തുനിന്ന് നീക്കം ചെയ്യുന്നത് ശ്രമകരമായ ദൗത്യമാണ്. മാലിന്യങ്ങളെ ബഹിരാകാശത്തു വച്ച് കത്തിച്ചുകളയുകയോ, ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അന്തരീക്ഷത്തിന്റെ ഘര്‍ഷണം വഴി കത്തിച്ചുകളയുകയോ ചെയ്യാം. എന്നാല്‍ ഇതത്ര എളുപ്പമല്ല. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ജാനിറ്റര്‍ സാറ്റലൈറ്റുകള്‍ ഇത്തരത്തിലുള്ള ദൗത്യത്തിനായി രൂപകല്‍പന ചെയ്ത പേടകങ്ങളാണ്. വളരെയധികം സാങ്കേതിക മികവ് ആവശ്യപ്പെടുന്ന ഒരു ദൗത്യമാണിത്. സ്വകാര്യ സംരംഭകര്‍ക്ക് ഈ മേഖലയില്‍ താത്പര്യമുണ്ട്. അതുമാത്രവുമല്ല ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്ക് സ്വകാര്യ മേഖലകൂടി എത്തുന്നതോടെ ഉപഗ്രഹവിക്ഷേപണങ്ങളുടെ എണ്ണം വളരെയധികം വര്‍ധിക്കുകയും അതുവഴി സ്‌പേസ് ജംഗുകള്‍ എന്ന ബഹിരാകാശ മാലിന്യ നിക്ഷേപം വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ജാനിറ്റര്‍ സാറ്റലൈറ്റുകളും അനിവാര്യമാകും.
ബഹിരാകാശ ഗവേഷണം അത്ര സുഗമമായ ഏര്‍പ്പാടൊന്നുമല്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം ഭേദിച്ചുകൊണ്ടാണ് ഓരോ വിക്ഷേപണ വാഹനവും കുതിക്കുന്നത്. വളരെ നേര്‍ത്ത സാങ്കേതികപ്പിഴവോ അശ്രദ്ധയോ മതി കോടികളുടെ സാമ്പത്തികനഷ്ടമുണ്ടാകാന്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം. ഓരോ വിക്ഷേപണവും കോടികള്‍ ചെലവുള്ളതാണ് ഒരു നേരിയ പിഴവുകൊണ്ട് കോടികള്‍ കണ്‍മുന്നില്‍ കത്തിത്തിര്‍ന്നെന്നും വരാം. അവിചാരിതമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ ഇതിനുപുറമെയാണ്. നിരവധി തവണ പരീക്ഷിക്കപ്പെടുകയും വിക്ഷേപണശേഷി തെളിയിക്കുകയും ചെയ്ത റോക്കറ്റുകള്‍ വരെ അവിചാരിതമായി തകര്‍ന്നു പോയെന്നും വരാം. കോടികള്‍ മുടക്കി ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ജി. എസ്.എല്‍.വി-ഡി3 വിക്ഷേപണത്തേത്തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ തകര്‍ന്നുവീണത് ആരും മറന്നിട്ടുണ്ടാവില്ല. 2010 ലാണ് ഈ അപകടം സംഭവിച്ചത്. 2003 ല്‍ ബ്രസീലിന്റെ വി.എല്‍.എസ് എന്ന ചെറിയ വിക്ഷേപണ വാഹനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. 21 പേര്‍ക്കാണ് ഈ ദുരത്തില്‍ ജീവഹാനി സംഭവിച്ചത്. സാമ്പത്തിക നഷ്ടം അതിനുപുറമെയാണ്. 2013 ല്‍ വിക്ഷേപിച്ച ഉടനെ പ്രോട്ടോണ്‍ റോക്കറ്റ് തകര്‍ന്നത് സമീപകാലത്തുണ്ടായ മറ്റൊരപകടമാണ്. അന്താരാഷ്ട്ര ബഹിരാകാക നിലയത്തിലേക്ക് യന്ത്ര സാമഗ്രികളുമായി പുറപ്പെട്ട അന്റാറസ് റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകര്‍ന്നുവീണത് 2014 ഒക്‌ടോബറിലാണ്. 2015 ജൂണ്‍ 28 നാണ് ഫാല്‍ക്കണ്‍ റോക്കറ്റ് കേപ് കനാവറിലെ വിക്ഷേപണത്തറയില്‍ നിന്ന് പുറപ്പെട്ടയുടന്‍ തകര്‍ന്നു വീണത്. ആമോസ്-6 എന്ന കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുമായി കുതിച്ചുയര്‍ന്ന സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍-9 വിക്ഷേപണവാഹനം വിക്ഷേപണത്തറയില്‍ തകര്‍ന്നു വീണത് 2016 സെപ്തംബര്‍ 1 ന് ആണ്. കോടികളുടെ നഷ്ടമാണ് അതുണ്ടാക്കിയത്. വിക്ഷേപണത്തറയാകെ താറുമാറായി. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിക്ഷേപിക്കുന്നതിനായിരുന്നു ആമോസ് -6 കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് രൂപകല്‍പന ചെയ്തത്. റോക്കറ്റിന്റെ ഇന്ധന ടാങ്കിലുണ്ടായ നേരിയ തകരാറാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്. ഇവയെല്ലാം ആധുനിക വിക്ഷേപണ ചരിത്രത്തില്‍ നടന്ന അപകടങ്ങളാണ്. ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ പരാജയപ്പെട്ട ദൗത്യങ്ങളും ജീവഹാനി ഉള്‍പ്പടെയുളള ദുരന്തങ്ങളും ഈ മേഖലയില്‍ സാധാരണമാണെന്ന് കാണാന്‍ കഴിയും
ദുരന്തങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമെന്നും മനുഷ്യന്റെ ഇച്ഛാശക്തിയെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. ഇന്ന് മനുഷ്യന് ആകാശം അതിരുകളല്ല. അനന്ത വിഹായസിലേക്ക് മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പറന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രയാണത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഗ്രാവിറ്റിയൊന്നും പ്രതിബന്ധങ്ങള്‍ക്കില്ല. എന്നാല്‍ ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ മനുഷ്യന്റെ ശാസ്ത്രാഭിമുഖ്യത്തിന്റെയും അന്വേഷണ ത്വരയുടെയും അടയാളങ്ങള്‍ മാത്രമായിരിക്കില്ല. കണിശമായ വാണിജ്യ താത്പര്യങ്ങളായിരിക്കും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ പിന്നിലെ ചാലകശക്തിയാകുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*