amazone1

ആമസോണ്‍ മഴക്കാടുകള്‍ ജൈവസമ്പത്തിന്റെ കലവറ

വൈശാഖ് ഉണ്ണിത്താന്‍

തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങള്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണവ. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങളാണ് ഇവിടെയുള്ളത്.

amazone-parrot
സഹാറയില്‍ നിന്നും ഉയരുന്ന പൊടി
അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണ് ആമസോണ്‍ മഴക്കാടുകള്‍.കഴിഞ്ഞ 21000 വര്‍ഷത്തിനിടയില്‍ ആമസോണിലെ സസ്യജാലത്തിന് കാര്യമായ മാറ്റങ്ങള്‍ വന്നതായി കരുതുന്നു. വടക്കേ ഛാഡ് ഉള്‍പ്പെടെയുള്ള സഹാറ മരുഭൂമിയില്‍ നിന്നും ഓരോ വര്‍ഷവും 500 ലക്ഷം ടണ്‍ പൊടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ആമസോണില്‍ എത്തുന്നു. ഈ പൊടിയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് ആമസോണിലെ സസ്യങ്ങള്‍ക്ക് വളരാനാവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു. മഴയില്‍ക്കൂടിയും പ്രളയത്തില്‍ക്കൂടിയും ആമസോണ്‍ നദിയിലൂടെ വര്‍ഷാവര്‍ഷം ഒഴുകിനഷ്ടപ്പെടുന്ന ഫോസ്ഫറസ് ഇതിനു തുല്യമാണു താനും. സഹാറയില്‍ നിന്നും പറന്നുപോകുന്ന പൊടിയെപ്പറ്റി നാസയുടെ കാലിപ്‌സോ ഉപഗ്രഹം പഠനം നടത്തിയിട്ടുണ്ട്. അതുപ്രകാരം 18 കോടി ടണ്‍ പൊടിയാണ് ശരാശരി ഒരു വര്‍ഷം സഹാറയില്‍ നിന്നും പുറത്തേക്ക് പറക്കുന്നത്. 15 ഡിഗ്രീ (പടിഞ്ഞാറ്) രേഖാംശത്തിലുള്ള ഈ പ്രദേശത്തുനിന്നും 2600 കിലോമീറ്ററുകളോളം താണ്ടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ, പോകുന്ന വഴിയില്‍ അവിടെയും കുറെ വീഴ്ത്തി, 35 ഡിഗ്രി പടിഞ്ഞാറ് രേഖാശം വരുന്ന തെക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഏതാണ്ട് 2.77 കോടി ടണ്ണോളം (ഏകദേശം 15 ശതമാനം) പൊടി ആമസോണ്‍ മെഖലകളിലും വര്‍ഷിച്ച് ബാക്കിവരുന്ന 13 കോടി ടണ്‍ പൊടി അന്തരീക്ഷത്തില്‍ തുടരുന്നു. ഇതില്‍ 4.3 കോടി ടണ്ണോളം പൊടി വടക്ക്പടിഞ്ഞാറോട്ട് പറന്ന് 75 ഡിഗ്രി പടിഞ്ഞാറ് യാത്ര ചെയ്ത് കരീബിയന്‍ കടലില്‍ പതിക്കുന്നു.
പലവര്‍ഷങ്ങളിലും ഇങ്ങനെ സഹാറയില്‍ നിന്നും ഉയരുന്ന പൊടിയുടെ അളവ് വലിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കും. തെക്കന്‍ സഹാറയില്‍ മഴ പെയ്യുന്ന വര്‍ഷങ്ങളില്‍ അവിടെ നിന്നും ഉയരുന്ന പൊടിയുടെ അളവ് കുറവാണ്.

bauhinia_guianensis_mature_liana_
പുരാതനകാലം മുതല്‍ തനെ ആമസോണ്‍ വനങ്ങളില്‍ മനുഷ്യര്‍ താമസിച്ചിരുന്നു. 11200 വര്‍ഷം മുമ്പ് മനുഷ്യര്‍ വസിച്ചിരുന്നതായി പര്യവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ആധുനികകാലത്ത് എ.ഡി 1250 ഓടെ മനുഷ്യര്‍ ഇവിടെ സ്ഥിരവാസം ഉറപ്പിക്കുകയും തല്‍ഫലമായി കാടിന്റെ പ്രകൃതത്തില്‍ വ്യത്യാസം വരികയും ഉണ്ടായി.ആധുനികകാല പര്യവേഷണങ്ങളില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് എ.ഡി 1500 കാലഘട്ടത്തില്‍ ഏതാണ്‍ 50 ലക്ഷം ആള്‍ക്കാര്‍ ആമസോണ്‍ പ്രദേശത്ത് ജീവിച്ചിരുന്നിട്ടുണ്ടാവാം എന്ന് കരുതുന്നു. 1900 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറയുകയും 1980 കളില്‍ ഇതു വെറും 2 ലക്ഷമായി ചുരുങ്ങുകയും ചെയ്തു.
1542 ല്‍ ആദ്യമായി മുഴുനീളത്തില്‍ ആമസോണിലൂടെ യാത്ര ചെയ്ത യൂറോപ്പുകാരന്‍ ഫ്രാന്‍സിസ്‌കോ ഡി ഒറീല്ലാന ആയിരുന്നു. അദ്ദേഹം അന്നു ആമസോണ്‍ സംസക്കരത്തെപ്പറ്റിപ്പറഞ്ഞത് അതിശയോക്തിയായിരുന്നു എന്നാണ് കരുതിവന്നത് . പില്‍ക്കാലത്തു മുന്‍നിര മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോഗ്രാഫ്‌സ് വീഡിയോസ് പുറത്തു വിട്ടിട്ടുണ്ട്. ഫ്രാന്‍സിസ്‌കോ പറഞ്ഞതുപോലെതന്നെ വളരെ സങ്കീര്‍ണ്ണമായ സസ്‌കാരങ്ങള്‍ ആമസോണില്‍ കാലങ്ങളായി നിലനിന്നിരുന്നു എന്നു തന്നെ വേണം കരുതാന്‍. ഇത്തരം സംസ്‌ക്കാരങ്ങള്‍ യൂറോപ്പിലുള്ളവര്‍ കൊണ്ടുവന്ന വസൂരി പോലുള്ള രോഗങ്ങള്‍ വ്യാപിച്ച് നശിച്ച് ഇല്ലാതായി. ശൂന്യമായ വന്യത അല്ലായിരുന്നു ആമസോണില്‍ നിലനിന്നിരുന്നത്, മറിച്ച് മനുഷ്യര്‍ ഉണ്ടാക്കിയ സംസ്‌കാരമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്ന് ബി ബി സിയുടെ പരമ്പര വ്യക്തമാക്കുന്നുണ്ട്. 2003 ല്‍ പര്യവേഷണങ്ങളില്‍ പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ തെളിവുകളും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം.
ആമസോണിലെ വനനശീകരണം പലതരം മരത്തവളകളുടെയും വംശനാശത്തിനു കാരണമാവുന്നുണ്ട്.
മഴക്കാടുകളാണ് ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങള്‍, ഇതില്‍ത്തന്നെ ആമസോണാവട്ടേ, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളേക്കാള്‍ ഉയര്‍ന്ന ജൈവവൈവിധ്യം ഉള്ളതുമാണ്. ഈ കാടുകളില്‍ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാള്‍ ജീവികള്‍ അടങ്ങിയിരിക്കുന്നു. അറിയപ്പെടുന
്‌ന സസ്യജന്തുജാലങ്ങളില്‍ പത്തില്‍ ഒന്നും ഇവിടെയാണ് ഉള്ളത്.അതായത് ലോകത്തേറ്റവും ജന്തുസസ്യജാലങ്ങള്‍ ഉള്ള സ്ഥലമാണ് ആമസോണ്‍ മഴക്കാടുകള്‍.
ആമസോണ്‍ മേഖലയില്‍ ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും, പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങള്‍, 2,200 തരം മീനുകള്‍, 1,294 പക്ഷികള്‍, 427 സസ്തനികള്‍, 428 ഉഭയജീവികള്‍, 378 ഉരഗങ്ങള്‍ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ചിട്ടുണ്ട്.ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളില്‍ ഒന്ന് ആമസോണ്‍ മഴക്കാടുകളിലാവും, അതുപോലെ തന്നെ അഞ്ചില്‍ ഒന്ന് തരം മല്‍സ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാവുക. 96660 നും 128843 നും ഇടയില്‍ അകശേരുകികള്‍ ബ്രസീലില്‍ മാത്രം ഉണ്ടെന്നാണു കണക്ക്.
ലോകത്തേറ്റവും കൂടുതല്‍ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോണ്‍ കാടുകള്‍. 2001 ലെ ഒരു പഠനപ്രകാരം 62 ഏക്കര്‍ ഇക്വഡോറിലെ മഴക്കാടുകളില്‍ 1100 ലേറെ തരം മരങ്ങള്‍ തന്നെ ഉണ്ട്.1999 ലെ ഒരു പഠനത്തില്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ (247 ഏക്കര്‍) ആമസോണ്‍ കാട്ടില്‍ 90790 ടണ്‍ ജീവനുള്ള സസ്യങ്ങള്‍ ഉണ്ടത്രേ. ഒരു ഹെക്ടറില്‍ ശരാശരി 365 (ദ്ദ 47) ടണ്ണോളമാണ് ആമസോണ്‍ പ്രദേശത്തെ സസ്യാവശിഷ്ടം.ഇന്നേവരെ ഏതാണ്ട് 438000 തരം സാമ്പത്തികസാമൂഹ്യ പ്രാധാന്യമുള്ള സസ്യവര്‍ഗ്ഗങ്ങളെ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ധാരാളം സ്പീഷിസുകളെ കണ്ടെത്താനും രേഖപ്പെടുത്താനും ബാക്കിയുണ്ട് താനും. ആകെ 16000 സ്പീഷിസ് മരങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് നിഗമനം.
മഴക്കാട്ടിലെ മരങ്ങളുടെ പച്ച ഇലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൂര്യപ്രകാശം പരമാവധി കിട്ടുന്ന കാലത്ത് ഇലച്ചാര്‍ത്തുകള്‍ വളരെയേറെയുണ്ടാവും, മേഖം മൂടിയ നനഞ്ഞ കാലത്ത് ഇല പൊഴിക്കുകയും ചെയ്യും. ഈ മാറ്റങ്ങള്‍ വഴിയാണ് പ്രകാശസംശ്ലേഷണവും ശ്വസനവും വഴി കാര്‍ബണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നത്..
ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇരപിടിയന്മാരില്‍ വലിയവര്‍ കരയില്‍ കറുത്ത ചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തില്‍ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്. കൊടിയ വിഷം ഉള്ള അമ്പു തവളകള്‍ മാരകമായ ലിപോപ്പിലിക് ആല്‍ക്കലോയ്ഡ് ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കും. ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്. പേവിഷം പരത്താന്‍ കഴിവുള്ള വാമ്പയര്‍ വവ്വാലുകളും ഇവയില്‍ പെടുന്നു.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*