butterfly_1

ഇവര്‍ ചിന്നാറിലെ പുതിയ അതിഥികള്‍

വെബ് ഡെസ്‌ക്‌

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് പുതിയയിനം ചിത്രശലഭങ്ങളെ കണ്ടെത്തി.  നിലവില്‍ രേഖപ്പെടുത്താത്ത 84 ഇനങ്ങള്‍ കൂടി കണ്ടെത്തി. മുന്‍പ് 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിരുന്നു. എന്നാല്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ നടത്തിയ കണക്കെടുപ്പില്‍ ആകെ 240 തരം ചിത്രശലഭങ്ങളെ ഈ മഴനിഴല്‍ പ്രദേശത്തു കണ്ടെത്താനായി.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ‘വിലാസിനി’ എന്ന മലയാള നാമമുള്ള ‘സതേണ്‍ ബേര്‍ഡ് വിങ് ‘, ഏറ്റവും ചെറിയ ചിത്രശലഭമായ ‘ഗ്രാസ് ജുവല്‍’, അപൂര്‍വമായി മാത്രം കാണപ്പെടുന്ന ‘പളനി ഡാര്‍ട്ട് ‘, ‘ഷോട്ട് സില്‍വര്‍ലൈന്‍’, ‘ടിന്‍സെല്‍’, ‘കോമണ്‍ ബാന്റട് പീക്കോക്ക് ‘, ‘ഇന്ത്യന്‍ അവുള്‍കിങ് ‘, ‘സ്‌പോട് പുഫിന്‍’, ‘ഓറഞ്ച് ടെയില്ട് അവുള്‍’, ‘ഓറഞ്ച് ഒലെറ്റ് ‘ തുടങ്ങിയവയാണ് ഇവിടെ കണ്ടെത്തിയ ചിത്രശലഭങ്ങളില്‍ പ്രധാനികള്‍.

പളനി മലനിരകളില്‍ മാത്രം കണ്ടുവരുന്ന ‘പളനി’ എന്നു വിളിക്കപ്പെടുന്ന ‘ടെവിസണ്‍ ബുഷ് ബ്രൗണ്‍’, പശ്ചിമഘട്ട മലനിരകളിലും ശ്രീലങ്കയിലും മാത്രം സാന്നിധ്യമുള്ള ‘നീലഗിരി ടിറ്റ് ‘ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. നീലഗിരി ടിറ്റിനെ കേരളത്തില്‍ അവസാനമായി കണ്ടെത്തിയത് 1883ല്‍ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ഫ്രെഡറിക്ക് മൂര്‍ ആണെന്നും, കേരളത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ മാത്രമേ ഇതിനെ കാണാനാകൂവെന്നും സെന്‍സസിനു നേതൃത്വം നല്‍കിയ ഡോ. കലേഷ് പറഞ്ഞു.
ആനമുടി ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ സാമ്പത്തിക സഹായത്തില്‍ തിരുവിതാംകൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി കോട്ടയം, തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റികളുമായി ചേര്‍ന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ പത്തു മേഖലകളിലായി രണ്ടു വര്‍ഷമെടുത്ത് സെന്‍സസ് നടത്തിയത്. അന്‍പതു പേരാണു സംഘത്തിലുണ്ടായിരുന്നത്.
90.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനമേഖലയില്‍ നടത്തിയ കണക്കെടുപ്പില്‍ ചിത്രശലഭങ്ങളുടെ അംഗസംഖ്യയിലുള്ള ഏറ്റക്കുറച്ചിലുകള്‍, വിവിധ ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലുമുള്ള സാന്നിധ്യം, ജീവിതരീതികള്‍ എന്നിവയാണു പ്രധാനമായും അന്വേഷിച്ചത്.
ഒലിക്കുടി, മാങ്ങാപ്പാറ, ആലാംപെട്ടി, ചുരുളിപ്പെട്ടി, ചുങ്കം എന്നിവിടങ്ങളില്‍ ബേസ് ക്യാംപാക്കി ചിത്രശലഭങ്ങളെ തുടര്‍ച്ചയായി ദിവസങ്ങളോളം നിരീക്ഷണ വിധേയമാക്കിയിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 400 അടി മുതല്‍ 2,300 അടി വരെ ഉയരമുള്ള ചിന്നാറിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിലൂടെയായിരുന്നു കണക്കെടുപ്പ്.
വടക്കുകിഴക്ക് തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നു തെക്കുപടിഞ്ഞാറ് കേരളത്തിലേക്കു വലിയൊരളവില്‍ ചിന്നാറിലൂടെ ചിത്രശലഭങ്ങള്‍ ദേശാടനം നടത്തുന്നതായി സെന്‍സസില്‍ കണ്ടെത്തി. പറ്റെ വരണ്ടുണങ്ങിയ കാലാവസ്ഥയുള്ള നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ദേശാടനം ഡിസംബര്‍ അവസാനം വരെ നീളുമത്രെ.
രണ്ടു വര്‍ഷം നീണ്ട കണക്കെടുപ്പില്‍ ലഭിച്ച ശാസ്ത്രീയ വിവരങ്ങള്‍ വ്യക്തമായി ക്രോഡീകരിച്ച് റഫറന്‍സായി സൂക്ഷിക്കുകയും അതുമായി ബന്ധപ്പെട്ടു തുടര്‍പഠനങ്ങള്‍ ആരംഭിക്കാനുമാണ് പദ്ധതി.

Facebook Comments

About sv admin 2

Leave a Reply

Your email address will not be published. Required fields are marked *

*